ക്രിക്കറ്റിലെ ഐ.പി.എല്‍ ലേലത്തെ വെല്ലുന്ന ഒരു ഉഗ്രന്‍ ലേലമാണ് കേരളത്തില്‍ അരങ്ങു തകര്‍ക്കുന്നത്. ഈ ലേലം കായിക രംഗത്തല്ല, അതുക്കും എത്രയോ മീതെ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്താണ്. ഈ ലേലത്തിലെ താരങ്ങള്‍ വെറും ‘ബുജി’കളല്ല കവിത്വം കൊണ്ട് സാഹിത്യ ചക്രവര്‍ത്തികളായവരാണ്-സാധാരണ ‘ബുജി’കളുടെ കാര്യം ഇപ്പോള്‍ ദയനീയമാണ്. കാരണഭൂതന്റെ രണ്ടാം ഊഴത്തില്‍ അവര്‍ക്ക് ശനിദശയാണ്. അവര്‍ക്ക് വായില്‍ നാവുണ്ടോ എന്നു ജനത്തിന് സംശയം തീരുന്നില്ല. അങ്ങനെ ശൂന്യമായ സാംസ്‌കാരിക ലോകത്താണ് കവികള്‍ സ്വയം ലേലം വിളി തുടങ്ങിയത്. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കഴിഞ്ഞ ദിവസം പ്രസംഗിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാട് സാഹിത്യ അക്കാദമിയില്‍ ആശാന്റെ കരുണയെക്കുറിച്ച് പ്രസംഗിച്ചതിനു നക്കാപ്പിച്ചയായ 2400 രൂപ വാങ്ങിപ്പോയ ആളേയല്ല. സാംസ്‌കാരിക ലോകത്തെ നടുക്കിക്കളഞ്ഞ പൂഴിക്കടകന്‍ പ്രസംഗകനായിരുന്നു. പ്രജ എന്നു പൗരനെ വിളിക്കുന്നതിലെ ജനാധിപത്യവിരുദ്ധത, ഹിന്ദുരാഷ്ട്രമായിരുന്ന കൊച്ചിയിലേയും തിരുവിതാംകൂറിലേയും ഭരണത്തില്‍ കീഴാളര്‍ അനുഭവിച്ച കഷ്ടപ്പാട്, മനുസ്മൃതി തുടങ്ങി ചുള്ളിക്കാട് ഒന്നൊന്നായി അടവുകള്‍ പുറത്തെടുത്തപ്പോള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ പണസഞ്ചിയുമായെത്തിയവരുടെ കണ്ണു തള്ളി. റേറ്റിംഗില്‍ ചുള്ളിക്കാട് വാണം പോലെ കുതിച്ചു പൊന്തി. മാര്‍ക്‌സിസ്റ്റ് – കോണ്‍ഗ്രസ് – ഇസ്ലാമിസ്റ്റ് ലേലം വിളിക്കാര്‍ക്ക് ധൈര്യമായി കാശിറക്കാം. ഹിന്ദുത്വവാദികളെ തകര്‍ത്തെറിയാന്‍ ചുള്ളിക്കാടിന്റെ വായിലെ ഉറുമിയുടെ മൂര്‍ച്ച മറ്റെന്തിനുള്ളു!
സത്യത്തില്‍ ചുള്ളിക്കാടിന്റെ പൂഴിക്കടകനില്‍ കണ്ണഞ്ചിപ്പോയി സ്ഥലകാല ബോധം പോയത് മറ്റൊരു കവി ആലങ്കോട് ലീലാകൃഷ്ണനാണ്. ലേലത്തില്‍ കുറച്ചു കാലമായി റേറ്റിംഗില്‍ മുമ്പിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ‘ലീലാവിലാസങ്ങളില്‍’ മാപ്പിള ലഹളയില്‍ ഹിന്ദു കൂട്ടക്കൊല നടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ശുദ്ധ സ്വാതന്ത്ര്യസമര സേനാനിയായി കോഴിക്കോട് കടപ്പുറത്ത് ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ അഹിംസാവാദിയായി. ജമാഅത്തെ ഇസ്ലാമിയുടെ ഡയലോഗ് സെന്റര്‍ പ്രസംഗത്തില്‍ അദ്ദേഹം ഖുറാനെ മാനവസമുദായത്തിന്റെ കണ്ണു തുറപ്പിച്ച ഗ്രന്ഥമാക്കി; ഗീത പരാജയപ്പെട്ട ഗ്രന്ഥമായി, രാമനും കൃഷ്ണനും വെറും കഥാപാത്രങ്ങളായി; ചരിത്രപുരുഷന്മാരല്ലാതായി. ഇസ്ലാമിസ്റ്റുകള്‍ ഇദ്ദേഹത്തെ ലേലം വിളിച്ചെടുത്തില്ലെങ്കിലല്ലേ അതിശയമുള്ളു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാസികയുടെ പത്രാധിപസ്ഥാനത്തിരുന്ന് ഗീതയെക്കുറിച്ചും രാമനെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും പറയുമ്പോള്‍ ആരാണ് വിശ്വസിക്കാത്തത്? എന്തായാലും ഗുരുവായൂരപ്പന് ഈ കളി അത്ര പിടിച്ചില്ലെന്നു തോന്നുന്നു. ആലങ്കോട് ലീലാകൃഷ്ണന്‍ മതം മാറി മുസ്ലിമായി എന്ന സാമൂഹ്യമാധ്യമ പോസ്റ്റ് വൈറലായതോടെ അദ്ദേഹത്തിന്റെ റേറ്റിംഗ് കുത്തനെ താണു. ആ വീഴ്ച ദയനീയമായിരുന്നു. ഞാന്‍ മതം മാറിയിട്ടില്ലേ എന്ന വിലാപ കവിത രചിക്കുകയാണ് കവി ഇപ്പോള്‍.