ശൈലജ ടീച്ചര്‍ സാമൂഹ്യ മാധ്യമത്തിലൂടെ ഹമാസിനെ ഭീകരവാദികള്‍ എന്നു വിളിച്ചപ്പോഴേ തോന്നിയതാണ് ടീച്ചര്‍ക്ക് ഹദ്ദടി കിട്ടാന്‍ സമയമായെന്ന്. മുഖ്യന്‍ വിജയന്‍ സഖാവ് ക്ഷമിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ടീച്ചറുടെ കുരുത്തക്കേട് സഹിക്കവയ്യാതായപ്പോള്‍ മട്ടന്നൂരിലെ നാട്ടുകാരുടെ മുമ്പില്‍ വെച്ച് ഹദ്ദടി ശിക്ഷ നടപ്പാക്കി. മിടുക്കിയല്ലേ , നാട്ടുകാരിയല്ലേ എന്നു കരുതിയാണ് വിജയന്‍ സഖാവ് ശൈലജ ടീച്ചറെ എം.എല്‍.എയാക്കിയതും മന്ത്രിയാക്കിയതും. ഒന്നാം വിജയന്‍ സര്‍ക്കാരില്‍ ആരോഗ്യ വകുപ്പും നല്‍കി. അതോടെ ടീച്ചര്‍ പിടിച്ചാല്‍ കിട്ടാത്ത കളി കളിക്കാന്‍ തുടങ്ങി. കോവിഡ് കാലത്തെ ഷൈനിങ്ങ് പറയണ്ട. പത്രസമ്മേളനത്തിലൂടെ തെളിയാന്‍ തുടങ്ങിയപ്പോള്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരി എന്നായി ചിലരുടെ വിലയിരുത്തല്‍. ഇവിടെ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് ഒരാളേയുള്ളു – അത് താന്‍ മാത്രം. ഇങ്ങനെ കളിക്കാന്‍ ശ്രമിച്ച രണ്ടു ജയരാജന്മാരെയും ഒതുക്കിയതാണ്. പിന്നെയാണോ ഈ പെണ്ണ്. പത്രസമ്മേളനം താന്‍ ഏറ്റെടുത്തു. ടീച്ചറെ ആദ്യം അവിടെ നോക്കുകുത്തിയാക്കി. വൈകാതെ അതില്‍ നിന്നും ഔട്ടാക്കി.
ടീച്ചര്‍ ഒതുങ്ങി ഇരുന്നുകൊള്ളുമെന്നു കരുതുമ്പോഴാണ് നല്ല ആരോഗ്യ മന്ത്രിക്കു പുരസ്‌കാരവുമായി മാഗ്‌സസെ വരുന്നു. പാര്‍ട്ടി വഴി അതും തടഞ്ഞു. ഈ ശിക്ഷകളൊക്കെ കൊണ്ട് നന്നായിക്കാണും എന്നു കരുതിയാണ് വീണ്ടും എം.എല്‍.എ യാക്കിയത്. അപ്പോഴതാ തന്നെക്കാള്‍ ഭൂരിപക്ഷം നേടി കുരുത്തക്കേട് തുടരുന്നു. മന്ത്രിസ്ഥാനത്തു നിന്നു പേരു വെട്ടി വീണ്ടും ശിക്ഷിച്ചു. എന്നിട്ടും പഠിച്ചില്ല. ഒരു കോമ്രേഡ് എന്ന നിലക്ക് തന്റെ ജീവിതം എന്ന ആത്മകഥയെഴുതി ഷൈന്‍ ചെയ്തു. അച്ചു ഉമ്മനു നേരെ സഖാക്കള്‍ സൈബര്‍ ആക്രമണം നടത്തിയപ്പോള്‍ ടീച്ചര്‍ എതിര്‍ത്തു. ഖുറാന്‍ വഴിയുള്ള സ്വര്‍ണ്ണ ഇടപാടുകാരന്‍ എന്നു വിളിപ്പേരുള്ള കെ.ടി.ജലീല്‍ നിയമസഭയില്‍ പ്രസംഗിക്കവെ ‘ഇയാള്‍ നമുക്ക് കുഴപ്പമുണ്ടാക്കു’മെന്ന് സജി ചെറിയാനോട് ടീച്ചര്‍ പറഞ്ഞത് മൈക്കിലൂടെ കേട്ടു. ഇതെല്ലാം വിജയന്‍ സഖാവ് പല്ലിറുമ്മി സഹിക്കുമ്പോഴാണ് ഹമാസ് ഭീകരവാദികളാണെന്ന് ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇവര്‍ക്ക് നല്ല ഹദ്ദടി കൊടുക്കണം എന്നു കരുതി ചൂരലും കയ്യില്‍ വെച്ചു നടക്കുമ്പോഴാണ് മട്ടന്നൂരിലെ ടീച്ചറുടെ അധിക പ്രസംഗം. പിന്നെ വെച്ചു താമസിപ്പിച്ചില്ല. ടീച്ചര്‍ക്കും ഭര്‍ത്താവ് ഭാസ്‌കരനും വിജയന്‍ സഖാവ് കണക്കിന് ഹദ്ദടി നല്കി. ഹമാസുകാരന്‍ നല്കാന്‍ ഉദ്ദേശിച്ചത് സഖാവ് നല്‍കി എന്നു കരുതിയാല്‍ മതി.