Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ലേഖനം

മഹാഭാരതത്തിലെ ചൂത് – ചില തിരുത്തുകള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 11)

ആര്‍.ഹരി

Print Edition: 13 October 2023
വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ പരമ്പരയിലെ 17 ഭാഗങ്ങളില്‍ ഭാഗം 11
wp-content/uploads/2023/08/hariyettan1-1.jpg
വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍
  • പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
  • അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
  • പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
  • മഹാഭാരതത്തിലെ ചൂത് – ചില തിരുത്തുകള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 11)
  • അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
  • അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
  • അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)

ചൂത്-തമോഗുണങ്ങളുടെ മത്സരം
വാതുവെച്ചുള്ള കളികളും പരിപാടികളും ലോകത്തിലെവിടെയും പണ്ടേ മുതലുണ്ട്. മൈതാനത്തിലിറങ്ങിക്കളിക്കുന്ന കളികളും മുറിക്കുള്ളിലിരുന്നു കളിക്കുന്ന കളികളുമുണ്ട്. സ്വന്തം മിടുക്കിനെ ആശ്രയിക്കാത്ത ഭാഗ്യപരീക്ഷണമാണ് അവയുടെ കാതല്‍. പൊതുവെ അവയ്ക്ക് പിന്നിലുള്ളത് ധനമദവും സ്ഥാനമദവും രാജമദവുമാണ്. അവയ്ക്ക് അവയുടേതായ മത്തുണ്ട്. മര്യാദക്കാരും സാത്വികരായ സാധാരണക്കാരും അവയെ ഇഷ്ടപ്പെടാറില്ല. അവയുടെ ഏഴയലത്തുപോലും അവര്‍ പോവില്ല. ഇംഗ്ലീഷ് ഭാഷയില്‍ ‘ഗാംബ്ലിംഗ്’ എന്നാണ് ഇത്തരം കളികളെ വിശേഷിപ്പിക്കാറ്. സുപ്രസിദ്ധമായ റോമന്‍ സാമ്രാജ്യം അധഃപതിച്ചു ശിഥിലമാകാനുള്ള കാരണങ്ങളിലൊന്ന് ഈ ഗാംബ്ലിംഗായിരുന്നു. യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ കാലത്തും ഈ വക സ്പര്‍ദ്ധകള്‍ രൂപംകൊണ്ടു. അവയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ടത് കുതിരപ്പന്തയമായിരുന്നു. യൂറോപ്യന്‍ അഭിനിവേശക്കാര്‍ എത്തിയേടത്തെല്ലാം അവര്‍ അതിന് പറ്റിയ വിശാലതമമായ സമതലങ്ങളൊരുക്കി. റേയ്‌സ് കോഴ്‌സ് ഗ്രൗണ്ട് (Race Course Ground) എന്നാണവ അറിയപ്പെട്ടുപോന്നത്. ഇംഗ്ലീഷുകാര്‍ സുഖവാസസ്ഥലങ്ങളില്‍ പോലും ഇവ നിര്‍മ്മിച്ചു. ഉദാഹരണം ഊട്ടിയിലെ വിശാലമൈതാനം. ഈ മത്സരത്തിന്റെ പ്രത്യേകത നേടുന്നവനും തുലയുന്നവനും സവാരിക്കാരനായിരുന്നില്ല. കുതിരകളുടെ ഉടമസ്ഥന്മാരും പ്രേക്ഷകരുമായിരുന്നു. പന്തയത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ബുദ്ധിപ്രയോഗത്തിന്റേയോ പ്രയത്‌നത്തിന്റേയോ ആവശ്യമുണ്ടായിരുന്നില്ല. നാടന്‍ കോഴിപ്പോരും ഇതേ ഗണത്തില്‍ പെടുത്താവുന്നതാണ്. ചത്തുപോകുന്നത് കോഴി, പണം പറ്റുന്നത് മനുഷ്യന്‍ – അതാണവിടെ സംഭവിക്കുന്നത്. തമോഗുണപ്രധാനമാണ് ഇത്തരം മത്സരങ്ങള്‍. ഷോടതിയടിച്ച് (കുറിച്ചിട്ടി) പണമുണ്ടാക്കാനുള്ള പ്രക്രിയയാണ് അവിടത്തേത്.

ഈ മനശ്ശാസ്ത്രം മെനഞ്ഞെടുത്ത കളിയാണ് ഭാരതത്തിലെ ദ്യൂതം അഥവാ ചൂത്. – പ്രധാന വ്യത്യാസമൊന്നുമാത്രം – അതില്‍ നേരിട്ടുള്ള പങ്കാളിത്തം നിര്‍ബന്ധമാണ്. എന്നാല്‍ കളിക്കാരന്റെ ബുദ്ധിക്ക് ഒരുപങ്കുമില്ല. പകിടയെറിഞ്ഞു ഭാഗ്യം പരീക്ഷിക്കലാണവിടെ നടക്കുന്നത്. അതിന്റെ കൂടെ വാതുവെച്ചു പന്തയം വെയ്ക്കുക കൂടിയാകുമ്പോള്‍ അതിന്റെ ആകര്‍ഷണീയത പലമടങ്ങ് പെരുകുന്നു. അത് തിരികൊളുത്തുന്ന മോഹമാണ് ആ കളിയുടെ മര്‍മ്മം. അതാണ് താമസപ്രകൃതികളെയെന്നപോലെ രാജസപ്രകൃതികളെയും കളിത്തട്ടിലെത്തിക്കുന്നത്. അന്നേരം കളി വിട്ട് നേട്ടത്തില്‍ കണ്ണ് നടുമ്പോള്‍ കപടത തലപൊക്കുന്നു. കപടന് വിലയേറുന്നു. കള്ളനാണയം ശരിയായ നാണയത്തെ പിന്തള്ളുന്നതുപോലെ കപടന്‍ മുന്നോട്ടുവരുന്നു. സത്യസന്ധനായ കളിക്കാരന്‍ പിന്തള്ളപ്പെടുന്നു. തുടര്‍ന്ന് നേരും നേര്‍മ്മയും ഹനിക്കപ്പെടുന്നു.

ഈ കാപട്യം കണ്ടിട്ടാണ്, ‘നല്ല കള്ള്’ അല്ലെങ്കില്‍ ‘നല്ല കള്ളന്‍’ എന്ന് പറയുംപോലെ ‘ചതിക്കളികളില്‍ ഞാന്‍ ദ്യൂതമാണ്’ എന്ന് വിഭൂതിവിസ്താരയോഗത്തില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്. ഇവിടെ ‘നല്ല കള്ള്’ എന്ന് പറയുമ്പോള്‍ നന്മയേറിയ കള്ള് എന്നല്ല അര്‍ത്ഥം. നേരേ മറിച്ച് മികച്ച കള്ള് എന്നാണ്. അതുപോലെ ‘നല്ല കള്ളന്‍’ എന്ന് പറയുമ്പോള്‍ നന്മയുള്ള കള്ളന്‍ എന്നല്ല അര്‍ത്ഥം, അതിമിടുക്കുള്ള കള്ളന്‍ എന്നാണ്. ശ്രീകൃഷ്ണന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കാതെ ചൂതാണ് കളികളിലെ ദൈവം എന്ന് പറഞ്ഞ് ഒരാള്‍ കളിക്കാന്‍ പുറപ്പെട്ടാല്‍ അയാളെക്കുറിച്ചെന്തു പറയാന്‍!

ചൂത് ഋഗ്വേദത്തില്‍?
”ഋഗ്വേദത്തില്‍ പറഞ്ഞ കളിയാണ് ദ്യൂതം, അതുകൊണ്ട് യുധിഷ്ഠിരന്‍ ചൂതുകളിച്ചതില്‍ ഒരു തെറ്റുമില്ല” എന്ന് എറണാകുളത്തു നടന്ന ഒരു സപ്താഹത്തില്‍ തട്ടിവിട്ട ഒരു പണ്ഡിതനെ എനിക്ക് നേരിട്ടറിയാം. നായക്കൂട് കണ്ട് പശുത്തൊഴുത്തിനെ വിലയിരുത്തുന്ന ഒരു വൈകൃതമാണത്. ഋഗ്വേദത്തില്‍, ദ്യൂതത്തെക്കുറിച്ചു പതിന്നാല് ഈരടികളുള്ള ഒരു സൂക്തമുണ്ടെന്നത് സത്യമാണ്. എന്നാലത് ദ്യൂതത്തിന്റെ ദോഷങ്ങള്‍ ചൂണ്ടിക്കാണിച്ച് ആ കളി ഒരുകാലത്തും കളിക്കരുത് എന്ന് ശാസിക്കാന്‍ വേണ്ടിയാണ്. നാല് വേദങ്ങളിലെയും സൂക്തങ്ങള്‍ തിരഞ്ഞെടുത്ത് അവയിലെ ചില ഋക്കുകള്‍ മന്ത്രമായി കരുതി ഉരുക്കഴിച്ചാല്‍ ജീവിതം മംഗളകരമാകും എന്ന് ശ്രുതികള്‍ പറയുന്നുണ്ട്. അങ്ങനത്തെ മന്ത്രങ്ങളില്‍ ദ്യൂതസൂക്തത്തിലെ ഒരു വരിപോലും പെടുത്തിയിട്ടില്ല. ഇത് മനസ്സിലാക്കാതെയാണ് നമ്മുടെ മാന്യന്‍ ചൂതുകളിച്ചവന് വേദത്തിന്റെ പിന്‍ബലത്തില്‍ പ്രമാണപത്രം നല്‍കിയത്.

ഇനി നമുക്ക് ഋഗ്വേദത്തിലെ ആ സൂക്തം എന്തുപറയുന്നുവെന്ന് നോക്കാം. ഗദ്യത്തില്‍ പകര്‍ത്തട്ടെ.
1. ‘കീഴ്ത്തലങ്ങളില്‍ രൂപപ്പെട്ട് അങ്ങുമിങ്ങും ആടിച്ചാടുന്ന ചൂതുപകിടകള്‍ എന്നെ മദിപ്പിക്കുന്നു. (കാശ്മീരത്തിലെ) മുഞ്ജവാന്‍ മലയില്‍ മുളച്ച സോമലതയുടെ മധുരച്ചാറു കുടിച്ച് ഇമ്പമുണ്ടാകുന്നതുപോലെ താന്നിത്തടികൊണ്ടുണ്ടാക്കുന്ന പകിടകള്‍ എന്നെ മോഹിപ്പിക്കുന്നു’.
2. ‘ഒരിക്കലും എന്നെ അനാദരിക്കാത്തവളാണ് എന്റെ ഈ പത്‌നി. നാണം തോന്നേണ്ട അവസരവും അവള്‍ ഉണ്ടാക്കുന്നില്ല. എനിക്കും എന്റെ കൂട്ടുകാര്‍ക്കും മംഗളം അരുളുന്നവളാണവള്‍. (എന്നിട്ടും) ഈ പകിടകള്‍ കാരണം രാഗിണിയായ ആ പത്‌നിയെ വിട്ടുകളഞ്ഞു ഞാന്‍’.
3. ‘ചൂതാട്ടക്കാരനെ പത്‌നിയുടെ അമ്മ വെറുക്കുന്നു, പത്‌നി ഒഴിവാക്കുകയും ചെയ്യുന്നു. അവന്‍ ഇരന്നു നടക്കുമ്പോള്‍ ആരും ഒന്നും കൊടുക്കുന്നില്ല. വിലപ്പെട്ടതാണെങ്കിലും വയസ്സായ കുതിരയെ എന്നപോലെ ചൂതാട്ടക്കാരനായ എന്നേയും ആരും ആദരിക്കുന്നില്ല, ആനന്ദിപ്പിക്കുന്നുമില്ല’.
4. ‘ചൂതില്‍ തോറ്റവന്റെ ഭാര്യയെ ജയിച്ചവന്‍ കയ്യേറ്റം ചെയ്യുന്നു. ചൂതില്‍ തോറ്റവനെ അറിയില്ലെന്ന് അച്ഛനും അമ്മയും ഉടപ്പിറന്നവനും വിളിച്ചുപറയുന്നു. അവനെ പിടിച്ചുകൊണ്ടുപോകാന്‍ സമ്മതിക്കുന്നു’.
5. ‘കളിക്കൂട്ടുകാര്‍ എന്നെ അപഹസിക്കുന്നതുകൊണ്ട് ഇനി ഇക്കളിക്കില്ലെന്നു ഞാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ചുകപ്പും മഞ്ഞയും നിറമുള്ള പകിടകള്‍ ഉരുട്ടിക്കാണുമ്പോള്‍ എനിക്കു പിടിച്ചുനില്‍ക്കാനാവുന്നില്ല. ഞാന്‍ അവര്‍ക്കിടയില്‍ തേവിടിശ്ശിയെപ്പോലെ തിക്കിച്ചെല്ലുന്നു’.
6. ‘ഇന്ന് ഏതു പണക്കാരനെ അടിപ്പെടുത്തണമെന്നു കണക്കാക്കി കളിക്കാരന്‍ കളിപ്പുരയില്‍ ഞെളിഞ്ഞെത്തുന്നു. ജയിക്കേണ്ട വാശിയോടെ കളിച്ചുതുടങ്ങുന്നു. സ്വത്തുപണയത്തിന്റെ തോത് കൂട്ടിക്കൊണ്ടുവരുന്നു’.
7. ‘പകിടകള്‍ തോറ്റവനെ തോട്ടികുത്തുംപോലെ കുത്തുന്നു. കൂരമ്പു പോലെ കുത്തിത്തുളയ്ക്കുന്നു. കത്തിപോലെ കണ്ടിക്കുന്നു. സകലതും മുടിച്ച് കുടുംബിനിക്ക് കെടുതിയുണ്ടാക്കുന്നു. എന്നാല്‍ ജയിച്ചവന് സന്താനലാഭംപോലെ സന്തോഷം നല്‍കുന്നു. ജയിച്ചവന്‍ തേന്‍മൊഴികള്‍ മൊഴിയുമ്പോള്‍ തോറ്റവന് ദുര്‍ഗ്ഗതി തന്നെ ഗതി’.

8. ‘ഈ കളിസംഘം സത്യധര്‍മ്മനായ സൂര്യഭഗവാനെപ്പോലെ കളിക്കുന്നു. കൊലകൊമ്പന്റെ കോപത്തിനുമുമ്പിലും കുമ്പിടുന്നില്ല. കൊനാതിരിപോലും ഇവര്‍ക്കുമുമ്പില്‍ കുമ്പിടുന്നു’.
9. ‘ഈ പകിടകള്‍ കീഴ്‌മേലുരുളുന്നു. അവയ്ക്കു കയ്യില്ല. എങ്കിലും കയ്യിലകപ്പെട്ടവരെ അടിപ്പെടുത്തുന്നു. ദിവ്യത്വമുള്ളവയാണവ. എന്നാല്‍ എരികനല്‍പോലെ എരിക്കുന്നു. തൊടുമ്പോള്‍ തണുത്തതാണവ. എന്നാല്‍ തോല്‍വിയുടെ നെഞ്ചിടിപ്പുമൂലം ചുട്ടുപഴുത്തവയായി തോന്നുന്നു’.
10. ‘ചൂതാട്ടക്കാരന്റെ ത്യക്തയായ ദയിത ദുഃഖത്തില്‍ കഴിയുന്നു. തിരഞ്ഞുനടക്കുന്ന അമ്മായിയമ്മ അഴലില്‍ നീറുന്നു. കടത്തില്‍ മുങ്ങിയ ആട്ടക്കാരനോ അരണ്ടുരുണ്ട് പാതിരായ്ക്ക് കക്കാന്‍ അന്യന്റെ വീട്ടില്‍ പോകുന്നു’.
11. ‘ചൂതാട്ടക്കാരന്‍ പരദാരങ്ങളില്‍ സുകൃതം കാണുന്നു. സ്വന്തം കാന്തയില്‍ വിരാഗവും. നേരം വെളുക്കുമ്പോള്‍ അവന്‍ പകിടയെറിഞ്ഞു കളി തുടങ്ങുകയായി. രാവടുക്കുമ്പോള്‍ വീണ്ടും വഷളന്‍ തീയ്ക്കരികെ!’
12. ‘അല്ലയോ ചൂതാട്ടക്കാരേ! നിങ്ങളുടെ നേതാക്കന്മാരും രാജാവുമുണ്ടല്ലോ, അവരെ ഞാന്‍ പത്തുവിരലുകളും ചേര്‍ത്ത് നമസ്‌കരിക്കുന്നു. അവര്‍ എനിക്കു പണമൊന്നും തരേണ്ട. ഞാന്‍ നേരേ നേരു പറയട്ടെ’.
13. ‘ചൂതാട്ടക്കാരാ, ഒരിക്കലും ചൂതു കളിക്കരുത്. അദ്ധ്വാനിച്ചു കൃഷിയിറക്കുക. പശുക്കളെ പോറ്റുക. അതില്‍ക്കൂടി കിട്ടുന്ന മാന്യമായ സമ്പത്തു കൊയ്ത് സുഖത്തോടെ ജീവിക്കുക. ഭാര്യയെ ആദരിക്കുക. സാക്ഷാല്‍ സൂര്യദേവനാണ് എന്നോട് ഇക്കാര്യം അരുള്‍ചെയ്തത്’.
14. ‘ചൂതാട്ടക്കാരേ! ഞങ്ങളോട് ചങ്ങാത്തം ചേരുക. ഞങ്ങള്‍ക്കു നന്മ ചെയ്യുക. ഞങ്ങളെ വെറുപ്പോടെ അടങ്ങാത്ത അരിശത്തോടെ ആഞ്ഞടിക്കാതിരിക്കുക. നിങ്ങളുടെ അരിശത്താല്‍ അടിപ്പെടുന്നത് നമ്മുടെ ആരാതികളാകട്ടെ. അവരാകട്ടെ മഞ്ഞപ്പകിടകളില്‍ കുടുങ്ങുന്നവര്‍’.

യുധിഷ്ഠിരന്റെ പ്രമാദങ്ങള്‍
മേല്‍പ്പറഞ്ഞവയില്‍ അഞ്ചാമത്തെ ശ്ലോകത്തിന്റെ പ്രത്യക്ഷദൃഷ്ടാന്തമാണ് യുധിഷ്ഠിരന്‍, അതുകൊണ്ടാണ് അദ്ദേഹം കയ്‌പ്പേറിയ അനുഭവം മറന്ന് വീണ്ടും കളിക്കാന്‍ ഇറങ്ങിയത്. അതായിരുന്നു അദ്ദേഹത്തെ ബാധിച്ച പ്രമാദം. അദ്ദേഹം അകര്‍ത്തവ്യത്തെ കര്‍ത്തവ്യമായി കണക്കാക്കുന്നു. അതദ്ദേഹത്തിന്റെ മൂലസ്വഭാവത്തിന് വിപരീതമായിരുന്നു. ഇവിടെ കടുത്ത വേദനയോടെ വ്യാസശിഷ്യനായ വൈശമ്പായനന്‍ പറയുന്നു. ”സ്വര്‍ണ്ണമയമായ മാന്‍ ലോകത്തിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും രാമന്‍ അതിനുവേണ്ടി മോഹിച്ചു. അതുപോലെയാണ് വിനാശമടുത്തവന്റെ ബുദ്ധി തെറ്റായ വഴിക്കു നീങ്ങുന്നത്.”1 ശ്രീരാമന് വിനാശകാലമടുത്തപ്പോള്‍ തോന്നേണ്ടത് തോന്നിയപോലെ ധര്‍മ്മപുത്രനും തോന്നി എന്നു വിവക്ഷ.

ഇനി ചിലര്‍ ധര്‍മ്മപുത്രരുടെ ഈ ദൗര്‍ബല്യത്തെ വെള്ള പൂശാന്‍ പറയുന്നു. ”അക്കാലത്ത് ക്ഷത്രിയര്‍ക്കിടയില്‍ നടപ്പുള്ള ധര്‍മ്മമായിരുന്നു ദ്യൂതം. ആ ധര്‍മ്മത്തില്‍ ഊന്നിനിന്നുകൊണ്ടാണ് ധര്‍മ്മപുത്രര്‍ ചൂതിന് സമ്മതിച്ചത്.” ഇവിടെ ഒന്നാമത്തെ പിശക് ദുര്‍വ്യവഹാരത്തെ ധര്‍മ്മമായി കരുതിയതാണ്. ദ്യൂതം അക്കാലത്ത് ക്ഷത്രിയര്‍ക്കിടയിലെ ഒരു ദുര്‍വ്യവഹാരമായിരുന്നു. ഒരിക്കലും ധര്‍മ്മമായിരുന്നില്ല. ക്ഷത്രിയര്‍ക്കും ബ്രാഹ്‌മണര്‍ക്കും ഉച്ചസ്ഥര്‍ക്കുമിടയില്‍ മേല്‍ക്കൈയുള്ള കളിയായിരുന്നു ദ്യൂതം. ഗാന്ധാരത്തിലെ ശകുനിയും ഹസ്തിനപുരത്തിലെ ദുര്യോധനനും ഇന്ദ്രപ്രസ്ഥത്തിലെ യുധിഷ്ഠിരനും മത്സ്യദേശത്തിലെ വിരാടനുമെല്ലാം ഈ രാജകീയ നേരംപോക്കിനു വിധേയരായിരുന്നു. ”ഹസ്തിനപുരത്തിലെ കൊട്ടാരത്തില്‍ ചൂതുകളിച്ചു തഴമ്പിച്ച ബ്രാഹ്‌മണനാണ് ഞാന്‍” എന്ന് പറഞ്ഞാണ് യുധിഷ്ഠിരന്‍ വിരാടരാജാവിന്റെ സന്നിധിയില്‍ ഒളിവില്‍ കഴിഞ്ഞുകൂടിയത്. ബ്രാഹ്‌മണരും ഇപ്പറഞ്ഞ ദ്യൂതത്തില്‍നിന്നു മാറിനിന്നിരുന്നില്ല എന്നതിന് തെളിവാണ് യുധിഷ്ഠിരന്റെ വാക്കുകള്‍. എല്ലാ വര്‍ണ്ണങ്ങള്‍ക്കുമിടയിലെ ആഭിജാത്യരുടെ കളിയായിരുന്നു അത്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അക്കാലത്തെ ഉന്നതര്‍ക്കിടയിലെ ഒരു ഗാംബ്ലിംഗായിരുന്നു അത്. അതിന് ധര്‍മ്മത്തിന്റെ അങ്കി ചാര്‍ത്തുന്നത് സത്യത്തിനു വിരുദ്ധമായ ജല്പമാണ്.

മനുവിന്റെ ‘മാനവധര്‍മ്മശാസ്ത്രം’ അതിനെക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക. ”ചൂതും അതുപോലുള്ള കളികളും കളിക്കുകയോ കളിപ്പിക്കുകയോ ചെയ്യുന്നവരെ ജാതി-വര്‍ണ്ണങ്ങള്‍ നോക്കാതെ പ്രജാപാലകന്‍ അംഗഭംഗം ചെയ്ത് ശിക്ഷിക്കണം. പണ്ട് കാലത്തും ഈ ചൂത് കടുത്ത വൈരമുണ്ടാക്കുന്ന കളിയായിരുന്നു. അതുകൊണ്ട് ഒരാളും നേരംപോക്കിനാണെങ്കിലും അത് കളിക്കരുത്. ഒളിച്ചോ തെളിച്ചോ കളിക്കുന്നവര്‍ക്ക് പ്രജാപതി തക്ക ശിക്ഷ നല്‍കണം.” (9 – 224 – 228.) ഇവിടെ ഏതെങ്കിലുമൊരു ജാതിയേയോ വര്‍ണ്ണത്തെയോ മനു എടുത്തുപറയുന്നില്ല. അദ്ദേഹത്തിന്റെ അനുശാസനം മുഴുവന്‍ മനുഷ്യരാശിക്കുള്ളതാണ്. ഈ മാനവധര്‍മ്മശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ യുധിഷ്ഠിരന്റെ ചൂതുകളി ധര്‍മ്മാനുസാരമായിരുന്നു എന്ന് എങ്ങനെ പറയും? അത് ധര്‍മ്മാചരണമല്ലായിരുന്നു, മറിച്ച് ദുരാചരണമായിരുന്നു!

പില്‍ക്കാല കുറ്റസമ്മതം
പിന്നീടെങ്കിലും ഈ അബദ്ധം യുധിഷ്ഠിരന്‍ തന്നെ മനസ്സിലാക്കിയതായി കാണുന്നു. അദ്ദേഹം ചൂതുകളിക്കാനിറങ്ങിയ ബുദ്ധിമോശത്തെക്കുറിച്ച് വനവാസത്തിലെ സംഭാഷണങ്ങള്‍ക്കിടയില്‍ ദ്രൗപദിയും ഭീമനും പറയുമായിരുന്നു. ഒരവസരത്തില്‍ കാര്യം തുറന്നുപറഞ്ഞ് അദ്ദേഹം ഭീമനെ ആശ്വസിപ്പിക്കാന്‍ നോക്കി. ”ഭീമസേനാ! നീ എന്നെ ഇങ്ങനെ കുത്തിക്കുത്തി പറഞ്ഞ് വിഷമിപ്പിക്കുന്നു. അതിന് ഞാന്‍ നിന്നെ കുറ്റപ്പെടുത്തുകയില്ല. എന്റെ ദുഷ്പ്രവൃത്തി കൊണ്ടുതന്നെയാണ് നിങ്ങളെല്ലാം ദുരിതത്തിലായത്. ശരിയാണത്. രാജ്യം കൈക്കലാക്കാനുള്ള ദുരുദ്ദേശ്യത്തോടെയാണ് ദുര്യോധനന്‍ എന്നെ വിളിപ്പിച്ചതെന്ന് എനിക്കറിയാം. അയാളോട് കളിക്കാന്‍ ഞാനേറ്റു. എന്നാല്‍ അയാള്‍ക്കുപകരം കളിച്ചത് ശകുനിയായി. കാപട്യത്തില്‍ മിടുക്കനായ അയാള്‍ എന്നെ പറ്റിച്ചു നേട്ടമുണ്ടാക്കി. അയാളുടെ കാപട്യം തിരിച്ചറിഞ്ഞ് ഞാന്‍ അന്നേരം തന്നെ പിന്‍വാങ്ങേണ്ടിയിരുന്നു. എന്നാല്‍ ഈര്‍ഷ്യ മനുഷ്യന്റെ ധൈര്യം നശിപ്പിക്കുന്നു. അത് മനോനിയന്ത്രണമില്ലാതാക്കുന്നു. അതോടെ പൗരുഷം മങ്ങുന്നു, സാഹസം മുങ്ങുന്നു. എനിക്കെന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. തല്‍ഫലമായി നിങ്ങളൊക്കെ കഷ്ടത്തിലായി. നമ്മുടെ വിധി എന്നല്ലാതെ മറ്റെന്തു പറയാന്‍?” (വനപര്‍വം. – 34 – 1 – 5.)

സൂക്ഷിച്ചു വിലയിരുത്തുക – സ്വന്തം സഹോദരങ്ങളോടുപോലും. കളിയുടെ ഒന്നാംവട്ടത്തില്‍ അദ്ദേഹം ശകുനിയോട് പറയുന്നു. ”കളിക്കാന്‍ വിളിക്കപ്പെട്ടാല്‍ അതില്‍നിന്ന് പിന്‍വാങ്ങില്ല എന്നതാണെന്റെ വ്രതം.”2 ഇവിടെയും ധര്‍മ്മപുത്രര്‍ ക്ഷാത്രധര്‍മ്മത്തെ തടയായി പിടിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, യുധിഷ്ഠിരന്‍ ചൂതുകളിച്ചത് ക്ഷാത്രധര്‍മ്മത്തിന്റെ പേരിലോ അത് ആശാസ്യമായ കളി ആയതുകൊണ്ടോ അല്ല, അദ്ദേഹത്തിന്റെ ഹൃദയഗുഹയില്‍ പതിയിരുന്ന ദുര്‍വാസന കൊണ്ടാണ്. അദ്ദേഹം തന്നെ അത് സമ്മതിക്കുന്നുമുണ്ട്. നാം കാണുന്നതെന്തെന്നാല്‍ ശ്രീകൃഷ്ണനും വ്യാസനും ഉപദേശിച്ച അപ്രമാദത്വം ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കൈമോശമായി എന്നതാണ്.

1 അസംഭവേ ഹേമയസ്യ ജന്തോഃ
തഥാപി രാമോ ലുലുഭേ മൃഗായ
പ്രായഃ സമാസന്നപരാഭവാണാം
ധിയോ വിപര്യസ്തതരാ ഭവന്തി. – സഭാപര്‍വം. – 76 – 5.
2 ആഹൂതോ ന നിവര്‍ത്തേയമിതി മേ വ്രതമാഹിതം. – സഭാപര്‍വം. – 59 – 18.

Series Navigation<< രാജസ്ഥാനത്തെ  പ്രമാദങ്ങള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 10)വനവാസത്തിന്റെ പ്രാരംഭദിനങ്ങള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 12) >>
Tags: വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍
Share1TweetSendShare

Related Posts

ഇന്നത്തെ ഗാസ നാളത്തെ കേരളം

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

അയ്യായിരം കോടിയുടെ സ്വത്ത് 50 ലക്ഷത്തിന് കയ്യടക്കിയ ഹെറാള്‍ഡ് മാജിക്‌

മതവിവേചനങ്ങള്‍ വിലക്കപ്പെടുമ്പോള്‍

ഖിലാഫത്തും ദേശീയതയും നേര്‍ക്കുനേര്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies