- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
- കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)
യുധിഷ്ഠിരനും സംഘവും വാരണാവതത്തിലെത്തി വാസം തുടങ്ങി. ഇവിടെയും ചരിത്രം ആവര്‍ത്തിച്ചു. വാരണാവതനിവാസികള്‍ക്കെല്ലാം യുധിഷ്ഠിരന്‍ കണ്ണിലുണ്ണിയായി. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ ദേവേന്ദ്രനെപ്പോലെ ആദരിച്ചു. അചിരേണ അദ്ദേഹം അവരുടെയെല്ലാം ഇഷ്ടദൈവമായി.1
പുതിയ പ്രാസാദത്തില്‍ പുരോചനന്‍ അവരെ സ്വീകരിച്ചു. കെട്ടിടത്തിലെ സൗകര്യങ്ങളെല്ലാം കാണിച്ചുകൊടുത്തു. അവരുടെ താമസത്തിനുവേണ്ട സാമഗ്രികളെല്ലാം ഒരുക്കി. താമസം തുടങ്ങി അധികമായില്ല, കെട്ടിടത്തില്‍ പതിയിരിക്കുന്ന വിപത്ത് യുധിഷ്ഠിരന്‍ മണത്തറിഞ്ഞു. കോലരക്കും കൊഴുപ്പും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയതാണ് ആ കെട്ടിടമെന്ന് മുറികള്‍ക്കുള്ളിലെ മണംകൊണ്ട് യുധിഷ്ഠിരന്‍ തിരിച്ചറിഞ്ഞു. ഭവനം അഗ്നിക്കിരയാകാന്‍ പറ്റിയതാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായില്ല.2 നിശ്ചയമായും വിദുരരുടെ മുന്നറിയിപ്പ് അദ്ദേഹത്തെ ഈ തീരുമാനത്തിലെത്താന്‍ സഹായിച്ചിട്ടുണ്ടാകണം.
ഇക്കാര്യം ഉടനെ അദ്ദേഹം ഭീമനെ അരികെ വിളിച്ചു പറഞ്ഞു. ഈ അശുഭമായ കൃത്യത്തിനു പിന്നില്‍ ദുര്യോധനനും കൂട്ടുകാരും മകനോട് അഭിസ്‌നേഹമുള്ള അച്ഛനുമാണ് എന്നും കൂട്ടിച്ചേര്‍ത്തു. ഭീമന്‍ ഉടനെ പ്രതികരിച്ചു. ”ജ്യേഷ്ഠാ! ഈ വാസ്തു ആഗ്നേയമാണ് എന്നു താങ്കള്‍ കരുതുന്നെങ്കില്‍ നമുക്ക് മുന്‍സ്ഥലത്തേയ്ക്ക് തിരിച്ചുപോകാം” (ആദി പര്‍വം. – 145 – 20). ആ ആശയത്തോട് യുധിഷ്ഠിരന്‍ യോജിച്ചില്ല. അമിതബലനായ അനുജനോട് അദ്ദേഹം വിശദമായി പറഞ്ഞു. ”അനുജാ! നമ്മള്‍ ഇവിടെത്തന്നെ താമസിക്കണം. വികാരമൊന്നും മുഖത്ത് നിഴലിക്കരുത്. കണ്ണിലെണ്ണയൊഴിച്ച കരുതലോടെ താമസിക്കണം. ഒപ്പംതന്നെ രക്ഷപ്പെടാന്‍ പോംവഴിയും തേടണം. നമ്മുടെ മുഖഭാവം കണ്ട് തന്റെ കെണി നമുക്കു മനസ്സിലായി എന്നത് ദുഷ്ടബുദ്ധിയായ പുരോചനന്‍ മനസ്സിലാക്കിയാല്‍ നേരം പാഴാക്കാതെ അവന്‍ നമ്മെ ഇതിനുള്ളില്‍ ചുട്ടുകളയും. അവന് നാണമെന്നത് തൊട്ടുതീണ്ടിയിട്ടില്ല. നല്ലവര്‍ കാണുന്ന അധര്‍മ്മത്തെക്കുറിച്ച് യാതൊരു ഭയപ്പാടുമില്ല. ആ ദുഷ്ടന്‍ ദുര്യോധനന്റെ കൈപ്പിടിയിലാണ്. നാമിവിടെ ചുട്ടുചാമ്പലായി നശിച്ചാല്‍ ഭീഷ്മപിതാമഹന്‍ വല്ലാതെ സങ്കടപ്പെടും. അകാലമരണം അധര്‍മ്മമാണെന്ന് വിധിയെ പഴിക്കും, അത്രമാത്രം. തീപ്പിടുത്തം ഭയന്ന് നമ്മള്‍ മറ്റൊരു ദിക്കിലേയ്ക്ക് താമസം മാറ്റിയാല്‍ ദുര്യോധനന്‍ തന്റെ ഒളിപ്പിണിയാളരെ വിട്ട് നമ്മെ കൊല്ലാതിരിക്കില്ല. അവനിപ്പോള്‍ മേലേയാണ്, നമ്മളോ കീഴെയും. സമ്പത്തൊക്കെ അവന്റെ കയ്യിലാണ്, നമ്മുടെ കയ്യിലോ ഒന്നുമില്ലതാനും. അതുകൊണ്ട് അയാള്‍ നമ്മളെ തടവറയിലിട്ടു കൊന്നുകളയും. അതുകൊണ്ട് പുരോചനനേയും ദുര്യോധനനേയും ഒരുമിച്ച് വഞ്ചിച്ച് നമ്മള്‍ ഇവിടം വിട്ടൊഴിയണം. കാടുകയറി വേട്ടയാടി ജീവിക്കാന്‍ നിശ്ചയിച്ചാല്‍ വഴി താനേ തെളിയും. ഇവിടെനിന്നും രക്ഷപ്പെടാന്‍ വലിയൊരു തുരങ്കം തുരക്കണം. ശ്വാസം അടക്കിപ്പിടിച്ച് അതുവഴി രഹസ്യമായി പുറത്തുചാടണം. ഇത് കഴിയുംവരെ അവരൊരുക്കിയ കെണി നമുക്ക് മനസ്സിലായതായി പുരോചനനോ ദുര്യോധനനോ തോന്നരുത്. നമ്മുടെ പ്രവൃത്തിയോ പെരുമാറ്റമോ മുഖഭാവമോ കണ്ട് ഊഹിക്കാന്‍പോലും കഴിയരുത്. ഇവിടുത്തെ ജനങ്ങള്‍ക്കുപോലും ഇക്കാര്യത്തില്‍ സംശയം തോന്നരുത്” (ആദി പര്‍വം. – 145 – 20 – 31).
യുധിഷ്ഠിരന്റെ ഈ ആശയംപറച്ചില്‍ പ്രത്യേകം ശ്രദ്ധിക്കുക. മന്ദബുദ്ധി, അപ്രായോഗികന്‍, സ്വപ്‌നജീവി, തനിശുദ്ധന്‍ എന്നെല്ലാം യുധിഷ്ഠിരനെ വിലയിരുത്തുന്ന ബുദ്ധിജീവികളും നിരൂപകന്മാരും കാര്യമായി ശ്രദ്ധിക്കേണ്ട ഒരു സംവാദമാണിത്. യുധിഷ്ഠിരന്‍ തന്റെ മനസ്സുതുറക്കുന്നത് ഭീമനോടാണ്. – മറ്റനുജന്മാരോടല്ല. അതിനുതന്നെ ഒരു കാരണമുണ്ട്. ഭീമന്റെ വൈകാരികത ശത്രുവിനെ ചൊടിപ്പിക്കുന്നതാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. താന്‍ വിഷപ്രയോഗത്തിന് വിധേയനായ കഥ വിസ്തരിച്ചു വര്‍ണ്ണിക്കവേ, ഇനി ഇക്കാര്യം പുറത്തൊരാളോടും മിണ്ടിപ്പോകരുത് എന്ന് ഭീമനോട് ഇതിനുമുമ്പ് പറഞ്ഞത് ഇവിടെ കൂട്ടി വായിക്കണം. അതേസമയം പരിതഃസ്ഥിതികളേയും എതിരാളികളേയും കൃത്യമായി അദ്ദേഹം മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യുന്നതായി കാണാം. ആപത്ത് സംഭവിച്ചാല്‍ പിതാമഹന്റെ നിലപാട് എന്തായിരിക്കും എന്നുവരെ അദ്ദേഹം ഉള്‍ക്കണ്ണുകൊണ്ടു കാണുന്നു. ആപത്തില്‍നിന്നു പുറത്തു ചാടാനുള്ള പദ്ധതിയും അദ്ദേഹത്തിന്റെ കൈവശമുണ്ട്. അത് പാകപ്പെടുന്നതുവരെ അത് പൊതുജനങ്ങളും എതിരാളിയും സ്വപ്‌നേപി അറിയരുതെന്ന നിഷ്‌കര്‍ഷയും അദ്ദേഹത്തിനുണ്ട്. പദ്ധതി നടപ്പാക്കാന്‍ പറ്റിയ കരുത്തു കഴിവും ഭീമന് ജന്മസിദ്ധമാണെന്ന് ആ പ്രയോഗമതി കാണുന്നു. പേരുകൊണ്ടുമാത്രമാണ് താന്‍ യുവരാജാവ്, എന്നാല്‍ സമ്പത്തും അധികാരവും മറുവശത്താണെന്ന ഉറച്ചബോധമാണ് അദ്ദേഹത്തിന്റേത്. വിദുരന്റെ ഭാഗത്തുനിന്ന് പ്രായോഗികമായ തുണയുണ്ടാവുമെന്ന് അദ്ദേഹം ഇത്തരുണത്തില്‍ പറയുന്നില്ല. വാരണാവതത്തിലേയ്ക്ക് പുറപ്പെടും മുമ്പ് കുറച്ചുദൂരം കൂടെവന്ന വിദുരന്‍ ഗൂഢഭാഷയില്‍ പറഞ്ഞതു മുഴുവന്‍ അദ്ദേഹത്തിനുമാത്രമേ അറിയാമായിരുന്നുള്ളൂ. കുന്തിയുടെ ചോദ്യത്തിനുത്തരമായി, പതിയിരിക്കുന്ന ആപത്തിനെക്കുറിച്ചു മാത്രമേ അദ്ദേഹം വായതുറന്നുള്ളൂ. ഇവിടെ നമുക്ക് കര്‍മ്മകുശലനായ ഒരു ഭരണതന്ത്രജ്ഞനെ കാണാന്‍ കഴിയുന്നു. ആയുധം കൊണ്ടുള്ള യുദ്ധത്തിലല്ല, ജീവിതമാകുന്ന യുദ്ധത്തില്‍ ഉള്ളം കലങ്ങാതെ സ്ഥിരമായി നില്‍ക്കുന്ന യുധിഷ്ഠിരനെ നമുക്കിവിടെ കാണാന്‍ കഴിയുന്നു.
ഭീഷ്മപിതാമഹന്റെ നിലപാടും പെരുമാറ്റവും പ്രതീക്ഷിക്കാത്തതായിരുന്നു എന്ന് യുധിഷ്ഠിരന്റെ വാക്കുകള്‍ ധ്വനിപ്പിക്കുന്നു. എന്നാല്‍ ഹസ്തിനപുരത്തിലെ ഭരണകൂടത്തില്‍ നിസ്സാരമല്ലാത്ത സ്ഥാനം വഹിച്ചിരുന്ന വിദുരന്‍ ഒതുങ്ങിയിരുന്നില്ല. അദ്ദേഹം മിടുക്കനായ തുരങ്കഖനകനെ വിളിച്ച് അരക്കില്ലത്തിന്റെ നടുവില്‍നിന്ന് കാടുവരെ നീളുന്ന ഒരു സുരക്ഷാഗുഹ പണിയാന്‍ കല്പിച്ചു. ആരുമറിയാതെ അക്കാര്യം അയാള്‍ ഭംഗിയായി നിറവേറ്റി.
തുരങ്കം തീര്‍ക്കുന്ന പണി ഖനകന്‍ തുടങ്ങിയത് കാട്ടില്‍നിന്നോ അരക്കില്ലത്തിന്റെ നടുത്തളത്തില്‍നിന്നോ എന്ന് ഗ്രന്ഥവരികള്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ നടുത്തളത്തില്‍ അത് കണ്ടപ്പോള്‍ കുന്തിക്കും മറ്റു മക്കള്‍ക്കും കാര്യം മുഴുവന്‍ മനസ്സിലായിക്കാണണം. ഇങ്ങനെ ഒരുകാര്യം നടക്കുമെന്നു സ്വപ്‌നത്തില്‍പോലും ചിന്തിക്കാന്‍ കഴിയാത്ത പുരോചനന്‍ തന്റെ പദ്ധതി വൈകാതെ നടപ്പാക്കാന്‍ കഴിയുമെന്ന് സന്തോഷിച്ചു. നേരേ മറിച്ച് പണി തീര്‍ന്നതായി കണ്ടപ്പോള്‍ യുധിഷ്ഠിരന്‍ നാലുസഹോദരന്മാരെ കൂട്ടിച്ചേര്‍ത്തു പറഞ്ഞു:- ”നമ്മളിവിടെ ശങ്കയില്ലാതെ കഴിഞ്ഞുകൂടുന്നു എന്നാണ് പാപി പുരോചനന്‍ ചിന്തിക്കുന്നത്. എന്നാല്‍ ആ ദുഷ്ടാത്മാവിനെ വഞ്ചിച്ച് ഓടിപ്പോകേണ്ട കാലം വന്നിരിക്കുന്നു. ആയുധപ്പുരയ്ക്കു തീകൊളുത്തി പുരോചനനെ ചുട്ടെരിച്ച് എത്തേണ്ടേടമറിയാതെ നമുക്കാറുപേര്‍ക്കും കടന്നു കളയാം.”3
ഇതൊന്നുമറിയാതെ തികച്ചും അപ്രതീക്ഷിതമായാണ് അന്ന് അവിടെ അഞ്ചുമക്കളുടെ കൂടെ ഒരു വേടത്തി വന്നെത്തിയത്. അവരെല്ലാവരും മൂക്കറ്റമുണ്ടും മദ്യംകഴിച്ചും മതിമറന്ന് അവിടെക്കിടന്നുറങ്ങി. ചുറ്റും നല്ലപോലെ കാറ്റുവീശി. പൊതുജനം ഗാഢനിദ്രയിലായി. അപ്പോള്‍ കൂടിയാലോചിച്ചതുപോലെ ഭീമന്‍ ഇല്ലത്തിന് തീകൊളുത്തി. ആറുപേരും ഒരു പോറലുപോലുമേല്‍ക്കാതെ രഹസ്യഗുഹയില്‍ കൂടി പുറത്തുചാടി. പുറത്തെത്തിയ അവര്‍ക്ക് എങ്ങോട്ടെവിടെപ്പോകണമെന്നൊന്നും നിശ്ചയമുണ്ടായിരുന്നില്ല. അപ്പോളാണ് വിദുരര്‍ പറഞ്ഞയച്ച ഒരു കടത്തുകാരന്‍ അവരെ സമീപിച്ചത്. നിര്‍ദ്ദേശിക്കപ്പെട്ടതുപോലെ അയാള്‍ തന്റെ വള്ളത്തില്‍ ആറു പേരെയും ഗംഗാനദിക്ക് അക്കരെയെത്തിച്ചു. അതോടെ അവരുടെ ഒന്നാം വനവാസം തുടങ്ങി.
ചുരുക്കത്തില്‍ കുന്തിയുടേയും കൗന്തേയരുടേയും രക്ഷാപദ്ധതി മുഴുവന്‍ യുധിഷ്ഠിരനാണ് ആസൂത്രണം ചെയ്തത്. നിര്‍ദ്ദേശമനുസരിച്ച് അതിശക്തനായ ഭീമന്‍ ശാരീരികമായി എല്ലാവരെയും സഹായിക്കുകയും ചെയ്തു.
(തുടരും)
1 തൈവൃതഃ പുരുഷവ്യാഘ്രോ ധര്‍മ രാജോ യുധിഷ്ഠിരഃ
ബിബഭൗ ദേവസംകാശോ വജ്രപാ ണിരിവാമരൈഃ-ആദിപര്‍വം.-145- 4
2 ജിഘ്രാണോസ്യ വസാ ഗന്ധം സര്‍ പിജതുവിമിശ്രിതം
കൃതം ഹി വ്യക്തമാഗ്നേയം ഇദം വേശ്മ പരം തപ.-ആദിപര്‍വം.-145 – 14.
3 അസ്മാനയം സുവിശ്വസ്താന്‍ വേത്തി പാപഃ പുരോചനഃ
വഞ്ചിതോളയം നൃശംസാത്മാ കാലം മന്യേ പലായനേ
ആയുധാഗാരമാദീപ്യ ദഗ്ധ്വാ ചൈവ പുരോചനം
ഷട്പ്രാണിനോ നിധായേഹ ദ്രവാ മോളനഭിലക്ഷിതാഃ – ആദിപര്‍വം. 147 – 3 – 4.