ഗോപികമാര്‍ക്ക് എപ്പോഴും കണ്ണനെ കണ്ടുകൊണ്ടേയിരിക്കണം. ഓരോരുത്തര്‍ക്കും, ശ്രീകൃഷ്ണന്‍ തങ്ങളുടേതു മാത്രമാണ് എന്ന ചിന്തയാണ്. അതിന് പ്രായഭേദങ്ങളില്ല. അവരുടെ പ്രഭുവായ നന്ദഗോപരുടെ പുത്രന്‍,
ഗോപികമാര്‍ക്കെല്ലാം പ്രാണപ്രിയനായിരുന്നു.
ചിലര്‍ക്ക് മകനെപ്പോലെയാണെങ്കില്‍ മറ്റു ചിലര്‍ക്ക് പ്രേമഭാജനമായിരുന്നു ശ്രീകൃഷ്ണന്‍. കളിക്കൂട്ടുകാരനായും, കാമുകനായും, എപ്പോഴും കണ്ണന്‍ തങ്ങളോടൊപ്പം ഉണ്ടാവണമെന്ന് അവര്‍ ആഗ്രഹിച്ചു.
കണ്ണന്റെ വികൃതികളെക്കുറിച്ച് പലപ്പോഴും ഗോപികമാര്‍ യശോദയമ്മയോട് പരാതി പറയും.
എങ്കിലും കണ്ണന് കടുത്ത ശിക്ഷ കൊടുക്കാന്‍ യശോദയോ ഗോപികമാരോ ആഗ്രഹിച്ചിരുന്നില്ല.
കണ്ണന്റെ ഓടക്കുഴല്‍ നാദം കേട്ട് പ്രപഞ്ച ദുഃഖങ്ങളെല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കാന്‍ വൃന്ദാവനത്തിലെ ജീവജാലങ്ങള്‍ മത്സരിച്ചിരുന്നു.
ഉണരുമ്പോഴും ഉറങ്ങുമ്പോഴും കാര്‍മേഘ വര്‍ണ്ണനെ മനസ്സില്‍ ചിന്തിച്ചാണ് ഓരോ ഗോപികയും ശ്വാസോച്ഛ്വാസം വരെ ചെയ്തിരുന്നത്. ഇക്കൂട്ടത്തില്‍ തികച്ചും വേറിട്ട ഒരു പെണ്‍കിടാവായിരുന്നു രാധാദേവി. അവളോട് മാത്രമായിരുന്നു കണ്ണന്റെ മനസ്സില്‍ യഥാര്‍ത്ഥ സ്‌നേഹം. തനിക്ക് കിട്ടുന്ന ഏറ്റവും രുചികരമായ പഴങ്ങള്‍ കളിക്കൂട്ടുകാരിയായ രാധയ്ക്ക് വേണ്ടി പ്രത്യേകം മാറ്റിവയ്ക്കാന്‍ കണ്ണന്‍ മറക്കാറില്ല.
രാധയോടുള്ള ഈ സ്‌നേഹം മറ്റു ഗോപികമാര്‍ക്ക് അസൂയ ഉണ്ടാക്കാതിരുന്നതുമില്ല. കണ്ണന്‍ തന്റെ മാത്രമാണ് എന്ന് ചിന്തിക്കുന്ന ഓരോ ഗോപികയ്ക്കും കണ്ണനെ മറ്റൊരാള്‍ പങ്കിട്ടെടുക്കുന്നത് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എല്ലാവര്‍ക്കും ഒരുമിച്ച് കണ്ണനെ കിട്ടണം എന്ന മോഹമുദിച്ചതിനാല്‍ അവരെല്ലാവരും കൂടി കാര്‍ത്യായനി ഭഗവതിയെ വ്രതനിഷ്ഠയോടെ പൂജിച്ചു.
കൗമാരപ്രായത്തിലുള്ള സകല ഗോപികമാര്‍ക്കും തനിക്കു മാത്രം സ്വന്തമായി ശ്രീകൃഷ്ണനെ വേണം. അത് മാത്രമായിരുന്നു അവരുടെ പ്രാര്‍ത്ഥന നിലാവുള്ള ഒരു രാവില്‍ ലോകമുറങ്ങുന്ന നേരത്ത് ശ്രീകൃഷ്ണന്‍ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നു.
എത്ര ഗോപികമാരുണ്ടോ അത്രയും പേരുടെ അരികില്‍ മായാരൂപിയായ കണ്ണന്‍ അവര്‍ക്കുമാത്രം പ്രിയപ്പെട്ടവന്‍ എന്ന് തോന്നുന്ന വിധത്തില്‍ എത്തുന്നു.
ഒരു സുന്ദര രാത്രിയില്‍ ശ്രീകൃഷ്ണന്‍ വൃന്ദാവനത്തിലെ ഗോപികമാര്‍ക്കു മാത്രം കേള്‍ക്കുന്ന വിധത്തില്‍ പുല്ലാംകുഴല്‍ വായിച്ചു.
ആ ശബ്ദം കേട്ട് മതിമറന്ന ഗോപസുന്ദരിമാര്‍ കൃഷ്ണനരികിലെത്തി രാത്രി മുഴുവന്‍ ആനന്ദനൃത്തം ചവിട്ടി.
രാധയോടൊപ്പമെന്നപോലെ മറ്റു ഗോപികമാരോടും കണ്ണന്‍ സമഭാവത്തില്‍ പെരുമാറി. എല്ലാവര്‍ക്കും തങ്ങളുടെ മാത്രമാണ് കണ്ണന്‍ എന്ന തോന്നല്‍ കുറച്ചു നേരമെങ്കിലും ഉണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
നിഷ്‌കളങ്കമായി തന്നെ സ്‌നേഹിക്കുന്ന ഈ പുണ്യവതികളെ മഥുരയിലേക്ക് മടങ്ങും മുമ്പ് കുറച്ചുനേരമെങ്കിലും സന്തോഷിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഓരോരുത്തര്‍ക്കും അവരവര്‍ ആഗ്രഹിച്ച രൂപത്തില്‍ കണ്ണനെ ഒപ്പം കൂട്ടാന്‍ കഴിഞ്ഞു. ആ സമയത്ത് അവര്‍ക്കുണ്ടായ ആനന്ദലഹരി അവാച്യമാണ്.
ഗോപികയും കണ്ണനും ഒന്നാണെന്ന ഭാവത്തില്‍ അവര്‍ രാസക്രീഡ നടത്തുന്നതു കാണാന്‍ ദേവലോകത്തും ആകാശത്തും നിരവധി ദേവന്മാര്‍ പ്രത്യക്ഷപ്പെട്ടു. സ്ഥലകാലങ്ങള്‍ മറന്ന് അവര്‍ തങ്ങള്‍ക്കു മാത്രം ലഭിച്ച കണ്ണനോടൊപ്പം സ്‌നേഹം പങ്കിട്ടു.
നിഷ്‌കളങ്കമായ പ്രേമത്തിന് ഫലം കിട്ടാതിരിക്കില്ലല്ലോ. ഭഗവാന്‍ കുറച്ചു നേരമെങ്കിലും അവരുടെ കളിക്കുട്ടിയായി മാറി.
അവരുടെ മനസ്സിലെ മറ്റു ചിന്തകള്‍ എല്ലാം ഒഴിവാക്കി നിഷ്‌കളങ്കമായ സ്‌നേഹവും ഭക്തിയും നിറയ്ക്കാന്‍ ഗോപികാവല്ലഭന് കഴിഞ്ഞു.