ലാലു പ്രസാദ് യാദവന്‍ കറകളഞ്ഞ സോഷ്യലിസ്റ്റാണ്. സ്വകാര്യ സ്വത്തിന് എതിരും പൊതുസ്വത്തിന്റെ വക്താക്കളുമാണ് സോഷ്യലിസ്റ്റുകാര്‍. ലാലുവിന്റെ സോഷ്യലിസ്റ്റ് പ്രേമം മൂത്ത് മൂത്ത് സ്വകാര്യസ്വത്തും പൊതുസ്വത്തും ഒരുപോലെ കാണുന്ന നിലക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയം വികാസം പ്രാപിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണില്‍ എല്ലാം പൊതുസ്വത്താണ്. ബീഹാര്‍ മുഖ്യമന്ത്രിസ്ഥാനത്തിരിക്കെ അദ്ദേഹം യഥാര്‍ത്ഥ സോഷ്യലിസ്റ്റിന് പൊതുസ്വത്തും സ്വകാര്യസ്വത്തും തമ്മില്‍ ദേദമില്ല എന്നു തെളിയിക്കുകയും ചെയ്തു. തന്റെ ബാങ്ക് അക്കൗണ്ടും സര്‍ക്കാരിന്റെ ട്രഷറി അക്കൗണ്ടും ഒന്നാണെന്നേ അദ്ദേഹത്തിനു തോന്നിയുള്ളൂ. അതുകൊണ്ട് ദൊറാന്‍ ട്രഷറിയിലെ 139 കോടി രൂപ സ്വന്തം അക്കൗണ്ടു പോലെ അദ്ദേഹം കൈകാര്യം ചെയ്തു. ഇത്തരത്തില്‍ അഞ്ച് സംഭവങ്ങളുണ്ടായി. കാലിത്തീറ്റയുടെ പേരിലായിരുന്നു ഈ ഇടപാടുകളൊക്കെ. ലാലുവിന്റെ ശത്രുക്കള്‍ ഇതിനെ കാലിത്തീറ്റ കുംഭകോണം എന്നു വിളിച്ചു. പരാതി ഉയര്‍ന്നു. കേസ്സായി.സി.ബി.ഐ അന്വേഷണം നടത്തി ലാലു യാദവന്‍ കുറ്റക്കാരനാണെന്നുകണ്ടു. കോടതി അഴിമതിയുടെ പേരില്‍ ജയിലിലാക്കുകയും ചെയ്തു. പാവം ലാലു സോഷ്യലിസ്റ്റ് ആയിപ്പോയി എന്നതിന്റെ പേരില്‍ ഇത്രയ്ക്ക് കഷ്ട്‌പ്പെടുത്താന്‍ പാടുണ്ടായിരുന്നോ?
ജയിലില്‍ ഇട്ടതുകൊണ്ടൊന്നും അദ്ദേഹത്തിലെ സോഷ്യലിസ്റ്റിന്റെ തീവ്രത കുറഞ്ഞില്ല. സ്വകാര്യസ്വത്തും പൊതുസ്വത്തും തമ്മില്‍ ഭേദമില്ലാത്ത അദ്ദേഹം മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം ഭാര്യയെ ആ കസേരയില്‍ ഇരുത്തി. കഴിഞ്ഞ നിതീഷ് മന്ത്രിസഭയില്‍ മകന്‍ തേജസ്വിയെ ഉപ മുഖ്യനാക്കി. സോഷ്യലിസ്റ്റ് രക്തം വേണമല്ലോ തന്റെ പാര്‍ട്ടിയേയും മന്ത്രിസഭയേയും നയിക്കാന്‍. ഈ ലോകസഭാ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ സംവരണം നല്‍കുന്നതിനെ താന്‍ എതിര്‍ക്കുമെന്ന് പ്രധാനമന്തി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ പ്രായമായിട്ടും ലാലുവിന്റെ സോഷ്യലിസ്റ്റ് രക്തം തിളച്ചുമറിഞ്ഞു. മോദിയെ വെല്ലുവിളിച്ചു കൊണ്ട് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ മുസ്ലിങ്ങള്‍ക്കും സംവരണം നല്‍കുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. ഭാരതത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശി മുസ്ലിമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞതിലും കടത്തി സംവരണത്തിന്റെ അവകാശി മുസ്ലിമാണെന്ന് പ്രഖ്യാപിച്ച് ലാലു താരമായി. യാദവരുള്‍പ്പെടെ പട്ടികജാതിക്കാരും ഒ.ബി.സിക്കാരുമായ ഹിന്ദുക്കള്‍ സംവരണത്തിനായി പിച്ചച്ചട്ടിയുമായി നില്‍ക്കുമ്പോഴാണ് സംവരണം മൊത്തം മുസ്ലിമിന് വിളമ്പിക്കൊടുക്കുമെന്ന് യാദവന്‍ കല്പനയിറക്കിയത്. മോദി അതു ഏറ്റുപിടിച്ചതോടെ കോണ്‍ഗ്രസ്സുകാരാണ് വെട്ടിലായത്. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ ബീഹാറിലെ തീപ്പൊരി നേതാവ് കാലിത്തീറ്റ തിന്നു കൊഴുത്തവനും മുസ്ലിങ്ങള്‍ക്ക് സംവരണ ബിരിയാണി വിളമ്പുന്നവനുമായി അധ:പതിച്ചപ്പോള്‍ ജനം കണ്ടത് സോഷ്യലിസത്തിന്റെ ദയനീയ ചിത്രമാണ്.