ഒരിയ്ക്കല്‍, നന്ദഗോപരുടെ നേതൃത്വത്തില്‍ ഗോപന്മാര്‍, മഥുരാനഗരത്തിനു സമീപമുളള അംബികാവനമെന്ന തീര്‍ത്ഥസ്ഥലത്ത് എത്തിച്ചേര്‍ന്നു. സരസ്വതീ നദിയില്‍ കുളിച്ച് ഭക്തിപൂര്‍വ്വം അവര്‍ ശ്രീപാര്‍വ്വതീ പരമേശ്വരന്മാരെ പൂജിച്ചു. ശിവപ്രീതിക്കായി ബ്രാഹ്‌മണര്‍ക്ക് അന്നം, വസ്ത്രം, ഗോ, സ്വര്‍ണ്ണം എന്നിവ ദാനം ചെയ്തു.
വ്രതനിഷ്ഠയോടെ, ഉപവാസപൂര്‍വ്വം അവര്‍ സരസ്വതീ തീരത്ത് വസിച്ചു. രാവേറെ ചെന്നപ്പോള്‍, കൂറ്റനൊരു പെരുമ്പാമ്പ്, നന്ദഗോപരെ ചുറ്റിവരിഞ്ഞ് വിഴുങ്ങാനൊരുങ്ങി.
നന്ദഗോപരുടെ നിലവിളികേട്ട് ഗോപന്മാര്‍ കല്ലും വടിയുമായി പാമ്പിനെ നേരിട്ടു. ഫലമുണ്ടായില്ലെന്നു കണ്ട് ചിലര്‍ അതിനെ തീക്കൊളളികൊണ്ട് കുത്തിനോക്കി. എന്നിട്ടും പാമ്പ് പിടിയയച്ചില്ല.
”ഉണ്ണീ മകനേ കൃഷ്ണാ അച്ഛനെ രക്ഷിക്കൂ” എന്നുറക്കെ വിലപിക്കുന്ന പിതാവിന്നരികിലെത്തി കണ്ണന്‍ സര്‍പ്പത്തിന്റെ വാലില്‍ ബലമായി ചവിട്ടി.
ആശ്ചര്യമെന്നു പറയട്ടെ, പെരുമ്പാമ്പ്, രൂപം മാറി ഗന്ധര്‍വ്വനായിത്തീര്‍ന്നു. ദിവ്യതേജസ്സോടെ തിളങ്ങുന്ന ഗന്ധര്‍വ്വനോട് ഭഗവാന്‍ കാര്യമന്വേഷിച്ചു.”സുദര്‍ശനെന്നു പേരായ ഗന്ധര്‍വ്വനാണു ഞാന്‍, ഐശ്വര്യ സമ്പദ് സമൃദ്ധിയില്‍ മതിമറന്ന ഞാന്‍, വിമാനത്തിലേറി ലോകമെങ്ങും ചുറ്റി നടന്നു. അഹങ്കാരത്തോടെ നടക്കവേ എന്റെ മുന്നില്‍ അംഗിരസകുലത്തില്‍പ്പിറന്ന മഹര്‍ഷീശ്വരന്മാരെത്തിച്ചേര്‍ന്നു. സൗന്ദര്യത്തിലഹങ്കരിച്ചിരുന്ന ഞാന്‍ അവരെ വിരൂപന്മാരെന്നു പറഞ്ഞ് കളിയാക്കി ചിരിച്ചു.
പാപിയായ എന്നെ അവര്‍ ശപിച്ചു. ‘സൗന്ദര്യത്തില്‍ മതിമറന്നഹങ്കരിക്കുന്ന നീ ഒരു പെരുമ്പാമ്പായി മണ്ണില്‍പ്പതിക്കട്ടെ’.
ശാപമോക്ഷം തേടിക്കരഞ്ഞ എന്നോട് ‘ദ്വാപരയുഗത്തില്‍, വിഷ്ണുഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണപാദസ്പര്‍ശത്താല്‍ നിനക്ക് ശാപമോക്ഷം ലഭിക്കും’ എന്ന് പറഞ്ഞു.
‘അപ്രകാരം അങ്ങയുടെ സ്പര്‍ശത്താല്‍ പാപമുക്തി നേടിയ ഞാനിതാ പൂര്‍വ്വരൂപം നേടിയിരിക്കുന്നു. അനുഗ്രഹിച്ചാലും’ എന്നു പറഞ്ഞ് സുദര്‍ശനന്‍ ഭഗവാനെ വലംവച്ച് നമസ്‌ക്കരിച്ചു.
ശ്രീകൃഷ്ണമാഹാത്മ്യം, കണ്ടും കേട്ടും ആശ്ചര്യം പൂണ്ട ഗോപന്മാര്‍ സമാധാനത്തോടെ മടങ്ങി.
മറ്റൊരു ദിവസം, രാമകൃഷ്ണന്മാര്‍ക്കൊപ്പം വൃന്ദാവനക്രീഡക്കൊരുങ്ങിയ ഗോപസ്ത്രീകളെ ശംഖചൂഡന്‍ എന്ന അസുരന്‍ ബലമായി തട്ടിക്കൊണ്ടുപോയി.
വലിയ പനമരങ്ങള്‍ പറിച്ചെടുത്ത്, രാമനും കൃഷ്ണനും അസുരനെ നേരിട്ടു. സ്ത്രീകളെ ഉപേക്ഷിച്ച് രക്ഷപ്പെടാനൊരുമ്പെട്ട അസുരന്റെ തല ശ്രീകൃഷ്ണന്‍ തന്റെ മുഷ്ടിയാല്‍ തകര്‍ത്തു.
ശംഖചൂഡനെ വധിച്ച്, അവന്റെ ശിരസ്സില്‍ വിളങ്ങുന്ന ചൂഡാരത്‌നമെടുത്ത് ബലരാമന് സമ്മാനിച്ചു നീലമേഘവര്‍ണ്ണന്‍.
Comments