- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
- കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)
യുധിഷ്ഠിരനെക്കുറിച്ച് സര്‍വംകഷമായി ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭ്രാതൃഗണത്തെക്കുറിച്ചും ചിന്തിക്കാതെ വയ്യ. ആ ഭ്രാതൃവലയത്തില്‍ മൂന്ന് കൂട്ടരാണുള്ളത്. ഒന്നാമതായി ഭീമാദി നാലുസഹോദരന്മാര്‍. രണ്ടാമതായി വലിയച്ഛന്റെ മക്കളായ നൂറുപേര്‍. മൂന്നാമതായി ഇരുകൂട്ടരും തിരിച്ചറിയാത്ത കുന്തീപുത്രന്‍ കര്‍ണ്ണന്‍. ഇക്കൂട്ടരുടെ പശ്ചാത്തലത്തില്‍ മാത്രമേ യുധിഷ്ഠിരനെ മനസ്സിലാക്കാന്‍ കഴിയൂ.
ഇതിലൊന്നാമത്തെ കൂട്ടര്‍, പഞ്ചപാണ്ഡവന്മാര്‍. അവരുടെ ജന്മഹേതു ശ്രദ്ധിച്ചോര്‍ക്കുക. അഭിശപ്തനായ പിതാവിന്റെ അനുപേക്ഷണീയമായ പുത്രേഷണ മാത്രമല്ല അവരുടെ ജന്മഹേതു. അതിലും കൂടുതല്‍ ഹസ്തിനപുരത്തിലെ രാജാവെന്ന നിലയില്‍ രാജ്യത്തോടും പ്രജകളോടുമുള്ള പാണ്ഡുവിന്റെ പ്രതിബദ്ധതയാണ്. വൈയ്യക്തികമായ ആകാംക്ഷയില്ലാതെ, പ്രജാക്ഷേമത്തിനും രാജൈ്യശ്വര്യത്തിനും നിതാന്തമാവശ്യമായ ധര്‍മ്മം, ബലം, പരാക്രമം, ആരോഗ്യം എന്നീ ഗുണങ്ങളുള്ള സന്താനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം യോഗ്യദേവതകളെ തിരഞ്ഞെടുത്തത്. നിയോഗത്തിനുവേണ്ടി അര്‍ഹരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പത്‌നിയായ കുന്തിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. അക്കാര്യത്തില്‍ പാണ്ഡുവില്‍ മുഴച്ചുനിന്നത് സമഷ്ടിധര്‍മ്മമായിരുന്നു. അതുകൊണ്ടുതന്നെ സന്താനങ്ങള്‍ അഞ്ചാണെങ്കിലും അവരൊന്നായിരുന്നു. അവര്‍ അഞ്ചുപേരും പരസ്പരപൂരകങ്ങളായിരുന്നു. വൈയ്യക്തികമായ ന്യൂനതകളെ നിരാകരിക്കാനുള്ള സംഘബോധം അവര്‍ക്കുണ്ടായിരുന്നു. പ്രകൃതി ഭേദമുണ്ടായിരുന്നെങ്കിലും അവര്‍ തമ്മില്‍ സംസ്‌കൃതിഭേദമുണ്ടായിരുന്നില്ല. കരുത്തുള്ള കയ്യിലെ അഞ്ച് വിരലുകള്‍ പോലെയായിരുന്നു അവര്‍. പെരുവിരലായിരുന്നു യുധിഷ്ഠിരന്‍. മറ്റ് നാല് സഹോദരന്മാര്‍ക്കും അദ്ദേഹത്തോട് നിരഹങ്കാരമായ വിധേയത്വം ഉണ്ടായിരുന്നു. രാമായണത്തിലെ ആ നാല് ദാശരഥികളെപ്പോലെയാണ് മഹാഭാരതത്തിലെ ഈ അഞ്ച് പാണ്ഡവന്മാര്‍.
രണ്ടാമത്തെ കൂട്ടരാണ് ധാര്‍ത്തരാഷ്ട്രര്‍. ചരിത്രം നോക്കുക. അവര്‍ അമ്മ പെറ്റുണ്ടായ മക്കളല്ല. ബലാല്‍ക്കാരേണ ബഹിഷ്‌ക്കരിക്കപ്പെട്ട ഒരു ഗര്‍ഭപിണ്ഡത്തില്‍ നിന്നുണ്ടായവരാണ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പെറ്റമ്മയുടെ മുലപ്പാല്‍ നുകരാതെ വളര്‍ന്നവരാണ്. അവരുടെ ജന്മഹേതു ആശാഭംഗവും ഈര്‍ഷ്യയും ദ്വേഷവും അസൂയയും അമര്‍ഷവുമാണ്. ഗര്‍ഭധാരണത്തില്‍ മൂപ്പ് തനിക്കാണെങ്കിലും പ്രസവത്തില്‍ മൂപ്പ് കുന്തിക്കാണെന്നറിഞ്ഞപ്പോള്‍ തന്റെ കുഞ്ഞിന് യുവരാജത്വം നഷ്ടപ്പെട്ടല്ലോ എന്ന ആശാഭംഗത്തോടെ സന്തുലനം തെറ്റിയ ഗാന്ധാരി വയറ്റിലിടിച്ചിടിച്ച് ഗര്‍ഭത്തെ കലക്കി പുറത്താക്കി. കുലത്തിലെ സപത്‌നിയോടുള്ള അറപ്പും വെറുപ്പും സഹികേടുമാണ് ആ കുകൃത്യത്തില്‍ മുന്തിനിന്നത്. തള്ളിപ്പുറത്താക്കപ്പെട്ട ആ ഗര്‍ഭപിണ്ഡത്തെ വ്യാസഭഗവാനെത്തി നൂറാക്കി പകുത്ത് ഭരണിയിലാക്കി, തന്റെ തപശ്ശക്തി മൂലം ജീവന്‍ ധരിപ്പിച്ചു. ആ നൂറുപേരാണ് ഗാന്ധാരിപുത്രന്മാര്‍. അവരുടെ ജന്മഹേതു ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞ പതിനാറാമദ്ധ്യായത്തിലെ ആസുരസമ്പത്തിയാണ്.1 അത് തെളിയിക്കാനായിരിക്കണം അവരുടെ നാമകരണവും. ചിലരുടെ പേരുകള്‍ ശ്രദ്ധിക്കുക. – ദുര്യോധനന്‍, ദുശ്ശാസനന്‍, ദുശ്ശലന്‍, ദുസ്സഹന്‍, ദുര്‍മര്‍ഷണന്‍, ദുര്‍മുഖന്‍, ദുഷ്‌കര്‍ണ്ണന്‍….
ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ രണ്ടുകൂട്ടരുടേയും ജന്മഹേതു അന്യോന്യവിരുദ്ധമായിരുന്നു. പാണ്ഡവരുടേത് ആശാസ്യവും ധാര്‍ത്തരാഷ്ട്രരുടേത് അനാശാസ്യവുമായിരുന്നു.
മൂന്നാമത്തേതാണ് കര്‍ണ്ണന്‍ – ജന്മനാ ഹതഭാഗ്യനാണ് അദ്ദേഹം. കുന്തിഭോജരാജാവിന്റെ ദത്തുപുത്രിയായിരുന്നു കുന്തി. ചെറുപ്പം മുതല്‍ സജ്ജനശുശ്രൂഷ അവളുടെ സ്വഭാവമായിരുന്നു. നല്ലപോലെ ശുശ്രൂഷിക്കപ്പെട്ട ദുര്‍വ്വാസാവ് അവള്‍ക്ക് സാനന്ദം വരം കൊടുത്തു. ഏതാനും മന്ത്രങ്ങള്‍ ഉപദേശിച്ചു. അവയില്‍ ഇഷ്ടമുളളത് ഓതിയാല്‍ ആ മന്ത്രത്തിന്റെ ദേവത എഴുന്നെള്ളി അവളില്‍ ഗര്‍ഭാധാനം ചെയ്യു മെന്നായിരുന്നു വരം. അതിന്റെ പൊരുള്‍ മനസ്സിലാക്കാനുള്ള മൂപ്പ് അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍ കന്യയായിരുന്നു. ഏറെക്കഴിയാതെ കൗമാരം താരുണ്യത്തിലേയ്ക്ക് വിടര്‍ന്നപ്പോള്‍ വരം പരീക്ഷിച്ചുനോക്കാന്‍ കുന്തിക്ക് കൗതുകമുണ്ടായി. അവള്‍ സൂര്യദേവനെ ആവാഹിച്ചു മന്ത്രമോതി. തേജസ്വിയായ ഒരു യുവാവ് മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കുന്തി പകച്ചുപോയി. തനിക്കു പറ്റിയ അബദ്ധം ഏറ്റുപറഞ്ഞുകൊണ്ട് അദ്ദേഹത്തിനോട് തിരിച്ചുപോകാന്‍ അഭ്യര്‍ത്ഥിച്ചു. ആ യുവാവ് തിരിച്ചുപോയില്ലെന്നു മാത്രമല്ല ആ നവതരുണിയെ പേടിപ്പിച്ചു നിര്‍ബന്ധിച്ചു തിരസ്‌ക്കാരം കൂട്ടാക്കാതെ പ്രാപിച്ചു. കന്യാകത്വം തിരിച്ചുകൊടുത്തു സ്വധാമത്തില്‍ മടങ്ങി. കുന്തി ആവശ്യപ്പെടാത്തതും പ്രതീക്ഷിക്കാത്തതുമായ ഒരു ഗര്‍ഭാധാനമായിരുന്നു അത്. നാട്ടുകാരന്റെ പരുക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ സൂര്യന്റേത് ബലാല്‍ക്കാരമായിരുന്നു. ആ ബലാല്‍ക്കാരം നടന്നത് ഹസ്തിനപുരത്തിലായിരുന്നില്ല, കുന്തിഭോജന്റെ നാട്ടിലായിരുന്നു. ഗര്‍ഭം പാകപ്പെട്ടപ്പോള്‍ കുന്തി പ്രസവിച്ചു. തോഴിയുടെ സഹായത്തോടെ ആ കുഞ്ഞിനെ അവള്‍ ഭദ്രമായി പെട്ടിയില്‍ കിടത്തി പുഴയിലൊഴുക്കി. പുഴയൊഴുക്കിലൂടെ പെട്ടി ഹസ്തിനപുരത്തിലെത്തിയപ്പോള്‍ തേരാളിയായ അധിരഥന്റെ ദൃഷ്ടിയില്‍ പെട്ടു. അതോടെ ആ ശിശു അധിരഥന്റെ മകനായ കര്‍ണ്ണനായി വളര്‍ന്നു.
പില്‍ക്കാലത്തെ പലപല ലേഖകന്മാരും കവികളും നോവലിസ്റ്റുകളും കര്‍ണ്ണനോടുള്ള സഹതാപം കാരണം കുന്തിയെ കുറ്റപ്പെടുത്തിക്കൊണ്ട് രചനകളെഴുതി. മാനുഷികകാരുണ്യത്തിന്റെ ദൃഷ്ടിയില്‍ അത് സഹജമാണെങ്കിലും സംസാരവ്യവഹാരത്തിന്റെ ദൃഷ്ടിയില്‍ അസ്ഥാനത്താണ്. സഹസ്രബ്ദങ്ങള്‍ കഴിഞ്ഞും ഇന്നും നമുക്ക് ചുറ്റും കുന്തിഭോജന്റെ കുന്തിമാരുണ്ട്. അവരാരെങ്കിലും കുന്തിയുടെ ചുവടുകളല്ലാതെ ചവിട്ടുന്നുണ്ടോ? കുന്തിയുടെ വളര്‍ത്തച്ഛന്‍ കുന്തിഭോജന്‍ എടുത്ത നിലപാടിന് വിരുദ്ധമായി പെരുമാറുന്നുണ്ടോ? ചികിത്സാസമ്പ്രദായം വിപ്ലവാത്മകമായി വളര്‍ന്ന ഇന്ന് പുതിയ കുന്തിമാരുടെ പ്രവര്‍ത്തനം, കാതല്‍ നോക്കുമ്പോള്‍ പഴയ കുന്തിയുടേതുതന്നെ. എന്നാല്‍ ഇന്ന് പലതരം ആവരണങ്ങള്‍ ഉപലബ്ധമാണ്. അതിന്റെ മറവില്‍ ആയിരക്കണക്കിന് പ്രസൂതിശാസ്ത്രവിശേഷജ്ഞര്‍ കോടീശ്വരന്മാരാകുന്നു. തറവാടുകളുടെ മാനം പട്ടില്‍ പൊതിഞ്ഞു കാക്കപ്പെടുന്നു. ഇന്നത്തെ കുന്തിമാരുടെ പ്രശ്‌നപരിഹാരം വളരെ എളുപ്പമാണ്. സത്യത്തിന്റെ മുഖം സ്വര്‍ണ്ണം കൊണ്ട് മൂടാന്‍ അവര്‍ക്കു കഴിയുന്നു. ചുരുക്കത്തില്‍ കുന്തിയും കുന്തിഭോജനും ചെയ്തത് തന്റെയും തന്റെ തറവാടിന്റേയും മാനം കാക്കാനാണ്. വഴികള്‍ പുതുതാണെങ്കിലും ഇന്നത്തേയും പ്രശ്‌നപരിഹാരം പഴയതുതന്നെ!
കുന്തി പാണ്ഡുവിന്റെ പത്‌നിയായി ഹസ്തിനപുരത്തിലെത്തിയപ്പോള്‍ അവര്‍ പരിപക്വയായ സഹധര്‍മ്മിണിയായി. അവര്‍ക്ക് ലോകപരിചയം കിട്ടി. അങ്ങനെ അവര്‍ നിസ്സന്താനാവസ്ഥയില്‍ ദുര്‍വാസാവിന്റെ വരം നടപ്പില്‍ വരുത്തിയത് ശ്ലാഘനീയമായ പാതിവ്രത്യത്തോടെയായിരുന്നു. ഇത്തരുണത്തില്‍ ദേവവിഭൂതികളെ ആലോചിച്ച് തിരഞ്ഞെടുത്തത് പാണ്ഡുവെന്ന ഭര്‍ത്താവായിരുന്നു, പത്‌നിയായ കുന്തിയല്ല. ഭര്‍ത്താവിനെ വലംവെച്ച് തൊഴുത് കാര്യം നേടിക്കൊടുക്കുക മാത്രമാണവര്‍ ചെയ്തത്. അപ്പോളുണ്ടായ സന്താനങ്ങള്‍ ശാസ്ത്രസമ്മതരായിരുന്നു, നിലവിലുള്ള ആചാരമനുസരിച്ചായിരുന്നു. ഇവിടെ ഒരാവരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആ രാജകുമാരന്മാരുടെ ബാല്യകാലസംസ്‌ക്കാരങ്ങളും ഉപനയനവുമെല്ലാം നടത്തിക്കൊടുത്തത് ശതശൃംഗത്തിലെ മുനിമാരും സജ്ജനങ്ങളുമായിരുന്നു. കര്‍ണ്ണന്‍ ജനിച്ച സാഹചര്യം തീര്‍ത്തും വിഭിന്നമായിരുന്നു. ഫലത്തില്‍ കര്‍ണ്ണന്‍ പെറ്റമ്മയ്ക്കും കുടുംബത്തിനും വേണ്ടാത്തവനായി. അവന്റെ ജനനം നല്ല കാലത്തെ ഒന്നായി കണക്കാക്കപ്പെട്ടില്ല. ഈ ദുഃഖസത്യം തുറന്നുപറയുന്നത് ശരശ്ശയ്യയില്‍ കിടന്ന ഭീഷ്മപിതാമഹനാണ്. ആ പരാസു കര്‍ണ്ണന്റെ മുഖം നോക്കി കഥിച്ചു. ”നീ ധര്‍മ്മലോപം മൂലം ജനിച്ചവനാണ്. അതുകൊണ്ടാണ് നിന്റെ ബുദ്ധി വഴിപിഴച്ചുപോകുന്നത്.”2
ചുരുക്കത്തില്‍ പാണ്ഡവരും ധാര്‍ത്തരാഷ്ട്രരും കാനീനനായ കര്‍ണ്ണനും ജന്മഹേതുവും ജന്മകഥയും ലോകഗതിയും സംബന്ധിച്ച് വ്യത്യസ്തസ്ഥിതിയിലായിരുന്നു. അവരില്‍ യുധിഷ്ഠിരന്‍ പാണ്ഡവരില്‍ മുഖ്യനും ദുര്യോധനന്‍ ധാര്‍ത്തരാഷ്ട്രരില്‍ മുഖ്യനും കര്‍ണ്ണന്‍ രണ്ടിലും പെടാത്ത ഒറ്റയാനുമായിരുന്നു.
(തുടരും)