ഒരു ദിവസം യശോദയമ്മ കണ്ണനെ മടിയിലിരുത്തി വാത്സല്യത്തോടെ തഴുകിയശേഷം തൈര് കടയാനാരംഭിച്ചു. ഉണ്ണിക്കണ്ണനേറെയിഷ്ടമുള്ള കാഴ്ചയാണത്. മാത്രമല്ല ഇടയ്ക്കിടെ ഓരോ ഉരുള വെണ്ണയും അമ്മയുടെ കയ്യില്‍ നിന്നും അവന്‍ തരമാക്കും ….. തൈര് കലക്കി തുടങ്ങിയപ്പോഴേക്കും അമ്മയ്ക്ക് ഓര്‍മ്മവന്നു, അയ്യോ അടുപ്പില്‍ പാലിപ്പോള്‍ തിളച്ചു തൂവിപ്പോകും.
”മോനിവിടെയിരിക്ക് ഞാന്‍ പോയി പാല് നോക്കിയിട്ട് വരാം” എന്നുപറഞ്ഞ് കണ്ണനെ അവിടെ ഇരുത്തിയിട്ട് അമ്മ അടുക്കളയിലേക്ക് ഓടി. കണ്ണനതു തീരെ ഇഷ്ടമായില്ല.
വികൃതിക്കണ്ണന്‍ ആ കടകോലുകൊണ്ട് തൈര്‍ ക്കലത്തിനിട്ട് ഒരു മുട്ടു കൊടുത്തു. മണ്‍കലമല്ലേ?
ശക്തിയായ മുട്ടു കൊണ്ടപ്പോള്‍ പൊട്ടിപ്പോയി.
ശബ്ദം കേട്ടോടിവന്ന അമ്മ വഴക്ക് പറഞ്ഞു.
”കണ്ണാ നീയെന്താണീ കാണിച്ചത്. അടി കിട്ടേണ്ട പണിയല്ലേ ചെയ്തത്? നിനക്കിനി ഒരു തരി വെണ്ണയോ ഒരു തുള്ളിപ്പാലോ, തരില്ല. എത്ര തൈരും വെണ്ണയുമാണ് കളഞ്ഞത്” എന്നുപറഞ്ഞ് അമ്മ ദേഷ്യം ഭാവിച്ച് അകത്തേക്ക് പോയി.
കണ്ണന് കലികയറി. അവന്‍ ഉറിയുടെ മുകളില്‍ സൂക്ഷിച്ച പാല്‍ക്കലത്തിനു സമീപം കിടന്നിരുന്ന ഒരു വലിയ മര ഉരല്‍ നിവര്‍ത്തിയിട്ട് അതിനു മുകളില്‍ കയറി കുറച്ചു വെണ്ണ കിളിവാതില്‍ക്കല്‍ വന്നിരുന്ന കുരങ്ങച്ചനും കൊടുക്കാന്‍ കണ്ണന്‍ മറന്നില്ല.
ഈ കാഴ്ച കണ്ടു വന്ന യശോദയമ്മ ദേഷ്യത്തോടെ ഓടിയെത്തി.
കോപത്തോടെ വരുന്ന അമ്മയെക്കണ്ട കണ്ണന്‍ ചാടിയിറങ്ങിയോടി. അമ്മ പിന്നാലെയെത്തി, ”കണ്ണാ നില്‍ക്കവിടെ നിന്നെയിന്നു ഞാന്‍ ശരിയാക്കുന്നുണ്ട്” എന്നുപറഞ്ഞ്
രണ്ട് കൈയും കൂട്ടിപ്പിടിച്ച് അടുത്തു കണ്ട ഒരു ചെറിയ മയില്‍പ്പീലി കൊണ്ട് കണ്ണനെ തല്ലാനോങ്ങി.
കുഞ്ഞിക്കണ്ണന്‍ ഉറക്കെ ചുണ്ടു പിളര്‍ത്തി വാവിട്ടു നിലവിളിച്ചു, കണ്ണന്റെ കണ്ണിലെ കണ്‍മഷി കലങ്ങി.
കുഞ്ഞിന്റെ മുഖം വാടിയതു കണ്ട അമ്മ പീലി വലിച്ചെറിഞ്ഞ് കണ്ണനെ എടുത്തുകൊണ്ടുവന്ന് ഉരലിനു സമീപം നിര്‍ത്തി. വെറുതെ ഇതിലെ ഓടി നടന്നു വികൃതി കാട്ടുന്ന നിനക്ക് ചെറിയൊരു ശിക്ഷ. അടുത്തുകിടന്ന ഒരുകയറുകൊണ്ട് ആ ഉരലില്‍ ചേര്‍ത്ത് കെട്ടാന്‍ നോക്കി.
കയറിനു തീരെ നീളമില്ല. വലിയൊരു കയര്‍ അതിനോടൊപ്പം ചേര്‍ത്തു കെട്ടി ഒരറ്റം ഉരലിനു ചുറ്റും മുറുക്കിയശേഷം മറ്റേയറ്റം കണ്ണന്റെ വയറിനു ചുറ്റും കെട്ടാനാണ് നോക്കിയത്. പക്ഷേ കണ്ണനെ ചുറ്റിക്കെട്ടാനുള്ള വലിപ്പം
ആ കയറിനുമില്ല!
അപ്പോള്‍ ഒരു കഷണം കയര്‍ കൂടി അമ്മ കൊണ്ടുവന്നു. പക്ഷേ രണ്ടറ്റവും കൂട്ടിക്കെട്ടാന്‍ തികയില്ല. അങ്ങനെ ആ ഗൃഹത്തിലുള്ള സകല കയറു കഷണങ്ങളും കൊണ്ടുവന്ന് കൂട്ടിക്കെട്ടിയിട്ടും കണ്ണനെ ചേര്‍ത്തു കെട്ടാനുള്ള നീളമുണ്ടായില്ല. പാവം അമ്മ. അവര്‍ തളര്‍ന്ന് നിലത്തിരുന്നു.
”ഇതെന്തു മറിമായം?
ഈ കുഞ്ഞു പൈതലിനെ കെട്ടിയിടാന്‍ ഈ വീട്ടിലുള്ള കയറു മുഴുവനും തികയാതെ വരുന്നല്ലോ ഈശ്വരാ! ഇവനാളൊരു മായാവി തന്നെ.
എന്റെ പാപശക്തികൊണ്ട് കുഞ്ഞിനെ പിടിച്ചു കെട്ടാന്‍ കഴിയുന്നില്ല” എന്നു പറഞ്ഞ് കണ്ണനുണ്ണിയെ നോക്കി സങ്കടത്തോടെ പറഞ്ഞു ”ഉണ്ണീ നീയിത്ര വലുതായോ? അമ്മയുടെ മനസ്സില്‍ നീ ഇപ്പോഴും ഒരു കുഞ്ഞു പൈതലാണ്. എന്നിട്ടും ഒരു വലിയ കയര്‍ കൊണ്ടുപോലും കെട്ടാന്‍ പറ്റാത്തത്ര വലുപ്പം നിനക്ക് ഉണ്ടായല്ലോ.” അമ്മയുടെ സങ്കടവും നിരാശയും കണ്ട് കുഞ്ഞിക്കണ്ണന്റെ മനസ്സലിഞ്ഞു. കണ്ണന്‍ ഒരു കള്ളച്ചിരിയോടെ അമ്മയ്ക്കു നേരെ നോക്കി ഉരലിനോട് ചേര്‍ന്ന് വയറൊട്ടിച്ചു നിന്നു. യശോദ ഓടിച്ചെന്ന് കണ്ണനെ ചേര്‍ത്ത് കെട്ടി.
അഹങ്കാരത്തോടെ തന്നെ ബന്ധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ കരുണയോടെ പ്രാര്‍ത്ഥനയോടെ സ്‌നേഹ പാശം കൊണ്ട് വളരെ എളുപ്പത്തില്‍ ബന്ധിക്കാനും കഴിയും എന്ന് ഉണ്ണിക്കണ്ണന്‍ അമ്മയെ കാണിച്ചുകൊടുത്തു.