ആതുരസേവനം മുതല്‍ അയോധനകലയും യോഗയും വരെ എല്ലാത്തിന്റെയും മൊത്തക്കച്ചവടം കണ്ണൂര്‍ ജില്ലയില്‍ പി.ജയരാജന്‍ സഖാവിനുള്ളതാണ്. ജയരാജന്‍ ഫാന്‍സ് സഖാവിന്, കുരുക്ഷേത്രത്തില്‍ പിണറായി സഖാവ് എന്ന അര്‍ജ്ജുനനു തേരുതെളിക്കുന്ന കൃഷ്ണന്റെ സ്ഥാനംവരെ നല്‍കിയിട്ടുണ്ട്. വീട്ടിനു നേരെ ചാഞ്ഞാല്‍ പൊന്ന് കായ്ക്കുന്ന മരവും വെട്ടണം എന്ന പഴമൊഴി പ്രകാരം പാര്‍ട്ടി ജയരാജന്‍ സഖാവിന്റെ പാര്‍ട്ടി ജില്ലാസെക്രട്ടറി സ്ഥാനം ഒരവസരം കിട്ടിയപ്പോള്‍ വെട്ടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ തോല്‍ക്കേണ്ട സ്ഥാനാര്‍ത്ഥിത്വം നല്‍കിയിട്ടാണ് ഈ പണി ചെയ്തത്. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ സഖാവിനു കാര്യമായ പണിയില്ലാത്തതിനാലും ജില്ലയില്‍ പാര്‍ട്ടി വിലക്കു കല്പിച്ചതിനാലും ജില്ലയ്ക്കു പുറത്തേയ്ക്കു മാറ്റിയിരിക്കുന്നു ക്വട്ടേഷന്‍ പണി എന്നാണ് ലീഗുകാര്‍ പറയുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 10ന് സഖാവ് തിരൂരിനടുത്ത അഞ്ചുടിയില്‍ എത്തിയതിന്റെ ഫലം അനുഭവിച്ചത് ലീഗുകാരാണ്. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് കണ്ണില്‍ കരടായ ഇസ്ഹാഖ് എന്ന റഫീഖിനെ നടുറോഡിലിട്ട് സഖാക്കള്‍ വെട്ടിനുറുക്കി. ജയരാജന്‍ അവിടെ രഹസ്യയോഗം വിളിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് ലീഗുകാരുടെ ആരോപണം.
പഞ്ചപാവമായ ജയരാജനെക്കുറിച്ച് അങ്ങനെയൊന്നും പറയരുത്. സഖാവിന്റെ പേരില്‍ രണ്ടുകൊലക്കുറ്റവും പത്തുക്രിമിനല്‍ കേസ്സുമേയുള്ളു. (കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ വെളിപ്പെടുത്തിയതാണിത്) കതിരൂര്‍ മനോജിനെയും അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെയും കൊന്നതിലെ ഗൂഢാലോചനാക്കേസ്സാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഡിഫി വിട്ട യൂത്തുകോണ്‍ഗ്രസ്സുകാരന്‍ ടി.എച്ച്. സുഹൈബിനെ മട്ടന്നൂരിനടുത്തുവെച്ച് കൊന്നത് ജയരാജന്റെ ആസൂത്രണത്തിലാണെന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുന്നു. തിരുവനന്തപുരത്തു ജയരാജന്‍ കാലുകുത്തിയതിന്റെ ഫലമറിഞ്ഞത് ആര്‍.എസ്.എസ്സുകാരാണ്. മാര്‍ക്‌സിസ്റ്റുകാര്‍ക്കു കണ്ണില്‍ കരടായ കാര്യവാഹ് രാജേഷിനെ ശ്രീകാര്യത്തുവെച്ചു വെട്ടിനുറുക്കി. ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടിയതിന്റെ ക്രഡിറ്റും കോണ്‍ ഗ്രസ്സുകാരനായ സുഹൈബിനെ മുപ്പത്തേഴ് വെട്ടുവെട്ടിയതിന്റെ ക്രഡിറ്റുമൊക്കെ ജയരാജന്‍ പരിശീലനം നല്‍കിയ സംഘത്തിനുള്ളതാണ്. ഇപ്പോള്‍ ക്വട്ടേഷന്‍ കണ്ണൂര്‍ ജില്ലയ്ക്കു പുറത്തേയ്ക്കും വ്യാപിപ്പിച്ചു എന്നു മാത്രം. എന്നാലും സഖാവ് പാവമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ അക്രമത്തിനും ഉത്തരവാദികള്‍ ആര്‍.എസ്.എസ്. പ്രചാരകന്മാരാണ്.