ഏ.കെ.ജി സെന്ററിലെ ചെമ്പന്‍ കോഴിയും ഇന്ദിരാഭവനിലെ കോണ്‍ഗ്രസ് മൂവര്‍ണക്കോഴിയും നിത്യവും രാവിലെ ജനങ്ങളെ കൂവിയറിയിക്കാറ് തങ്ങളുടെ മതേതര ചിറകില്ലായിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിം കോഴിക്കുഞ്ഞുങ്ങളെ ആര്‍.എസ്.എസ് പരുന്ത് റാഞ്ചിക്കൊണ്ടുപോയി വിഴുങ്ങിക്കളയുമായിരുന്നു എന്നാണ്. ക്ഷണം കിട്ടിയിട്ടും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പോകാതിരിക്കാനുള്ള കാരണം ഇതാണത്രെ. അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്തല്ല പള്ളി പണിതത് എന്ന കമ്മ്യൂണിറ്റ് ചരിത്രകാരന്മാരുടെ കണ്ടെത്തല്‍ മുസ്ലിങ്ങള്‍ തങ്ങളുടെ ചിറകിനുള്ളില്‍ തന്നെ കഴിയാന്‍ വേണ്ടി സഖാക്കള്‍ ഉണ്ടാക്കിയ കപട സിദ്ധാന്തമായിരുന്നു. മുസ്ലിങ്ങളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രാണപ്രതിഷ്ഠക്കു പോകുന്നില്ല എന്നു പറഞ്ഞത്. അതു കേട്ടപ്പോള്‍ മുസ്ലിങ്ങള്‍ തങ്ങളുടെ ചിറകിനടിയില്‍ നിന്ന് അങ്ങോട്ട് പോയ്ക്കളയുമോ എന്ന് വി.ഡി.സതീശന് കലശലായ ആശങ്ക. കേരളത്തില്‍ നിന്ന് ഒറ്റ കോണ്‍ഗ്രസ്സുകാരനും അയോധ്യക്കില്ല എന്നു പറഞ്ഞ് സതീശനും മുസ്ലിം സംരക്ഷകന്‍ എന്ന ധാരണ കെട്ടുപോകാതിരിക്കാന്‍ പരമാവധി പരിശ്രമിച്ചു. അപ്പോഴതാ മുസ്ലിങ്ങളുടെ ഭാഗത്തു നിന്നു ഒരു പ്രഖ്യാപനം വരുന്നു രാമക്ഷേത്ര പ്രാണപ്രതിഷ്ഠ അതിന്റെ വഴിക്ക് നടക്കുകയും വിശ്വാസികള്‍ അതില്‍ പങ്കെടുകയും ചെയ്‌തോട്ടെ ഞങ്ങള്‍ക്ക് അതൊന്നും പ്രശ്‌നമല്ല എന്നായിരുന്നു ആ പ്രഖ്യാപനം.
കേരളത്തിലെ പ്രമുഖ സുന്നി ഗ്രൂപ്പായ കാന്തപുരം എ.പി വിഭാഗത്തിലെ എസ്.വൈ.എസ് പത്രപ്രസ്താവനയിറക്കിയത് രാമക്ഷേത്രം സംബന്ധിച്ച അനാവശ്യ വിവാദത്തിന് തങ്ങളില്ല എന്നാണ്. സുപ്രീംകോടതി തീര്‍പ്പു കല്പിക്കുകയും സമാധാനകാംക്ഷികളായ മുസ്ലിങ്ങള്‍ അംഗീകരിക്കുകയും ചെയ്ത വിധി അനുസരിച്ചാണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നായിരുന്നു അവരുടെ നിലപാട്. പ്രാണപ്രതിഷ്ഠക്ക് ക്ഷണം കിട്ടിയവര്‍ സൗകര്യം പോലെ ചെയ്‌തോട്ടെ, ഇനിയാരും പുതിയ മുറിവ് ഉണ്ടാക്കരുതേ എന്ന അഭ്യര്‍ത്ഥനയും അവരുടെ പക്ഷത്തു നിന്നു ഉണ്ടായി. അതോടെ സഖാക്കള്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും ആധിയായി. തങ്ങളാണ് മുസ്ലിങ്ങളുടെ സംരക്ഷകര്‍ എന്ന ധാരണ പൊളിയുകയാണോ? കാന്തപുരം വിഭാഗക്കാര്‍ മാത്രമല്ല മറ്റു മുസ്ലിം വിഭാഗങ്ങളും രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ ഒട്ടും ആശങ്ക രേഖപ്പെടുത്തുന്നില്ല. അപ്പോഴാണ് മുസ്ലിങ്ങള്‍ തങ്ങളുടെ ചിറകിനടിയില്‍ ഇല്ലേ എന്ന പരിഭ്രാന്തി ഇടതന്മാര്‍ക്കും വലതന്മാര്‍ക്കും ഉണ്ടാവുന്നത്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായാല്‍ മുസ്ലി പള്ളികളൊക്കെ അമ്പലങ്ങളാക്കിക്കളയും എന്നായിരുന്നു സഖാക്കളുടെ പ്രചരണം. അതും ഇത്ര പെട്ടെന്ന് ഫലിക്കാതാവും എന്ന് ആരെങ്കിലും കരുതിയോ? പ്രാണപ്രതിഷ്ഠക്കു മുമ്പു തന്നെ മുസ്ലിം സമുദായത്തില്‍ ഇത്രയും മാറ്റം സംഭവിക്കുന്നുവെങ്കില്‍ പ്രാണപ്രതിഷ്ഠ കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്ന് ചിന്തിച്ചിട്ട് ഏ.കെ.ജി സെന്ററിലേയും ഇന്ദിരാ ഭവനിലേയും മതേതര സൈദ്ധാന്തികര്‍ക്ക് ഉറക്കം കിട്ടുന്നില്ല.