- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- ധര്‍മ്മരാജ്യ പരിപാലനം ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
യുധിഷ്ഠിര വിഷാദയോഗം
മഹായുദ്ധം കെട്ടടങ്ങി. നാളൊന്നു കഴിയുംമുമ്പ് യുധിഷ്ഠിരന്‍ തന്റെ പ്രഥമകര്‍ത്തവ്യമായി ധൃതരാഷ്ട്രരേയും ഗാന്ധാരിയേയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അഞ്ച് സഹോദരന്മാരും കൂടെ കൃഷ്ണനും രാജസമക്ഷമെത്തി. വസ്തുസ്ഥിതികള്‍ പറഞ്ഞ് യുധിഷ്ഠിരന്‍ സാനമ്രം ക്ഷമായാചന ചെയ്തു. ധൃതരാഷ്ട്രര്‍ അദ്ദേഹത്തെ ആശീര്‍വദിക്കുകയും ചെയ്തു. കുരുക്ഷേത്രത്തില്‍ തിരിച്ചുപോയി എല്ലാ വംശജരുടേയും ശവദാഹത്തിന് ഏര്‍പ്പാടുകള്‍ ചെയ്തു. ഭാഗീരഥിയുടെ തീരത്തില്‍ മരണാനന്തരക്രിയകള്‍ ചെയ്യാന്‍ സ്വന്തം അനുജന്മാര്‍ക്കുപുറമേ വിദുരര്‍, യുയുത്സു, സംജയന്‍, ധൗമ്യപുരോഹിതന്‍ എന്നിവരേയും കൂടെ കൂട്ടി. ആചാരങ്ങള്‍ ഒന്നുപോലും മുടങ്ങാതെ പേരെടുത്തുപറഞ്ഞ് സകല ചാര്‍ച്ചക്കാര്‍ക്കും നിഷ്‌കര്‍ഷയോടെ തിലോദകം കൊടുത്തു. എല്ലാം കണ്ടുകൊണ്ടിരുന്ന രാജമഹിളകള്‍ക്കിടയില്‍ നിന്ന് കുന്തി കരഞ്ഞുകൊണ്ട് മക്കളോടു പറഞ്ഞു. ”മക്കളേ! സൂതപുത്രനെന്നു പറയപ്പെടുന്ന കര്‍ണ്ണനും കൂടി തിലോദകം കൊടുക്കൂ. അവന്‍ നിങ്ങളുടെ ജ്യേഷ്ഠനാണ്. ഞാന്‍ കന്യയായിരുന്നപ്പോള്‍ സൂര്യദേവന്‍ ദ്വാരാ എനിക്കുണ്ടായവനാണ്.”1 ഇത് ശ്രവിച്ച യുധിഷ്ഠിരന്‍ ഇടിവെട്ടേറ്റവനെപ്പോലെയായി. സഹിക്കാനാകാത്ത ദേഷ്യത്തോടും സങ്കടത്തോടുംകൂടി അമ്മയെനോക്കി അദ്ദേഹം പൊട്ടിത്തെറിച്ചു. ”ഇന്നിമിഷം മുതല്‍ സ്ത്രീകള്‍ക്കാര്‍ക്കും രഹസ്യം ഉളളിലൊതുക്കാന്‍ കഴിയാതാകട്ടെ.”2
അതോടെ ‘യുധിഷ്ഠിരവിഷാദയോഗം’ തുടങ്ങി.
അര്‍ജ്ജുനന്റെ വിഷാദയോഗം യുദ്ധപൂര്‍വ്വമായിരുന്നെങ്കില്‍ യുധിഷ്ഠിരന്റേത് യുദ്ധാനന്തരമായിരുന്നു.
ഇവിടെ പ്രാസംഗികമായി ഊന്നിപ്പറയട്ടെ. യുധിഷ്ഠിരാദികള്‍ പിണ്ഡമര്‍പ്പിച്ചത് പവിത്രഗംഗയുടെ തീരത്തിലായിരുന്നു. കേരളീയര്‍ പൊതുവേ വിശ്വസിക്കുന്നതുപോലെ ഭാരതപ്പുഴയുടെ തീരത്തിലല്ല. പ്രതിഭാവാനും ധര്‍മ്മതത്പരനുമായ ഏതോ ഒരു പുണ്യാത്മാവാണ് മഹാഭാരതധര്‍മ്മയുദ്ധത്തെ മമതാഭാവത്തോടെ നോക്കിക്കണ്ട് ആ പിണ്ഡദാനരംഗത്തെ നിളയുടെ തീരത്തേയ്ക്കാനയിച്ചത്. അതോടെ നിള ഭാരതപ്പുഴയായി. കേരളീയര്‍ക്ക് പാവനഗംഗയായി. ചരിത്രത്തിനുപരി ധര്‍മ്മനിഷ്ഠമായ ഹൃദയഭാവമാണ് ഇവിടെ പ്രവര്‍ത്തിച്ചത്.
യുധിഷ്ഠിരന്‍ രാജ്യഭാരമേറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. അര്‍ജ്ജുനനേക്കാള്‍ കടുത്തതായിരുന്നു അദ്ദേഹത്തിന്റെ വിഷാദം. ഭീമാര്‍ജ്ജുനന്മാരും നകുലസഹദേവന്മാരും ദ്രൗപദിയും വിവിധ കാഴ്ചപ്പാടുകള്‍ വിശദീകരിച്ച്, അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ നോക്കി, സാധിച്ചില്ല. രണ്ടാംവട്ടവും പ്രാര്‍ത്ഥനാപൂര്‍വ്വം സംസാരിച്ചു. കൂടാതെ ദേവസ്ഥാനന്‍ എന്ന മഹര്‍ഷിയും ദ്വൈപായനവ്യാസനും ഉപദേശിച്ചു. താന്‍ വിചാരിക്കുന്ന ഘോരപാപത്തില്‍ നിന്നുള്ള വിമോചനത്തിനായി രാജ്യഭാരമേറ്റ് അശ്വമേധമെന്ന മഹായജ്ഞം നടത്തുകയാണ് വേണ്ടത്. തുടര്‍ന്ന് നാരദമുനിയും കൃഷ്ണനുമുപദേശിച്ചു. ആത്യന്തികമായി കേട്ട വിവിധ വിചാരങ്ങളെല്ലാം അയവിറക്കി യുദ്ധവിജേതാവ് രാജ്യാരോഹണത്തിന് സമ്മതിച്ചു.
ഭാരതചക്രവര്‍ത്തി
അദ്ദേഹം ഹസ്തിനപുരത്തില്‍ പ്രവേശിച്ചു. അപ്പോഴേയ്ക്കും അദ്ദേഹം ‘ഗതമന്യുവും ഗതജ്വരനും’ ആയിക്കഴിഞ്ഞിരുന്നു (ശാന്തിപര്‍വം.-40-1.). അദ്ദേഹം പത്മാസനത്തില്‍ കിഴക്കോട്ടുനോക്കിയിരുന്നു. അദ്ദേഹത്തിന്റെ ഇടത്തും വലത്തും ഭീമനും അര്‍ജ്ജുനനുമിരുന്നു. നേരേമുമ്പില്‍ സാത്യകിയും വാസുദേവനുമിരുന്നു. തൊട്ടടുത്തുള്ള ഹസ്തിദന്തസിംഹാസനത്തില്‍ കുന്തിയിരുന്നു. അവര്‍ക്കകമ്പടിയായി നകുലസഹദേവന്മാരുമിരുന്നു. വിശേഷമായി ഒരുക്കിയ അലംകൃതപീഠങ്ങളില്‍ ധൃതരാഷ്ട്രരും ഗാന്ധാരിയും വിദുരരും സംജയനും ധൗമ്യ പുരോഹിതനും ആസനസ്ഥരായി (ശാന്തിപര്‍വം.-40-2-6.). നടുവിലെ ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിപ്പിച്ചു. യജമാനന്റെ ധര്‍മ്മചാരിണി എന്ന നിലയില്‍ തൊട്ടടുത്തു സ്ഥലം ഗ്രഹിച്ചു യാജ്ഞ്യസേനീ. മുഹൂര്‍ത്തമായപ്പോള്‍ പൂജിച്ച ശംഖുനിറച്ചു ശ്രീകൃഷ്ണന്‍ രാജാവിനഭിഷേകം ചെയ്തു. തുടര്‍ന്ന് എല്ലാ സദാത്മാക്കളാല്‍ സംപൂജിതനായ ധര്‍മ്മരാജാവായ യുധിഷ്ഠിരന്‍ മഹത്തായ രാജ്യം സ്വീകരിച്ചു (ശാന്തിപര്‍വം -40-ചുരുക്കം). യുധിഷ്ഠിരന്‍ ജനിച്ച സമയത്തെ അശരീരി അര്‍ത്ഥവത്തായി.
സമയം വ്യര്‍ത്ഥമാക്കാതെ മഹാരാജാവ് ഭരണവ്യവസ്ഥയില്‍ ശ്രദ്ധിച്ചു. ഭീമസേനനെ യുവരാജാവാക്കി. വിദുരരെ പ്രധാനമന്ത്രിയാക്കി. സംജയനെ ധനമന്ത്രിയാക്കി. നകുലനെ ആഭ്യന്തരമന്ത്രിയാക്കി. അര്‍ജ്ജുനനെ രാജ്യരക്ഷാമന്ത്രിയാക്കി. സഹദേവനെ സ്വന്തം കാര്യസ്ഥനാക്കി. യുയുത്സുവിനെ പൊതുഭരണമേല്‍പ്പിച്ചു. ധൗമ്യനെ ധര്‍മ്മോപദേഷ്ടാവാക്കി. ഇനിയും ചിലര്‍ക്ക് അര്‍ഹത നോക്കി ശേഷിച്ച വകുപ്പുകള്‍ വീതിച്ചുകൊടുത്തു (ശാന്തി പര്‍വം.-41). ശ്രദ്ധിക്കുക, ആധുനിക ജനാധിപത്യത്തിലെ സ്വപക്ഷപ്രതിപക്ഷഭേദം ധര്‍മ്മരാജാവ് അംഗീകരിച്ചില്ല. സേവനക്ഷമതയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
അപൂര്‍ണ്ണമായ പിതൃഋണം പൂര്‍ണ്ണമാക്കുകയെന്നതാണ് ധര്‍മ്മപുത്രര്‍ ആദ്യം ചെയ്തത്. അന്ത്യേഷ്ടി ചെയ്തുകഴിഞ്ഞ സ്വന്തക്കാര്‍ക്ക് പുറമേയുള്ള ഇരുപക്ഷത്തേയും മൃതര്‍ക്ക് തിലോദകം കൊടുക്കുക എന്നതായിരുന്നു. അതില്‍പിന്നെ അദ്ദേഹം ശ്രീകൃഷ്ണനെ സ്തുതിച്ചു. നമസ്‌ക്കരിച്ചിട്ടദ്ദേഹം പറഞ്ഞു. ”കൃഷ്ണാ! ഭവാന്റെ നയം, ബലം, ബുദ്ധി, വിക്രമം പ്രകടമാക്കി ഞങ്ങളില്‍ പ്രസാദിച്ചു. പിതൃപൈതാമഹമായ രാജ്യം എനിക്ക് തിരിച്ചുകിട്ടി. പുണ്ഡരീകാക്ഷ, ശത്രുനാശക, ഭവാന്ന് വീണ്ടും വീണ്ടും നമസ്‌ക്കാ രം.3 വിജേതാവായി പ്രതിഷ്ഠയും പദവിയും ലഭിച്ചിട്ടും അദ്ദേഹം കൃതജ്ഞതാപൂര്‍വ്വം കൃഷ്ണനെ ആദരിച്ചു.
ഭീഷ്മരില്‍നിന്നും രാഷ്ട്രജ്ഞാനദീക്ഷ
ശ്രീകൃഷ്ണന്‍ ആകട്ടെ, തന്റെ കര്‍ത്തവ്യം പൂര്‍ത്തിയായി എന്നു ചിന്തിച്ചില്ല. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മപിതാമഹനെ സമീപിച്ച് അനര്‍ഘമായ ഉപദേശം സ്വീകരിക്കാന്‍ അദ്ദേഹം യുധിഷ്ഠിരനോട് പറഞ്ഞു. ”യുധിഷ്ഠിരാ! ഗാംഗേയനും ഭീമപരാക്രമനുമായ ഭീഷ്മരെ സമീപിക്കുക. മനസ്സിലുള്ള സംശയങ്ങളെല്ലാം അദ്ദേഹത്തിനുമുമ്പില്‍ നിരത്തുക നാലുവേദങ്ങള്‍, നാലുവര്‍ണ്ണങ്ങള്‍, നാലാശ്രമങ്ങള്‍, നാലുപായങ്ങള്‍, സമഗ്രരാജധര്‍മ്മങ്ങള്‍ എന്നിവയെക്കുറിച്ച് ചോദിക്കുക. അദ്ദേഹം അസ്തമിച്ചു കഴിഞ്ഞാല്‍ ആ ജ്ഞാനഭണ്ഡാഗാരവും അസ്തമിക്കും.” യുധിഷ്ഠിരന്‍ പൂര്‍ണ്ണമനസ്സാ സമ്മതിച്ചു പറഞ്ഞു. ”ഞങ്ങളെല്ലാം പോകാം. എന്നാല്‍ ഭവാനായിരിക്കണം മുന്നില്‍.4
യുധിഷ്ഠിരന്റെ സമ്മതം കിട്ടേണ്ട താമസം കൃഷ്ണന്‍ അരികില്‍നിന്ന സാത്യകിയോട് കല്‍പ്പിച്ചു. ”സാത്യകീ! ഉടന്‍ എന്റെ രഥം പൂട്ടുക.” ഉടന്‍ ദാരുകസാരഥി രഥമൊരുക്കി. പാര്‍ത്ഥസാരഥി നേരേ ഭീഷ്മന്റെ അടുക്കലെത്തി. സാദരം അദ്ദേഹമുണര്‍ത്തി. ”ഭീഷ്മപിതാമഹാ! താങ്കള്‍ പോകുമ്പോള്‍ കൂടെ ജ്ഞാനനിധിയും പോകും. അത് സംഭവിക്കുംമുമ്പ് ആ ജ്ഞാനമാസകലം പകര്‍ന്നുകൊടുക്കാന്‍ സമയമായി. ജ്ഞാതിനാശം മൂലം അത്യന്തം ശോകാര്‍ത്തനായ, സത്യസന്ധന്‍ യുധിഷ്ഠിരന് ആ ജ്ഞാനമഖിലം പകര്‍ന്നു കൊടുത്താലും. ആ സത്യവചസിനെ തൃപ്തിപ്പെടുത്തിയാലും. ശോകാര്‍ത്തനായ അദ്ദേഹത്തിന്റെ ശോകം വേരോടെ ഇല്ലാതാക്കിയാലും.” ഒരുവശത്ത് പൗത്രനെ ഒരുക്കുന്ന കൃഷ്ണന്‍ മറുവശത്ത് പിതാമഹനെ ഒരുക്കുകയായിരുന്നു. ശക്തി ക്ഷയിച്ച് വിവശനായ അദ്ദേഹത്തിന് വരം കൊടുത്ത് ഓജസ്വിയാക്കി. ”നാളെ അവരേയും കൂട്ടി വരാം” എന്നുപറഞ്ഞ് കൃഷ്ണന്‍ സാത്യകിയോടൊപ്പം മടങ്ങി.
പിറ്റേന്നു രാവിലെ കുളിച്ചു ശുദ്ധമായി, ദീക്ഷ മേടിക്കാനുള്ള തീവ്രഭക്തിയോടെ ഐവര്‍ കൃഷ്ണന്റെ കൂടെ ഭീഷ്മസന്നിധിയിലെത്തി. പുറപ്പെടുമ്പോള്‍തന്നെ യുധിഷ്ഠിരന്‍ കാര്യഗൗരവം നന്നായി ധരിച്ച് അര്‍ജ്ജുനനോട് പറഞ്ഞിരുന്നു. ”അര്‍ജ്ജുനാ! നമ്മുടെ കൂടെ മറ്റാരും വേണ്ട. പടയാളികളും പരിചാരകന്മാരും വേണ്ട. അവരെ തിരിച്ചയയ്ക്കുക. പിതാമഹന്‍ പല രഹസ്യങ്ങളും നമ്മളോട് വെളിപ്പെടുത്തിയേക്കാം. മറ്റാരും അതൊന്നും കേള്‍ക്കേണ്ട” (ശാന്തിപര്‍വം. – 53 – 14 – 16).
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പില്‍ക്കാലത്ത് കിളിര്‍ന്ന ചില കെട്ടുകഥകളില്‍, പാണ്ഡവരുടെ കൂടെ ദ്രൗപദിയും ഉണ്ടായിരുന്നെന്നു പറയുന്നു. വാസ്തവത്തില്‍ അത് സത്യവിരുദ്ധമാണ്. പാണ്ഡവ സഹോദരന്മാരുടെ കൂടെ ഉണ്ടായിരുന്നത് കൃഷ്ണനും സാത്യകിയും മാത്രമായിരുന്നു. അങ്ങനെ ഭീഷ്മര്‍ക്കുമുന്നില്‍ ആകെ ഏഴ് പേര്‍.
പ്രാരംഭത്തില്‍ത്തന്നെ ശ്രീകൃഷ്ണന് മനഃശാസ്ത്രപരമായ ഒരു പ്രശ്‌നം പരിഹരിക്കേണ്ടിയിരുന്നു. അതോര്‍ത്തുകൊണ്ട് അദ്ദേഹം ഭീഷ്മരോട് പറഞ്ഞു. ”ധര്‍മ്മാത്മജന് താങ്കളെ നേരിടാന്‍ ചെറിയൊരു സങ്കോചമുണ്ട്. അഭിശാപം ഭയന്നുകൊണ്ട് അദ്ദേഹം മുന്നില്‍ വരുന്നില്ല. ലോകനാഥന്‍ ലോകരുടെ കണ്ണീര്‍ വീഴ്ത്തി. അതോര്‍ത്ത് അഭിശാപം ഭയന്ന് താങ്കളുടെ മുന്നില്‍വന്നു നില്‍ക്കാന്‍ സങ്കോചപ്പെടുകയാണ്. ആഢ്യരേയും ഈഡ്യരേയും ഭക്തരേയും ഗുരുജനങ്ങളേയും സംബന്ധികളേയും മൃത്യുവിന്നിരയാക്കിയതോര്‍ത്ത് മുഖാമുഖം വരാത്തതാണ്” (ശാന്തിപര്‍വം. -55-11-16). ഈ വാക്കുകള്‍ യുധിഷ്ഠിരന്‍ പിന്നില്‍ നിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. തന്റെ ഹൃദയത്തിനുള്ളിലെ ഭാവങ്ങള്‍ അതേപോലെ ശ്രീകൃഷ്ണന്‍ പിതാമഹനോട് വെളിപ്പെടുത്തുന്നതു കേട്ട് അദ്ദേഹം അത്ഭുതപ്പെടുകയും ആശ്വസിക്കുകയും ചെയ്തു.
മാര്‍ഗം സുഗമമാക്കുന്നതായിരുന്നു ഭീഷ്മരുടെ മറുപടി. അതും യുധിഷ്ഠിരന്‍ പിന്നില്‍നിന്നു കേള്‍ക്കുകയായിരുന്നു. ”ദാനവും തപസ്സും അദ്ധ്യയനവും ബ്രാഹ്‌മണരുടെ ധര്‍മ്മമെന്നതുപോലെ സമരത്തില്‍ ശത്രുവിന്റെ ദേഹപാതനം ക്ഷത്രിയരുടെ ധര്‍മ്മമാണ്. പിതാക്കന്മാരേയും പിതാമഹന്മാരേയും ഭ്രാതാക്കളേയും ഗുരുഭൂതരേയും സംബന്ധികളേയും ബന്ധുക്കളേയും മിത്ഥ്യാചാരികളേയും യുദ്ധത്തില്‍ വിധിക്കുന്നത് ക്ഷത്രിയന്റെ ധര്‍മ്മം തന്നെ. കാലംതെറ്റി പ്രവര്‍ത്തിക്കുന്ന ലുബ്ധരേയും ഗുരുക്കന്മാരേയും പാപികളേയും യുദ്ധത്തില്‍ കൊല്ലുന്ന ക്ഷത്രിയനാണ് ധര്‍മ്മജ്ഞന്‍. സനാതനമായ ധര്‍മ്മത്തെ ലോഭം മൂലം അവഗണിക്കുന്നവനെ യുദ്ധത്തില്‍ കൊല്ലുന്ന ക്ഷത്രിയനാണ് ധര്‍മ്മജ്ഞന്‍. മിത്രമോ ശത്രുവോ ആകട്ടെ പോരിനു വിളിച്ചാല്‍ പിന്മാറരുത്. അതാണ് ധര്‍മ്മ്യവും സ്വര്‍ഗ്യവും ലോക്യവുമെന്ന് മനു പറയുന്നു” (ശാന്തിപര്‍വം-55-14-19).
യുധിഷ്ഠിരന്റെ സങ്കോചം മാറി. അദ്ദേഹം സവിനയം പിതാമഹനെ സമീപിച്ചു. കാല്‍തൊട്ടുവണങ്ങി. പിതാമഹന്‍ സാനന്ദം മൂര്‍ദ്ധാവ് ചുംബിച്ചു. ഇരിക്കാന്‍ പറഞ്ഞു. ”പൗത്രാ! മടിയോ പേടിയോ കൂടാതെ എന്തുവേണമെങ്കിലും ചോദിക്കൂ” എന്ന് കൂട്ടിച്ചേര്‍ത്തു. യുധിഷ്ഠിരന്‍ ശ്രീകൃഷ്ണനേയും പിതാമഹനേയും അഭിവാദനം ചെയ്തും ഗുരുക്കന്മാരെയെല്ലാം സ്മരിച്ചുകൊണ്ടും ചോദിച്ചു. ”രാജാക്കന്മാരുടെ പരമമായ ധര്‍മ്മം രാജധര്‍മ്മമെന്ന് പറയപ്പെടുന്നു. അതിന്റെ സവിശേഷതകളേവ?” ഭീഷ്മരുടെ പ്രഥമോച്ചാരം – ”മഹത്തായ ധര്‍മ്മത്തേയും വിധാതാവായ കൃഷ്ണനേയും ബ്രഹ്‌മജ്ഞാനികളേയും നമസ്‌കരിച്ചുകൊണ്ട് ഞാന്‍ ശാശ്വതമായ ധര്‍മ്മം വിശദീകരിക്കാം” (ശാന്തിപര്‍വം.-56-10).
തുടര്‍ന്ന് ജിജ്ഞാസുവിന്റെ ഒടുങ്ങാത്ത ചോദ്യങ്ങള്‍, ജ്ഞാതാവിന്റെ പിശുക്കില്ലാത്ത മറുപടികള്‍. ഈ പ്രകരണം ആറുദിവസം തുടര്‍ന്നു. വിഷയം ചതുര്‍വിധപുരുഷാര്‍ത്ഥങ്ങള്‍, ചതുരാശ്രമങ്ങള്‍, വേദവേദാംഗങ്ങള്‍, ആധിഭൗതികം, ആധിദൈവതം, ആദ്ധ്യാത്മികം, സമഗ്രധര്‍മ്മത്തിന്റെ നാനാതലങ്ങള്‍, ആപദ്ധര്‍മ്മം ഇത്യാദി. മഹേതിഹാസത്തിലെ ബൃഹത്തായ രണ്ടുപര്‍വ്വങ്ങള്‍ – ശാന്തി, അനുശാസനം – വേണ്ടിവന്നു ഇതിഹാസകര്‍ത്താവിനു പകര്‍ത്താന്‍! ഒടുവില്‍ ‘നഷ്‌ടോമോഹഃ സ്മൃതിര്‍ലബ്ധാ’ എന്ന സ്ഥിതിവിശേഷത്തിലെത്തി ജിജ്ഞാസുവും. രംഗത്തിനു പൂര്‍ണ്ണവിരാമമിട്ടുകൊണ്ട് പ്രാചീനനാടകങ്ങളിലെ ഭരതവാക്യംപോലെ, മഹാപ്രാജ്ഞനായ പിതാമഹന്‍ ശ്രദ്ധാവനതരായ പൗത്രന്മാരോടുപദേശിച്ചു. ”സത്യത്തില്‍ ഉറച്ചു നില്‍ക്കണം, സത്യം തന്നെയാണ് പരമമായ ബലം, അന്യരോടെന്നും അനുകമ്പ ഉണ്ടായിരിക്കണം. ഭരതവംശജര്‍ എന്നും ബ്രാഹ്‌മണ്യം ഉള്‍ക്കൊണ്ടവരാണ്. ധര്‍മ്മശീലരാണ്, തപോനിധികളാണ്. ഇതൊരിക്കലും മറക്കരുത്. ബ്രഹ്‌മജ്ഞാനികളും പ്രാജ്ഞന്മാരും ഋത്വിക്കുകളും ആചാര്യന്മാരും സദാ സര്‍വ്വദാ സംപൂജ്യരാണെന്ന് കരുതുക” (അനുശാസനപര്‍വം-167-49- 52).
രണ്ടു വിഷാദയോഗങ്ങള്‍; രണ്ടു പരിഹാരങ്ങള്‍
യുദ്ധത്തിനു മുമ്പും പിമ്പുമായി രണ്ട് വിഷാദയോഗങ്ങള്‍ കാണാം എന്ന് മുന്‍താളുകളില്‍ പറഞ്ഞിരുന്നു. അവ രണ്ടിനേയും വെവ്വേറെ വിലയിരുത്തുന്നത് ഇപ്പോള്‍ പ്രസക്തമായിരിക്കും. ഒന്നാമത്തെ വിഷാദയോഗം യുദ്ധത്തിനുമുമ്പ് അര്‍ജ്ജുനന്റേതായിരുന്നു. രണ്ടാമത്തെ വിഷാദയോഗം യുദ്ധത്തിനുശേഷം യുധിഷ്ഠിരന്റേതായിരുന്നു. ആദ്യത്തേതിനെ പരിഹരിച്ചത് ഭീഷ്മര്‍ കാണ്‍കേ കൃഷ്ണനായിരുന്നു. രണ്ടാമത്തേതിനെ പരിഹരിച്ചത് കൃഷ്ണന്‍ കാണ്‍കെ ഭീഷ്മരായിരുന്നു. പരിഹാരക്രിയയുടെ ഫലം ആദ്യത്തേതില്‍ ‘വിനാശായ ദുഷ്‌കൃതാം’ ആയിരുന്നു. പിന്നത്തേതില്‍ ‘പരിത്രാണായ സാധൂനാം’ ആയിരുന്നു. രണ്ടും ചേരുമ്പോള്‍ കുരുക്ഷേത്രവും ധര്‍മ്മക്ഷേത്രവും ഒന്നായിത്തീരുന്നു.
1 സ ഹി വഃ പൂര്‍വ്വജോ ഭ്രാതാ ഭാസ്‌കരാത് മയ്യജായത. – സ്ത്രീപര്‍വം. – 27 – 12.
2 അതോ മനസി യദ് ഗുഹ്യം സ്ത്രീണാം തന്ന ഭവിഷ്യതി. – സ്ത്രീപര്‍വം. – 27 – 29.
3 വിശ്വകര്‍മ്മന്‍ നമസ്‌തേളസ്തു വിശ്വാത്മന്‍ വിശ്വസംഭവ
വിഷ്‌ണോ ജിഷ്‌ണോ ഹരേകൃഷ്ണ, വൈകുണ്ഠപുരുഷോത്തമ.
– ശാന്തിപര്‍വം. – 43 – 2, 5.
4ത്വമഗ്രതഃ പുരസ്‌കൃത്യ ഭീഷ്മം യാസ്യാമഹേ വയം. (ശാന്തിപര്‍വം. – 46 – 28.