രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മോദി അതു ചെവിക്കൊണ്ടില്ല. കോണ്‍ഗ്രസ് പറഞ്ഞത് കേട്ടില്ലെങ്കില്‍ എന്താ സംഭവിക്കുക എന്നു മനസ്സിലാക്കാന്‍ ഇക്കഴിഞ്ഞ മെയ് 25ന് ഹിന്ദു പത്രത്തില്‍ വന്ന ഒരു വാര്‍ത്ത വായിച്ചാല്‍ മതി. ഭാരതത്തില്‍ ഭീകരവാദം പടര്‍ത്താന്‍ ആളുകളെ റിക്രൂട്ടു ചെയ്യുന്നതിന് ഗുജറാത്തില്‍ നുഴഞ്ഞുകയറി എത്തിയ നാലു ബംഗ്ലാദേശി മുസ്ലിങ്ങളെ ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടി എന്നതാണാ വാര്‍ത്ത. ഭാരതത്തില്‍ നുഴഞ്ഞുകയറി ചെയ്യേണ്ട ജോലികള്‍ക്ക് അല്‍ ഖ്വയ്ദ അവര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. നുഴഞ്ഞുകയറിയവര്‍ക്ക് ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും വ്യാജമായി ഉണ്ടാക്കാനും ഭീകരവാദത്തിനു പണമുണ്ടാക്കാനുമൊക്കെ പരിശീലനം കിട്ടിയിട്ടുണ്ട്. ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരായ മുഹമ്മദ് സൊജീബ്, മുന്നഖാലിദ് അന്‍സാരി, അഷ്‌റുള്‍ ഇസ്ലാം അന്‍സാരി, മൊഹനി അന്‍സാരി എന്നിവരാണ് യു.എ.പി.എ നിയമപ്രകാരം അകത്തായത്.
കോണ്‍ഗ്രസ്സും ഇടതന്മാരും നേരത്തെ പറഞ്ഞതാണ് അഭയാര്‍ത്ഥികളുടെ മതം നോക്കരുത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി വരുന്ന ഹിന്ദു, സിക്ക്, ക്രൈസ്തവ വിഭാഗക്കാര്‍ക്കൊപ്പം മുസ്ലിങ്ങളെയും ചുവപ്പുപരവതാനി വിരിച്ചു സ്വീകരിക്കണം എന്ന്. അന്ന് അവര്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഈ അല്‍ ഖ്വയ്ദ ഭീകര്‍ക്ക് നുഴഞ്ഞുകയറേണ്ട ഗതികേട് ഉണ്ടാകുമായിരുന്നോ? അവര്‍ക്ക് അഭയാര്‍ത്ഥികള്‍ എന്ന പേരില്‍ അതിര്‍ത്തികടന്നു സുഖമായി വന്നു കൂടായിരുന്നോ? നുഴഞ്ഞുകയറിയതു കൊണ്ടല്ലേ അവര്‍ പിടിക്കപ്പെട്ടത്. അഭയാര്‍ത്ഥി എന്ന പേരില്‍ വന്നിരുന്നെങ്കില്‍ ആരും തടയാതെ രാജ്യത്തെവിടെയും പോയി സൗകര്യം പോലെ ഇഷ്ടമുളളയത്ര ആള്‍ക്കാരെ ഭീകര പ്രവര്‍ത്തനത്തിന് റിക്രൂട്ടു ചെയ്യാം. അതിനായി ഫണ്ടുണ്ടാക്കാം. ഒരു യു.എ. പി.എയെയും പേടിക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ കോണ്‍ഗ്രസ് പറഞ്ഞത് കേട്ടില്ലെങ്കില്‍ സംഭവിക്കുക എന്താണെന്ന്.