ഒരു ദിവസം പതിവുപോലെ ഗോപബാലകര്‍ കാലികളെ മേച്ചുകൊണ്ട്, കാളിന്ദീതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അനേകം ഗോപഗൃഹങ്ങളിലെ, നൂറുകണക്കിനു പശുക്കള്‍, മൂരികള്‍, കിടാങ്ങള്‍. പലര്‍ക്കും തങ്ങളുടെ കന്നുകാലികളെപ്പോലും തിരിച്ചറിയില്ല. എന്നാല്‍ കൃഷ്ണന് ഒന്നൊഴിയാതെ എല്ലാത്തിനേയും, പേരെടുത്ത് തിരിച്ചറിയാം!
കാലിക്കൂട്ടത്തില്‍, പരിചയമില്ലാത്ത ഒരു മൂരിക്കുട്ടന്‍! കണ്ണനെപ്പറ്റിക്കാന്‍ ആര്‍ക്കു കഴിയും? കംസന്റെ നിര്‍ദ്ദേശപ്രകാരം രൂപം മാറിയെത്തിയ, വത്‌സാസുരനായിരുന്നു അത്. കൃഷ്ണന്‍ ജ്യേഷ്ഠനെ വിവരം ധരിപ്പിച്ചു. ഒന്നുമറിയാത്ത ഭാവത്തില്‍, ഓടിച്ചെന്ന്, നാലുകാലും വാലും കൂട്ടിപ്പിടിച്ച് വട്ടം കറക്കി, അകലേക്ക് വലിച്ചെറിഞ്ഞു.
ഒരു കൂറ്റന്‍ വൃക്ഷത്തില്‍ ചെന്നിടിച്ച് അസുരന്‍ ഛിന്നഭിന്നമായി. ഗോപന്മാര്‍ ആര്‍ത്തു വിളിച്ചു. ഗോപസ്ത്രീകള്‍ ആശ്ചര്യം പൂണ്ട് വാ പൊളിച്ചു നിന്നു. ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി.
ഗോപന്മാര്‍ക്ക് എന്നിട്ടും തോന്നിയില്ല തങ്ങളുടെ കണ്ണന്‍, ഒരു അമാനുഷിക പ്രതിഭയാണെന്ന്. മറ്റൊരു ദിവസം, വെളുപ്പിനേ, പൊതിച്ചോറും കെട്ടി ഗോപന്മാര്‍ പുറപ്പെട്ടു. കുറച്ചകലെയായ് വനമദ്ധ്യത്തില്‍ ഒരു തടാകക്കരയിലേക്കാണ് അന്ന് അവര്‍ പോയത്. അതിമനോഹരമായ പുല്‍ത്തകിടി, തെളിനീര്‍
നിറഞ്ഞ പൊയ്ക, പശുക്കള്‍ യഥേഷ്ടം മേഞ്ഞു നടന്ന്, വെളളം കുടിക്കാനായി തടാകതീരത്തു ചെന്നു.
കരിമ്പാറക്കെട്ടുപോലെ, വലിയൊരു നിഴല്‍ കണ്ട് അവര്‍ ഞെട്ടിത്തരിച്ചു. കൊലയാനയെപ്പോലെ, പര്‍വ്വതം പോലെ, കൂറ്റനൊരു പക്ഷി…! അതും കംസകിങ്കരനായ അസുരനാണെന്നു പറയേണ്ടതില്ലല്ലോ! കൂറ്റന്‍ കൊക്കുകള്‍ പിളര്‍ന്ന് ആ പക്ഷി ശ്രീകൃഷ്ണനെ കൊത്തി വിഴുങ്ങി. ഗോപകുമാരന്മാര്‍ ഭയന്ന് വിറച്ചു. കണ്ണനെ വിഴുങ്ങിയ ബകാസുരന്, തീക്കട്ട വിഴുങ്ങിയതുപോലെ, അകം വെന്തുനീറി. അവന്‍, കുഞ്ഞിക്കണ്ണനെ ഛര്‍ദ്ദിച്ചു. വീണ്ടും കോപഭാവത്തില്‍ കൊത്താനായ് കൊക്കുമായ് അടുത്തുചെന്ന അസുരന്റെ ഇരുകൊക്കുകളിലും ബലമായ് പിടിച്ച് വലിച്ചു കീറി ഗോപകുമാരന്‍.
ഒരു പുല്‍ക്കൊടിപോലെ ബകാസുരനെ കീറിമുറിച്ചതുകണ്ട്, ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി. ശംഖനാദവും, പെരുമ്പറയും മുഴക്കി ദേവവൃന്ദം. കണ്ണന്റെ വീരകഥകള്‍, ഗോകുലത്തിലെ സ്ത്രീജനങ്ങള്‍ പാടി നടന്നു. ഗോപീഹൃദയചോരനായ് വൃന്ദാവനശ്യാമളനായ് വസിച്ച ഭഗവാനെ ഗോകുലം ആരാധിച്ചു.
ഗര്‍ഗ്ഗമഹര്‍ഷിയുടെ വാക്കുകള്‍ സത്യമാണ്. ഒട്ടേറെ അപകടങ്ങള്‍ തരണം ചെയ്ത് ആനന്ദകിശോരന്‍ ഗോകുലത്തിന്റെ പൊന്നോമനയായ് കളിച്ചു നടന്നു.
മണ്ണിലും മരത്തിലും നദിയിലും പര്‍വ്വതത്തിലും ആ ഗോപബാലന്‍ കളിച്ചു രസിച്ചു നടന്നു. അവന്റെ സാമീപ്യം വൃന്ദാവനത്തെ വൈകുണ്ഠമാക്കി മാറ്റി.