- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
- കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)
പാണ്ഡുവിന്റേയും മാദ്രിയുടേയും മരണാനന്തരക്രിയകള്‍ ആഡംബരത്തോടെ ചെയ്യാന്‍ മഹാരാജപദം പുതുതായി കിട്ടിയ ധൃതരാഷ്ട്രര്‍ കല്പിച്ചു. സഹോദരന്റെ മരണത്തില്‍ അപാരമായ ദുഃഖം അദ്ദേഹം പ്രകടി പ്പിച്ചെങ്കിലും സഹോദരപുത്രന്മാരുടെ സമാഗമം അദ്ദേഹത്തെ അസ്വസ്ഥനാക്കി. അതില്‍ തന്റെ കിനാവ് തകര്‍ന്നതായി അദ്ദേഹം കണ്ടു. ദുര്യോധനന്റേയും മനോഗതി മറിച്ചായിരുന്നില്ല. തുടക്കത്തിലേ മുള നുള്ളിക്കളയാന്‍ അയാള്‍ കോപ്പുകൂട്ടി.
ഇതും ഇതിന്റെ ഭവിഷ്യത്തും ചിന്തിച്ചറിഞ്ഞ് വ്യാസന്‍ സത്യവതിയമ്മയെ കാണാനെത്തി. ദുഃഖശോകാര്‍ത്തയായി മനം കലങ്ങിയിരുന്ന ആ സതിയോട് അദ്ദേഹം പറഞ്ഞു. ”അമ്മേ! മഹാമോശമായ കാലം വരാന്‍പോകുന്നു. അവ ദോഷങ്ങള്‍ പെറ്റു പെരുകുന്നതായിരിക്കും. സദാചാരങ്ങള്‍ നശിക്കുന്നതായിരിക്കും. ധര്‍മ്മത്തിന് കോട്ടം തട്ടും.”1 ”അമ്മ ഈ കുലത്തിന്റെ ഘോരമായ നാശം കാണാന്‍ ഇടവരാതിരിക്കട്ടെ.”2 ”നമുക്ക് ഇവിടംവിട്ട് തപോവനത്തില്‍ പോകാം.” നടുക്കിക്കളയുന്ന ഈ വര്‍ത്തമാനം സ്‌നുഷകളായ അംബികയോടും അംബാലികയോടും പറഞ്ഞ സത്യവതി അവരേയുംകൂട്ടി ഹസ്തിനപുരം വിട്ട് തപോവനത്തിലേയ്ക്ക് പോയി.
അവര്‍ പോയി കിട്ടിയതില്‍ ധൃതരാഷ്ട്രരാജാവ് ആശ്വാസം കൊണ്ടു. തന്റെ മകന്‍ നീക്കിയ കരുക്കള്‍ക്ക് അദ്ദേഹം തടസ്സം പറഞ്ഞില്ല. പലപ്പോഴും അദ്ദേഹത്തിന്റെ മൗനം ദുരൂഹമായിരുന്നു.
പ്രായത്തിന്റെ പ്രകൃതമനുസരിച്ച് കൊട്ടാരക്കുട്ടന്മാര്‍ നൂറ്റിയഞ്ചുപേരും കൊട്ടാരവളപ്പില്‍ കളിയും കൂട്ടവും തുടങ്ങി. എന്നാല്‍ ഭീമനെ വെല്ലാന്‍ ആര്‍ക്കുംതന്നെ സാധിച്ചില്ല. ഓട്ടത്തിലും ചാട്ടത്തിലും ഗുസ്തിയിലും മല്‍പ്പിടുത്തത്തിലുമെല്ലാം അവന്‍ മുന്തിനിന്നു. അവന്റെ പരാക്രമത്തെ തടയാന്‍ ആര്‍ക്കും സാധിച്ചില്ല. ഐവര്‍ വന്നെത്തിയ നാള്‍മുതല്‍ അസ്വസ്ഥനായ ദുര്യോധനന് ഇത് തീരെ സഹിച്ചില്ല. അസൂയയും നിസ്സഹായതയും ദുര്‍മോഹവും ഒരുമിച്ചു കൈകോര്‍ത്ത അവന്റെ മനസ്സില്‍ യേനകേനപ്രകാരേണ ഭീമനെ ഇല്ലാതാക്കാനുള്ള ദുഷ്ടചിന്ത തളിരിട്ടു. ഒരിക്കല്‍ ഭീമന്‍ ഇല്ലാതായാല്‍ മൂത്ത ജ്യേഷ്ഠനെ – യുധിഷ്ഠിരനെ – പിടിച്ചുകെട്ടി തടവിലിട്ടു രാജ്യം ഭരിക്കാം എന്നുവരെ ആ പ്രായത്തില്‍ അവന്‍ കണക്കുകൂട്ടി.3
അച്ഛന്റെ അനുവാദത്തോടെ അവന്‍ ഹസ്തിനപുരത്തുള്ള ഉദ്യാനനഗരിയില്‍ ഒരു കളിമേള സംഘടിപ്പിച്ചു. എല്ലാവരും അത്യുത്സാഹത്തോടെ അതില്‍ പങ്കെടുത്തു. കൈമെയ് മറന്ന് പരിപാടികളില്‍ പങ്കെടുത്തു. ഇപ്പോഴും ചാമ്പ്യന്‍ ഭീമന്‍ തന്നെയായിരുന്നു. അടുത്ത പരിപാടി വനഭോജനമായിരുന്നു. പലതരം വിഭവങ്ങളുള്ള ഉച്ചഭക്ഷണം. പ്രത്യേക താത്പര്യത്തോടെ ദുര്യോധനന്‍ ഭീമന് തൃപ്തി വരുവോളം ഊട്ടി. എന്നാല്‍ വിശേഷപ്പെട്ട ആ ഊണില്‍ അയാള്‍ കാളകൂടം കലക്കിയിരുന്നു. ‘പാപിയായ ദുര്യോധനന്‍’ എന്നാണ് വ്യാസന്റെ ഇവിടത്തെ വിശേഷണം. ഭീമന്‍ പതിവു തെറ്റിക്കാതെ മൂക്കറ്റം ഉണ്ടു. ഏറെക്കഴിയുംമുമ്പ് ബോധംകെട്ടു കിടന്നു. ബോധക്കേടില്‍ നിന്ന് ഉണര്‍ന്നാലോ എന്ന സംശയം തോന്നിയ ദുര്യോധനന്‍ അതിനുള്ള ഉപായവും മെനഞ്ഞു. ഭോജനാനന്തരമുള്ള ജലക്രീഡയ്ക്കായി ജലാശയത്തില്‍ എല്ലാവരും ഇറങ്ങിയപ്പോള്‍ ഭീമനെ ആ അബോധാവസ്ഥയില്‍ കയറുകെട്ടി വലിച്ചിഴച്ച് ആ ജലാശയത്തിലേയ്ക്ക് തള്ളിയിട്ടു. നരകം വരെ താഴ്ന്നു കിടക്കുന്ന അത്യഗാധകയത്തിലാണ് ഭീമനെ തള്ളിയിട്ടത്.
വനവിഹാരം കഴിഞ്ഞ് ഉദ്യാനനഗരത്തില്‍നിന്ന് ഹസ്തിനപുരത്തെത്തിയപ്പോള്‍ ഭീമനെ കണ്ടില്ല. കുന്തീമാതാവിന് പരിഭ്രമമായി. അവര്‍ വിദുരരെ സന്ദര്‍ശിച്ച് വിവരങ്ങളാകെ വിശദീകരിച്ചു. കൂട്ടത്തില്‍ ദുര്യോധനനെ കുറിച്ചും പറഞ്ഞു. ”അവന്‍ ക്രൂരനാണ്. ദുര്‍ബുദ്ധിയാണ്. ക്ഷുദ്രനാണ്. അതിനപ്പുറം രാജ്യമോഹിയാണ്. ബലശാലിയായ ഭീമനെ അവന്‍ കൊന്നുകളയാനിടയുണ്ട്.” ഉടന്‍ വിദുരര്‍ മുന്നറിയിപ്പുകൊടുത്തു. ”ശുഭേ! അരുത്! ഇങ്ങ നെ പറയരുത്. ബാക്കി നാലുപേരുടെ കാര്യം ശ്രദ്ധിക്കുക. ഒച്ചപ്പാടുണ്ടാക്കിയാല്‍ ആ ദുഷ്ടന്‍ അവരെക്കൂടി നശിപ്പിക്കാനിടയുണ്ട്.”4 ”വേവലാതി വേണ്ട, ഭീമന്‍ തിരിച്ചുവരും.”
എട്ടാം ദിവസം ഭീമന്‍ പ്രത്യക്ഷപ്പെട്ടു. സ്വന്തം അനുഭവങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. ഭീമന്റെ സ്വഭാവവും പ്രകൃതവും നന്നായറിയുന്ന യുധിഷ്ഠിരന്‍, വിദുരര്‍ കുന്തിക്കുകൊടുത്ത അതേ മുന്നറിയിപ്പു കൊടുത്തു. ”ഇതിനെക്കുറിച്ചു പുറത്ത് ഒരക്ഷരം മിണ്ടിപ്പോകരുത്” എന്നായിരുന്നു ആ ഗുണദോഷം.5 എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ അതിനുത്തരം വിദുരര്‍ കുന്തിയോട് പറഞ്ഞതാണ്.
മഹാഭാരതം പരീക്ഷിച്ചുനോക്കുമ്പോള്‍, യുധിഷ്ഠിരന്റെ കന്നിപ്പറച്ചിലാണിത്. അതിനെക്കുറിച്ച് വ്യാസന്‍ വിവരിച്ചത് ”തതോ യുധിഷ്ഠിരോ രാജാ ഭീമമാഹ വചോളര്‍ത്ഥവത്” എന്നാണ്. ശ്രദ്ധിക്കുക, വ്യാസന്‍ യുധിഷ്ഠിരനെ വിശേഷിപ്പിക്കുന്നത് ‘രാജാ’ എന്നാണ്. യുധിഷ്ഠിരന്‍ ഭീമനോട് പറഞ്ഞത് ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലല്ല, രാജാവെന്ന നിലയിലാണ്. അത് അദ്ദേഹം ചെയ്തത് അര്‍ത്ഥവത്തായാണ്. ആലോചിച്ചുറപ്പാക്കിയിട്ടാണ് എന്നര്‍ത്ഥം. ബോധത്തോടെ എന്നര്‍ത്ഥം. അര്‍ത്ഥവത്തായി പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. ”ന ജല്പ്യം കഥഞ്ചന, തൂഷ്ണീഭവ” എന്നാണ്. ”ജല്പനം ചെയ്യേണ്ട കാര്യമല്ല ഇത്.” കമ എന്ന് മിണ്ടരുത് എന്നര്‍ത്ഥം. യുധിഷ്ഠിരന്‍ ഇതെന്തിനു പറഞ്ഞു എന്നു ചോദിച്ചാല്‍, അദ്ദേഹത്തിന് ബലിഷ്ഠനായ അനുജന്റെ സ്വഭാവം നല്ലപോലെ അറിയാമായിരുന്നു എന്നതുകൊണ്ട് എന്നാണുത്തരം. അനുസരണശീലമുള്ള അനുജന്‍ ഇങ്ങനെയൊരു ശാസന കിട്ടിയിരുന്നില്ലെങ്കില്‍ ഒട്ടും വൈകാതെ നേരേയങ്ങ് നൂറ്റുപേര്‍ക്കിടയില്‍ പോയി കോലാഹലമുണ്ടാക്കിയേനേ. അങ്ങനെ ചെയ്താല്‍ അത് ശത്രുവിനെ വിളിച്ചുണര്‍ത്താനേ പ്രയോജനപ്പെടൂ. കൂടുതല്‍ ആപത്തു വരുത്തിവെയ്ക്കാന്‍ അതിടയാക്കും. വിശേഷിച്ചും ഭരണാധികാരിയുടെ നയതന്ത്രം തനിക്ക് പര്യാപ്തമായ ശക്തി ഉണ്ടാകുംവരെ അയല്‍വാസിയായ ശത്രുവിനെ കുത്തിയിളക്കരുത് എന്നാണ്. ഭരണകാര്യങ്ങളില്‍ പരിപക്വനും ആളുകളെ മനസ്സിലാക്കുന്നതില്‍ പ്രവീണനുമായ വിദുരര്‍ ഇത് കരുതിയിട്ടാണ് മൗനം പാലിക്കാന്‍ കുന്തിയോട് പറഞ്ഞത്. അദ്ദേഹം അതിന് കാരണം കൂടി വെളിപ്പെടുത്തിയിരുന്നു. – ”അവശേഷിച്ച നാലുപേരുടെ കാര്യം കൂടി അപകടത്തിലാകും.” ഇതേ നയതന്ത്രമാണ് ‘രാജായുധിഷ്ഠിര’ന്റേയും എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. ഈ നയതന്ത്രം അവസാനംവരെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ ചരിത്രം സമഗ്രമായി വീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാകും.
സൂക്ഷ്മദൃഷ്ടിയോടെ ഈയൊരു പരമാര്‍ത്ഥം കാണാന്‍ കൂട്ടാക്കാത്ത ഉപരിപ്ലവനിരൂപകന്മാരാണ് യുധിഷ്ഠിരനെ ശുദ്ധഗതിക്കാരന്‍ എന്ന് ചിത്രീകരിക്കുന്നത്.
(തുടരും)
1 ബഹുമായാസമാകീര്‍ണോ നാനാദോഷസമാകുലഃ
ലുപ്തധര്‍മ്മക്രിയാചാരോ ഘോരഃ കാലോ ഭവിഷ്യതി. – ആദിപര്‍വം. 127 – 7.
2 മാ ദ്രാക്ഷീസ്ത്വം കുലാസ്യാസ്യ ഘോരം സംക്ഷയമാത്മനഃ – ആദിപര്‍വം. 127 – 7.
3 അഥ തസ്മാദവരജം ശ്രേഷ്ഠം ചൈവ യുധിഷ്ഠിരം
പ്രസഹ്യ ബന്ധനേ ബദ്ധ്വാ പ്രശാസിഷ്യേ വസുന്ധരാം. – ആദിപര്‍വം. 127 – 29 – 30.
4 പ്രത്യാഭിഷ്‌ടോ ഹി ദുഷ്ടാത്മാ ശേഷേളപി പ്രഹരേത് തവ. – ആദിപര്‍വം. 128 – 17.
5 തൂഷ്ണീം ഭീമ ന തേ ജല്‍പ്യമിദം കാര്യം കഥം ച ന. – ആദിപര്‍വം. 128 – 34.