ഒരു ദിവസം, അമ്പാടിയില്‍ ഒരു പഴക്കച്ചവടക്കാരി വന്നു. ഗോപഗൃഹങ്ങള്‍ തോറും പലവിധ പഴങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന അവര്‍, നന്ദഗൃഹത്തിലുമെത്തി.
‘പഴം വേണോ പഴം, വാഴപ്പഴം, പേരയ്ക്ക, മുന്തിരി, മാതള നാരങ്ങ, മാമ്പഴം, മധുരനാരങ്ങ, നല്ല പഴങ്ങള്‍ വേണോ?’ ‘വേണം, എനിച്ചു പയം വേണം’ എന്ന് ഒരു കൊച്ചു ശബ്ദം പഴക്കച്ചവടക്കാരിക്ക് മറുപടിയായി ലഭിച്ചു.
‘ദാ, മോനേ, എത്ര വേണമെങ്കിലും, എന്റെ കുട്ടന് ഞാന്‍ തരാം, മതിയാവോളം തിന്നോളൂ. മോന്‍ അമ്മയോട് പറഞ്ഞ്, ഈ മുത്തശ്ശിക്ക് കുറച്ചു ധാന്യം കൊണ്ടുവന്നു തരണേ’
കുഞ്ഞിക്കൈകള്‍ നിറയെ പഴങ്ങളുമായി ആ ഉണ്ണി അടിവെച്ചടിവച്ച് അകത്തു ചെന്നു. കൈക്കുടന്ന നിറയെ ധാന്യവുമായി ഓടി തിരിച്ചെത്തി.
ധാന്യമണികള്‍ ഒന്നൊന്നായ്, ഉതിര്‍ന്നു വീണ നിലത്ത്, ആ കുഞ്ഞിക്കൈയില്‍ അവശേഷിച്ചത് ആറേഴു ധാന്യമണികള്‍ മാത്രം.… വലിയ കാര്യം പോലെ ഉണ്ണി ആ ധാന്യങ്ങള്‍, പഴക്കുട്ടയിലേക്കിട്ടുകൊടുത്തു.
‘എന്റെ ഉണ്ണീ, നിന്റെ പുഞ്ചിരി മാത്രം മതി ഈയുളളവള്‍ക്ക് പ്രതിഫലം, നാളെ വീണ്ടും വരാം.’ യാതൊരു ഭാവമാറ്റവുമില്ലാതെ അവര്‍ കുട്ടയുമെടുത്ത് നടന്നു. പോകും വഴിയ്ക്ക് ആ കോമള നാദം, ആ പുഞ്ചിരി കിങ്ങിണി കിലുക്കിയുളള ഓട്ടം, അതു തന്നെയായിരുന്നു മനസ്സില്‍ നിറയെ.
എന്താണ്, കുട്ടയ്‌ക്കൊരു ഭാരക്കൂടുതല്‍, പഴങ്ങള്‍ ഒട്ടുമുക്കാലും, തീര്‍ന്നുവല്ലോ. നല്ലതെല്ലാം താന്‍, കണ്ണനു നല്‍കി. എന്നിട്ടെന്താണിത്ര കനം.
വീട്ടിലെത്തി, കുട്ട താഴത്തുവച്ചപ്പോള്‍ അവര്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്താണീ കാണുന്നത്, കുട്ട നിറയേ, രത്‌നങ്ങള്‍! എന്റെ ഭഗവാനേ… ആ ഉണ്ണി! അവരുടെ തൊണ്ടയിടറി.
നിസ്വാര്‍ത്ഥമായി ഭഗവാന് എന്തു സമര്‍പ്പിച്ചാലും അതിന്റെ നൂറിരട്ടി നമുക്ക് തിരിച്ചു കിട്ടും തീര്‍ച്ച.