- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- കാളിന്ദീതീരത്തെ ഖാണ്ഡവപ്രസ്ഥത്തില്‍ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 7)
കട്ടിലിലുറങ്ങേണ്ടവര്‍ കാട്ടില്‍!
പകല്‍ മുഴുവന്‍ കാട്ടില്‍ ചുറ്റിത്തിരിഞ്ഞ്, സന്ധ്യ മയങ്ങിയതോടുകൂടി അവര്‍ ഉറങ്ങാന്‍ സ്ഥലം കണ്ടെത്തി. ഭീമന്‍ കാവലിരുന്ന് മറ്റെല്ലാവരും നിലത്തുകിടന്നുറങ്ങി. രാജകൊട്ടാരത്തില്‍ കട്ടിലിലുറങ്ങേണ്ടവരുടെ ഈ ഗതി കണ്ട് ആ കരുത്തന്‍ വിലപിച്ചു. ‘സര്‍വ്വലക്ഷണപൂജിതയും കുന്തിരാജസുതയും വിചിത്രവീര്യന്റെ സ്‌നുഷയും മഹാത്മാവായ പാണ്ഡുവിന്റെ പത്‌നിയുമായ കുന്തി’ ആ നിലയില്‍ നിലത്തുറങ്ങുന്നതു കണ്ട് അദ്ദേഹത്തിന്റെ ഹൃദയം പൊട്ടി. മൂന്ന് ലോകങ്ങളും ഭരിക്കാന്‍ അര്‍ഹതയുള്ള ധര്‍മ്മനിഷ്ഠനായ രാജാവ് ഇവിടെക്കിടന്നുരുളേണ്ട ഗതികേട് കണ്ട് അദ്ദേഹത്തിന്റെ കണ്ണില്‍നിന്നു കുടുകുടേ അശ്രുധാരയൊഴുകി. നിമിഷത്തിനകം ആ ദുഃഖം ദേഷ്യമായി മാറി. അദ്ദേഹം ആത്മഗതം ചെയ്തു:- ”കാലം മൂക്കുമ്പോള്‍ നിന്നേയും നിന്റെ മന്ത്രി കര്‍ണ്ണനേയും ഞാന്‍ കാലന്നൂര്‍ക്കയയ്ക്കും.”
ഈ സമയത്താണ് ഹിഡിംബനെന്ന നിശാചരന്‍ പരിചയമില്ലാത്ത നാലഞ്ചുപേര്‍ ഉറങ്ങുന്നതായി കണ്ട് ഓടി വന്നത്. ആ ഹിഡിംബനെ മല്‍പ്പിടുത്തത്തില്‍ ഭീമന്‍ കൊന്നു. അയാളുടെ സഹോദരിയായ ഹിഡിംബിയെ വേള്‍ക്കുകയും ചെയ്തു. അവളില്‍ ഘടോത്കചന്‍ എന്ന പുത്രനുമുണ്ടായി. – അമ്മയുടെ കൂടെ മകനെ വിട്ട് പാണ്ഡവര്‍ വനവിചരണം തുടര്‍ന്നു. അവരെ തേടിയിട്ടെന്നപോലെ മഹര്‍ഷി വ്യാസന്‍ അവര്‍ക്കിടയിലെത്തി.
അവരെ കണ്ട ഉടനെ വ്യാസന്‍ പറഞ്ഞു:- ”ഭരതവീരാ! നിങ്ങളുടെ ഈ ദുരിതം ഞാന്‍ നേരത്തെ അറിഞ്ഞു. അധര്‍മ്മത്താല്‍ ധാര്‍ത്തരാഷ്ട്രര്‍ നിങ്ങളെ വിസ്ഥാപിതരാക്കിയ വിവരം അറിഞ്ഞുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത്. നിങ്ങള്‍ക്ക് വളരെ ഹിതകരമായതു ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശ്യം. നിങ്ങള്‍ക്കു വിഷാദമരുത്. ഇതെല്ലാം സംഭവി ക്കുന്നത് നല്ലതിനാണ്.”1
കുന്തിയുടെ നേര്‍ക്ക് തിരി ഞ്ഞു മഹര്‍ഷി മൊഴിഞ്ഞു:- ”ശുഭേ! പുരുഷശ്രേഷ്ഠനും മഹാത്മാവും ധര്‍മ്മനിരതനുമായ ഈ മകന്‍ യുധിഷ്ഠിരന്‍ ധര്‍മ്മത്താല്‍ ഊഴി നേടും. ഈ ധര്‍മ്മരാജാവ് ഭൂമിയിലെ രാജാക്കന്മാരെ അടക്കി ഭരിക്കും. കടല്‍ ചുറ്റിക്കിടക്കുന്ന ഈ ക്ഷിതിയുടെ ചക്രവര്‍ത്തി യായിത്തീരും. സംശയം വേണ്ട” (ആദിപര്‍വം. – 155 – 12 – 13). യുധിഷ്ഠിരന്റെ ജനനസമയത്ത് കേട്ട അശരീരിയുടെ ആവര്‍ത്ത നമാണ് ഇപ്പോള്‍ ഒരു അശരീ രിയില്‍ കൂടി, അതും ഒരു ക്രാന്തദര്‍ശി വഴി ആ മനസ്വിനി ശ്രവിച്ചത്.
ഗൃഹവധുവായ പാഞ്ചാലി
വ്യാസന്‍ പോയിക്കഴിഞ്ഞ് പാണ്ഡവന്മാര്‍ ഏകചക്ര നഗരിയില്‍ താമസിച്ചു. ”ഒരു മാസം കഴിഞ്ഞു വീണ്ടും കാണാം” എന്ന വ്യാസന്റെ വാക്ക് അവര്‍ക്ക് വല്ലാത്ത ആശ്വാസമരുളി. ആ താമസത്തിനിടയില്‍ ഭീമന്‍ ബകാസുരനെ വധിച്ചു, നാട്ടുകാര്‍ക്കുണ്ടായ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. ബകനെ പേടിച്ച് നാടുവിട്ടോടിയവരെല്ലാം തിരിച്ചുവന്നു. പാഞ്ചാലരാജ്യത്ത് നടക്കാന്‍പോകുന്ന ദ്രൗപദീസ്വയംവരവൃത്താന്തം അവിടത്തെ ബ്രാഹ്‌മണരില്‍നിന്നും പാണ്ഡവര്‍ക്ക് ലഭിച്ചു. പറഞ്ഞതുപോലെ വീണ്ടും വ്യാസനെത്തി. അദ്ദേഹവും ദ്രൗപദിയുടെ സ്വയംവര വൃത്താന്തം ശരിവെയ്ക്കുകയും അവിടെ പോകാന്‍ ഐവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ദ്രൗപദി മുന്‍ജന്മത്തില്‍ ഋഷികന്യകയായിരുന്നുവെന്നും പരമേശ്വരന്റെ വരപ്രകാരം പഞ്ചപതിലബ്ധിക്കായി ജനിച്ചവളാണെന്നും കൂട്ടിച്ചേര്‍ത്തു.
ആശീര്‍വാദമെന്നോ പ്രവചനമെന്നോ കരുതാവുന്ന ഭാഷയില്‍ അദ്ദേഹം തുടര്‍ന്നു. ”ദേവരൂപിണിയായ ആ കന്യയാണ് ദ്രുപദന്റെ കുലത്തില്‍ ജനിച്ചിരിക്കുന്നത്. നിറം കൊണ്ട് കൃഷ്ണയായ ആ അനിന്ദിതയാണ് നിങ്ങളുടെ പത്‌നിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ബലശാലികളായ നിങ്ങള്‍ പാഞ്ചാലനഗരത്തില്‍ എത്തുക. അവളെ നേടി നിങ്ങളെല്ലാം സസുഖം താമസിക്കാറാകും – സംശയമില്ല.”2
ഇതിന് ഒരു മാസം മുമ്പ് അവരെ കണ്ടിരുന്നപ്പോള്‍ ഇതേ മഹര്‍ഷി പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുക. ”നിങ്ങള്‍ വിഷാദിക്കരുത്. ഈ നടക്കുന്നതെല്ലാം നല്ലതിനാണ്” (ആദിപര്‍വം. 155./8.). വ്യാസന്റെ പറച്ചിലിലെ ‘ഭവതാം പത്‌നി’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. ബഹുവചനത്തിലാണത്, ‘ഭവാന്മാരുടെ പത്‌നി’ എന്നാണതിനര്‍ത്ഥം. ‘നിങ്ങളഞ്ചുപേരില്‍ ഒരാളുടെ’ എന്നല്ല പ്രയോഗം. ഈ പ്രകരണത്തിനു മനസ്സൊരുക്കാനല്ലേ പഞ്ചപാണ്ഡവര്‍ പുറപ്പെടും മുമ്പേ ആ ക്രാന്തദര്‍ശി അവരോട് അമ്മയുടെ മുമ്പില്‍ ദ്രൗപദിയുടെ പിന്‍കഥ പറഞ്ഞത്?
ദ്രൗപദിയിലൂന്നിക്കൊണ്ടുള്ള ദ്രുപദന്റെ അസ്ത്രപരീക്ഷയില്‍ അര്‍ജ്ജുനന്‍ ജയിച്ചു. ആ പരിണീതയുമായി സഹോദരന്മാര്‍ അവരുടെ നികേതത്തിലെത്തി. ‘അമ്മേ! നല്ല ഭിക്ഷ കിട്ടി’ എന്ന് പടിക്കലെത്തി പറഞ്ഞപ്പോള്‍ അകത്തുനിന്നു മറുപടിവന്നു. ”എല്ലാവരും തുല്യമായി പങ്കിടൂ” എന്ന്. അവിടെത്തുടങ്ങി പരിണീതയുടെ പഞ്ചപതിതര്‍ക്കം.
ഭിക്ഷയെന്നു സൂചിപ്പിക്കപ്പെട്ടത് ദ്രുപദകന്യയാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ പറഞ്ഞ വാക്കിന്റെ അനൗചിത്യം കുന്തിക്കു മനസ്സിലായി. അവര്‍ക്കു പശ്ചാത്താപമുണ്ടായി. ധര്‍മ്മത്തില്‍നിന്ന് വ്യതിചലിക്കാത്ത തന്റെ മൂത്തപുത്രനോട് അവര്‍ പറഞ്ഞു:- ”മകനേ! പരമാര്‍ത്ഥമറിയാതെ ഞാന്‍ അബദ്ധം പറഞ്ഞു പോയതാണ്. ഇനിയെന്തു പോംവഴി. എന്റെ വാക്ക് കള്ളമായിപ്പോയല്ലോ! പാഞ്ചാലരാജാവിന്റെ മകളുടെ നേര്‍ക്ക് – ഓര്‍ക്കാപ്പുറത്തായാലും – അധര്‍മ്മം സംഭവിക്കരുത്.” അമ്മയുടെ വാക്കുകേട്ട യുധിഷ്ഠിരന്‍ തെല്ലുനേരം ആലോചിച്ചിരുന്നു. തുടര്‍ന്ന് അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് അനുജന്‍ അര്‍ജ്ജുനനോട് പറഞ്ഞു:- ”ഫാല്‍ഗുനാ! നീയാണ് യാജ്ഞസേനിയെ നേടിയത്, നിനക്കാണ് ഈ രാജപുത്രി മംഗളകരമായി ചേരുക. വേഗം ഹവനകുണ്ഡമൊരുക്കുക. അഗ്നിസാക്ഷിയായി ഇവളെ പാണിഗ്രഹണം ചെയ്യുക” (ആദിപര്‍വം – 190 – 7.). ഉടന്‍ അര്‍ജ്ജുനന്‍ തിരിച്ചുരച്ചു:- ”ജ്യേഷ്ഠാ! എന്നെ അധര്‍മ്മത്തില്‍ ചാടിക്കരുത്. ഒന്നാമതായി ഇവള്‍ അവകാശപ്പെട്ടത് താങ്കള്‍ക്കാണ്. രണ്ടാമതായി രണ്ടാം സഹോദരനായ ഭീമന്, മൂന്നാമത് എനിക്ക്, പിന്നെ യഥാക്രമം നകുലന്, സഹദേവന് – ഇതോര്‍ത്ത് തീരുമാനിക്കുക.” പ്രശ്‌നം ചുഴിയിലായി. ആര്‍ക്കും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വരേണ്യയുടെ പിതാവ് തന്നെ നിശ്ചയിക്കട്ടെ എന്ന് തീരുമാനിച്ചു. വ്യാസന്റെ പ്രവചനം ഓര്‍ത്തുകൊണ്ടുതന്നെയാണ് അര്‍ജ്ജുനന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒടുവില്‍ എല്ലാവരും ദ്രുപദന്റെ നിര്‍ദ്ദേശമനുസരിച്ച് പാഞ്ചാലപ്രാസാദത്തില്‍ ആനയിക്കപ്പെട്ടു. യുധിഷ്ഠിരന്‍ ദ്രുപദനോട് തങ്ങളുടെ കഥ മുഴുവന്‍ വെളിപ്പെടുത്തി. കഴിഞ്ഞ കഥകള്‍ കേട്ടപ്പോള്‍ ദ്രുപദന് ധൃതരാഷ്ട്രരോട് വൈമനസ്യം തോന്നി. അതേസമയം ഇപ്പോഴത്തെ സ്ഥിതികണ്ട് മനസ്സില്‍ സന്തോഷവുമുണ്ടായി. എന്നാലും ഒരു കന്യയെ അഞ്ചുപേര്‍ വേള്‍ക്കുന്നതില്‍ അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ദിവ്യദൃഷ്ടി കൊണ്ടറിഞ്ഞിട്ടായിരിക്കണം തക്കനേരത്തില്‍ വ്യാസദ്വൈപായനനെത്തി. തര്‍ക്കം കേട്ട് അദ്ദേഹം ദ്രുപദനേയും ധൃഷ്ടദ്യുമ്‌നനേയും കുന്തിയേയും കൗന്തേയരേയും ഒരുമിച്ചിരുത്തി സ്വന്തം അഭിപ്രായം പറയാന്‍ കല്‍പ്പിച്ചു. ദ്രുപദനും ദ്രുപദപുത്രനും വിസമ്മതത്തിന്റെ നിലപാട് വ്യക്തമാക്കി. യുധിഷ്ഠിരന്റെ ഊഴം വന്നപ്പോള്‍ അദ്ദേഹം വിശദീകരിച്ചു:- ”എന്റെ നാവില്‍നിന്ന് കളവ് ഉതിരുകയില്ല. എന്റെ ബുദ്ധി അധര്‍മ്മത്തില്‍ കടക്കുന്നതല്ല. നാം ചിന്തിക്കുന്ന കാര്യത്തില്‍ അധര്‍മ്മമുണ്ടെന്ന് എന്റെ മനസ്സ് പറയുന്നില്ല. നേരേ മറിച്ച് മുന്‍ ദൃഷ്ടാന്തങ്ങളുണ്ടുതാനും. പണ്ട് ഗൗതമമുനിയുടെ മകളായ ഗൗതമി ധര്‍മ്മാചാരികളായ ഏഴുപേരുടെ പത്‌നിയായിരുന്നു. കണ്ഡുമുനിയുടെ പുത്രി വാര്‍ക്ഷി പത്തു പ്രചേതസ്സുകളെ വേട്ടിരുന്നു. ഗുരുവചനം ധര്‍മ്മ്യമെന്നാണല്ലോ പ്രമാണം. എല്ലാവരുടേയും പരമമായ ഗുരു മാതാവാണ്. ഞങ്ങളുടെ മാതാവാണ് ഭൈക്ഷ്യം തുല്യമായി അനുഭവിക്കൂ എന്നുരിയാടിയത്. അതിനെ പരമധര്‍മ്മമായി ഞാന്‍ കരുതുന്നു.” (ആദിപര്‍വം. – 195 – 13 – 17.) വ്യാസമഹര്‍ഷി ഇതുകേട്ട് ദ്രുപദന്റെ നേര്‍ക്കുതിരിഞ്ഞു പറഞ്ഞു:- ”യുധിഷ്ഠിരന്‍ പറഞ്ഞത് സംശയലേശമെന്യേ ധര്‍മ്മമാണ്.3 അദ്ദേഹം ദ്രുപദരാജാവിന്റെ കൈപിടിച്ച് അകത്തളത്തില്‍ പോയി. യാജ്ഞസേനിയുടെ മുജ്ജന്മകഥയും ഇജ്ജന്മകാര്യവും വിശദമായി പറഞ്ഞു മനസ്സിലാക്കി. പാഞ്ചാലരാജ്യത്തില്‍ പുറപ്പെടുംമുമ്പ് പാണ്ഡവരോട് സൂചനാരൂപത്തില്‍ പറഞ്ഞ കഥ വിശദമായി പറഞ്ഞു. ഫലം ദ്രുപദനും യുധിഷ്ഠിരനും ഒരേ അഭിപ്രായക്കാരായി. യാജ്ഞസേനിയുടെ പാണിഗ്രഹണം നടന്നു. ആ വേഴ്ച അഞ്ചുദിവസം നീണ്ടു. ഒന്നാം ദിവസം മുതല്‍ അഞ്ചാം ദിവസം വരെ യാജ്ഞസേനി മൂപ്പനുസരിച്ച് ഓരോ പാണ്ഡവനേയും അഗ്നിസാക്ഷിയായി വരിച്ചു.
പാണ്ഡവരുടെ വിവാഹവിവരം ഹസ്തിനപുരത്തിലെത്തിയപ്പോള്‍ കൊട്ടാരക്കാര്‍ക്കെല്ലാം ഞെട്ടലുണ്ടായി. വിദുരാദികള്‍ക്ക് സന്തോഷമുണ്ടായി. ഭരണചക്രം വേഗത്തില്‍ തിരിഞ്ഞു. ദുര്യോധനാദികളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ ധൃതരാഷ്ട്രരാജാവ് മന്ത്രിയായ വിദുരരെ പാഞ്ചാലത്തിലയച്ച് കുരുവംശരായ അഞ്ചുപേരെയും അവരുടെ ധര്‍മ്മദാരങ്ങളേയും ഹസ്തിനപുരത്തിലേയ്ക്ക് സല്‍ക്കരിച്ചാനയിച്ചു.
അചഞ്ചലശ്രദ്ധ എന്ന രക്ഷ
വാരണാവതംതൊട്ട് വരണമണ്ഡപംവരെയുള്ള വിചിത്രകഥ ഹസ്തിനപുരത്തിലെ ഒരു കൂട്ടര്‍ക്ക് നെഞ്ചിടിക്കുന്നതും മറുകൂട്ടര്‍ക്ക് നെഞ്ച് തുടിക്കുന്നതുമായിരുന്നു. ഈ ദൈവാധീനകഥയില്‍ ഭഗവാന്‍ വ്യാസന്റെ പങ്ക് അതിപ്രധാനമായിരുന്നു. അദ്ദേഹം യുധിഷ്ഠിരാദി സഹോദരന്മാര്‍ക്ക് തുണയായി മൂന്ന് പ്രാവശ്യം അവരെ സന്ദര്‍ശിച്ചു. വിദുരരൊഴികെ മറ്റൊരു മനുഷ്യനും അവരുടെ കഷ്ടകാലത്തില്‍ അവരെ ആശ്വസിപ്പിക്കാനോ നേര്‍വഴി കാട്ടിക്കൊടുക്കാനോ എത്തിയിരുന്നില്ല. ദ്രുപദന്റെ സാന്നിദ്ധ്യത്തില്‍ വ്യാസന്‍ യുധിഷ്ഠിരന്റെ അഭിമതത്തോട് പൂര്‍ണ്ണമായും യോജിക്കുന്ന കോള്‍മയിര്‍ക്കൊള്ളിക്കുന്ന കാഴ്ച നാമിവിടെ കാണുന്നു.
യുധിഷ്ഠിരനെ സംബന്ധിച്ചിടത്തോളം, ഈ പഞ്ചാലീപ്രകരണത്തില്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ ശ്രദ്ധ പ്രകടമാകുന്നു. ആചാര്യ ശ്രീശങ്കരന്റെ നിര്‍വചനമനുസരിച്ച് ‘ശാസ്ത്രത്തില്‍ പറഞ്ഞ വാക്യങ്ങളുടേയും ഗുരുവിന്റെ വചനങ്ങളുടേയും പൊരുള്‍ ശരിയാംവണ്ണം ഗ്രഹിക്കാന്‍ കഴിയുന്ന യോഗ്യതയാണ് ശ്രദ്ധ. അത് മൂലമാണ് ആത്മജ്ഞാനമുണ്ടാ വുക’4 ഈ ശ്രദ്ധ5 മൂലമാണ് യുധിഷ്ഠിരന് പരമഗുരുവായി കരുതപ്പെടുന്ന മാതാവിന്റെ വാക്കിനേയും ഋഷികഥകളില്‍ വെളിപ്പെടുന്ന ഗൗതമീ-വാര്‍ക്ഷീ-സംഭവങ്ങളേയും മുറുകെ പിടിക്കാന്‍ തോന്നിയത്. ആ ശ്രദ്ധ അദ്ദേഹത്തെ തികച്ചും ധര്‍മ്മപുത്രരാക്കുന്നു.
(തുടരും)
ന വിഷാദോളത്ര കര്‍തവ്യഃ സര്‍വമേതത് സുഖായ വഃ – ആദിപര്‍വം. – 155 – 8.
2 ദ്രുപദസ്യ കുലേ ജജ്ഞേസാ കന്യാ ദേവരൂപിണീ
നിര്‍ദിഷ്ടാ ഭവതാം പത്‌നി കൃഷ്ണാ പാര്‍ഷത്യനിന്ദിതാ
പാഞ്ചാലനഗരേ തസ്മാന്നിവസധ്വം മഹാബലാഃ
സുഖിനസ്താമനുപ്രാപ്യ ഭവിഷ്യഥ ന സംശയഃ” – ആദിപര്‍വം. 168 – 14 – 15.
3 യഥാ ച പ്രാഹ കൗന്തേയ സ്തഥാ ധര്‍മേ ന സംശയഃ” – ആദിപര്‍വം. – 195. – 20.
4 ശാസ്ത്രസ്യ ഗുരുവാക്യസ്യ സത്യബുദ്ധ്യാവധാരണാ
സാശ്രദ്ധാ കഥിതാ സദ്ഭിഃ യയാ വസ്തൂപലഭ്യയതേ. – വിവേകചൂഡാമണി – 24.
5 മലയാളത്തില്‍ സാധാരണ ധരിക്കുന്ന അര്‍ത്ഥമല്ല ശ്രീശങ്കരന്‍ ശ്രദ്ധയെ
നിര്‍വചിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥതലം ആദ്ധ്യാത്മികമാണ്.