മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്രവിവാഹം നടത്തിക്കുന്നു എന്ന ഗുരുതരമായ ആരോപണം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഉന്നയിച്ചിരിക്കുന്നു. രണ്ടു ദിവസമായി അദ്ദേഹം അതിനു പിന്നാലെയാണ്. മുസ്ലിം പെണ്‍കുട്ടികളുടെ കുത്തക സമസ്തക്കാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തട്ടിക്കൊണ്ടുപോകുന്നു എന്നു പറഞ്ഞതിനര്‍ത്ഥം മാനസികമായി വശത്താക്കുന്നു എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫൈസിക്കെതിരെ ഡിഫി നേതാക്കള്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. മിശ്രവിവാഹ കാമ്പയിനുമായി ഇറങ്ങിയിരിക്കുന്നത് എസ്.എഫ്.ഐയാണെന്നും അതിനു പിന്തുണ നല്കുന്നത് ഡിഫിയാണെന്നുമാണ് ഫൈസി കണ്ടെത്തിയിരിക്കുന്നത്. മറ്റുമതങ്ങളില്‍ നിന്നു കുട്ടികളെ തട്ടിയെടുക്കുന്ന ലൗ ജിഹാദിനെ ന്യായീകരിക്കുന്ന സമസ്തക്കാര്‍ക്ക് മുസ്ലിം പെണ്‍കുട്ടികള്‍ മിശ്രവിവാഹത്തിനു തയ്യാറാകുമ്പോള്‍ ഹാലിളക്കം വരുന്നു.
എസ് എഫ്. ഐക്കാരുടെയും ഡിഫിക്കാരുടെയും ഈ കുരുത്തക്കേട് മാറ്റാന്‍ ഒച്ചവെച്ചതു കൊണ്ടു കാര്യമില്ല എന്നു ഫൈസിക്കറിയില്ലേ? സമസ്തയുടെ തലപ്പത്തിരിക്കുന്ന ജിഫ്രി തങ്ങള്‍ വിചാരിച്ചാല്‍ ഒറ്റ ഫോണ്‍ കോളില്‍ തീര്‍ക്കാവുന്ന കാര്യമല്ലേ ഉള്ളൂ. ഡിഫിക്കാരുടെ ഹെഡ് മാസ്റ്റര്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിനെ ജഫ്രി തങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ കുരുത്തംകെട്ട പിള്ളേര്‍ക്ക് നല്ല ചൂരല്‍ കഷായം കിട്ടും. അതോടെ അവരുടെ മിശ്രവിവാഹ കാമ്പയിന്‍ അട്ടത്തു വെക്കും. ജഫ്രി തങ്ങള്‍ക്ക് അത്രക്കാണ് മുഖ്യന്റെ മേലുള്ള സ്വാധീനം. വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുമെന്നത് ഇടത് മുന്നണി വാഗ്ദാനമായിരുന്നു. മന്ത്രിസഭ അത് തീരുമാനിച്ചു നടപ്പാക്കാനും ഉത്തരവിട്ടു. അപ്പോഴാണ് മുഖ്യന് ജഫ്രി തങ്ങളുടെ ഫോണ്‍, അതോടെ മന്ത്രിസഭ വീണ്ടും ചേര്‍ന്നു തീരുമാനം റദ്ദാക്കി. മുഖ്യനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ജഫ്രി തങ്ങള്‍ ലീഗു നേതാക്കളുമായി ഉടക്കുക പോലുമുണ്ടായി. ഇത്തരം ഹോട്ട് ലൈന്‍ ബന്ധം നില്ക്കുമ്പോള്‍ പിന്നെയെന്തിന് ഫൈസീ പ്രസ്താവനാ യുദ്ധത്തിനിറങ്ങുന്നത്?