- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
- കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)
കര്‍ണ്ണപ്രവേശം
ഉദ്യാന നഗരിയില്‍ നടന്നതെല്ലാം ചാരന്മാര്‍വഴി പിതാമഹനായ ഭീഷ്മര്‍ അറിഞ്ഞോ എന്നറിയില്ല. എന്നാല്‍ ഹസ്തിനപുരത്തെ സ്പര്‍ശിച്ച ദേവഗംഗ ശാന്തമായൊഴുകി. ഭീഷ്മര്‍ രാജകുമാരന്മാരുടെ ശിക്ഷണത്തേയും പ്രശിക്ഷണത്തേയും കുറിച്ച് ചിന്തിച്ചു. സംയോഗവശാല്‍ അതിന് അഗ്രഗണ്യനായ ദ്രോണാചാര്യരെ ലഭിച്ചു. പഠിപ്പും പയറ്റും മുറയ്ക്കു നടന്നു. അര്‍ജ്ജുനന്റെ മിടുക്ക് ദുര്യോധനനെ കൂടുതല്‍ അസൂയാലുവാക്കി. പയറ്റിലൊട്ടും പിന്നിലല്ലാത്ത കര്‍ണ്ണനെ അയാള്‍ ഉറപ്പുറ്റ ചങ്ങാത്തത്തിലാക്കി. പഠിപ്പില്‍ യുധിഷ്ഠിരന്‍ സാമാന്യക്കാരനായിരുന്നു, എന്നാലും രഥയുദ്ധത്തില്‍ കേമനായി. മാസങ്ങള്‍ കഴിഞ്ഞ്, ദ്രോണാചാര്യര്‍ ലക്ഷ്യം ഭേദിക്കുകയെന്ന പരീക്ഷവെച്ചു. അതില്‍ യുധിഷ്ഠിരന്‍ ആചാര്യന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ആ മാന്യത കിട്ടിയത് അര്‍ജ്ജുനനായിരുന്നു.
പരിശീലനത്തിനവസാനം ദ്രോണാചാര്യര്‍ അദ്ധ്യേതാക്കളുടെ പ്രദര്‍ശനോത്സവം സംഘടിപ്പിച്ചു. കാണാനായി കൊട്ടാരത്തിലെ അംഗങ്ങളെല്ലാവരും സന്നിഹിതരായി. പ്രദര്‍ശനത്തിനിടയിലേയ്ക്ക് കയറിവന്ന കര്‍ണ്ണന്‍ മിന്നിത്തിളങ്ങി. അര്‍ജ്ജുനനോട് കിടപിടിക്കുന്ന പ്രദര്‍ശനമായിരുന്നു അത്. അതുകണ്ട യുധിഷ്ഠിരന് വളരെനല്ല മതിപ്പുണ്ടായി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട ദുര്യോധനന്‍ കര്‍ണ്ണനെ അംഗരാജാവായി വാഴിച്ചപ്പോള്‍ അവര്‍ തമ്മിലുള്ള കൂട്ടുകെട്ട് യുധിഷ്ഠിരന്റെ മതിപ്പിനെ ഭയപ്പാടാക്കി മാറ്റി. ആ നില അദ്ദേഹത്തെ മനഃശാസ്ത്രപരമായി കര്‍ണ്ണവധം വരെ ബാധിച്ചു.
പരിശീലനം പൂര്‍ത്തിയായി ഗുരുദക്ഷിണയുടെ കാലമെത്തി. ഗുരു ആവശ്യപ്പെട്ട ദക്ഷിണ ദ്രുപദരാജാവിന്റെ ബന്ധനമായിരുന്നു. അത്യുത്സാഹത്തോടെ, പാണ്ഡവരെ കൂട്ടാതെ, കര്‍ണ്ണന്റെ നേതൃത്വത്തില്‍ ദുര്യോധനാദികള്‍ ധൃതികൂട്ടി പുറപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ദ്രുപദസേനയുടെ പ്രത്യാക്രമണം പ്രതിരോധിക്കാന്‍ കഴിയാതെ കര്‍ണ്ണനും കൂട്ടാളികളും പോര്‍ക്കളം വിട്ടോടി. ഊഴം പാണ്ഡവരുടേതായി. യുധിഷ്ഠിരനെ ഒഴിവാക്കി അവര്‍ നാലുപേരും പുറപ്പെട്ടു, കാര്യം നേടി. ആചാര്യ ദ്രോണന്റെ നിര്‍ദ്ദേശത്തിലും മോഹത്തിലും അധര്‍മ്മം ദര്‍ശിച്ചതായിരിക്കാം അദ്ദേഹം ആ അക്രമത്തില്‍ പങ്കെടുക്കാത്തതിനു കാരണം.
ഒരു പിതാവിന്റെ ഉറക്കമില്ലായ്മ!
പഠിപ്പും പരിശീലനവും കഴിഞ്ഞ് അന്തരീക്ഷം പരിപക്വമായപ്പോള്‍ വര്‍ഷാവസാനത്തില്‍ ധൃതരാഷ്ട്രര്‍, രണ്ടാം തായ്‌വഴിയിലെ ഏറ്റവും മൂത്തവനായ യുധിഷ്ഠിരനെ യുവരാജാവായി വാഴിച്ചു. സമയം പാഴാക്കാതെ യുധിഷ്ഠിരന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കൃത്യനിര്‍വ്വഹണത്തില്‍ മുഴുകി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ധൈര്യം, സ്ഥൈര്യം, സഹിഷ്ണുത, സത്യസന്ധത, അവക്രത, ഭൃത്യാനുകമ്പ, വര്‍ദ്ധിതസൗഹൃദം എന്നിവയുടെ പ്രഭാവത്തില്‍ സ്വപിതാവായ പാണ്ഡുമഹാരാജാവിനെ മറികടന്നു. (ആദിപര്‍വം – 138/2-3) അഞ്ച് സഹോദരന്മാരും കൂട്ടായി ചേര്‍ന്ന് ”പരരാഷ്ട്രങ്ങളെ ജയിച്ച് സ്വരാഷ്ട്രത്തെ അഭിവൃദ്ധിപ്പെടുത്തി.”1 ഫലം പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. രാജ്യവൃദ്ധിയില്‍ സന്തോഷിക്കുന്നതിനുപകരം ധൃതരാഷ്ട്രന് പാണ്ഡവരുടെ നേര്‍ക്ക് വൈമനസ്യമുണ്ടായി. അദ്ദേഹം ചിന്താകുലനായി. അദ്ദേഹത്തിന് രാത്രി ഉറക്കം കിട്ടാതായി!2
ധൃതരാഷ്ട്രര്‍ കണികാചാര്യന്റെ ഉപദേശം തേടി. സാധാരണ വിദുരന്റെ ഉപദേശം തേടുന്ന രാജാവിന്റെ ചുവടുമാറ്റം പ്രത്യേകം ശ്രദ്ധിക്കപ്പെടണം. ധര്‍മ്മമോ അധര്‍മ്മമോ ലവലേശം പരിഗണിക്കാത്ത വിധര്‍മ്മിയായിരുന്നു കണികന്‍. കാര്യസാദ്ധ്യത്തിനു കഴുതക്കാലും പിടിക്കാം എന്ന നിലപാടുകാരനായിരുന്നു. ‘മന്ത്രജ്ഞന്‍, രാജശാസ്ത്രാര്‍ത്ഥവിത്തമന്‍’ എന്നാണദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
കണികാചാര്യന്റെ കെണി
കണികാചാര്യന്‍ വന്നെത്തിയയുടനെ അദ്ദേഹത്തോട് ധൃതരാഷ്ട്രര്‍ പറഞ്ഞു:- ”ഈ പാണ്ഡവന്മാര്‍ തുടര്‍ച്ചയായി അഭിവൃദ്ധിപ്പെടുന്നു. അതുമൂലം എന്റെ മനസ്സില്‍ അസൂയ കലശലായി കടന്നുകൂടിയിരിക്കുന്നു. അവരെ ഒതുക്കാന്‍ രാഷ്ട്രീയമായി എന്ത് ചെയ്യണം. താങ്കള്‍ പറയുന്നതുപോലെ ഞങ്ങള്‍ ചെയ്യാം.” കണികന്‍ ഉപദേശിച്ചു.
”ശത്രുവിനെ ഒതുക്കിത്തുടങ്ങിയാല്‍ അത് പകുതിവെച്ച് നിര്‍ത്തരുത്. അവന്റെ അവസാനം വരെ തുടരണം. അതിനിടയില്‍ ദയയും ദാക്ഷിണ്യവും കടന്നുവരരുത്. പൂജ, വ്രതം, ഹോമം മുതലായ മതാനുഷ്ഠാനങ്ങള്‍ കാട്ടിക്കൂട്ടി, കാവി ധരിച്ച്, ജടയും കെട്ടി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുക. ചെന്നായ ചെയ്യുംപോലെ തഞ്ചംനോക്കി ചാടി വീണ് കടിച്ചുകീറി ശത്രുവിനെ കൊന്നുകളയുക…. സാമം, ദാനം, ഭേദം, ദണ്ഡം എന്നിവ പ്രയോഗിച്ച് അവനെ വേരോടെ ഇല്ലാതാക്കുക. പുത്രന്‍, പിതാവ്, ബന്ധു, മിത്രം, ആരായാലും ശരി ശത്രുവാണെങ്കില്‍ അവനെ മടികൂടാതെ തൂത്തെറിയുക. അതല്ലാതെ മറ്റൊരു പോംവഴിയില്ല. നമ്മള്‍ നശിപ്പിക്കാന്‍ നോക്കുന്നവന് നമ്മെക്കുറിച്ച് അല്‍പ്പംപോലും സംശയമുണ്ടാകരുത്. സ്ഥാനമാനാദികള്‍ കൊടുത്തും സമ്പത്ത് കൊടുത്തും അവന്റെ വിശ്വാസം നേടിയെടുക്കണം.
സ്ഥാനവും സമയവും നോക്കി പ്രിയമോ ഔദാര്യമോ വിനയമോ കാണിക്കുക. ഉള്ളിലൊട്ടും സങ്കോചം പാടില്ല. ശത്രുവിന്റെ മര്‍മ്മത്തില്‍ ആഞ്ഞടിക്കാതെയും നിഷ്ഠൂരമായി പെരുമാറാതെയും ചതിപ്രയോഗം ചെയ്യാതെയും ഒരാള്‍ക്കും നേട്ടമുണ്ടാകില്ലെന്നു കരുതുക. വേരുകളറുത്താലേ വടവൃക്ഷം വീഴൂ. അതൊരിക്കല്‍ വീണു കഴിഞ്ഞാല്‍ പിന്നെ കൊമ്പും തളിരുമെവിടെ? എന്നാല്‍ ചെയ്യേണ്ടത് രഹസ്യമായി ചെയ്യണം. ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും അതിനെക്കുറിച്ച് നേരിയ വിവരംപോലും ഉണ്ടാകരുത്. ഫലം കണ്ട് ബുദ്ധിയും ബോധവുമുള്ളവര്‍ യഥോചിതം ധരിക്കട്ടെ. പാണ്ഡവര്‍ ശക്തിശാലികളാണ്. അവരെ താങ്കള്‍ ശത്രുക്കളായി കാണുന്നെങ്കില്‍ പശ്ചാത്താപം, മനഃസാക്ഷിക്കുത്ത് തോന്നാത്തവിധം നടപടി സ്വീകരിക്കുക.”
കണികന്റേത് അസൂയ ശമിക്കാനുള്ള മരുന്ന് മാത്രമല്ല കര്‍മ്മപരിപാടിക്കുള്ള വെടിമരുന്ന് കൂടിയായിരുന്നു.
ധൃതരാഷ്ട്രര്‍ ഇങ്ങനെ ഒരുവശത്ത് കണികോപദേശം ശ്രവിച്ചുകൊണ്ടിരുന്നപ്പോള്‍ മറുവശത്ത് ദുര്യോധനനും ദുശ്ശാസനനും ശകുനിയും കര്‍ണ്ണനും, കുന്തിയേയും കുന്തിയുടെ അഞ്ച് പുത്രന്മാരെയും ചുട്ടുകൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ആ പദ്ധതിപ്രകാരം യുവരാജാവായ യുധിഷ്ഠിരനേയും സഹോദരന്മാരേയും അവരുടെ അമ്മയേയും നയം പറഞ്ഞ് അങ്ങകലെയുള്ള വാരണാവതത്തിലേയ്ക്ക് മാറ്റിത്താമസിപ്പിക്കാനും അവിടെവെച്ച് താമസിക്കുന്ന വീടിന് തീകൊളുത്തി എല്ലാവരേയും ചുട്ടുകരിക്കാനും നിശ്ചയിച്ചു. അതിന്, രാജാവായ ധൃതരാഷ്ട്രരുടെ സമ്മതം ദുര്യോധനന്‍ പണിപ്പെട്ടു മേടിച്ചു.
അതനുസരിച്ച്, ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായ’ പുരോചനനെ ദുര്യോധനന്‍ വിളിച്ചു. വാരണാവതത്തില്‍ പാണ്ഡവസഹോദരന്മാര്‍ക്ക് സൗകര്യങ്ങളോടെ താമസിക്കാന്‍ പറ്റിയ വലിയൊരു വീട് പണിയാന്‍ അയാള്‍ക്ക് കല്പന കൊടുത്തു. ആ വീടാകട്ടെ അരക്കിന്റേതായിരിക്കണമെന്നും ശാസിച്ചു. പദ്ധതിയുടെ ബാക്കിഭാഗം സഫലമായി നിര്‍വ്വഹിക്കാനുള്ള ഭാരവും അയാളെ ഏല്‍പ്പിച്ചു. അയാള്‍ക്കാണെങ്കില്‍ തല്‍സമയത്തെ ഭരണത്തിന്റെ സിരാകേന്ദ്രമായ ദുര്യോധനന്റെ പ്രീതിയും വിശ്വാസവും നേടാനുള്ള ത്വരയായിരുന്നു. താമസം കൂടാതെ അയാള്‍ തന്റെ പണിയിലേര്‍പ്പെട്ടു. തന്റെ ശില്പകൗശലം മുഴുവന്‍ പുരോചനന്‍ സുന്ദരമായി പ്രകടമാക്കി. യുധിഷ്ഠിര യുവരാജാവ് തങ്ങളുടെ പുതിയ നഗരത്തില്‍ വന്ന് താമസിക്കാന്‍ പോകുന്നു എന്നറിഞ്ഞ് ആ നാട്ടുകാരെല്ലാം ആനന്ദത്തില്‍ ആറാടി. പുതുതായുയര്‍ന്ന കൊട്ടാരവും ഉദ്യാനങ്ങളും കണ്ട് അവര്‍ അത്ഭുതപ്പെട്ടു. യുധിഷ്ഠിരനെ കാണും മുമ്പേ അവര്‍ അദ്ദേഹത്തിന് മനസാ സ്വാഗതമരുളി.
വാരണാവതത്തിലേക്ക്
ധൃതരാഷ്ട്രര്‍ യുധിഷ്ഠിരനെ വിളിച്ചു പറഞ്ഞു:- ”വാരണാവതമെന്ന നഗരം രമണീയമാണ്. നിങ്ങളെല്ലാവരും അവിടേയ്ക്ക് മാറിത്താമസിച്ച്, അവിടത്തെ ബ്രാഹ്‌മണര്‍ക്കും മറ്റു സജ്ജനങ്ങള്‍ക്കും പലവിധം ദാനം കൊടുത്ത് സുഖപ്രദമായ ഈ ഋതു മാറുമ്പോള്‍ സുഖസംതൃപ്തികളോടെ, ഇവിടെ ഹസ്തിനപുരത്തില്‍ തിരിച്ചുവരുക.”3 യുധിഷ്ഠിരന്‍ സമ്മതിച്ചു. ആ ധര്‍മ്മപുത്രന്‍ ഗാന്ധാരി ഉള്‍പ്പെടെ കൊട്ടാരത്തിലെ എല്ലാ കാരണവന്മാരെയും കണ്ട് എല്ലാവരുടേയും ആശീര്‍വാദം യാചിച്ചു. ”നിങ്ങള്‍ക്കേവര്‍ക്കും മംഗളമുണ്ടാകട്ടെ. ആര്‍ക്കുംതന്നെ അശുഭമുണ്ടാകാതിരിക്കട്ടെ” എന്ന ആശീര്‍വചനം അന്തരീക്ഷത്തില്‍ മുഴങ്ങി.
യുധിഷ്ഠിരന്റെ അന്യത്രഗമനം നാട്ടുകാര്‍ തീരെ ഇഷ്ടപ്പെട്ടില്ല. ധൃതരാഷ്ട്രര്‍ക്കെതിരെ അവര്‍ തങ്ങളുടെ അമര്‍ഷം ഒളിച്ചുവെച്ചില്ല. ”സ്വന്തം പിതാവില്‍നിന്നും പിന്തുടര്‍ച്ചാവകാശമായി രാജ്യം ലഭിച്ച പ്രായമധികമാകാത്ത ഈ രാജകുമാരന്മാരെ ധൃതരാഷ്ട്രന് സഹിക്കാനാകുന്നില്ല. അവരെ നാടുകടത്തുക, എന്തൊരന്യായം? ഭീഷ്മര്‍ ഇതെങ്ങനെ അനുവദിക്കുന്നു? യുധിഷ്ഠിരന്‍ പോകുന്നേടത്ത് ഞങ്ങളും പോകും” (ആദിപര്‍വം – 144 – 9 -13). അവരെയെല്ലാം യുധിഷ്ഠിരന്‍ സവിനയം ആശ്വസിപ്പിച്ചു. ”പിതൃസമനായ രാജാവ് ഗുരുവിന് തുല്യമാണ്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളെല്ലാവരും സമാധാനത്തോടെ തിരിച്ചുപോകുക.” യുധിഷ്ഠിരന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി അവരെല്ലാം പാണ്ഡവരേയും അവരുടെ അമ്മയേയും വലംവെച്ചു തൊഴുതുപിരിഞ്ഞുപോയി.
അമ്മയോടൊപ്പം പുറപ്പെട്ട ഐവരെ കുറച്ചുദൂരം വിദുരര്‍ അനുഗമിച്ചു. ചുറ്റുംനോക്കി സുരക്ഷിതനിമിഷത്തില്‍ യുധിഷ്ഠിരനോട് മറ്റാര്‍ക്കും മനസ്സിലാകാത്ത ഗൂഢഭാഷയില്‍ എന്തോ ചിലത് പറഞ്ഞു. ബുദ്ധിമതിയായ അമ്മ അത് ശ്രദ്ധിച്ചു. വിദുരര്‍ മടങ്ങിപ്പോയതിനുശേഷം ”അദ്ദേഹം നിന്നോട് എന്തെല്ലാമോ പറഞ്ഞല്ലോ, ശ്രദ്ധിച്ചിട്ടും അതൊന്നും എനിക്ക് മനസ്സിലായില്ല. എന്താണക്കാര്യം?” കൗന്തേയന്‍ മറുപടികൊടുത്തു. ”അദ്ദേഹം ഗൂഢഭാഷയില്‍ പറഞ്ഞതുകൊണ്ടാണ് അമ്മയ്ക്ക് മനസ്സിലാകാത്തത്. ഞാന്‍ മാത്രം മനസ്സിലാക്കിയാല്‍ മതിയെന്ന ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്. പറഞ്ഞത്: – ”താമസവീട്ടില്‍ തീയിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പോക്കില്‍ നിങ്ങളറിയാതെ എന്തെങ്കിലും സംഭവിക്കാം. ഇന്ദ്രിയങ്ങളെ ജയിച്ചവന് ഭൂമിതന്നെ കീഴടങ്ങും.” എനിക്ക് മനസ്സിലായി എന്നും അതേഭാഷയില്‍ ഞാന്‍ മൊഴിഞ്ഞു.”4
അമ്മയോട് ഇക്കാര്യം പറയവേ യുധിഷ്ഠിരന്‍ വിദുരനെ വിശേഷിപ്പിക്കുന്നത് ‘ധര്‍മധീ’ (ധര്‍മ്മത്തില്‍ ബുദ്ധിയുറച്ചവന്‍) എന്നാണ്. ഇവിടെ നമുക്ക് ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും ധര്‍മ്മാവതാരമായ വിദുരരുടേയും മനസ്സിന്റെ ഗതിയും ദിശയും ഒന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ഇതിനുമുമ്പ് ജലക്രീഡയ്ക്കിടയില്‍ ഭീമനെ കാണാതായപ്പോള്‍ വിദുരരുടെ പ്രതികരണം കുന്തിയോടും യുധിഷ്ഠിരന്റെ പ്രതികരണം പിന്നീട് വന്നെത്തിയ ഭീമനോടും ഒന്നായിരുന്നു എന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. യുധിഷ്ഠിരന്‍ ജിതേന്ദ്രിയനാണ് എന്ന ബോദ്ധ്യം ഉള്ളതുകൊണ്ടാണ് ധര്‍മ്മധീ വിദുരര്‍ അര്‍ത്ഥഗര്‍ഭമായ മുന്നറിയിപ്പ് ധര്‍മ്മപുത്രരോടുമാത്രം പറഞ്ഞത്. അത് കൂടാതെ, ഭരണകൂടം കൈകാര്യം ചെയ്യുന്നവര്‍ക്കിടയിലുള്ള ഗുപ്തഭാഷ ഈ യൗവ്വനത്തില്‍ത്തന്നെ യുധിഷ്ഠിരന്‍ സ്വന്തമാക്കിയിരുന്നു എന്ന പരിജ്ഞാനവും വിദുരര്‍ക്കുണ്ടായിരുന്നു.
ഈ ലഘുപ്രകരണത്തില്‍കൂടി വ്യാസമഹര്‍ഷി പരോക്ഷമായി വെളിപ്പെടുത്തുന്നത്, പുറമെ കാണപ്പെടുന്ന സാമാന്യത്തില്‍ കവിഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യുധിഷ്ഠിരന്‍ എന്നാണ്. ആ ചെറിയ പ്രായത്തില്‍ തന്നെ ഒരു ഭരണാധികാരിക്ക് അവശ്യം ആവശ്യമായ നയചാതുരി യുധിഷ്ഠിരന് സ്വായത്തമായിരുന്നു എന്നര്‍ത്ഥം.
(തുടരും)