ഇടതു ചരിത്രകാരന്മാര്‍ കാശ്മീരിലെ ചരിതത്തില്‍ നിന്ന് പൊക്കിയെടുത്ത ഒരു രാജാവുണ്ട് ഹര്‍ഷന്‍. ക്ഷേത്രങ്ങളിലെ ലോഹവിഗ്രഹങ്ങള്‍ ഉരുക്കി വിറ്റ് ധൂര്‍ത്തടിച്ചു ജീവിച്ച ഈ രാജാവിന്റെ ആത്മാവ് ദക്ഷിണഭാരതത്തില്‍ പുനര്‍ജ്ജനിച്ചോ എന്നൊരു സംശയം. ഹര്‍ഷന്റെ പണി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏറ്റെടുത്തിരിക്കയാണ്. തമിഴ്‌നാട്ടിലെ ക്ഷേത്രവിഗ്രഹങ്ങള്‍ കരിങ്കല്ലായതിനാല്‍ അവിടെ ഭക്തജനങ്ങള്‍ വഴിപാടായി നല്കുന്ന സ്വര്‍ണ്ണം ഉരുക്കി പണമുണ്ടാക്കാനാണ് സ്റ്റാലിന്റെ നിര്‍ദ്ദേശം. പ്രതിവര്‍ഷം ഇങ്ങനെ 25 കോടി രൂപയുടെ വരുമാനമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതത്രെ. ഹര്‍ഷന്‍ ഇതിന് സേനാവിഭാഗത്തെ ഉണ്ടാക്കിയെങ്കില്‍ സ്റ്റാലിന്‍ ദേവസ്വം വകുപ്പിനെ തന്നെ ആ പണി ഏല്‍പ്പിച്ചിരിക്കയാണ്. തൃച്ചെണ്ടൂര്‍ ക്ഷേത്രത്തില്‍ നൂറു കോടിയുടെ 211.54 കിലോ സ്വര്‍ണ്ണം ബാങ്കിനു കൈമാറിയതായി വാര്‍ത്തയുണ്ട്. അവിടെ സ്വാതന്ത്ര്യ സമരസേനാനി വീരപാണ്ഡ്യ കട്ട ബൊമ്മന്‍ നല്കിയ മണി കേടായിട്ടു വര്‍ഷങ്ങളായി. അതു നന്നാക്കാന്‍ താല്പര്യമില്ലാത്തവരാണ് ക്ഷേത്ര സ്വര്‍ണ്ണം ഉരുക്കിവാരിയെടുക്കുന്നത്. 38000 ക്ഷേത്രങ്ങളിലുള്ള 2137 കിലോ സ്വര്‍ണ്ണം മുംബൈയിലെ മിന്റില്‍ കൊണ്ടുപോയി ഉരുക്കി ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന സ്വര്‍ണ്ണം ഉരുക്കി കട്ടയാക്കി ബാങ്കില്‍ നിക്ഷേപിച്ച് കിട്ടുന്ന പണം ദേവസ്വത്തിന് ഉപയോഗിക്കുക എന്നാണ് അവകാശവാദം. കേള്‍ക്കാന്‍ സുഖമുളള ന്യായം.
ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം പിടികിട്ടാന്‍ കുറച്ചു മാസം മുമ്പ് സ്റ്റാലിന്റെ മകനും മന്ത്രിസഭയിലെ രണ്ടാമനുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രഖ്യാപനം കേള്‍ക്കണം. സനാതന ധര്‍മ്മം കൊറോണയേക്കാള്‍ ഭീകരമായ വൈറസ്സാണെന്നും അതിനെ ഉന്മൂലനം ചെയ്യണമെന്നുമാണ് സ്റ്റാലിന്‍ പുത്രന്റെ ആഹ്വാനം. ആ വേദിയില്‍ ഇരുന്ന് ആഹ്ലാദിച്ചയാളാണ് ദേവസ്വം മന്ത്രി ശേഖര്‍ ബാബു. സനാതന ധര്‍മ്മത്തിന്റെ കേന്ദ്ര സ്ഥാനമാണ് ക്ഷേത്രങ്ങള്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ക്ഷേത്രങ്ങള്‍ തകര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ക്ഷേത്രസ്വത്ത് കൊള്ളയടിക്കല്‍. അതിന്റെ ചുമതല ദേവസ്വം മന്ത്രിയെ തന്നെ ഏല്പിച്ചിരിക്കുകയാണ് സ്റ്റാലിന്‍. ഹിന്ദുത്വ വിരോധത്തില്‍ ഒരു നുകത്തിന്റെ രണ്ടു ഭാഗം അലങ്കരിക്കാവുന്ന കാളകളാണ് സ്റ്റാലിനും പിണറായി വിജയനും. സ്റ്റാലിന്‍ ചെയ്തപോലെ വിജയന്‍ സഖാവിനും ക്ഷേത്ര സ്വര്‍ണ്ണം വിറ്റു തുലക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യാം. ക്ലിഫ് ഹൗസ് മോടി കൂട്ടാനും പരിവാര യാത്രക്കും പണം തികഞ്ഞില്ലെങ്കില്‍ അതുപയോഗിക്കാം. ഹര്‍ഷന്റെ ശല്യം സഹിക്കാതെ ജനങ്ങള്‍ അദ്ദേഹത്തെ രാജകൊട്ടാരത്തിലിട്ട് തീയിട്ടു കൊല്ലുകയായിരുന്നു എന്ന ചരിത്രം ഇവര്‍ മറക്കാതിരിക്കട്ടെ.