ത്രിമൂര്‍ത്തികളിലാരാണ് ശ്രേഷ്ഠന്‍? പലരും പലപ്പോഴും ഉന്നയിക്കുന്ന, സംശയമാണ് ഇത്.
സരസ്വതീ തീരത്ത് ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ഋഷിമാര്‍ തമ്മിലുമുണ്ടായി ഈ തര്‍ക്കം. സംശയനിവാരണത്തിന് ബ്രഹ്‌മപുത്രനായ ഭൃഗുമഹര്‍ഷിയെ അവര്‍ ചുമതലപ്പെടുത്തി.
ആദ്യം ബ്രഹ്‌മസഭയിലെത്തിയ ഭൃഗു പിതാവിനെ മന:പൂര്‍വ്വം വണങ്ങിയതേയില്ല. കോപിഷ്ഠനായ ബ്രഹ്‌മാവ് സ്വന്തം മകന്റെ അറിവില്ലായ്മയെന്നു കരുതി, ദേഷ്യം കടിച്ചമര്‍ത്തിനിന്നു.
രണ്ടാമതായി കൈലാസത്തിലാണ് മഹര്‍ഷി എത്തിയത്. സ്‌നേഹപൂര്‍വ്വം ആശ്ലേഷിക്കാനൊരുമ്പെട്ട ശിവനെ, ആചാരനിഷ്ഠയില്ലാത്തവനെന്നു പറഞ്ഞ് തടഞ്ഞു. വര്‍ദ്ധിത കോപത്തോടെ ശൂലവുമായി മഹര്‍ഷിയെ വധിക്കാനൊരുമ്പെട്ട ശിവന്റെ കാല്‍ക്കല്‍ വീണു ഭൃഗുമഹര്‍ഷി. കോപം ശമിച്ച് മഹര്‍ഷിയെ വെറുതെ വിട്ടൂ ശ്രീ ശങ്കരന്‍.
വൈകുണ്ഠത്തില്‍ ചെന്ന മഹര്‍ഷി കണ്ടത് ലക്ഷ്മീദേവിയുടെ മടിയില്‍ തലവച്ചുറങ്ങുന്ന ഭഗവാനെയാണ്. ഒട്ടും മടിക്കാതെ നെഞ്ചില്‍ നല്ലൊരു ചവിട്ടു നല്‍കി ഭൃഗുമഹര്‍ഷി.
ലക്ഷ്മീസമേതനായി ചാടി എഴുന്നേറ്റ് വണങ്ങിയ ഭഗവാന്‍ മഹര്‍ഷിയോട് ചോദിച്ചു:
”പ്രണാമം മഹര്‍ഷേ, അവിടുത്തെ വരവ് അറിഞ്ഞില്ല, ക്ഷമിച്ചാലും, എന്നെ ഉണര്‍ത്താന്‍ ശ്രമിച്ച അവിടുത്തെ തളിരിളം കാലടികള്‍ വേദനിച്ചോ?”. എന്നിട്ട് സാവധാനം കാലടികള്‍ തലോടിക്കൊണ്ട് പറഞ്ഞു. ‘പുണ്യതീര്‍ത്ഥങ്ങളേക്കാള്‍ പവിത്രമായ ഈ തൃച്ചേവടികള്‍ കഴുകിയ തീര്‍ത്ഥം ശിരസ്സിലണിയാന്‍, അടിയനെ അനുവദിച്ചാലും. അവിടുത്തെ പാദമുദ്ര, എന്റെ മാറിടത്തില്‍ ഐശ്വര്യമുദ്രയായി, ശ്രീവത്‌സമായ്, എന്നും വിളങ്ങട്ടെ”.
വൈകുണ്ഠനാഥന്റെ വാക്കുകള്‍ കേട്ട് സംതൃപ്തനായ മുനി ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് മടങ്ങി സഭയിലെത്തി വിവരങ്ങള്‍ അറിയിച്ചു.
”എല്ലാ ദേവീദേവന്മാരിലും വച്ച് ശ്രേഷ്ഠനും ശാന്തശീലനും സച്ചിന്മയനുമായ, മഹാവിഷ്ണുവിന്റെ മഹിമ അപാരം തന്നെ” എന്നു പറഞ്ഞ് മഹര്‍ഷി ശ്രേഷ്ഠന്മാര്‍, ഭഗവാന്റെ മാഹാത്മ്യം വര്‍ണ്ണിച്ചും കേട്ടും സംസാരദു:ഖം ശമിപ്പിച്ചു.