കണ്ണന്‍ അതിരാവിലെ എഴുന്നേറ്റ് കൊമ്പു വിളിച്ചു, എല്ലാവരേയും ഉണര്‍ത്തി വനയാത്രയ്ക്കു പുറപ്പെട്ടു. കൊമ്പ്, കുഴല്‍, ചൂരല്‍, ചോറ്റുപാത്രം എന്നിവയുമായ് നൂറുകണക്കിനു ഗോപബാലകരും അനുഗമിച്ചു.
പശുക്കിടാങ്ങളേയും മേച്ചുകൊണ്ട് മുന്നോട്ടു നീങ്ങിയ അവര്‍ ഓടിയും ചാടിയും മരങ്ങളില്‍ കയറിയും പുഴയില്‍ നീന്തിയും നടന്നും പറന്നും ആനന്ദം പൂണ്ടു.
ജന്മജന്മാന്തരസുകൃതം മൂലമാവണം, അവര്‍ക്ക് ലോകനാഥനെ കളിക്കൂട്ടുകാരനായി ലഭിച്ചത്. മഹായോഗികള്‍ പോലും വിചാരിച്ചിട്ട് സാധിക്കാത്ത മഹാഭാഗ്യം.
ആ ഗോപകുമാരന്മാര്‍, കുരങ്ങിനോട് മത്‌സരിച്ച് മരങ്ങള്‍ മാറി മാറിച്ചാടിയും, ഗോഷ്ഠികള്‍ കാട്ടിയും മുന്നേറി.
ആനന്ദാഹ്ലാദങ്ങളാല്‍ മതിമറന്നുള്ള അവരുടെ വരവു കണ്ട് അഘാസുരന് സഹിച്ചില്ല. പൂതനയുടേയും ബകാസുരന്റേയും സഹോദരനായ അവന്‍, സഹോദരങ്ങളെ വധിച്ച കൃഷ്ണന്റെ കഥ കഴിക്കാനുറച്ചു.
കംസ കിങ്കരനായ അവന്‍ കൂറ്റനാമൊരു പെരുമ്പാമ്പിന്റെ രൂപം പൂണ്ട് വായും പിളര്‍ന്ന് കിടന്നു. ചെമ്മണ്‍ പാതപോലെ വിശാലമായ നാക്ക്, ഗുഹപോലെ വലിയ വായ, കീഴ്ത്താടി മണ്ണിലും മേല്‍ത്താടി വിണ്ണിലുമുറപ്പിച്ച് കിടക്കുന്ന രൂപം കണ്ട് ബുദ്ധിയുളളവര്‍ പറഞ്ഞു. ”കൂട്ടരേ, ഇത് ഗുഹയല്ല പെരുമ്പാമ്പാണ്, മാറി നടക്കാം വരൂ..”
”ഓ പിന്നെ പാമ്പ്… ഇതൊരു ഗുഹയാണ് വേഗം വരൂ. നമുക്ക് ഒളിച്ചു കളിക്കാം”. മറ്റു ചിലര്‍ പറഞ്ഞു.
”വേറെ ചിലര്‍ ങാ! എന്തായാലും ബകനെ കൊല്ലാനൊരു ആളുണ്ടല്ലോ, നമുക്ക് ധൈര്യമായി കയറാം” എന്നു പറഞ്ഞ് ധൈര്യമായി അകത്തേക്കു പ്രവേശിച്ചു. പുറകേ, ഗോക്കളും അനവധി ഗോപാലന്മാരും. എല്ലാവരും കയറിയിട്ടും അസുരന്‍ വായടച്ചില്ല, കാരണം, കയറേണ്ടയാള്‍ കയറിയില്ല എന്നതു തന്നെ കാരണം.
കൂട്ടുകാര്‍ അപകടത്തിലാവരുതല്ലോ. ഭഗവാനും, അവര്‍ക്കു പിന്നാലെ പാമ്പിന്റെ വായിലേക്ക് കയറി. പാമ്പ് വായടയ്ക്കാന്‍ തുടങ്ങും മുമ്പ് ശ്രീകൃഷ്ണന്‍ തന്റെ ശരീരം വലുതാക്കി.
പാമ്പിന് അപ്രതീക്ഷിതമായ ഒരു ആഘാതമായിരുന്നു അത്.
വളര്‍ന്നു വളര്‍ന്നു, വലുതായി കൃഷ്ണന്‍ പാമ്പിന്റെ മൂര്‍ദ്ധാവ് പിളര്‍ന്ന് പുറത്തു കടന്നു.
അഘാസുരന്റെ ആത്മാവ്, തേജോരൂപം പൂണ്ട് കൃഷ്ണനില്‍ വിലയം പ്രാപിച്ചു.
ദേവന്മാര്‍ പുഷ്പവൃഷ്ടി തൂകി, ദേവാംഗനകള്‍ ആനന്ദനൃത്തം ചവിട്ടി, ബ്രഹ്‌മാവും പരമേശ്വരനും ഭഗവാനെ വന്ദിച്ചു സ്തുതിച്ചു.
അഘാസുരന്റെ തോല്‍, വെയിലേറ്റ് ഉണങ്ങിയപ്പോള്‍, ബാലകന്മാര്‍ അവിടെ സധൈര്യം ഒളിച്ചു കളിച്ചു രസിച്ചു. പിന്നീട് ആ തോല്‍ കണ്ട് ആശ്ചര്യം പൂണ്ടവരോട്, ഈ കഥ വിവരിക്കുവാനും ബാലകര്‍ മറന്നില്ല.
Comments