- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- രാജസ്ഥാനത്തെ പ്രമാദങ്ങള്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 10)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
രാജസൂയം കഴിഞ്ഞ് അതില്‍ ബ്രഹ്‌മസ്ഥാനം വഹിച്ചിരുന്ന വ്യാസന്‍ കൈലാസത്തില്‍ തപസ്സിനുപോകാനൊരുങ്ങി. അഞ്ച് സഹോദരന്മാരും വിനയത്തോടെ അദ്ദേഹത്തെ തൊഴുതു. ധര്‍മ്മപുത്രര്‍ ആ പിതാമഹനോട് രാജസൂയഫലപ്രാപ്തിയെക്കുറിച്ചന്വേഷിച്ചു. സ്വല്പമൊന്ന് ചിന്തിച്ചതിനുശേഷം അദ്ദേഹമുരിയാടി:- ”യുധിഷ്ഠിരാ! പതിമൂന്ന് വര്‍ഷം കഴിഞ്ഞ് അതിഭയങ്കരമായ ആപത്തുണ്ടാകും. സകല ക്ഷത്രിയന്മാരും അപ്പോള്‍ നശിക്കും. നീയൊരാളായിരിക്കും അതിന് കാരണം. ദുര്യോധനന്റെ അപരാധത്താലും ഭീമാര്‍ജ്ജുനന്മാരുടെ ബലത്താലും ഭൂമിയിലെ ക്ഷത്രിയന്മാരൊക്കെ നശിക്കും. (സഭാപര്‍വം. -46-11-12) ഒടുവില്‍ കൂട്ടിച്ചേര്‍ത്തു. ”അപ്രമത്തഃ സ്ഥിതോ ദാന്തഃ പൃഥിവീം പരിപാലയ” (പ്രമാദമില്ലാതെ ആത്മനിയന്ത്ര ണത്തോടെ ഭൂപാലനം ചെയ്യുക.) (സഭാപര്‍വം. – 46 – 17.) ഒന്നുരണ്ട് വാക്കുകളുടെ വ്യത്യാസത്തോടെ ശ്രീകൃഷ്ണന്‍ പറഞ്ഞ വാചകം തന്നെ. ശ്രീകൃഷ്ണന്‍ ഒറ്റ വാചകത്തില്‍ പറഞ്ഞതിന്റെ വിശദീകരണമാണ് വ്യാസന്റെ വാചകങ്ങള്‍. കാലം, കാരണം, പ്രവൃത്തി, പരിഹാരം, ഫലം എന്നീ അഞ്ചുകാര്യങ്ങളെക്കുറിച്ചു വളച്ചുകെട്ടില്ലാതെ അദ്ദേഹം പ്രവചിക്കുന്നു. കാലം – പതിമൂന്നുവര്‍ഷം, കാരണം – യുധിഷ്ഠിരന്റെ പ്രവൃത്തി, പ്രവൃത്തി ദുര്യോധനാപരാധം, പരിഹാരം – ഭീമാര്‍ജ്ജുനന്മാരുടെ ബലപ്രയോഗം, ഫലം-ഭൂമുഖത്തെ ക്ഷത്രിയനാശം. ഇത്രയും പറഞ്ഞുകഴിഞ്ഞ് കാരണമൊഴിവാക്കാന്‍ വേണ്ടിയാണ് അപ്രമത്തനും ദാന്തനുമായി നാട് ഭരിക്കുക എന്നുപദേശിച്ചത്. ഈ ഉപദേശത്തിന്റെ നിരാകരണമാണ് പിന്നത്തെ കഥ.
സ്ഥലജലഭ്രമങ്ങള്‍!
രാജസൂയം കഴിഞ്ഞ് ശ്രീകൃഷ്ണനും വ്യാസനും മഹാരാജാക്കന്മാരുമെല്ലാം മടങ്ങിപ്പോയിട്ടും ശകുനിയും ദുര്യോധനനും ഇന്ദ്രപ്രസ്ഥത്തില്‍ തങ്ങി. തിരക്കൊഴിഞ്ഞ അന്തരീക്ഷത്തില്‍ അമ്മാവനും അനന്തിരവനും സൂക്ഷ്മബുദ്ധിയോടെ നവസൗധം ചുറ്റിക്കണ്ടു. ഇടയ്ക്ക് ദുര്യോധനന്‍ ആ നവ്യത അനുഭവിക്കുകയും ചെയ്തു. ജലത്തെ നിലമായും നിലത്തെ ജലമായും കണ്ട അദ്ദേഹം വിശാലമായ മുറിയില്‍ ജലത്തില്‍ വീണു നനഞ്ഞു.
ഇവിടെ ഒരു ശ്രദ്ധക്ഷണിക്കല്‍: ദുര്യോധനന്‍ വീണ രംഗം കാണാന്‍ മഹിളകളാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. അവരെല്ലാം അന്തപ്പുരത്തിലായിരുന്നു. ശ്രീകൃഷ്ണനുമുണ്ടായിരുന്നില്ല. അദ്ദേഹം ദ്വാരകയിലെത്തിക്കഴിഞ്ഞിരുന്നു. അതാണ് വ്യാസന്റെ വിവരണം. എന്നാല്‍ മൂവ്വായിരത്തോളമാണ്ടുകള്‍ക്കുശേഷം മാത്രം രചിക്കപ്പെട്ട പല പുരാണങ്ങളും ആ രംഗത്തില്‍ ദ്രൗപദിയേയും കൃഷ്ണനേയും ആനയിക്കുന്നു. നിരപരാധിനിയായ രാജ്ഞിയെ അപരാധിനിയാക്കുന്നു.
അസൂയ ഒരുക്കിയ ചതുരംഗം
ഏതാണ്ടൊരാഴ്ച കഴിഞ്ഞ് ശകുനിയും ദുര്യോധനനും ഹസ്തിനപുരത്തിലേയ്ക്ക് പുറപ്പെട്ടു. അവിടെ എത്തുംമുമ്പ് വഴിക്കുവെച്ച് ദുര്യോധനന്‍ വല്ലാതെ തളര്‍ന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ വൈഭവം കണ്ട് അദ്ദേഹത്തിന്റെ മനസ്സ് ഇടിഞ്ഞു. അസൂയയിലും ദ്വേഷത്തിലും മുങ്ങിക്കുതിര്‍ന്ന അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു. ”വിഷം കൊടുത്തുകൊല്ലാന്‍ നോക്കി, സാധിച്ചില്ല. അരക്കില്ലത്തിലിട്ടു ചുട്ടുകൊല്ലാന്‍ നോക്കി, അതും സാധിച്ചില്ല. അര്‍ദ്ധരാജ്യം കൊടുത്തു കൊടുംകാട്ടില്‍ തള്ളി. ആ ഖണ്ഡപ്രസ്ഥം അവര്‍ ഇന്ദ്രപ്രസ്ഥമാക്കി. അവിടെ കുന്നുകൂടിയ സമ്പത്ത് എണ്ണിക്കൂട്ടേണ്ട ഗതികേട് എനിക്കുണ്ടായി. ഇനി ഇവരെ ജയിക്കാന്‍ ഊഴിയിലാരുമില്ല.” അടിമുടി തകര്‍ന്ന് ദുര്യോധനന്‍ ”പട്ടിണി പിടിച്ചു മരിച്ചാലും വേണ്ടില്ല, ഇനി ഞാന്‍ ഹസ്തിനപുരത്തിലേയ്ക്കില്ല” എന്ന് ശകുനിയോട് പറഞ്ഞ് വഴി മദ്ധ്യേ മണ്ണിലിരുന്നു. മരുമകന്റെ ആധി മനസ്സിലാക്കിയ അമ്മാവന്‍ പറഞ്ഞു: ”ഇയാള്‍ ക്കെന്താ വേണ്ടത്? അവരെ മുച്ചൂടും മുടിക്കണം അല്ലേ? അത് സൈന്യബലത്തോടെ സാദ്ധ്യമല്ലെങ്കില്‍ വേണ്ട. സൈന്യബലമില്ലാതെ, ഒരു കാലാള്‍ പോലുമില്ലാതെ ഞാന്‍ നേടിത്തരാം.” മരുമകന്‍ കുതൂഹലത്തോടെ ചോദിച്ചു:- ”അതെങ്ങനെ?” അമ്മാവന്‍ പറഞ്ഞു:- ”അത് വളരെ എളുപ്പമായ കാര്യമാണ്. ചൂതുകളിപ്രിയനാണ് യുധിഷ്ഠിരന്‍; കളിക്കാനൊട്ടറിയില്ലതാനും.1 എന്നോടൊപ്പം കളിക്കാന്‍ ലോകത്തിലാരുമില്ലെന്നറിയുക. ഞാന്‍ യുധിഷ്ഠിരനെ പുല്ലുപോലെ തോല്‍പിക്കാം. പന്തയംവെച്ച് നമുക്ക് അദ്ദേഹത്തിന്റെ രാജ്യവും ഐശ്വര്യമെല്ലാം കൈക്കലാക്കാം. കളിക്കാന്‍ അച്ഛന്റെ അനുവാദം മാത്രം മേടിച്ചാല്‍ മതി.” (സഭാപര്‍വം.-48-19-22.) വെയിലത്തുണങ്ങിയ ചീരയ്ക്ക് വെള്ളം കിട്ടിയ മാതിരിയായി. രണ്ടുപേരും ഹസ്തിനപുരത്തിലെത്തി.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഹസ്തിനപുരത്തിനും ഇന്ദ്രപ്രസ്ഥത്തിനുമിടയില്‍ വെച്ചാണ് ചൂതുകളിക്കുള്ള ഗൂഢാലോചന നടന്നത്. ശകുനിക്കു മാത്രമറിയാവുന്ന യുധിഷ്ഠിരന്റെ ദൗര്‍ബല്യം മുതലെടുക്കുകയായിരുന്നു പദ്ധതി. ധൃതരാഷ്ട്രര്‍ എതിര്‍ക്കുന്ന പ്രശ്‌നമേ ഉണ്ടായിരുന്നില്ല. കണികശിഷ്യനായിരുന്ന അദ്ദേഹം കളിക്കുവേണ്ട ഏര്‍പ്പാടുകളൊക്കെ ചെയ്തു. കളിപ്പുര വരെ പുതുതായി കെട്ടിച്ചു. മന്ത്രിയായിരുന്ന വിദുരരുടെ ഉപദേശം തേടിയിരുന്നില്ല. പിന്നീട് കാര്യം പറഞ്ഞപ്പോള്‍ വിദുരര്‍ എതിര്‍ത്തു. ഇത് കുടുംബത്തിന് സര്‍വ്വനാശം വരുത്തും എന്നദ്ദേഹം മുന്നറിയിപ്പു നല്‍കി. എങ്ങനെ യുധിഷ്ഠിരനെ വിളിച്ചുവരുത്തും എന്ന കാര്യം ധൃതരാഷ്ട്രര്‍ നല്ലപോലെ ചിന്തിച്ചു. അതിന് വിദുരരെ തന്നെ അയയ്ക്കുന്നതാണ് ഉചിതം എന്ന് അദ്ദേഹം കരുതി. യുധിഷ്ഠിരന്‍ വിദുരന് സ്വഹൃദയത്തില്‍ നല്‍കിയിരുന്ന ആദരാംഗീകാരങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.
ചൂതില്‍ ആസക്തിയില്ലാത്തവന്‍
ആജ്ഞാപിച്ചതുപോലെ വിദുരമന്ത്രി ഇന്ദ്രപ്രസ്ഥത്തിലെത്തി യുധിഷ്ഠിരനെക്കണ്ട് വിവരം പറഞ്ഞു. ധൃതരാഷ്ട്രരുടെ കണക്കുകൂട്ടല്‍ തികച്ചും ശരിയായിരുന്നു. ചൂതിനെക്കുറിച്ചു കേട്ടപ്പോള്‍തന്നെ യുധിഷ്ഠിരന്റെ ആദ്യപ്രതികരണമായിരുന്നു ”വിദുരമഹാത്മാവേ! ചൂത് കലഹത്തിലേ കലാശിക്കൂ. ഏത് ബുദ്ധിമാനാണ് അതിനെ ഇഷ്ടപ്പെടുക.” (സഭാപര്‍വം. – 58 – 10.) ഇത്രയും പറഞ്ഞദ്ദേഹം തുടര്‍ന്നു:- ”വേണ്ടതെന്തെന്നു പറയുക. ഞങ്ങള്‍ താങ്കളുടെ വാക്കിനു വിധേയരാണ്.” വിദുരര്‍ മറുപടി പറഞ്ഞു. ”ചൂത് അനര്‍ത്ഥത്തിലേ കലാശിക്കൂ എന്നെനിക്കറിയാം. അതൊഴിവാക്കാന്‍ എന്നാലാവുന്നതും ഞാന്‍ നോക്കി. അത് കൂട്ടാക്കാതെയാണ് ഉടയതമ്പുരാന്‍ താങ്കളെ കൂട്ടിക്കൊണ്ടുവരാന്‍ ആജ്ഞാപിച്ചത്. ഇത് മനസ്സിലാക്കി യുക്തമെന്നു തോന്നുന്നത് ചെയ്യുക.” യുധിഷ്ഠിരന്‍ പ്രതികരിച്ചു. ”വിദുരരേ, ധൃതരാഷ്ട്രരാജാവിന്റെ ആജ്ഞ അനുസരിക്കാതിരിക്കാന്‍ എനിക്ക് സാദ്ധ്യമല്ല. ഞാന്‍ ചൂതുകളിക്കാന്‍ പോകും. അച്ഛന്‍ മകന്റെ നന്മ മാത്രമേ ചിന്തിക്കൂ. അതുകൊണ്ട് ഈ ആജ്ഞ ഞാന്‍ പാലിക്കുക തന്നെ വേണം. (സഭാപര്‍വം. – 58- 16). വാഹ്‌ലീകന്‍ തെളിച്ച രഥത്തില്‍ യുധിഷ്ഠിരന്‍ സകുടുംബം ഹസ്തിനപുരത്തിലെത്തി. അവിടെ സര്‍വ്വബന്ധുക്കളും തമ്മില്‍ കണ്ടു സംസാരിച്ചാഹ്ലാദിച്ചു. സ്‌നേഹോഷ്മളമായ കുടുംബസംഗ മമായിരുന്നു അത്.
അനന്തരം ശകുനി ചൂതിന്റെ വിഷയം മുന്നോട്ടുവെച്ചു. യുധിഷ്ഠിരന്റെ പ്രതികരണം ചൂതിനനുകൂലമായിരുന്നില്ല. അദ്ദേഹം പറഞ്ഞു. ”ഹേ ശകുനേ! ചൂതുകളി പാപമാണ്. അതില്‍ ക്ഷത്രിയോചിതമായ പരാക്രമമില്ല. അതില്‍ നീതി ലവലേശമില്ല. ഈ ചൂതിനെ എന്തിന് പുകഴ്ത്തുന്നു? പിഴച്ച വഴിയിലൂടെ ഞങ്ങളെ ജയിക്കാന്‍ ഇച്ഛിക്കുകയാണോ? എന്തിനീ ദുഷ്ടവൃത്തി? ആരും തന്നെ ചൂതുകളിക്കാരനെ മാന്യനായി കണക്കാക്കുന്നില്ല.” (സഭാപര്‍വം. – 59 – 5 – 6.)
സൂത്രശാലിയായ ശകുനി കടത്തി വെട്ടി. ”ചൂതുകളിക്കാ നും പന്തയം വെയ്ക്കാനും താങ്കള്‍ക്ക് ഭയമാണെങ്കില്‍ അത് പറഞ്ഞാല്‍ മതി. വേദാന്തം പറയേണ്ട.” യുധിഷ്ഠിരന്റെ ആത്മാഭിമാനത്തിലായിരുന്നു ആ മര്‍മ്മക്കുത്ത്. ആ വേദനയോടെ യുധിഷ്ഠിരന്‍ പ്രതികരിച്ചു. ”വിളി ച്ചാല്‍ തിരിഞ്ഞോടുന്നവനല്ല ഞാന്‍. എന്റെ പ്രകൃതമതല്ല. എന്നാല്‍ വിധിയെന്തെന്നാര്‍ക്കറിയാം? ഞാന്‍ കളിക്കാന്‍ വശപ്പെട്ടിരിക്കുന്നു.”
കള്ളച്ചൂതിന്റെ ബാക്കിപത്രം
ദുര്യോധനന്റെ ആളായി ശകുനിയിറങ്ങി. കളി തുടങ്ങി. ശകുനി കപടത്തില്‍കൂടി തുടരെത്തുടരെ നേടി. യുധിഷ്ഠിരന്‍ തുടരെത്തുടരെ വീണു. അവസാനം സഹോദരന്മാരെയും, പോരാതെ ദ്രൗപദിയേയും പണയംവെച്ചു. രംഗം കണ്ട് കര്‍ണ്ണനും ദുര്യോധനനും അളവറ്റ് സന്തോഷിച്ചു. തുടര്‍ന്ന് ദുശ്ശാസനന്‍ വഴി ദ്രൗപദിയെ ചുറ്റിപ്പറ്റിയുള്ള, ലോകം കാണാത്തതും കേള്‍ക്കാത്തതുമായ കാടത്തം അരങ്ങേറി. പോര്‍ത്തടം വിട്ട് പിന്തിരിഞ്ഞോടാത്ത ക്ഷത്രാണിപോലെ ദ്രൗപദി അലറി. ഇത് കണ്ടിരിക്കുന്ന ഭീഷ്മരുടേയും ദ്രോണരുടേയും സ്വത്വം നശിച്ചുകഴിഞ്ഞു. മഹാത്മാവായ വിദുരരുടേയും നശിച്ചു. ഒടുവില്‍ ധൃതരാഷ്ട്രര്‍ ഇടപെട്ട് ദ്രൗപദിക്കുകൊടുത്ത വരമനുസരിച്ച് എല്ലാ നടപടികളും നിരാകരിച്ചു. അതോടെ സ്വതന്ത്രരായ ഇന്ദ്രപ്രസ്ഥക്കാര്‍ തിരികെപ്പോകാനൊരുക്കം കൂട്ടി.
പോകുമ്പോള്‍ യുധിഷ്ഠിരന്‍ ധൃതരാഷ്ട്രകാരണവരെ കണ്ടുതൊഴാന്‍ മറന്നില്ല. അദ്ദേഹം പറഞ്ഞു. ”രാജാവേ! താങ്കള്‍ തന്നെ ഞങ്ങള്‍ക്കഭയം. താങ്കളുടെ തന്നെ വാഴ്ചയില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” ധൃതരാ ഷ്ട്രര്‍ പ്രതികരിച്ചു. ”അജാതശത്രോ! സര്‍വ്വമംഗളങ്ങള്‍! എന്റെ അനുവാദത്തോടെ സസന്തോഷം സ്വന്തം രാജ്യം ഭരിക്കുക.” അദ്ദേഹം തുടര്‍ന്നു. ”സന്മനസുകള്‍ സല്‍കൃത്യങ്ങളെ ഓര്‍ക്കൂ. വൈരകൃത്യങ്ങളെ ഒരിക്കലും ഓര്‍ക്കുകയില്ല. അന്യഹിതമിച്ഛിച്ച് പ്രതിക്രിയയ്‌ക്കൊരുങ്ങുകയില്ല. ഭ്രാതാക്കളോട് താങ്കളുടെ ഭ്രാതൃത്വം തുടരട്ടെ, മനസ്സ് ധര്‍മ്മത്തില്‍ തന്നെ ഉറച്ചുനില്‍ക്കട്ടെ.” ഗുരുജനങ്ങളെ വന്ദിച്ചുകൊണ്ട് യുധിഷ്ഠിരന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി. (സഭാപര്‍വം. – 73: 1-16.)
രണ്ടാം ചൂതുകളി
പദ്ധതിയാകെ പാളിപ്പോയപ്പോള്‍ ദുര്യോധനന്‍ അച്ഛനെ വീണ്ടും നിര്‍ബന്ധിച്ച് യുധിഷ്ഠിരനെ ഒരുവട്ടം കൂടി ചൂതുകളിക്കാന്‍ വിളിച്ചുവരുത്തി. ഈ സമയം വേണമെങ്കില്‍ യുധിഷ്ഠിരന് ക്ഷണം നേരേ നിരസിക്കാമായിരുന്നു. പൂര്‍വ്വാനുഭവംവെച്ച് സഹോദരന്മാരും ദ്രൗപദിയും പൂര്‍ണ്ണമായും സമ്മതിക്കുമായിരുന്നു. എന്നാലും അദ്ദേഹം അത് ചെയ്തില്ല. അറിഞ്ഞുകൊണ്ടു ചുഴിയില്‍ ചാടുകയായിരുന്നു അദ്ദേഹം. തന്ത്രശാലിയായ ശകുനി ഇത്തവണ, കേട്ടാല്‍ സരളമെന്ന് തോന്നുന്ന ഉപാധി മുന്നില്‍വെച്ചു. ”തോറ്റവര്‍ പന്ത്രണ്ടുകൊല്ലം വനവാസത്തിലും ഒരു കൊല്ലം അജ്ഞാതവാസത്തിലും കഴിയണം.” യുധിഷ്ഠിരന്‍ സമ്മതിച്ചു. പ്രതീക്ഷിച്ചതുപോലെ യുധിഷ്ഠിരന്‍ പരാജയപ്പെട്ടു. പാണ്ഡവര്‍ക്ക് കാടുകയറേണ്ടിവന്നു. മുമ്പത്തെപോലെ ദ്രോണരേയും ഭീഷ്മരേയും മറ്റു പരിജനങ്ങളെയും തൊഴുത് വിധികല്പിതത്തിനൊരുങ്ങി.
ശ്രദ്ധിക്കുക: ഇവിടെയാണ് രാജസൂയയജ്ഞസമാപ്തിവേളയില്‍ ചെയ്ത പ്രവചനം വീണ്ടും ഓര്‍ക്കേണ്ടത്. അത് എങ്ങനെ അര്‍ത്ഥവത്താകും ഇത്തരുണത്തില്‍ ചിന്തിക്കുക സാദ്ധ്യമല്ല. കാലത്തിന്റെ കറക്കത്തിന് കാത്തിരിക്കുകതന്നെ. അഞ്ച് കാര്യങ്ങളാണ് വ്യാസന്‍ പറഞ്ഞത്. 1. പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം. 2. യുധിഷ്ഠിരന്‍ കാരണം. 3. ദുര്യോധനന്റെ അപരാധങ്ങളെത്തുടര്‍ന്ന്. 4. ഭീമന്റേയും അര്‍ജ്ജുനന്റേയും കരുത്തോടെ. 5. ക്ഷത്രിയനാശം ഉണ്ടാകും. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ഇപ്പോള്‍തന്നെ ശരിയായി. ദുര്യോധനന്റെ അപരാധങ്ങള്‍ക്ക് അന്ത്യം കുറിക്കാറായിട്ടില്ല. അതുകൊണ്ട് മൂന്നും നാലും അഞ്ചും ഇന്ന് അനൂഹ്യമാണ്. ഭാവിയുടെ ഗര്‍ഭത്തിലുള്ളവയാണവ.
ഇതോര്‍ക്കുമ്പോള്‍ ഇംഗ്ലീഷ് കവിശ്രേഷ്ഠന്‍ ആല്‍ഫ്രഡ് ടെന്നിസന്റെ വരികളോര്‍ക്കുന്നു:
”ഒന്നാം അങ്കം, ദുഃഖദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍
ഭൂതലത്തെ ആകമാനം മൂടിയിരിക്കുന്നു;
മാറിമറിയുന്ന രംഗങ്ങള്‍ കണ്ട്
മനസ്സ് മടുക്കുന്നു!
എന്നാല്‍ കാണികളേ, തെല്ലൊന്നു ക്ഷമിക്കുക!
എവിടെയെത്തും ഈ കാടന്‍ നാടകമെന്ന്
നമ്മുടെ കഥാകൃത്ത്
അവസാനത്തെ അങ്കത്തില്‍ കാണിച്ചുതരും!”
Act first, this earth a stage so gloomed will woe
You all, but Sicken at the shifting scenes
And yet be patient.
Our Play wright may show in some fifth act,
what this wild drama means.
(Alfred Tennyson)
1 ദ്യൂതപ്രിയശ്ച കൗന്തേയോ ന സ ജാനാതി ദേവിതും – സഭാപര്‍വം. – 48 – 19.
2 ദ്രോണസ്യ ഭീഷ്മസ്യ ച നാസ്തിസത്ത്വം
ക്ഷത്തുസ്തഥൈവാസ്യ മഹാത്മനോളപി. – സഭാപര്‍വം. – 67 – 41.