- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- രാജസൂയം – രാഷ്ട്രയജ്ഞത്തിന്റെ സംഘാടകന്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 9)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
ശ്രീകൃഷ്ണന്റെ നേതൃത്വം
നാരദമുനിയില്‍ കൂടി കിട്ടിയ സന്ദേശത്തെ പരേതനായ പിതാവിന്റെ കല്പനയായി യുധിഷ്ഠിരന്‍ കരുതി. അദ്ദേഹത്തിന്റെ മനസ്സില്‍ അത് പിതൃഋണമായി അനുഭവപ്പെട്ടു. അത് വീട്ടാന്‍ അദ്ദേഹം സഹോദരന്മാരുമായി കൂടിയാലോചിച്ചു. അവരെല്ലാം സാമോദം ഏകമനസ്‌കരായിരുന്നു. കുന്തിയും ദ്രൗപദിയും പൂര്‍ണ്ണമായി യോജിച്ചു. രാജാവെന്ന നിലയില്‍ യുധിഷ്ഠിരന്‍ മന്ത്രിമാരോടും പരിജനങ്ങളോടും ചര്‍ച്ച ചെയ്തു. അവരെല്ലാം പവിത്രമായ ഈ മഹാകൃത്യം നടത്തണമെന്ന അഭിപ്രായക്കാരായിരുന്നു. ചുരുക്കത്തില്‍ ഇന്ദ്രപ്രസ്ഥം മുഴുവന്‍ യോജിച്ചു. യുധിഷ്ഠിരരാജാവിന് വീണ്ടാലോചനയേ വേണ്ടായിരുന്നു. എന്നാലും അദ്ദേഹം അഭിപ്രായമാരായാന്‍ ദൂതന്‍ മുഖാന്തിരം ശ്രീകൃഷ്ണനെ ദ്വാരകയില്‍ നിന്നു വരുത്തി. സല്‍ക്കാരം, ഭോജനം, വിശ്രമം എല്ലാം കഴിഞ്ഞ് ശ്രീകൃഷ്ണനോട് അദ്ദേഹം പറഞ്ഞു:- ”കൃഷ്ണാ! നാരദര്‍ പറഞ്ഞറിഞ്ഞപ്രകാരം ഞങ്ങള്‍ രാജസൂയം നടത്തണമെന്ന് വിചാരിക്കുന്നു. വേണ്ടപ്പെട്ടവരോടാലോചിച്ചപ്പോള്‍ എല്ലാവരും സമ്മതം മൂളിയിരിക്കുകയാണ്. എന്നാല്‍ താങ്കളുടെ അഭിപ്രായമാണ് എനിക്ക് പ്രമാണം. എല്ലാവരും സമ്മതം മൂളുന്നു, ശരിതന്നെ. എന്നാല്‍ ഓരോരുത്തര്‍ക്കും സ്വന്തം താത്പര്യമുണ്ടാകുമെന്ന് ഞാനറിയുന്നു. സൗഹൃദം കാരണം ചിലര്‍ മറിച്ചുപറയാന്‍ മുതിരുകയില്ല. ചിലര്‍ സ്വാര്‍ത്ഥം മനസ്സില്‍വെച്ച് സമ്മതം മൂളും. മറ്റ് ചിലര്‍ പ്രിയം കാരണം സമ്മതം മൂളും. വേറെ ചിലര്‍ ചാര്‍ച്ച കാരണം സമ്മതം മൂളും. ഓരോരുത്തര്‍ക്കും അവരുടേതായ നിലപാടുണ്ട്, നോട്ടമുണ്ട്. താങ്കള്‍ ഇക്കൂട്ടര്‍ക്കെല്ലാം ഉപരിയാണ്. താങ്കള്‍ക്ക് വൈയക്തികതാത്പര്യമില്ലെന്നു എനിക്ക് ബോദ്ധ്യമുണ്ട്. നിസ്സംഗനായി നോക്കിക്കണ്ട് അഭിപ്രായം തുറന്നുപറയുമെന്ന് എനിക്കറിയാം. കാമം, ക്രോധം, ലോഭം മുതലായവയെല്ലാം കൈവെടിഞ്ഞവനാണ് താങ്കള്‍. അതുകൊണ്ട് താങ്കളുടെ അഭിപ്രായമാണ് എനിക്കറിയേണ്ടത്. അതായിരിക്കുമെനിക്ക് ക്ഷേമകരം. (സഭാ പര്‍വം.- 13-48 -51)
അത്യന്തം പ്രയോഗമതിയായ യുധിഷ്ഠിരനെയാണ് നാമിവിടെ കാണുന്നത്. പ്രിയമോ പ്രശസ്തിയോ ബന്ധുത്വമോ വഴിതെറ്റിക്കുന്ന വ്യക്തിത്വമല്ലായിരുന്നു അദ്ദേഹത്തിന്റേത് എന്ന് നാം തിരിച്ചറിയുന്നു. രാജനൈതികമായി അദ്ദേഹം എടുത്തുചാട്ടക്കാരനല്ലായിരുന്നു. നിശ്ചയിച്ച കാര്യം സഫലമാകണമെന്ന ബോധം എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. യുധിഷ്ഠിരന്റെ ഈ വശം മനസ്സിലാക്കാതെയാണ് പല ബുദ്ധിജീവികളും നിരൂപകന്മാരും അദ്ദേഹത്തെ ശുദ്ധഗതിക്കാരനോ നാറാണത്തുഭ്രാന്തനോ ആയി ചിത്രീകരിക്കുന്നത്. വ്യാസന്റെ വിലപ്പെട്ട കൃതിയില്‍ പ്രവേശിക്കാത്തവരാണവര്‍ എന്ന് സംശയലേശമെന്യേ പറയാം.
ജരാസന്ധന്‍ എന്ന മാര്‍ഗ്ഗവിഘ്‌നം
അന്വേഷകന്റെ കണ്ണ് തുറക്കുന്നതായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി. പശ്ചാത്തലം വിശദമായി വിവരിച്ചുകൊണ്ട് ഉദ്ദേശിക്കുന്ന സംരംഭത്തിന് ഏറ്റവും വലിയ വിലങ്ങുതടി മാഗധത്തിലെ ജരാസന്ധനാണ് എന്ന് പറഞ്ഞു. സംരംഭം തുടങ്ങുന്നതിനും അത് പത്തുപേര്‍ അറിയുന്നതിനും മുമ്പ് ആ മഹാശക്തനെ വകവരുത്തേണ്ടതുണ്ട് എന്ന് പറഞ്ഞു. ഭീമനേയും അര്‍ജ്ജുനനേയും വിട്ടുതന്നാല്‍ അക്കാര്യം വിചാരിച്ചതിലുമെളുപ്പം സാധിക്കുമെന്ന പോംവഴിയും പറഞ്ഞു. പ്രശ്‌നത്തിനോടൊപ്പം പരിഹാരവും കണ്ടെത്തുന്ന കൃഷ്ണനീതി ഇവിടെ ദൃശ്യമാകുന്നു.
യുധിഷ്ഠിരന് സത്യസ്ഥിതി മനസ്സിലായി. അദ്ദേഹം കൃഷ്ണന്‍ പറഞ്ഞ വഴിയേ പോകാന്‍ നിശ്ചയിച്ചു. ജരാസന്ധനെതിരെ എടുക്കേണ്ട നടപടിയെക്കുറിച്ചാലോചിക്കാന്‍ യുധിഷ്ഠിരനും ഭീമനും അര്‍ജ്ജുനനും കൃഷ്ണനും ഒരുമിച്ചിരുന്നു. യുധിഷ്ഠിരന് തന്റേതായ ശങ്ക ഉണ്ടായിരുന്നെങ്കിലും ഭീമനും അര്‍ജ്ജുനനും വിജയവിശ്വാസം പ്രകടമാക്കി. മൂവരും ചേര്‍ന്നാലത്തെ ഫലത്തെക്കുറിച്ചു ഭീമന്‍ പറഞ്ഞു:- ”കൃഷ്ണന് നയമുണ്ട്, എനിക്ക് ബലമുണ്ട്, അര്‍ജ്ജുനന് ജയമുണ്ട്. മൂന്നുപേരും ചേര്‍ന്നാല്‍ മൂന്നഗ്നികളും ചേരുമ്പോള്‍ യജ്ഞം സഫലമാകുന്നതുപോലെ, മാഗധഹവനത്തില്‍ നമുക്ക് നേട്ടമുണ്ടാകും.1 ഒടുവില്‍ നാലുപേരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. രണ്ട് സഹോദരന്മാരേയും കൃഷ്ണനോടൊപ്പം അയയ്ക്കാന്‍ യുധിഷ്ഠിരന്‍ തയ്യാറായി. പദ്ധതി വിജയിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഭീമന്റെ വാക്കുകളാവര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:- ”അര്‍ജ്ജുനന്‍ കൃഷ്ണനെ പിന്തുടരട്ടെ, ഭീമന്‍ അര്‍ജ്ജുനനെ പിന്തുടരട്ടെ. നയവും ജയവും ബലവും കൈകോര്‍ക്കുമ്പോള്‍ ധീരസംരംഭം ഫലം നേടും.”2
വിചാരിച്ചതുപോലെ വഴിയിലെ വിഘ്‌നം മാറിക്കിട്ടി. രാജസൂയത്തിന് വഴിതെളിഞ്ഞു. നാലു സഹോദരന്മാരും നാലു ദിക്കുകളില്‍ ദിഗ്വിജയാര്‍ത്ഥം പുറപ്പെട്ടു. വിജയത്തോടെ ഇന്ദ്രപ്രസ്ഥത്തില്‍ തിരിച്ചെത്തി. രാജസൂയത്തിനുവേണ്ട തയ്യാറെടുപ്പുകള്‍ തകൃതിയില്‍ മുന്നോട്ടുപോയി.
ഭാഗവതകഥാ വ്യതിയാനം
ഇവിടെ പ്രത്യേകമൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രീമദ്ഭാഗവതത്തില്‍ പറയുന്നത് കൃഷ്ണനും അര്‍ജ്ജുനനും ഭീമനും ജരാസന്ധവധത്തിന് പുറപ്പെട്ടതു പാണ്ഡവസഹോദരന്മാരുടെ നാലുപാടുമുള്ള ദിഗ്വിജയത്തിനുശേഷം എന്നാണ്. വ്യാസന്റെ മഹാഭാരതത്തില്‍നിന്നുള്ള ഈ വ്യതിയാനം വാസ്തവത്തില്‍ യുധിഷ്ഠിരന്റെ കൂടിയാലോചനയേയും കൃഷ്ണന്‍ മുന്‍കൂട്ടി കണ്ട മഹാവിപത്തിന്റെ നിവാരണത്തേയും നിഷ്ഫലമാക്കുക എന്നതാണ്. ചിന്തിച്ചുനോക്കുക, മറുവശത്ത് അപ്രതിഹതനായ, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ സൈന്യശക്തിയുള്ള മഗധാധിപന്‍. പടനിലത്തില്‍ ആ വിക്രമിയെ തോല്‍പ്പിക്കുക അസാദ്ധ്യമായിരുന്നു. ഇതു കണ്ടിട്ടാണ് നയജ്ഞനായ ശ്രീകൃഷ്ണന്‍ സ്വപക്ഷത്തെ കുറവും മറുപക്ഷത്തെ കരുത്തും പരിഗണിച്ച് മഹാശത്രുവിനെ ഓര്‍ക്കാപ്പുറത്ത് ആക്രമിച്ച് വൈയ്യക്തികമായ നിയുദ്ധത്തില്‍ കൂടി വകവരുത്താന്‍ തീരുമാനിച്ചത്.
ഇവിടെ ഭീമന്റെ ബലം പര്യാപ്തമാണെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു. ഭാഗവതത്തിലെ വ്യതിയാനം ഈ കൃഷ്ണനീതിക്ക് വിരുദ്ധമാണ്. പെരുത്ത ശത്രുവിനെ തട്ടിയുണര്‍ത്തി യുദ്ധത്തിന് സജ്ജമാക്കാന്‍ സമയം കൊടുക്കുക എന്നതാണതിന്റെ ഏകഫലം. പാണ്ഡവദിഗ്വിജയം ആദ്യവും മഗധാക്രമണം പിന്നെയുമായിരുന്നെങ്കില്‍ യുധിഷ്ഠിരന്റെ രാജസൂയം സാദ്ധ്യമാകുമായിരുന്നില്ല.
രാഷ്ട്രം ഒന്നിച്ച യജ്ഞം
ദൂതന്മാരെ അയച്ച് നാലുപാടുമുള്ള രാജാക്കന്മാരെ യുധിഷ്ഠിരന്‍ ക്ഷണിച്ചു. പേരുകേട്ട വേദവിദ്വാന്മാരെ ക്ഷണിച്ചു. ദിഗ്വിജയത്തിനിടയില്‍ തങ്ങള്‍ ജയിച്ച സാമന്തന്മാരെയെല്ലാം നാലു സഹോദരന്മാരും ക്ഷണിച്ചു. ഹസ്തിനപുരത്തിലുള്ള കാരണവന്മാരേയും സഹോദരങ്ങളേയും നേരിട്ട് വിളിക്കാന്‍ മാദ്രിമാതാവിന്റെ ജ്യേഷ്ഠപുത്രനായ നകുലനെ അയച്ചു. നാട്ടുമര്യാദ പാലിച്ചുകൊണ്ടുതന്നെയാണ് ധര്‍മ്മപുത്രര്‍ അതുചെയ്തത്. മറ്റൊന്നുകൂടി അദ്ദേഹം ആലോചിച്ചിട്ടുണ്ടാകണം. ധൃതരാഷ്ട്രതനയന്മാര്‍ക്കും അവരുടെ സംഘത്തിലുള്ള ശകുനിക്കും കര്‍ണ്ണനും ഏറ്റവും വലിയ കണ്ണുകടി ഭീമാര്‍ജ്ജുനന്മാരായിരുന്നു. നകുലന്‍ അവരുടെ കാഴ്ചയില്‍ ഒരു സാധുവായിരുന്നു. കുടുംബസഹോദരന്മാരെല്ലാവരും വന്നുചേരണമെന്ന നിഷ്‌കര്‍ഷയോടെയാണ് കൗന്തേയജ്യേഷ്ഠന്‍ മാദ്രേയജ്യേഷ്ഠനെ അയച്ചത്. വിളിക്കപ്പെടേണ്ടവരുടെ മനഃശാസ്ത്രം അദ്ദേഹം മനസ്സിലാക്കിയിരുന്നു.
ഭാഗ്യവശാല്‍ കുടുംബാംഗങ്ങള്‍ ആരുംതന്നെ മാറിനിന്നില്ല. സന്തോഷത്തോടെയോ കൗതുകം കാണാനോ എല്ലാവരും വേഷഭൂഷാദികളണിഞ്ഞ് വന്നെത്തി. ആനന്ദത്തിന്റെ അന്തരീക്ഷം വിളയാടി. എല്ലാവരേയുമുള്‍പ്പെടുത്തി യുധിഷ്ഠിരന്‍ അറ്റകുറ്റമില്ലാത്ത നടപടികള്‍ക്കായി ഓരോരുത്തര്‍ക്കും ചുമതല കൊടുത്തു. അതിഥികളെ സല്‍ക്കരിച്ചിരുത്തി അവര്‍ക്കെല്ലാം യഥേഷ്ടം ആഹാരം കൊടുക്കാനുള്ള ചുമതല ദുശ്ശാസനനായിരുന്നു. ബ്രാഹ്‌മണന്മാരെ സാദരം സ്വീകരിക്കാനുള്ള ചുമതല അശ്വത്ഥാമാവിനായിരുന്നു. രാജാക്കന്മാരേയും മറ്റ് ഭരണാധികാരികളേയും യഥായോഗ്യം സല്‍ക്കരിക്കേണ്ട ചുമതല സഞ്ജയന്റേതായിരുന്നു. നടപടികള്‍ നേരാംവണ്ണം നിയന്ത്രിക്കാനുള്ള ചുമതല ഭീഷ്മപിതാമഹനും ദ്രോണാചാര്യര്‍ക്കുമായിരുന്നു.
ദക്ഷിണ, ദാനം മുതലായവയുടെ ചുമതല കൃപാചാര്യര്‍ക്കായിരുന്നു. വന്നുചേരുന്ന ധനവും സ്വര്‍ണ്ണവും രത്‌നങ്ങളും കണക്കെഴുതി സ്വീകരിക്കാനുള്ള ചുമതല ദുര്യോധനന്റേതായിരുന്നു. അതിഥികളുടെ കാലിണ കഴുകുക എന്നതായിരുന്നു ശ്രീകൃഷ്ണന്‍ സ്വയമേറ്റെടുത്ത ചുമതല. യജ്ഞശാലയിലെ സാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതുകൊണ്ടായിരിക്കാം സ്വന്തം സഹോദരന്മാരെ യുധിഷ്ഠിരന്‍ നടത്തിപ്പിന്റെ ചുമതലയില്‍ നിന്നൊഴിവാക്കിയത്. സൈന്യവിന്യാസകുശലതയോടെയാണ് യുധിഷ്ഠിരസാമ്രാട്ട് ഈ വ്യവസ്ഥ ചെയ്തത്. ഇതുകാരണം ഹസ്തിനപുരത്തില്‍ നിന്ന് ഇന്ദ്രപ്രസ്ഥത്തില്‍ വന്നെത്തിയ ചാര്‍ച്ചക്കാര്‍ വെറും കാണികളാകുന്നതിനുപകരം പങ്കാളികളായി.
യജ്ഞകുണ്ഡം തയ്യാറായി. പാരമ്പര്യപ്രകാരം അതിന്റെ മേല്‍നോട്ട സ്ഥാനത്തില്‍ ബ്രഹ്‌മന്‍ ആയി സ്വയം വ്യാസനിരുന്നു. ഋക്കുകളോതുന്ന ഹോതാവായി വ്യാസശിഷ്യനായ പൈലന്‍ ഇരുന്നു. അധ്വര്യുവായി യാജ്ഞവല്‍ക്യനിരുന്നു. മന്ത്രഗാനം ചെയ്യുന്ന ഉദ്ഗാതാവായി ധനഞ്ജയഗോത്രത്തിലെ സുബാമാവ് സ്ഥാനം ഗ്രഹിച്ചു.
അടുത്ത ചടങ്ങ് ഉപസ്ഥിതരായവരില്‍ ഉത്തമനെ ആദരിക്കുക എന്നതായിരുന്നു. ‘അഗ്രപൂജാ’ എന്നാണ് ആ ചടങ്ങിന്റെ പേര്. അതിനെക്കുറിച്ചുള്ള ഉപദേശം തരാന്‍ സര്‍വ്വഥാ യോഗ്യന്‍ പിതാമഹനായ ഭീഷ്മരാണല്ലോ എന്ന വിശ്വാസത്തോടെ യുധിഷ്ഠിരന്‍ ഭീഷ്മരെ സമീപിച്ചു ചോദിച്ചു. ”മുത്തച്ഛാ! ആരാണ് ഇവിടെ വന്നുചേര്‍ന്നവരില്‍ അഗ്രിമപൂജയ്ക്കര്‍ഹന്‍. ദയവായി നിര്‍ദ്ദേശിച്ചാലും.” മുത്തച്ഛന്‍ മറുപടി പറഞ്ഞു. ”വാസുദേവന്‍! അദ്ദേഹം ഇവിടെ സന്നിഹിതരായിരിക്കുന്ന തേജസ്വികളുടേയും ബലശാലികളുടേയും പരാക്രമശാലികളുടെയും ഇടയില്‍ അത്യുജ്ജ്വലമായി ശോഭിക്കുന്ന സൂര്യനെപ്പോലെയാണ്.”3 ഭീഷ്മനാല്‍ ഇപ്രകാരം നിര്‍ദ്ദേശിക്ക പ്പെട്ടപ്പോള്‍ പ്രതാപശാലിയായ സഹദേവന്‍ ശാസ്ത്രാനുസാരം വാര്‍ഷ്‌ണേയനായ വാസുദേവന് ഉത്തമമായ അര്‍ഘ്യം സമര്‍പ്പിച്ചു.
ഇതുവരെ കാര്യങ്ങള്‍ വളരെ ഭംഗിയായി മുന്നോട്ടുപോയി. എന്നാല്‍, പരമപൂജ്യന്‍ ശ്രീകൃഷ്ണനാണ് എന്നു കണ്ടതോടെ ചേദി രാജാവായ ശിശുപാലന്‍ പൊട്ടിത്തെറിച്ചു. ഈ ശിശുപാലന്‍ ദ്രൗപദിയുടെ സ്വയംവരത്തില്‍ സംബന്ധിച്ച് വമ്പന്‍ വില്ലില്‍ അമ്പുതൊടുക്കാന്‍ ഒരുമ്പെട്ടപ്പോള്‍ മുട്ടുകുത്തി വീണവനാണ്. ചേദി രാജാവെന്ന നിലയില്‍ യുധിഷ്ഠിരന്റെ സഭാപ്രവേശശുഭവേളയില്‍ സദസ്യനായിരുന്നു. പില്‍ക്കാലത്ത് മഹാപ്രതാപിയായ ജരാസന്ധന്റെ സേനാപതിയായി. തന്റെ യജമാനന്റെ ദാരുണമായ വധത്തിന് മൂലകാരണം കൃഷ്ണനാണെന്നു വിശ്വസിച്ചു. അതോടെ അദ്ദേഹത്തിന്റെ മുന്നേയുള്ള വൈരം ഇരട്ടിയായി. ഇന്നിപ്പോള്‍ ആ സ്വവൈരിക്ക് പ്രഥമസ്ഥാനം ലഭിച്ചപ്പോള്‍ അദ്ദേഹത്തിനു സഹിക്കാനായില്ല. അദ്ദേഹം സമനില തെറ്റി സര്‍വ്വാഗ്ര്യനെ തിരഞ്ഞെടുത്ത ഭീഷ്മരേയും, തുടര്‍ന്നു കൃഷ്ണനേയും പുലഭ്യം പറയാന്‍ തുടങ്ങി. യുധിഷ്ഠിരന്‍ ആശ്വസിപ്പിക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മാത്രമല്ല, തന്റെ സ്വാധീനത്തിലുണ്ടായിരുന്ന ഒരുപിടി രാജാക്കന്മാരെ ഒരുമിച്ചുകൂട്ടി. വിദ്രോഹമുണ്ടാക്കാനും ശ്രമിച്ചു. അതിരുകവിഞ്ഞപ്പോള്‍ സുദര്‍ശനം വിട്ടു ശ്രീകൃഷ്ണചക്രധാരി അദ്ദേഹത്തിന്റെ തലയറുത്തു. സമയം പാഴാക്കാതെ മൃതന്റെ മകനെ ചേദിരാജാവായി വാഴ്ത്തുകയും ചെയ്തു.
ഈയൊരശുഭമൊഴിച്ചാല്‍, രാജസൂയം ഭംഗിയായി കലാശിച്ചു. ധര്‍മ്മപുത്രര്‍ സമ്രാട്ടായതില്‍ വന്നുചേര്‍ന്ന മഹര്‍ഷിഗണവും മഹീപാലന്മാരും അദ്ദേഹത്തെ അനുമോദിച്ചു. ക്ഷണമനുസരിച്ച് വന്ന രാജാക്കന്മാരും മാന്യന്മാരുമെല്ലാം സാമോദം തിരിച്ചുപോയി.
പ്രമാദിത്വവും അപ്രമത്തതയും
ശ്രീകൃഷ്ണനും ദ്വാരകയില്‍ തിരിച്ചുപോകാന്‍ ആലോചിച്ചു. നാരദമഹര്‍ഷിയും തിരിച്ചുപോയി. യുധിഷ്ഠിരനോട് ശ്രീകൃഷ്ണനും പോകാന്‍ അനുവാദം ചോദിച്ചു. അത് നല്‍കപ്പെടുകയുമുണ്ടായി. പോകേണ്ട മുഹൂര്‍ത്തമണഞ്ഞു. കുതിരകളെ പൂട്ടി രഥമൊരുങ്ങി. കൃഷ്ണനുമൊരുങ്ങി. സഹോദരന്മാരഞ്ചുപേരും ചുറ്റുംനിന്നു.
പുഞ്ചിരിയോടെ യുഗന്ധരന്‍ സമ്രാട്ടിനോടരുളി:- ”ലോകനാഥാ! പ്രമാദമില്ലാതെ ഉറച്ചുനിന്ന് എന്നുമെന്നും പ്രജകളെ പാലിക്കുക.”4
ശ്രീകൃഷ്ണന്റെ വാക്യത്തിന്റെ ഉള്‍പ്പൊരുള്‍ മനസ്സിലാകണമെങ്കില്‍ പ്രമാദം എന്ന പദത്തിന്റെ അര്‍ത്ഥം മനസ്സിലാക്കണം. കര്‍ത്തവ്യത്തില്‍ നിന്ന് അകര്‍ത്തവ്യബുദ്ധിയോടെ പിന്‍തിരിയുകയും അകര്‍ത്തവ്യത്തെ കര്‍ത്തവ്യ ബുദ്ധിയോടെ കയറിപ്പിടിക്കുകയും ചെയ്യുന്ന മാനസികവൃത്തിയാണ് പ്രമാദം.5 ഈ ദോഷമില്ലാത്ത അവസ്ഥയാണ് അപ്രമാദിത്വം – അങ്ങനെയുള്ള വ്യക്തിയാണ് അപ്രമത്തന്‍. അപ്രമത്തനായി ഉറച്ചുനിന്ന് എന്നുമെന്നും പ്രജകളെ കാത്തുരക്ഷിക്കുക എന്നതാണ് ശ്രീകൃഷ്ണന്റെ വിടവാങ്ങല്‍ നേരത്തെ ആശംസ. ശ്രീകൃഷ്ണന് ധര്‍മ്മപുത്രരായ യുധിഷ്ഠിരന്റെ കാര്യത്തില്‍ ഇങ്ങനത്തെ ഒരു സംശയത്തിന് അവകാശമില്ലായിരുന്നു. പിന്നെയെന്തേ പോകുന്ന പോക്കില്‍ അദ്ദേഹത്തിന്റെ അധരങ്ങളില്‍നിന്ന് ഈയൊരു വൈഖരി വീണു? ഉത്തരം കണ്ടെത്തുക വിഷമമാണ്. എന്നാല്‍ ”ഋഷീണാം പുനരാദ്യാനാം വാചമാര്‍ത്ഥോങ്കനുധാവതേ” – അഗ്രഗണ്യരായ ഋഷിമാരുടെ വാക്കുകള്‍ക്കു പിന്നാലേ അര്‍ത്ഥമോടുന്നു – എന്ന അനുഭവം ഇവിടെ സത്യമാകാന്‍ പോകുന്നു എന്നു തോന്നുന്നു. ഇതുതന്നെയല്ലേ സാധാരണക്കാരുടെ ഭാഷയില്‍ ‘അറംപറ്റല്‍’.
മൊത്തത്തില്‍ രാജസൂയം എന്ന രാഷ്‌ട്രോന്മീലനയജ്ഞം വിജയിച്ചു. ആനന്ദം സര്‍വ്വത്ര കളിയാടി.
1 കൃഷ്‌ണേ നയോ മയി ബലാം ജയഃ പാര്‍ഥേ ധനഞ്ജയേ
മാഗധം സാധയിഷ്യാമഃ ഇഷ്ടിം ത്രയ ഇവാഗ്നയഃ – സഭാപര്‍വം. – 15 – 13.
2 അര്‍ജ്ജുനഃ കൃഷ്ണമന്വേതു ഭീമോന്വേതു ധനഞ്ജയം
നയോ ജയോ ബലം ചൈവ വിക്രമേ സിദ്ധിമോഷ്യതി. – സഭാപര്‍വം. – 20 – 20.
3 ഏഷ ത്വേഷാം സമസ്താനാം തേജോബലപരാക്രമൈഃ
മധ്യേതപന്നിവാഭാതി ജ്യോതിഷാമിവ ഭാസ്‌കരഃ – സഭാപര്‍വം. – 36 – 28.
4 അപ്രമത്തഃ സ്ഥിതോ നിത്യം പ്രജാഃ പാഹി വിശാംപതേ.” – സഭാപര്‍വം. – 45 – 65.
5 കര്‍ത്തവ്യേ അകര്‍ത്തവ്യധിയാ തത്ര നിവൃത്തൗ
അകര്‍ത്തവ്യേ കര്‍ത്തൃത്വധിയാ തത്ര പ്രവൃത്തൗ പ്രമാദഃ – വാചസ്പത്യം.