- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- അശ്വമേധത്തിലെ അഹിംസ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 23)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
ഉപദിഷ്ടര്‍ സ്വസ്ഥാനത്തില്‍ തിരിച്ചുവന്നു. നാളേറെ പോയില്ല വ്യാസന്റെ ഉപദേശം സ്മരിച്ചുകൊണ്ട് യുധിഷ്ഠിരജനാധിപന്‍ അശ്വമേധത്തിനൊരുങ്ങി. മുഖ്യമായ വിഷമം ധനാഭാവമായിരുന്നു. ആ കുറവ് നികത്താനുള്ള മാര്‍ഗം വ്യാസന്‍ തന്നെ പറഞ്ഞുകൊടുത്തു. അതനുസരിച്ച് അഞ്ച് സഹോദരന്മാരും ധനഗ്രഹണത്തിനായി ഹിമാലയപ്രാന്തത്തിലെ സ്വര്‍ണ്ണഖനിയിലെത്തി. ആവശ്യത്തിനുവേണ്ട ധനമെടുത്തു ഹസ്തിനപുരത്തില്‍ മടങ്ങി. കാര്യം സാധിച്ചു സംതൃപ്തരായി സഹോദരന്മാര്‍ ഹസ്തിനപുരത്തില്‍ പ്രവേശിച്ചപ്പോള്‍ പാലില്‍ തേന്‍ എന്നപോലെ അവര്‍ ശുഭവാര്‍ത്ത കേട്ടു. ഉത്തര പ്രസവിച്ചുണ്ടായ ചാപിള്ളയെ ശ്രീകൃഷ്ണന്‍ ജീവിപ്പിച്ചെന്നും കുട്ടിക്ക് പരീക്ഷിത്ത് എന്ന് പേരിടുകയും ചെയ്തു എന്നതായിരുന്നു വാര്‍ത്ത. ഭരതവംശത്തിന്റെ ഭാവി പ്രത്യാശയുടെ സ്വര്‍ണ്ണാങ്കുരമായി അനുദിനം വളര്‍ന്നുവന്നു. യജ്ഞത്തിനു മുമ്പേ യജ്ഞപ്രസാദം! ഈ അശ്വമേധത്തിന് മുമ്പില്ലാത്ത ഒരു സവിശേഷത ഉണ്ടായിരുന്നു. നാലുപാടും ജൈത്രയാത്രയ്ക്കു പുറപ്പെട്ട സഹോദരന്മാരോട് യുധിഷ്ഠിരന്‍ കണിശനിര്‍ദ്ദേശം കൊടുത്തിരുന്നു. – ”ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലുകളില്‍ ഒരാള്‍പോലും ഹനിക്കപ്പെടരുത്. തീര്‍ത്തും അഹിംസാപരമായിരിക്കണം യാത്ര.” മഹാരാജാവിന്റെ ആജ്ഞ അക്ഷരം പ്രതിപാലിക്കപ്പെട്ടു. മാത്രമല്ല ഇതോടെ പേര്‍പെറ്റ ഭരതവംശജരില്‍ രാജസൂയവും അശ്വമേധവും നടത്തിയ ഏകഭാഗ്യവാന്‍ യുധിഷ്ഠിരനായി.
മറ്റൊരു രാമരാജ്യം!
ഭരണത്തിന്റെ പ്രഥമദിവസം മുതല്‍, ധൃതരാഷ്ട്രര്‍ക്കും ഗാന്ധാരിക്കും അര്‍ഹമായ സ്ഥാനവും മാനവും കൊടുക്കുന്ന കാര്യത്തില്‍ യുധിഷ്ഠിരന്‍ ജാഗരൂകനായിരുന്നു. ഒന്നു ശേഷിക്കാതെ എല്ലാ പുത്രന്മാരേയും നഷ്ടപ്പെട്ട അവരുടെ മനസ്സിനെ കുത്തുവാക്കോ കെട്ടവാക്കോകൊണ്ട് വേദനിപ്പിക്കരുത് എന്ന് എല്ലാ സഹോദരന്മാരേയും വിളിച്ച് കല്‍പ്പിച്ചിരുന്നു. സ്വയമദ്ദേഹം ആ വൃദ്ധദമ്പതിയെ മാതാവായ കുന്തിയെപ്പോലെ ശുശ്രൂഷിച്ചു.
രാമരാജ്യം എന്നതുപോലെ യുധിഷ്ഠിരന്റെ ഭരണം ധര്‍മ്മരാജ്യമായിരുന്നു. ഇതിനിടയില്‍ ചെറുതായൊരു കല്ലുകടി ഉണ്ടായി. മക്കള്‍ക്ക് ശ്രാദ്ധമൂട്ടാന്‍ ആവശ്യമുള്ള തുക തരണമെന്ന് ധൃതരാഷ്ട്രര്‍ യുധിഷ്ഠിരനോട് താത്പര്യപ്പെട്ടു. ഇതറിഞ്ഞ ഭീമന്‍, തന്റെ സ്വഭാവമനുസരിച്ച്, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു കാശുപോലും ഇക്കാര്യത്തിനു ചിലവാക്കുന്നത് ശരിയല്ല എന്ന് വെട്ടിത്തുറന്നു പറഞ്ഞു. ധൃതരാഷ്ട്രദമ്പതികളെ അത് എത്രമാത്രം വേദനിപ്പിച്ചു എന്ന് ബുദ്ധിമോശക്കാരനുപോലും ഊഹിക്കാന്‍ കഴിയും. ഉടന്‍ യുധിഷ്ഠിരന്‍ പറഞ്ഞു. ”അത് ഞാന്‍ എന്റെ സ്വകാര്യസമ്പാദ്യത്തില്‍നിന്നു കൊടുക്കാം.” ശ്രാദ്ധം തൃപ്തികരമായി നടന്നു. പിന്നേയും ഭീമന്‍ പഴയ പക മറന്നിരുന്നില്ല. അദ്ദേഹം ഇടയ്ക്കിടെ ധൃതരാഷ്ട്രരുടെ ചെവിയില്‍ പതിയുന്ന സ്വരത്തില്‍ കുത്തുവാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ആരുടെ ഹൃദയത്തെയാണ് അത് വേദനിപ്പിക്കാതിരിക്കുക? പതിനഞ്ചുകൊല്ലത്തെ സൈ്വരജീവിതം ഭാരിച്ചുവരുന്നതായി ദമ്പതികള്‍ക്ക് തോന്നി. ‘സ്വരം നല്ലപ്പോള്‍ പാട്ട് നിര്‍ത്തണം’ എന്ന ചൊല്ല് അര്‍ത്ഥവത്താക്കിക്കൊണ്ട് അവര്‍ ആശ്രമവാസത്തിന് പുറപ്പെടാന്‍ തീരുമാനിച്ചു. വിവരം പറഞ്ഞപ്പോള്‍ രാജാവ് സമ്മതിക്കുന്ന ലക്ഷണമൊന്നുമില്ല. പൂര്‍വ്വമഹാരാജാവ് തന്റെ തീരുമാനത്തിലുറച്ചുനിന്നു. അദ്ദേഹം ഉപവാസമാരംഭിച്ചു. അവസാനം വ്യാസനിടപെട്ടു. കാരണവരുടെ ഇംഗിതമനുവദിക്കാന്‍ യുധിഷ്ഠിരനോടാവശ്യപ്പെട്ടു. സങ്കടത്തോടെയാണെങ്കിലും യുധിഷ്ഠിരന്‍ അനുവദിച്ചു.
മാതാപിതാക്കള്‍ വിടവാങ്ങുന്നു!
നാളും തിഥിയും നോക്കി ധൃതരാഷ്ട്രരും സഹധര്‍മ്മചാരിണിയും വാനപ്രസ്ഥത്തിന് പുറപ്പെട്ടു. ജന്മനാ അന്ധനും സ്വേച്ഛയാ അന്ധയുമായ അവരെ സഹായിക്കാന്‍ കുന്തിയും കൂടി. രാജാവും മന്ത്രിമാരും അവരുടെ കൂടെ നടന്നു. നഗരസീമയെത്തി. അവിടെനിന്ന് രാജാവ് വിടവാങ്ങല്‍ നേരത്തെ ആശീര്‍വാദം യാചിച്ചു. അത് ലഭിച്ചു. നഗരാതിര്‍ത്തി വിട്ട് നീങ്ങുമ്പോള്‍ കുന്തിയും ഗാന്ധാരിയുടെ കൈപിടിച്ച് മുന്നേറി. അര്‍ത്ഥം മനസ്സിലാകാതെ ഐവര്‍ സ്തംഭിച്ചുനിന്നു. സ്ഥിതി മനസ്സിലാക്കിയ കുന്തി മക്കളോടായി പറഞ്ഞു. ”മക്കളേ! ഞാനും ഇവരുടെ കൂടെ വാനപ്രസ്ഥത്തിനുപോവുകയാണ്. പാണ്ഡുരാജാവിന്റെ ഭരണകാലത്ത് ഞാന്‍ ഇഷ്ടംപോലെ രാജഭോഗമനുഭവിച്ചു. ഇതുവരെ നിങ്ങളുടെ കൂടെയുമനുഭവിച്ചു. ഇത്രമതി. ഇനി എനിക്കും വിധിക്കപ്പെട്ടത് വാനപ്രസ്ഥമാണ്.” എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിദുരനും ധൃതരാഷ്ട്രസേവാര്‍ത്ഥം ആ ഗണത്തില്‍ ചേര്‍ന്നു.
മാസങ്ങള്‍ കഴിഞ്ഞു. ദ്രൗപദിക്കും ഐവര്‍ക്കും മാതാപിതാക്കളെ കാണാന്‍ ഗൃഹാതുരത വര്‍ദ്ധിച്ചു. അവരെല്ലാവരും വനത്തിലേയ്ക്ക് പുറപ്പെട്ടു. ആശ്രമത്തില്‍ രണ്ട് അമ്മമാരേയും വലിയച്ഛനേയും കണ്ടു. കുശലാന്വേഷണം അങ്ങോട്ടുമിങ്ങോട്ടും നടന്നു. യുധിഷ്ഠിരന്‍ വിദുരരുടെ കാര്യമന്വേഷിച്ചു. ”അദ്ദേഹമിപ്പോള്‍ സാക്ഷാല്‍ വനത്തിലാണ്. മരങ്ങള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കുമിടയില്‍ തപസ്സും ധ്യാനവുമായി കഴിയുകയാണ്. കണ്ടാല്‍ തിരിച്ചറിയാന്‍ പ്രയാസം. ചിലപ്പോള്‍ വല്ക്കലം ധരിക്കും, ചിലപ്പോള്‍ അതുമില്ല. താടിയും മുടിയും നീട്ടി ശുഷ്‌കിച്ചിരിക്കുന്നു.” ഇത് പറഞ്ഞുകൊണ്ടിരിക്കേ ഈ വിവരണത്തിന് ചേര്‍ന്ന ഒരാള്‍രൂപം കുറച്ചകലെനിന്ന് അവരെ സൂക്ഷിച്ചുനോക്കുന്നതായി കണ്ടു. ”ഇതുതന്നെ മഹാത്മാ വിദുരര്‍” എന്ന് ചിന്തിച്ച യുധിഷ്ഠിരന്‍ ആ ദിശയിലേയ്ക്ക് നടന്നു. ആള്‍രൂപം ഓടിത്തുടങ്ങി. യുധിഷ്ഠിരനും പിന്നാലെ ഓടി. ഗഹനവനത്തിലെത്തി ആള്‍രൂപം ഒരു പേരാലില്‍ ചാരിനിന്നു. പിന്തുടര്‍ന്നവനെ തുറിച്ചുനോക്കി. പിന്തുടര്‍ന്നവനും നേര്‍ക്കുനേര്‍ നിന്നു. ഇരുവരും കണ്ണിമയ്ക്കാതെ നോക്കിനിന്നു. രണ്ടുപേരും നിശ്ശബ്ദം. വിനാഴിക കഴിഞ്ഞു ആള്‍രൂപത്തില്‍നിന്നു തേജോരശ്മി യുധിഷ്ഠിരനുള്ളില്‍ പ്രസരിച്ചു. യുധിഷ്ഠിരന്റെ ശരീരം ആപാദചൂഢം പ്രകമ്പിതമായി. പൊടുന്നനെ ആള്‍രൂപം സ്വയം ദഹിച്ചു ചാമ്പലായി. ഏകാന്തത്തില്‍ ധര്‍മ്മദേവന്റെ ഒരു പുത്രന്‍ മറ്റൊരു പുത്രനില്‍ ലയിച്ചു. (ആശ്രമവാസപര്‍വം. – 26.)
വര്‍ഷങ്ങള്‍ മുപ്പത്തിയാറ് കഴിഞ്ഞു. യുധിഷ്ഠിരന്‍ ദുര്‍നിമിത്തങ്ങള്‍ കണ്ടു.5 ദ്വാരകയില്‍ യാദവര്‍ പരസ്പരം കലഹിച്ചു. കലഹം പോരാട്ടമായി. വംശം മുഴുവന്‍ തമ്മില്‍ തമ്മില്‍ വെട്ടി നശിച്ചു. ഒടുവില്‍ ശ്രീകൃഷ്ണന്‍ പ്രഭാസതീര്‍ത്ഥത്തില്‍ യോഗനിദ്രയില്‍ കിടന്നു. അദ്ദേഹത്തിന്റെ പാദം കണ്ട് ഇരയാണെന്നു കരുതി ജര എന്ന വേടന്‍ അമ്പെയ്തു. ദേവാത്മാവാണെങ്കിലും ദേഹം വെടിയാന്‍ ഒരു നിമിത്തം വേണം. അതായിരുന്നു ജരന്റെ ശരം!
അങ്ങനെ കൃഷ്ണയുഗവും അവസാനിച്ചു.
സ്വര്‍ഗാരോഹണം
”അവിടുന്നാണ് ഞങ്ങള്‍ക്കെല്ലാമെല്ലാം” എന്ന് ഓരോ ഘട്ടത്തിലും യുധിഷ്ഠിരന്‍ പറഞ്ഞുകൊണ്ടിരുന്ന ശ്രീകൃഷ്ണന്റെ തിരോധാനം ഹസ്തിനപുരത്തിലെ സര്‍വ്വരേയും കുലുക്കി. വ്യാസന്റേയും ശ്രീകൃഷ്ണന്റേയും ഭീഷ്മപിതാമഹന്റേയും ഉപദേശങ്ങള്‍ അയവിറക്കി അദ്ദേഹം പരിചിന്തനം ചെയ്തു. അര്‍ജ്ജുനനെ വിളിച്ച് തന്റെ ഉള്ളം വെളിപ്പെടുത്തി. ”അര്‍ജ്ജുനാ! കാലം പ്രാണിജാലത്തെ ആകമാനം വേവിക്കുന്നു. മുമ്പില്‍ ഞാന്‍ കാലപാശം കാണുന്നു. നീയും ഇത് കാണേണ്ടതാണ്.”6 അര്‍ജ്ജുനന്‍ ജ്യേഷ്ഠന്റെ നിഗമനം ഭീമന് കൈമാറി. ഭീമന്‍ അത് നകുലസഹദേവന്മാരോടും പറഞ്ഞു. അവരെല്ലാം ജ്യേഷ്ഠനോട് നൂറ് ശതമാനം യോജിച്ചു.
പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് സഹോദരന്മാരോടു കൂടിയാലോചിക്കുക യുധിഷ്ഠിരന്റെ പതിവായിരുന്നു. രാജസൂയത്തെക്കുറിച്ചും അജ്ഞാതവാസം കഴിഞ്ഞുള്ള നടപടിയെക്കുറിച്ചും എല്ലാം സഹോദരന്മാരോടു കൂടിയാലോചിക്കുന്ന യുധിഷ്ഠിരനെ നാം കണ്ടതാണ്. മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചദ്ദേഹം ചിന്തിച്ചു. ഏറ്റവും പ്രധാനപ്പെട്ടത് രാജ്യം അരാജകത്വത്തില്‍ പതിക്കാതിരിക്കുക എന്നതാണ്. അദ്ദേഹം തന്നെയാണല്ലോ വനവാസാന്ത്യത്തില്‍ യക്ഷനോട് പറഞ്ഞത് – ”മൃതം രാഷ്ട്രമരാജകം.” അഭിമന്യുപുത്രനായ പരീക്ഷിത്തിനെ രാജാവായി വാഴ്ത്താന്‍ എല്ലാവരും തീരുമാനിച്ചു. ഇതിനകം പരീക്ഷിത്ത് കൃപാചാര്യരില്‍ നിന്ന് ധനുര്‍വിദ്യയും പുരോഹിതനില്‍നിന്ന് വേദവേദാംഗങ്ങളും ഗ്രഹിച്ചിരുന്നു. യുധിഷ്ഠിരന്‍ പാണ്ഡവരുടെ പൗത്രനെ രാജ്യസിംഹാസനത്തിലിരുത്തി ആശീര്‍വദിച്ചു. നവരാജാവിന്റെ യോഗക്ഷേമങ്ങള്‍ നോക്കാനുള്ള ചുമതല ധാര്‍ത്തരാഷ്ട്രനായ യുയുത്സുവിന് കൊടുത്തു. വൈയ്യക്തികമായ സുഖസൗകര്യങ്ങളുടെ മേല്‍നോട്ടം രാജപിതാമഹി സുഭദ്രയെ ഏല്‍പിച്ചു.
ധര്‍മ്മദാരങ്ങളെക്കൂട്ടി ഐവര്‍ പരമധാമയാത്രയ്‌ക്കൊരുങ്ങി. ഓരോരുത്തരും അവരുടെ ആഭരണങ്ങള്‍ ഊരി. പട്ടുവസ്ത്രമുപേക്ഷിച്ച് മരവുരി ധരിച്ചു. പുരുഷന്മാര്‍ ആയുധങ്ങളൊക്കെ വെടിഞ്ഞു, അഥവാ സാശീര്‍വാദം തന്ന വിഭൂതികള്‍ക്ക് തിരിച്ചുകൊടുത്തു. ബഹുജനങ്ങളോട് യാത്ര പറഞ്ഞ് അവര്‍ മഹാമേരുവിന്റെ ദിശയില്‍ നീങ്ങി. ദൈവത്തിങ്കലേയ്ക്കുള്ള അയനം ഒറ്റവരിയിലായിരിക്കണം എന്ന തത്വം ഓര്‍ത്തുകൊണ്ട് യുധിഷ്ഠിരനു പിന്നില്‍ മൂപ്പനുസരിച്ച് അഞ്ചുപേരും അണിയിട്ടു. മൗനമാചരിച്ചു ധ്യേയനിഷ്ഠയോടെ വീരവ്രതികളായി മുന്നോട്ടുനീങ്ങി. ഹിമാലയപ്രാന്തങ്ങളെത്തി. അതിനപ്പുറം ഗിരിപര്‍വ്വതശിഖരങ്ങള്‍. അവിടെവെച്ച് വാലാട്ടിക്കൊണ്ട് ഒരു നായയും അവരുടെ കൂടെ കൂടി. ഷട്കം സപ്തകമായി. – എത്രയെത്ര രാപ്പകലുകള്‍! ഒന്നും പരിഗണിക്കാതെ ഉത്തരായണം അഭംഗുരം! അവിടെ ദേശമില്ല, രാജ്യമില്ല, അതിരുകളില്ല. ചക്രവാളം ഹിമരാശി തൊടുന്ന അനന്തത മാത്രം! യാത്രികര്‍ ചരൈവേതി, ചരൈവേതി! പ്രതീക്ഷിക്കാതെ ഏറ്റവും പിന്നിലെ യാജ്ഞസേനി നിലംപതിച്ചു.
ഭീമന്‍ മുമ്പേയുള്ള ജ്യേഷ്ഠനോട് വിവരം പറഞ്ഞു. ലവലേശം ചാഞ്ചല്യമില്ലാതെ അദ്ദേഹം മൊഴിഞ്ഞു. ”സാരമില്ല, നാം മുന്നോട്ട്. അവള്‍ പതിച്ചത് അവളുടെ കര്‍മ്മം മൂലമാണ്. അഞ്ച് ഭര്‍ത്താക്കന്മാരുടെ ഭാര്യയായിരുന്നിട്ടും അവരുടെ ചായ്‌വ് അര്‍ജ്ജുനന്റെ വശത്തായിരുന്നു. കര്‍മ്മഫലം! നില്‍ക്കാന്‍ നേരമില്ല.” ഒരു വിനാഴിക കഴിഞ്ഞിട്ടുണ്ടാകണം. സഹദേവന്‍ വീണു. ഭീമന്‍ വിവരം പറഞ്ഞു. ജ്യേഷ്ഠന്‍ മൊഴിഞ്ഞു. ”ബുദ്ധിസാമര്‍ത്ഥ്യത്തില്‍ തനിക്കു തുല്യനായി ലോകത്തില്‍ ആരുമില്ലെന്നായിരുന്നു അവന്റെ ധാരണ. അങ്ങനെയുള്ള അതിമാനി പതിക്കാതെ നിര്‍വ്വാഹമില്ല. നമുക്ക് മുന്നോട്ടുപോകാം.” എത്രനേരം കഴിഞ്ഞെന്നാര്‍ക്കറിയാം? അവിടെ സമയത്തിന് അളവുകോലില്ല. സ്വല്പം കഴിഞ്ഞു നകുലന്‍ വീണു. ഭീമന്‍ വിവരമറിയിച്ചു. ജ്യേഷ്ഠന്‍ മൊഴിഞ്ഞു. ”അവന്‍ ബുദ്ധിമാന്മാരില്‍ ശ്രേഷ്ഠനായിരുന്നു. ധര്‍മ്മാത്മാവായിരുന്നു. എന്നാല്‍ തന്നെപ്പോലെ സുന്ദരന്‍ ത്രിഭുവനങ്ങളിലാരുമില്ല എന്നതായിരുന്നു അവന്റെ ഞെളിച്ചില്‍. അവന് ഡംഭുണ്ടായിരുന്നു.” പ്രയാണം തുടര്‍ന്നു. അര്‍ജ്ജുനന്‍ വീണു. ഭീമന്‍ വിവരമറിയിച്ചു. ജ്യേഷ്ഠന്‍ മൊഴിഞ്ഞു. ”ലോകത്തെ മുഴുവന്‍ എനിക്കൊറ്റയ്ക്ക് ദഹിപ്പിക്കാന്‍ കഴിയുമെന്നവന്‍ പറയുമായിരുന്നു. അതവന്‍ ചെയ്തു കാണിക്കുകയും ചെയ്തു. ആ ഗര്‍വ്വ് അയാള്‍ക്കുള്ളില്‍ ദൃഢമൂലമായിരുന്നു, പതിക്കാതെ എന്തുചെയ്യും?” രണ്ടുപേര്‍ മാത്രം ബാക്കി. പിന്നേയും മുന്നോട്ട്. ഇപ്പോള്‍ ഭീമന്‍ വീണു. കിടന്നു കൊണ്ടദ്ദേഹം ചോദിച്ചു. ”ജ്യേഷ്ഠാ! ഞാനെന്തപരാധം ചെയ്തു, എനിക്കെന്തു കുറവ്?” ജ്യേഷ്ഠന്‍ മൊഴിഞ്ഞു. ”മറ്റാരെക്കുറിച്ചും ചിന്തിക്കാതെ മൂക്കറ്റം കഴിക്കുന്നവനാണ് നീ. കൂടാതെ വല്ലാത്ത വീമ്പ് പറച്ചിലും!”
യുധിഷ്ഠിരന്‍ ഒറ്റയ്ക്കായി. കൂടെ നായ മാത്രം! നിമിഷങ്ങള്‍ കഴിഞ്ഞില്ല, യുധിഷ്ഠിരന് മുന്നില്‍ ഒരു സ്വര്‍ണ്ണരഥമെത്തി. അതില്‍ നിന്ന് ദേവേന്ദ്രന്‍ ഇറങ്ങി. ”യുധിഷ്ഠിരാ! ഭവാനെ സ്വര്‍ഗ്ഗത്തില്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്നതാണ്. രഥത്തില്‍ കയറൂ.” യുധിഷ്ഠിരന്‍:- ”ഞാന്‍ മാത്രം മതിയോ? എന്റെ കൂടെ ഉടനീളം വന്ന ഈ നായയുടെ കാര്യമോ?” ഇന്ദ്രന്‍:- ”താങ്കള്‍ മാത്രം മതി. നായയ്ക്ക് നാകത്തില്‍ സ്ഥാനമില്ല” യുധിഷ്ഠിരന്‍:- ”നായയ്ക്ക് സ്ഥാനമില്ലെന്നോ? എങ്കില്‍ എന്റെ കൂടെ വന്നവനെ വിട്ട് എനിക്കും ആ സ്ഥാനം വേണ്ട.” ഇന്ദ്രന്‍ പിന്നേയും വാദിച്ചു. എന്നാല്‍ യുധിഷ്ഠിരന്‍ വിട്ടുകൊടുത്തില്ല. അദ്ദേഹം ഉറച്ചസ്വരത്തില്‍ പറഞ്ഞു:- ”കീഴ്ത്തലങ്ങളില്‍നിന്ന് ഇവിടം വരെ അകമ്പടി സേവിച്ച ഈ ജന്തുവിനെ വിട്ടു എനിക്ക് സ്വര്‍ഗം വേണ്ട.” ഉടന്‍ നായയുടെ സ്ഥാനത്ത് ഒരു തേജോമയന്‍ നിവര്‍ന്നുനിന്നു. അദ്ദേഹമരുളി. ”യുധിഷ്ഠിരാ! ഞാന്‍ ധര്‍മ്മനാണ്, നിന്റെ ജന്മഹേതു. വിദുരനും നിന്നെപ്പോലെ ഞാന്‍ ഹേതുവായി ജനിച്ചവനാണ്. ധര്‍മ്മത്തിന് പേരുകേട്ട നിന്നെ പരീക്ഷിക്കാന്‍ നായയുടെ രൂപത്തില്‍ ഞാന്‍ വന്നതാണ്. ഇതിനുമുമ്പ് ഒരിക്കല്‍ നിന്നെ ഞാന്‍ പരീക്ഷിച്ചു. വനവാസാന്ത്യത്തില്‍ തടാകതീരത്ത് യക്ഷന്റെ രൂപത്തില്‍. ‘മരിച്ചുകിടക്കുന്നവരിലൊരുത്തനെ ഞാന്‍ ജീവിപ്പിക്കാം’ എന്ന് വാക്കുതന്നപ്പോള്‍ രണ്ടമ്മമാരേയും ഒരേപോലെ കണ്ട് നീ ആവശ്യപ്പെട്ടത് നകുലനെ ജീവിപ്പിക്കാനാണ്. അന്നത്തെ ആ പരീക്ഷയില്‍ നീ ജയിച്ചു. ഇത്തവണ നിന്നെ ഒരിക്കല്‍ കൂടി പരീക്ഷിക്കാന്‍ നായയുടെ ഉടല്‍പൂണ്ട് വന്നതാണ്. ഈ പരീക്ഷയിലും നീ പ്രശസ്തമായി ജയിച്ചു. ഇന്ദ്രന്റെ കൂടെ സ്വര്‍ഗ്ഗത്തില്‍ പോകൂ.” ധര്‍മ്മദേവന്‍ മറഞ്ഞു.
സ്വര്‍ഗ്ഗകവാടത്തില്‍ നാരദമുനി ധര്‍മ്മാത്മജനെ എതിരേറ്റു. സ്വര്‍ഗ്ഗവാസികള്‍ ആരെല്ലാമാണെന്നന്വേഷിച്ചപ്പോള്‍ പറഞ്ഞവരുടെ കൂട്ടത്തില്‍ ദുര്യോധനന്റെ പേരുംവന്നു. കരിന്തേള്‍ക്കുത്തേറ്റതുപോലെ യുധിഷ്ഠിരന്‍ പ്രതികരിച്ചു. ”ഈ സ്വര്‍ഗ്ഗം എനിക്കുവേണ്ട.” നാരദര്‍ പുഞ്ചിരിതൂകി പറഞ്ഞു. ”ധര്‍മ്മജാ! ഇത് സ്വര്‍ഗ്ഗമാണ്, ഇവിടെ വൈരമെന്നൊന്നില്ല.” യുധിഷ്ഠിരന് വെളിച്ചം കിട്ടി. അദ്ദേഹം ത്രിഗുണങ്ങള്‍ക്കതീതനായി സ്വര്‍ഗ്ഗം പൂകി. അവിടെ മിത്രാമിത്രഭേദമില്ലാതെ സകലവരും സത്വസംശുദ്ധിയോടെ ജീവിക്കുന്നു. അക്കൂട്ടത്തില്‍ യുധിഷ്ഠിരനും ലയിച്ചു.
5 ദദര്‍ശ വിപരീതാനി നിമിത്താനി യുധിഷ്ഠിരഃ – മൗസലപര്‍വം. – 1 – 1.
6 കാലഃ പചതി ഭൂതാനി സര്‍വ്വാണ്യേവ മഹാമതേ
കാലപാശമഹം മന്യേ ത്വമപി ദ്രഷ്ടുമര്‍ഹസി. – മഹാപ്രസ്ഥാനപര്‍വം. – 3.