- നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)
- ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)
- ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)
- വൃന്ദാവനത്തിലെ യശോദാ നന്ദനന്‍ (ശ്രീകൃഷ്ണകഥാരസം 29)
- അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)
- ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)
- അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)
ഗോപികാവല്ലഭനായി ലീലകളാടിയിരുന്ന കണ്ണന് തന്റെ അവതാരോദ്ദേശ്യം നടപ്പിലാക്കാനുള്ള സമയമായി. കംസനും ഭൂമിയിലെ കര്‍മ്മം പൂര്‍ത്തിയാക്കി മടങ്ങാനുള്ള നേരമായി.
മഥുരാധിപതിയായ കംസ മഹാരാജാവ് അതിവിപുലമായ ഒരു ആഘോഷത്തിന് തുടക്കം കുറിച്ചു.
തന്റെ രാജ്യത്തെ യുവാക്കളുടെ കായികാഭ്യാസപ്രകടനത്തിനുള്ള വഴിയും ഒരുക്കിയിരുന്നു.
പലവട്ടം ശ്രമിച്ചിട്ടും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത ശ്രീകൃഷ്ണനെ വിളിച്ചുവരുത്തി തോല്‍പ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. വിനാശകാലേ വിപരീത ബുദ്ധി എന്ന് പറഞ്ഞപോലെ തന്റെ നേരമടുത്തതു കൊണ്ടാവാം അമ്പാടിയില്‍ എത്തി നന്ദഗോപരെയും മറ്റു ഗോപന്മാരെയും കൂട്ടിക്കൊണ്ടു വരാന്‍ അക്രൂരനെ കംസന്‍ ചുമതലപ്പെടുത്തി.
കംസ മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം അക്രൂരന്‍ ഗോകുലത്തിലെത്തി. മഥുരയില്‍ നടക്കുന്ന ഉത്സവത്തിന് നന്ദഗോപരെയും മറ്റു ഗോപന്മാരെയും സ്വീകരിച്ച് ആദരവോടെ കൊണ്ടുപോകാനാണ് അക്രൂരന്റെ വരവ്. കംസന്‍ നിര്‍ദ്ദേശിച്ച പ്രകാരം ശ്രീകൃഷ്ണനെയും ബലരാമനെയും അക്രൂരന്‍ സ്വന്തം രഥത്തിലേറ്റി കൊണ്ടുപോകാന്‍ ഒരുങ്ങുന്നു.
മഹാരാജാവിന്റെ അതിഥികളായി രാജനഗരിയിലേക്ക് പുറപ്പെടാന്‍ നന്ദഗോപര്‍ക്ക് വലിയ ഉത്സാഹമുണ്ടായിരുന്നു. അദ്ദേഹം മഹാരാജാവിന് കാഴ്ചവയ്ക്കാനുള്ള പാലും വെണ്ണയും പാല്‍ക്കട്ടിയും വിശിഷ്ട പാത്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കി എടുത്തു വയ്ക്കാന്‍ അറിയിച്ചു.
വളരെ ആവേശത്തോടെയാണ് ഗോപന്മാര്‍ ഒരുങ്ങിയതെങ്കില്‍ കണ്ണന്റെ മനസ്സറിയുന്ന ഗോപികമാര്‍ക്ക് ആ വാര്‍ത്ത ഏറെ ദുഃഖം നല്‍കി.
തങ്ങളുടെ പ്രാണപ്രിയനായ ഉണ്ണിക്കണ്ണന്‍ മഥുരാ രാജധാനിയിലെത്തിയാല്‍ പിന്നെ മടങ്ങിവരാന്‍ വഴിയില്ല എന്ന് അവര്‍ക്ക് തോന്നി.
അക്രൂരന്‍ എന്നു പേരായ ഈ ക്രൂരന്‍ എന്തിനാണ് നമ്മുടെ കണ്ണനെ നമ്മളില്‍ നിന്ന് അകറ്റുന്നത്? അവര്‍ പരസ്പരം അടക്കം പറഞ്ഞു. ഒരു ഗോപിക പറഞ്ഞു ”ആ രഥത്തിനു മുന്നില്‍ നമുക്ക് നീണ്ടു നിവര്‍ന്ന്
വഴി തടഞ്ഞു കിടക്കാം. നമ്മുടെ കണ്ണനെ നാം ആര്‍ക്കും വിട്ടുകൊടുക്കരുത്.”
”ഏയ് അങ്ങനെ ചെയ്യരുത് അത് കണ്ണനെ വല്ലാതെ വേദനിപ്പിക്കും.” എന്ന് അടുത്തയാള്‍ പറഞ്ഞു.
”കണ്ണന്‍ പോയിട്ട് വേഗം വരും. ഉത്സവത്തിന് പോവുകയല്ലേ” എന്ന് ഒരു സാധു ഗോപിക പറഞ്ഞു.
”ഉവ്വുവ്വ് ഇപ്പൊ വരും……..
നഗരത്തിലെത്തിയാല്‍ അവിടുത്തെ സുന്ദരിമാരെക്കണ്ടാല്‍ ആ രാജകീയ സുഖസൗകര്യങ്ങള്‍ അനുഭവിച്ചു
കഴിയുമ്പോള്‍, ഈ നാട്ടിന്‍പുറവും നമ്മളെയും അവന്‍ മറക്കും …..”
വേദനയോടെ ഒരു ഗോപിക പറഞ്ഞതു കേട്ടപ്പോള്‍ എല്ലാവരും ഒരുമിച്ച് വാവിട്ടു നിലവിളിച്ചു കൃഷ്ണാ, ഗോപാലാ….. ഗോവിന്ദാ, മാധവാ കാര്‍മേഘ വര്‍ണ്ണാ ….
കണ്ണാ എന്നൊക്കെ വിളിച്ച് അവര്‍ ഉറക്ക നിലവിളിച്ചുകൊണ്ട് ശ്രീകൃഷ്ണന്റെ രഥത്തിനു പുറകെ ഓടി. തിരിച്ചുവരുമെന്ന് കണ്ണന്‍ കടക്കണ്ണുകൊണ്ട് അവര്‍ക്ക് സന്ദേശം നല്‍കി.
തങ്ങളുടെ പ്രാണന്റെ പ്രാണനായ കാര്‍മേഘവര്‍ണ്ണനെ തങ്ങളില്‍ നിന്നകറ്റുന്ന രഥം മുന്നോട്ട് കുതിക്കുന്ന കാഴ്ച വേദനയോടെ നോക്കിനിന്നു.
ചിലര്‍ വാവിട്ടു കരഞ്ഞു. മറ്റു ചിലര്‍ ബോധശൂന്യരായി നിലത്തുവീണു. ചിലര്‍ ആ മണ്ണില്‍ കിടന്നുരുണ്ടു. രാധ മാത്രം ഇതിലൊന്നും പെടാതെ കണ്ണനെ മാത്രം മനസ്സില്‍ ചിന്തിച്ചു ദൂരെ മാറിനിന്നു.
രഥം മുന്നോട്ടു കുതിച്ചു.
പോകും വഴി അക്രൂരന്‍ മധ്യാഹ്നവന്ദനത്തിനായി കാളിന്ദി തീരത്ത് രഥം നിര്‍ത്തി നദിയിലിറങ്ങി മുങ്ങി.
അത്ഭുതം നദിയിലതാ ശ്രീകൃഷ്ണനെയും ബലരാമനെയും തെളിഞ്ഞു കാണുന്നു. ആശ്ചര്യത്തോടെ ഉയര്‍ന്നുപൊന്തി നോക്കുമ്പോള്‍ കരയില്‍ രഥത്തില്‍ പുഞ്ചിരി തൂകിക്കൊണ്ടിരിക്കുന്നു കൃഷ്ണനും ബലരാമനും.
അദ്ദേഹം വീണ്ടും മുങ്ങി.
അപ്പോഴവിടെയതാ പാല്‍ക്കടലില്‍ പള്ളി കൊള്ളുന്ന സാക്ഷാല്‍ ശ്രീപത്മനാഭന്‍!
അനന്തശായിയായ സാക്ഷാല്‍ ശ്രീമഹാവിഷ്ണുവിനെയാണ് താന്‍ അനന്തസമേതനായി കൊണ്ടുപോകുന്നതെന്ന തിരിച്ചറിവ് നല്‍കിയ ആനന്ദത്താല്‍ അദ്ദേഹം മധ്യാഹ്ന പൂജകള്‍ക്കു ശേഷം തേരുതെളിച്ചു. അവതാരമൂര്‍ത്തിയായ ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതത്തിലെ ഒരു അധ്യായം ഇവിടെ അവസാനിക്കുന്നു.
(അവസാനിച്ചു)