കത്വ- ഉന്നാവ് ബലാത്സംഗക്കേസിന്റെ പേരില്‍ പണപ്പിരിവ് നടത്തി പുട്ടടിച്ചതിന് യൂത്ത് ലീഗ്‌നേതാക്കളായ പി.കെ. ഫിറോസിന്റെയും സി.കെ.സുബൈറിന്റെയും പേരില്‍ കേസ്സെടുത്തു. കോടതിയില്‍ ഹാജരായില്ല എന്നതിന്റെ പേരില്‍ അറസ്റ്റു വാറണ്ടും ഇറക്കി. സംശയമില്ല, ഈ നേതാക്കളെ പീഡിപ്പിക്കാന്‍ കരുതിക്കൂട്ടി ചെയ്ത പണിയാണിത്. ഇങ്ങനെയൊക്കെ പീഡിപ്പിക്കാന്‍ പാടുണ്ടോ ഈ ന്യൂനപക്ഷ കക്ഷി നേതാക്കളെ? കത്വ-ഉന്നാവ് സംഭവത്തില്‍ പീഡിതകുടുംബങ്ങളെ സഹായിക്കാന്‍ പിരിവെടുത്തു എന്നത് ശരി തന്നെ. അതിന് ഈ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടല്ലോ. ബക്കറ്റുപിരിവായതിനാല്‍ കണക്ക് എത്ര എന്നു ആരും ചോദിക്കരുത്. ആ വഴി പഠിപ്പിച്ചു തന്നത് സി.പി.എം ആണ്. കൈതോലയില്‍ കെട്ടിക്കൊണ്ടുപോയ പൈസക്ക് പോലും കണക്കു ചോദിക്കാന്‍ പാടില്ല എന്നാണ് സി.പി.എം നിലപാട്. അങ്ങനെയെങ്കില്‍ ഫിറോസും സുബൈറും ചെയ്തത് തെറ്റൊന്നുമല്ല, പരാതിക്കാരനും പഴയ യൂത്ത് ലീഗുകാരനുമായ യൂസഫ്പടനിലം പറയുന്നത് ഫണ്ട് പിരിച്ചതില്‍ നിന്ന് 15 ലക്ഷം ഫിറോസ് വകമാറ്റി എന്നാണ്. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ വന്‍ വെട്ടിപ്പാണ് യൂത്ത് ലീഗന്മാര്‍ നടത്തിയത് എന്നു പറയുന്നു. അത് ഗൗനിക്കേണ്ട കാര്യമില്ല എന്നാണ് ലീഗു നിലപാട്. അതിനാല്‍ കോടതി സമന്‍സ് അയച്ചിട്ടും നേതാക്കള്‍ ഗൗനിച്ചില്ല. ലീഗിന് ഈ രാജ്യത്തെ കോടതിയില്‍ വലിയ വിശ്വാസമില്ല, അപ്പോള്‍ ഗൗനിക്കാതിരിക്കലാണ് അവരുടെ ശരി. എന്നാല്‍ കോടതി വിടാന്‍ തയ്യാറായില്ല. ലീഗു നേതാക്കളെ കോടതി കയറ്റിയ ശേഷമേ ജാമ്യം നല്‍കിയുള്ളു.
കോടതിയുടെ ഈ നടപടിയൊക്കെ കണ്ടാല്‍ തോന്നും യൂത്ത് ലീഗന്മാര്‍ വലിയ അപരാധം ചെയ്തുവെന്ന്. തങ്ങള്‍ ഇതാണ് ലീഗില്‍ നിന്നു പഠിച്ചത് എന്നു കോടതിക്കറിയില്ലല്ലോ. മുസാഫര്‍ നഗര്‍ ഫണ്ട്, ചെന്നൈയിലെ ഗ്രാമം ദത്തെടുക്കല്‍ ഫണ്ട്, ഗുജറാത്തിലെ സുനാമി ഫണ്ട്, ഗുജറാത്ത് കലാപത്തിന്റെ ഇരകളായ മുസ്ലിങ്ങളെ സാമ്പത്തികമായി സഹായിക്കാനുള്ള ഫണ്ട് തുടങ്ങി യൂത്ത് ലീഗന്മാര്‍ മുക്കിയ ഫണ്ടുകളുടെ കണക്ക് ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പി എച്ച്ഡിക്ക് പറ്റിയ വിഷയമാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വീടു നിര്‍മ്മിച്ച് നല്‍കാന്‍ എന്ന പേരില്‍ രാജ്യത്തിനകത്തും പുറത്തും കണക്കില്ലാത്ത പണം പിരിച്ചിട്ടും ഒരു നയാ പൈസ പോലും ഗുജറാത്തിലെ മുസ്ലിംഇരകള്‍ക്ക് കിട്ടിയില്ല. ഒച്ചപ്പാടായപ്പോള്‍ അഹമ്മദബാദില്‍ മാലിന്യം കൂട്ടിയിട്ട സ്ഥലത്ത് ഷീറ്റ് മേഞ്ഞ ഏതാനും വീടുണ്ടാക്കിക്കൊടുത്ത് തടി രക്ഷിച്ചു. താക്കോല്‍ദാനം പോലും ആരുമറിഞ്ഞില്ല. ഇതൊക്കെ മതേതരത്വത്തില്‍ ന്യൂനപക്ഷ നേതാക്കള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്ന് കുന്ദമംഗലം പോലീസിനറിയാം. അതിനാല്‍ അവര്‍ തെളിവില്ലെന്നു പറഞ്ഞ് പരാതി തള്ളി. എന്നാല്‍ കോടതി കേസ്സെടുക്കാന്‍ തയ്യാറായിരിക്കുന്നു. യൂത്ത് ലീഗ് നേതാക്കളെ ഇങ്ങനെ പീഡിപ്പിച്ചാല്‍ അവര്‍ക്ക് കോടതിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങേണ്ടി വരും.