- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- ഒരു സകുടുംബ തീര്‍ത്ഥാടനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 14)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
പ്രതികൂലസാഹചര്യത്തില്‍പെട്ട ജീവിതത്തെ ഫലപ്രദവും ബോധപ്രദവും ആത്മതുഷ്ടവുമാക്കാന്‍ തീര്‍ത്ഥാടനം തുടങ്ങിവെച്ചത് വനവാസികളായി മാറിയ ശ്രീരാമനും യുധിഷ്ഠിരനുമാണെന്ന് നിശ്ശങ്കം പറയാം. സന്ന്യാസിമാരും പരിവ്രാജകരും സദാ ജംഗമരായിരുന്നു എന്നത് ശരിതന്നെ. എന്നാല്‍ സംസാരിയായ നരന്റെ തീര്‍ത്ഥാടനത്തിന്റെ ഉദ്ഗമം ശ്രീരാമനും യുധിഷ്ഠിരനുമാണെന്നു നാം കാണുന്നു.
ശുഭകാര്യത്തിനുവേണ്ടി, എല്ലാവരുടേയും സമ്മതത്തോടും സന്മനസ്സോടും കൂടിയാണ് ധനഞ്ജയന്‍ ദേശാന്തരം പൂകിയതെങ്കിലും അദ്ദേഹത്തിന്റെ വേര്‍പാട് ശേഷിച്ചവരില്‍ ഒരുതരം വിരക്തിയുണ്ടാക്കി. അതില്‍നിന്ന് മുക്തരാകേണ്ടത് അവരുടെ കടമയായിരുന്നു. അതിന് ഗുരൂപദേശമനുസരിച്ച് യുധിഷ്ഠിരന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു തീര്‍ത്ഥാടനം. തീര്‍ത്ഥാടനവും പര്യടനവും തമ്മില്‍ രാപ്പകല്‍പോലെ വ്യത്യാസമുണ്ട്. ഒന്നാമത്തേത് ആത്മനിഷ്ഠവും രണ്ടാമത്തേത് ദേഹനിഷ്ഠവുമാണ്. ഒന്നാമത്തേതില്‍ അസൗകര്യങ്ങള്‍ തപസ്സായും വിഘ്‌നങ്ങള്‍ ഈശ്വരപരീക്ഷയായും കണക്കാക്കുന്നു. അന്നേരം അന്തരംഗത്തില്‍ ഒരു ദുര്‍വിചാരവും തലപൊക്കുന്നില്ല. എന്നാല്‍ രണ്ടാമത്തേതില്‍ സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രതീക്ഷയുണ്ട്. അവയുടെ അഭാവത്തില്‍ മനസ്സ് വിക്ഷിപ്തമാകുന്നു. അന്തര്‍മുഖത്വമാണ് തീര്‍ത്ഥാടനത്തിന്റെ കാതല്‍, ബഹിര്‍മുഖത്വമാണ് പര്യടനത്തിന്റേത്. തീര്‍ത്ഥാടനം ആനന്ദത്തിനുവേണ്ടിയാണ്. പര്യടനം ആഹ്ലാദത്തിനുവേണ്ടിയാണ്.
അര്‍ജ്ജുനന്റെ ഉത്തരായണം തുടങ്ങി ഏറെ നാള്‍ കഴിഞ്ഞില്ല. യുധിഷ്ഠിരാദികള്‍ക്കിടയില്‍ നാരദമുനിയെത്തി. യുധിഷ്ഠിരന് മാനസികവിഷമങ്ങള്‍ ഉള്ളപ്പോഴെല്ലാം അദ്ദേഹം വന്നെത്താറുണ്ട്. ആദരോപചാരങ്ങള്‍ കഴിച്ച് യുധിഷ്ഠിരന്‍ ചോദിച്ചു. ”മുനീന്ദ്രാ! തീര്‍ത്ഥമാടാന്‍ ഭൂമിക്കുചുറ്റും പോയതുകൊണ്ടെന്തു ഗുണം? ദയവായി എല്ലാം പറഞ്ഞുതന്നാലും.”1 മുമ്പ് തീര്‍ത്ഥാടനം നടത്തി അഭിലാഷം സാധിച്ച മഹാന്മാരുടെ പേരുകള്‍ അദ്ദേഹം ആദ്യം പറഞ്ഞു. അതിലുത്സാഹം പ്രദര്‍ശിപ്പിച്ച തീര്‍ത്ഥതത്പരന്റെ മുമ്പില്‍ ഭാരതത്തിലാകമാനമുള്ള തീര്‍ത്ഥകേന്ദ്രങ്ങളുടെ നീണ്ട പട്ടിക നിരത്തി. തെക്കുതെക്കുള്ള കന്യാകുമാരിയും അദ്ദേഹം ഒഴിവാക്കിയില്ല.2 ഈ സുദീര്‍ഘവര്‍ണ്ണന കഴിഞ്ഞ് അദ്ദേഹം ഒറ്റ വാചകത്തില്‍ പറഞ്ഞു.3 തീര്‍ത്ഥാ ടനം കൊണ്ട് അഭീഷ്ടം സിദ്ധിച്ച പലപല പുണ്യചരിതന്മാരുടെ പേരുകളെടുത്തു പറഞ്ഞ് അദ്ദേഹം ചുരുക്കി. ”മനു, ഇക്ഷ്വാകു, പുരു, വൈന്യന്‍ മുതലായ ധന്യാത്മാക്കളെ പോലെ താങ്കള്‍ ശത്രുക്കളെ നശിപ്പിച്ച് പ്രജാപാലനം ചെയ്യും. സ്വധര്‍മ്മം കൊണ്ട് വിജയിച്ച് ധര്‍മ്മം വിടാതെ ഭൂമി ഭരിച്ച് യശസ്സു നേടും.” (വനപര്‍വം. – 85-127-130.) പാഞ്ചാലിയെ കൂട്ടുവിവാഹം ചെയ്ത പാണ്ഡവരുടെ ജീവിതവും ഭാവിയും നിര്‍വിഘ്‌നം മുന്നോട്ടുപോകാന്‍ പറ്റിയ വ്യവസ്ഥ ഏര്‍പ്പെടുത്താനും ഭരണം തുടങ്ങിയ ഉടനെ രാജാവിനെ ഉപദേശിക്കാനും യോഗ്യസമയത്തെത്തിയ നാരദമുനിയാണ് ഇപ്പോഴും എഴുന്നെള്ളിയത് എന്ന പരമാര്‍ത്ഥം വിസ്മരിക്കരുത്.
നാല് സഹോദരന്മാരും അവരുടെ ധര്‍മ്മപത്‌നിയും ധര്‍മ്മയാത്രയ്ക്ക് പുറപ്പെട്ടു. കൂടെ പുരോഹിതന്‍ ധൗമ്യനുമുണ്ടായിരുന്നു. അദ്ദേഹമറിയാത്ത തീര്‍ത്ഥസ്ഥലങ്ങളുണ്ടായിരുന്നില്ല. കാലാവസ്ഥയും ദൂരവും കണക്കാക്കാതെയുള്ള ആ ദീര്‍ഘപരിവ്രജനം അവര്‍ക്കെല്ലാം തപസ്സായിരുന്നു. ലോമശമഹര്‍ഷി മാര്‍ഗദര്‍ശിയായി ഉടനീളം അവര്‍ക്കൊപ്പമുണ്ടായിരുന്നു. സമയവും സൗകര്യവും നോക്കി അദ്ദേഹം അവര്‍ക്ക് ഒട്ടേറെ പൂര്‍വ്വികകഥകള്‍ പറഞ്ഞു മനസ്സിലാക്കി. ഒരുതരത്തില്‍ അവര്‍ക്കുകിട്ടിയ ജ്ഞാനസമ്പത്തായിരുന്നു അത്. വനവാസക്കാലത്തെ ശ്രീരാമലക്ഷ്മണന്മാരെ പോലെ വഴിയേ അവര്‍ പല പല മുനിവാടങ്ങള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തുനിന്നും ആ ആറുപേര്‍ക്ക് ലഭിച്ചത് മധുരസ്വരത്തിലുള്ള ശുഭാശീര്‍വാദവും ശുഭാശംസയുമാണ്. അതവരുടെ മനസ്സിന് സഞ്ജീവനിയായി.
തീര്‍ത്ഥാടകസംഘം പടിഞ്ഞാറെക്കരയിലുള്ള പ്രഭാസതീര്‍ത്ഥത്തിലെത്തി. അത് യാദവരുടെ കേന്ദ്രമായിരുന്നു. അവിടെവെച്ച് യാദവപ്രമുഖന്മാരായ ബലരാമനും കൃഷ്ണനും സാത്യകിയും ദ്രൗപദിയേയും നാല് സഹോദരന്മാരേയും കണ്ടു. അവരുടെ ശരീരസ്ഥിതിയും വേഷവും കണ്ട് യാദവഭ്രാതാക്കള്‍ വല്ലാതെ സങ്കടപ്പെട്ടു. അവര്‍ക്കു സംഭവിച്ച ദുര്‍ഭാഗ്യമോര്‍ത്ത് ബലരാമന്‍ വല്ലാതെ ചൊടിച്ചു. ധര്‍മ്മത്തേയും സത്യത്തേയും കാറ്റില്‍ പറത്തിയ ധാര്‍ത്തരാഷ്ട്രരേയും ഗാന്ധാരനേയും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വേളയില്‍ ഇടപെടാതിരുന്ന ഭീഷ്മരേയും ദ്രോണരേയും നിന്ദിച്ചു. യാദവന്മാരുടെ കര്‍ത്തവ്യമോര്‍മ്മിപ്പിച്ചുകൊണ്ട് ധാര്‍ത്തരാഷ്ട്രര്‍ക്കെതിരെ സൈനികാക്രമണത്തിന് നിര്‍ദ്ദേശിച്ചു. ഇതേറ്റുപിടിച്ച ശ്രീകൃഷ്ണശിഷ്യനായ വീരസാത്യകി, അധര്‍മ്മികളെ ഉടന്‍തന്നെ കൂട്ടത്തോടെ ഹനിച്ചു രാജ്യം വീണ്ടെടുത്ത് ധര്‍മ്മാനുസാരിയായ യുധിഷ്ഠിരനെ ഏല്പിക്കണമെന്നു പറഞ്ഞു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ശ്രീകൃഷ്ണന്‍ തന്റെ മൗനം ഭഞ്ജിച്ചുരചെയ്തു. ”കാര്യം നിങ്ങള്‍ പറയുംപോലെയല്ല. സ്വന്തം കരബലംകൊണ്ട് നേടാത്ത രാജ്യത്തെ കുരുമുഖ്യനായ യുധിഷ്ഠിരന്‍ സ്വീകരിക്കുന്നതല്ല. കാമം, ലോഭം, ഭയം എന്നിവ മൂലം ധര്‍മ്മാത്മജന്‍ ഒരിക്കലും സ്വധര്‍മ്മം കൈവെടിയുകയില്ല.” (വനപര്‍വം. – 120 – 23-24.)
ഇതുകേട്ട ധര്‍മ്മപുത്രന്‍ മൊഴിഞ്ഞു. ”കൃഷ്ണനൊരാള്‍ എന്നേയും ഞാന്‍ കൃഷ്ണനേയും ശരിക്കും മനസ്സിലാക്കിയിരിക്കുന്നു.”4 ദ്രൗപദീസ്വയംവരം മുതല്‍ ഇന്ന്, ഇതുവരെ ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനെ തുണച്ചുകൊണ്ടിരുന്നത് എന്തുകൊണ്ടാണ് എന്നത് ഈ ലഘുസംവാദത്തിലൂടെ വ്യക്തമാകുന്നു. ശ്രീകൃഷ്ണന്റെ ഭാവിയിലെ കാല്‍ച്ചുവടുകളും അത് സൂചിപ്പിക്കുന്നു.
പ്രഭാസതീര്‍ത്ഥത്തില്‍നിന്ന് തീര്‍ത്ഥാടകഗണം വിന്ധ്യാചലത്തില്‍നിന്നൊഴുകുന്ന പയോഷ്ണീതീര്‍ത്ഥത്തിലേയ്ക്ക് നീങ്ങി. കിഴക്കും പടിഞ്ഞാറും തെക്കുമുള്ള തീര്‍ത്ഥാടനം കഴിഞ്ഞ് സംഘം വടക്കോട്ട് നീങ്ങി. ഉത്തരദിശയില്‍ പുറപ്പെട്ടപ്പോള്‍തന്നെ കൃഷ്ണയ്ക്ക് ജിഷ്ണുദര്‍ശനത്തിന് ആതുരതയുണ്ടായി. അല്‍പസമയത്തിനുള്ളില്‍ അത് മറ്റുള്ളവരിലേയ്ക്കും പകര്‍ന്നു. കഠിനമായ ക്ലേശങ്ങള്‍ സഹിച്ച് അവര്‍ നരനാരായണാശ്രമത്തിലെത്തി. അതിന്നിടയില്‍ ദ്രൗപദിയേയും നകുലസഹദേവന്മാരേയും തട്ടിക്കൊണ്ടുപോകാന്‍ വന്ന ജടാസുരനെ ഭീമന്‍ വധിച്ചു. ഉത്തരോത്തരം മലകള്‍ കയറി അവര്‍ ഗന്ധമാദനപര്‍വ്വതത്തിലെത്തി. അവിടെ വെച്ച് അര്‍ജ്ജുനനെ കണ്ടപ്പോള്‍ ദാഹിച്ചുകൊണ്ടിരുന്ന കണ്ണുകള്‍ നിറഞ്ഞു. അത്യാനന്ദകരമായ സമാഗമമായിരുന്നു അത്.
അര്‍ജ്ജുനന്‍ സ്വന്തമനുഭവങ്ങള്‍ സരസം വിശദമായി വിവരിച്ചു. നേടിയ അപൂര്‍വ്വായുധങ്ങളെക്കുറിച്ചും വര്‍ണ്ണിച്ചു. ഇത്രയുംനാള്‍ സങ്കടം അകത്തൊതുക്കിവെച്ച യുധിഷ്ഠിരന്‍ ആ ദിവ്യായുധങ്ങള്‍ കാണാന്‍ മോഹിച്ചു. സാഭിമാനം ചാരിതാര്‍ത്ഥ്യത്തോടെ അനുജന്‍ ഒരുങ്ങി. ഉടനവിടെ നാരദമുനി പ്രത്യക്ഷപ്പെട്ട് ആ കൃത്യം തടഞ്ഞു. ”ലോകവിനാശകരമാണ് ആ ആയുധങ്ങള്‍. അവ പ്രദര്‍ശിപ്പിക്കേണ്ടവയല്ല. അവ ഒരിക്കലും പ്രയോഗിച്ചുകൂടാ” എന്നദ്ദേഹം വിശദീകരിച്ചു. ‘കയ്യിലായുധം വേണം, വളരെ ചിന്തിച്ചുവേണം അത് പ്രയോഗിക്കാന്‍’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ സാരം. ഉല്‍കൃഷ്ടാനുഭവം നേടിയ ധര്‍മ്മപുത്രരും ഹൈമവതപ്രാന്തത്തില്‍നിന്ന് ബഹുപ്രഹരണധാരിയായി വന്ന സവ്യസാചിയും നാളുകള്‍ കഴിഞ്ഞ് കൂടിച്ചേര്‍ന്ന അപൂര്‍വ്വരംഗമായിരുന്നു അത്. ഈ രംഗത്തെക്കു റിച്ചോര്‍ക്കുമ്പോള്‍ പഴയ ഒരു ശ്ലോകം ഓര്‍മ്മവരുന്നു. ”മുമ്പിലോ നാലുവേദങ്ങള്‍, പിന്നില്‍ വില്ലുമമ്പും ഈ ബ്രാഹ്‌മ്യശക്തിയും ഈ ക്ഷാത്രശക്തിയും ശാപത്തില്‍നിന്നും ശരത്തില്‍നിന്നും രക്ഷിക്കും.”5
ഇതോടെ പാണ്ഡവരുടെ തീര്‍ത്ഥാടനം സമാപിച്ച മട്ടായി. ഇപ്പോഴത്തെ അവരുടെ മനഃസ്ഥിതി തീര്‍ത്ഥാടനത്തിന് മുമ്പത്തേതായിരുന്നില്ല. തീര്‍ത്ഥാടനവും ദുര്‍ലഭായുധസമ്പാദനവും അവരുടെ മനസ്സ് പ്രസന്നവും ആത്മവിശ്വാസപൂര്‍ണ്ണവുമാക്കി. വ്യാസന്‍ ഉപദേശിച്ച ‘പ്രതിസ്മൃതി’ വിദ്യ ഫലപ്രദമായി.
1 പ്രദക്ഷിണാം യഃ കുരുതേ പൃഥിവീം തീര്‍ത്ഥതത്പരഃ
കിം ഫലം തസ്യ കാര്‍ത്സ്യേന തദ്ഭവാന്‍ വക്തുമര്‍ഹസി. – വനപര്‍വം. – 81 – 11.
2 തതസ്തീരേ സമുദ്രസ്യ കന്യാതീര്‍ത്ഥമുപസ്പൃശേത്. – വനപര്‍വം. – 85 – 23.
3 തീര്‍ത്ഥയാത്രാ മഹാപുണ്യം സര്‍വപാപപ്രമോചനീ. – വനപര്‍വം. – 85 – 114.
4 കൃഷ്ണസ്തു മാം വേദ യഥാവദേകഃ
കൃഷ്ണം ച വേദാഹമഥോ യദാവത്. – വനപര്‍വം. 120 – 27.
5 അഗ്രതഃ ചതുരോ വേദാഃ പൃഷ്ഠതഃ സശരം ധനുഃ
ഇദം ബ്രാഹ്‌മ്യമിദം ക്ഷാത്രം ശാപാദപി ശരാദപി.