‘മഹാരാജാവ് വിജയിക്കട്ടെ…യുവരാജാവ് കംസന്‍ വിജയിക്കട്ടെ…’
‘യുവരാജനെ മുഖം കാണിക്കാന്‍ ശ്രീനാരദ മഹര്‍ഷി എത്തിയിട്ടുണ്ട്.’ ഭടന്‍ കംസനെ അറിയിച്ചു. ‘ശരി…വരാന്‍ പറയൂ’ എന്നായി കംസന്‍.
‘നാരായണ……നാരായണ. ചക്രവര്‍ത്തി തിരുമനസ്സ് കംസന്‍ വിജയിക്കട്ടെ’ നാരദന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
‘എന്താ, മഹര്‍ഷേ, രാവിലെ തന്നെ ആളെ കളിയാക്കാനിറ ങ്ങിയതാണോ? ചക്രവര്‍ത്തിയെന്നും മറ്റും വിളിച്ച് …ങൂം’.
‘ഏയ്… കളിയാക്കുക യോ…നാമോ…അതും ഭാവി, ഭാരതാധീശ്വരനെ നാരായണ… നാരായണ…’
‘ദേ.. വീണ്ടും…
എന്താ നാരദരേ. വരവിന്റെ ഉദ്ദേശ്യം?’
‘ഒരാള് നന്നാവാന്‍ വേണ്ട വഴി ആരെങ്കിലും പറഞ്ഞു തരാമെന്നു വച്ചാല്‍… അത് കളിയാക്കലായി തോന്നിയാല്‍ എന്തുചെയ്യും?’ നാരദന്‍ പരിഭവം നടിച്ചു.
‘എന്നാല്‍ ശരി പറയൂ മഹര്‍ഷേ… ഞാന്‍ അങ്ങയുടെ ഉപദേശം പോലെ ചെയ്യാം.’ കംസന്‍ സ്‌നേഹപൂര്‍വ്വം അറിയിച്ചു.
‘എന്റെ കംസാ, ഈയൊരു ചെറിയ രാജ്യത്തിന്റെ യുവരാജാവായി കാലം കഴിക്കേണ്ടവനല്ല, താങ്കള്‍ ഭൂമിയും, സ്വര്‍ഗ്ഗവും, പാതാളവും കീഴടക്കി ത്രിഭുവനചക്രവര്‍ത്തിയായി വാഴേണ്ടവനാണ്. അതിനാവണം ഇനിയുളള ശ്രമം. അല്ലാതെ ഈ മഥുരയിലിരുന്നിട്ട് കാര്യമില്ല’.
നാരദന്‍ ആവേശത്തോടെ അറിയിച്ചു. അതിലും ആവേശമായിരുന്നു. കംസന്.
‘പറയൂ… മഹര്‍ഷേ ഞാനിനി എന്താണ് ചെയ്യേണ്ടത്’?
‘കംസാ, ഈ ഭൂമിയുടെ, അറിയപ്പെടാതെ കിടക്കുന്ന മലമടക്കുകളിലും ദ്വീപുകളിലും സമുദ്രത്തിന്റെ നടുവിലും കൊടുംകാട്ടിലും പാതാള ദേശത്തും നൂറുകണക്കിന് ശക്തരായ രാക്ഷസവീരന്മാര്‍ ഉണ്ട്. അസുരന്മാരും, കാട്ടാളന്മാരും, പര്‍വ്വതദേശ വാസികളായ രാക്ഷസന്മാരുമുണ്ട്. അവരെ കീഴടക്കി ഒപ്പം കൂട്ടിയാല്‍ നിനക്ക് ഈ ലോകം കീഴടക്കാം’ നാരദന്‍ വിശദമായി പറഞ്ഞുകൊടുത്ത വിവരങ്ങള്‍ കംസനെ ആവേശഭരിതനാക്കി.
കംസന്‍ ഒട്ടും വൈകാതെ മല്ലയുദ്ധവീരന്മാരായ ചാണൂരനും, മുഷ്ടികനും വസിക്കുന്ന ഗ്രാമം സന്ദര്‍ശിച്ചു. ശിഷ്യന്മാര്‍ക്കൊപ്പം ആ നാട് അടക്കി ഭരിച്ചിരുന്ന മല്ലന്മാരെ കംസന്‍ വെല്ലുവിളിച്ചു.
‘ഹേ മല്ലന്മാരേ… നിങ്ങളെ ഞാനിതാ വെല്ലുവിളിക്കുന്നു. ആരുണ്ട് എന്നോട് ഏറ്റുമുട്ടാന്‍? വേഗം വരൂ’
കംസന്റെ വെല്ലുവിളി ഏറ്റെടുത്ത് ചാണൂരന്റെ ശിഷ്യന്മാര്‍ ഓരോരുത്തരായി കംസനോട് ഏറ്റുമുട്ടി. അവരെല്ലാം കംസനു മുന്നില്‍ തോറ്റ് തുന്നം പാടി.
ഒടുവില്‍ ചാണൂരനും മുഷ്ടികനും ഒന്നിച്ച് അദ്ദേഹത്തെ നേരിട്ടു. അതിശക്തന്മാരായ മൂന്ന് പര്‍വ്വതങ്ങള്‍ കൂട്ടിമുട്ടുന്നപോലെ ഭയാനകമായ യുദ്ധത്തിനൊടുവില്‍ അവരും കംസന് കീഴടങ്ങി.
‘മഹാപ്രഭോ…ഈ ചാണൂരനും മുഷ്ടികനും ശിഷ്യന്മാരും ഇനി അവിടുത്തെ ദാസന്മാര്‍, എത്ര കഠിനമായ കല്‍പ്പനയും അനുസരിക്കാന്‍ ഞങ്ങള്‍ തയ്യാര്‍’.
‘ശരി…നിങ്ങള്‍ എല്ലാവരും നമ്മോടൊപ്പം, മഥുരയിലേക്ക് വരൂ…ഇനി അവിടമാണ് നിങ്ങളുടെ താവളം’ എന്നു പറഞ്ഞ് അവരേയും കൂട്ടി കംസന്‍ മഥുരക്ക് മടങ്ങി.
നാരദന്‍ പറഞ്ഞതനുസരിച്ച് കംസന്‍ പിന്നെ ചെന്നത് സമുദ്ര മദ്ധ്യത്തിലുളള ദ്വീപിലാണ്. അവിടെ വസിക്കുന്ന രാക്ഷസന്മാരെ അദ്ദേഹം വളരെ വേഗം കീഴടക്കി. പര്‍വ്വതഗുഹകളില്‍, കൊടുംകാട്ടില്‍ എല്ലായിടത്തുമുളള അസുരന്മാരെ കംസന്‍ തോല്‍പ്പിച്ച് കൂടെകൂട്ടി.
ഈ ഭയങ്കരന്മാരോടൊപ്പം ചേര്‍ന്ന് പാതാളത്തിലെത്തി അവിടെയുളള അസുരവീരന്മാരേയും കംസന്‍ തന്റെ വരുതിയിലാക്കി.
എല്ലാവരേയും ഒന്നിച്ചു ചേര്‍ത്ത് കംസന്‍ നേരെ ദേവ ലോകത്തേക്ക് പുറപ്പെട്ടു. അധര്‍മ്മികളായ അവര്‍ക്കു മുന്നില്‍ ദേവന്മാര്‍ തോല്‍വി സമ്മതിച്ചു.
അങ്ങനെ നാരദന്റെ നിര്‍ദ്ദേശപ്രകാരം അസുരന്മാര്‍ ഭൂമിയും സ്വര്‍ഗ്ഗവും പാതാളവും കംസന് സ്വന്തമാക്കിക്കൊടുത്തു.
കംസന്റെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത ഉഗ്രസേന മഹാരാജാവിനെ പിതാവെന്ന സ്ഥാനം പോലും മറന്ന് തടവിലാക്കി. അങ്ങനെ കംസന്‍ രാജസിംഹാസനം സ്വന്തമാക്കി.
നാരദന്‍ നല്‍കിയ ഉപദേശമാണ് ഈ പ്രവൃത്തികള്‍ക്കെല്ലാം കാരണം. പക്ഷേ അത് വെറുതെയല്ല. പൂതന, ശകടന്‍, കേശി, തൃണാവര്‍ത്തന്‍ മുതലായ ഒട്ടേറെ രാക്ഷസന്മാരെ കംസന്‍ കീഴടക്കിയതു മൂലം, അവരെക്കൊണ്ട് പൊറുതി മുട്ടിയ, ദേശവാസികള്‍ രക്ഷപ്പെടുകയാണ് ചെയ്തത്. മല്ലന്മാരുടെ ഗ്രാമത്തിന്റെ സ്ഥിതിയും മറിച്ചല്ല.
എല്ലാ ദുഷ്ടന്മാരും ഒരു സ്ഥലത്ത് മാത്രമായപ്പോള്‍ മറ്റ് ദേശങ്ങള്‍ രക്ഷപ്പെട്ടു. അവിടെ സ്വസ്ഥതയും സമാധാനവും ലഭിച്ചു.
കംസന്റെ പ്രവൃത്തി മൂലം…പല സ്ഥലങ്ങളിലായി ചിന്നിച്ചിതറി കിടന്നിരുന്ന, ദുഷ്ടശക്തികള്‍ ഒരു സ്ഥലത്ത് ഒത്തു ചേര്‍ന്നു. ഭൂമിക്കു ഭാരമായി മാറിയ ഇവരെ വധിക്കാന്‍ ശ്രീകൃഷ്ണനായി അവതരിച്ച മഹാവിഷ്ണുവിന്, ഏറെ അലയേണ്ടി വന്നതുമില്ല.
പൂതന, തൃണാവര്‍ത്തന്‍, ബകന്‍, അഘാസുരന്‍ തുടങ്ങി ഓരോരുത്തരായി കൃഷ്ണനെ അന്വേഷിച്ച് കണ്ടെത്തി മരണം വരിച്ചു. ചാണൂരന്‍, മുഷ്ടികന്‍, ധേനുകന്‍ മുതലായ കൈ ക്കരുത്തുളളവരുടെ ഉപദ്രവം ഒരിടത്ത് മാത്രമായി ചുരുക്കാനും നാരദന്റെ ഉപദേശം സഹായിച്ചു.
ഇതിലെല്ലാം ഉപരി ചുരുങ്ങിയ സമയം കൊണ്ട് ഇവരുടെ ഉപദ്രവം കൃഷ്ണന് അവസാനിപ്പിക്കാനും സാധിച്ചു.
പ്രത്യക്ഷത്തില്‍, ഏഷണി, കുശുമ്പ്, അസൂയ എന്നിവയുടെ പര്യായമായി തോന്നുന്ന നാരദന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്ന പ്രവൃത്തികളെല്ലാം, ലോകോപകാരപ്രദമാണ് എന്ന് പറയാതെ വയ്യ.