തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയാകാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. ഉദയനിധി മന്ത്രിസഭയില്‍ കാലെടുത്തു വെച്ചതു തന്നെ വിവാദമുണ്ടാക്കിക്കൊണ്ടായിരുന്നു. മന്ത്രിയായ ഉടനെ ഉദയനിധി ഡി.എം.കെ.യുടെ രാഷ്ട്രീയ ലബോറട്ടറിയില്‍ കയറി ദ്രവിഡിയന്‍ മൈക്രോസ്‌കോപ്പിലൂടെ നോക്കിയതും ഞെട്ടിപ്പോയി. നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതിലും വലിയ ഒരു ഭീകര വൈറസിനെ അദ്ദേഹം കണ്ടെത്തി. അതാണ് സനാതനധര്‍മ്മം. അതില്‍ നിറയെ ജാതീയത പുളച്ചുകളിക്കുന്നു. ഉടനെ അദ്ദേഹം പ്രഖ്യാപിച്ചു. ജാതീയതയ്ക്ക് കാരണമായ സനാതനധര്‍മ്മത്തെ കൊറോണയേക്കാള്‍ വേഗം ഉന്മൂലനം ചെയ്യണം. സംഗതി ഒച്ചപ്പാടായി. കോടതിയും കേസ്സുമായി. പിന്നോട്ടില്ലെന്നു പറഞ്ഞ ഉദയനിധി തനിക്ക് സാക്ഷിമാരായി അംബേദ്ക്കറും പെരിയോറും ഉണ്ടെന്നു കഴുത്തില്‍ കിടക്കുന്ന കുരിശ് തൊട്ട് സത്യം ചെയ്തു എന്നാണ് കേള്‍ക്കുന്നത്. അധികനാള്‍ കഴിയും മുമ്പ് ചെന്നൈയിലെ ഹിന്ദു പത്രം ജാതി പിശാച് പിടികൂടിയ മറ്റൊരു വൈറസ് കൂടിയുണ്ട് എന്ന വിവരം പുറത്തുവിട്ടിരിക്കുന്നു.
ഇയ്യിടെ ഹിന്ദുവില്‍ വന്ന ഡോ.സുരേഷ് കുമാറിന്റെ ലേഖനത്തില്‍ പറയുന്നത് ക്രിസ്തുമതത്തില്‍ ജാതീയ വിവേചനം മൂലം ദളിത് ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്നാണ്. വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവും ലോകസഭാ എം.പിയുമായ തിരുവലവന്‍ എഴുതിയ പുസ്തകം ചൂടേറിയ ചര്‍ച്ചയാണ് പള്ളിമതത്തിനകത്തുണ്ടാക്കിയത്. ബാമ എന്ന എഴുത്തുകാരന്റെ കുരുക്കു എന്ന ആത്മകഥ പറയുന്നത് പളളി സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെക്കുറിച്ചാണ്. ഫാദര്‍ മാര്‍ക്ക് സ്റ്റീഫന്റെ നോവലായ യാത്തിരെയില്‍ (തീര്‍ത്ഥയാത്ര) ദളിത് ക്രിസ്ത്യാനികള്‍ക്ക് പള്ളി മതത്തില്‍ നീതി കിട്ടാത്തതിനെക്കുറിച്ച് പറയുന്നു. വിശദമായ കാര്യങ്ങള്‍ സുരേഷിന്റെ ലേഖനത്തിലുണ്ട്. 1999 ലെ പോപ്പിന്റെ സന്ദര്‍ശന വേളയില്‍ ദളിത് നേതാക്കള്‍ നേരിട്ട് പരാതിപ്പെട്ടിരുന്നു. ഒരു ഫലവും ഉണ്ടായിട്ടില്ല. ജാതീയത ക്രിസ്തുമതത്തിന്റെ ഭാഗമാണ് എന്നു വ്യക്തമായ സാഹചര്യത്തില്‍ ഉദയനിധിയും അച്ഛന്‍ സ്റ്റാലിനും കൂടി ഉന്മൂലന ക്രിയ ആദ്യം ക്രിസ്തുമതത്തില്‍ നിന്നു തുടങ്ങട്ടെ. അവിടെ ഉന്മൂലനമല്ലാതെ നവീകരണം സാധ്യമല്ല. എന്നാല്‍ സനാതനധര്‍മ്മത്തിന്റെ സ്വഭാവം തന്നെ നവീകരണമാണ്.