രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന്റെ മാതൃകയില്‍ വിജയന്‍ സര്‍ക്കാര്‍ ഒരു കെ-വിശിഷ്ട സേവാ മെഡല്‍ ഏര്‍പ്പെടുത്താന്‍ സമയം വൈകിയിരിക്കുന്നു. കെ-റെയില്‍ പോലെ, കെ-ഫോണ്‍ പോലെ, കെ-പത്മ പോലെ പോലീസിന് കെ-വിശിഷ്ട സേവാ മെഡല്‍ തീര്‍ച്ചയായും ഏര്‍പ്പാടാക്കണം. അതിനു യോഗ്യരായ നിരവധി പോലീസ് ഏമാന്മാര്‍ ഇവിടെയുണ്ട്. എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് ഷെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് കേരളത്തിലെത്തിക്കാന്‍ എന്തൊക്കെ പ്രതിസന്ധികളാണ് നമ്മുടെ പോലീസ് ഏമാന്‍മാര്‍ അതിജീവിച്ചത്. രണ്ട് സ്വകാര്യ വാഹനങ്ങളില്‍ മാറി മാറി കയറ്റിയാണവര്‍ പ്രതിയെ കേരള മണ്ണിലെത്തിച്ചത്. വരും വഴി കര്‍ണ്ണാടകയിലെ ഭട്കലിനും ഉഡുപ്പിക്കും ഇടയില്‍ വെച്ച് ഒരു ഭീകര സംഘം പോലീസ് സംഘത്തെ തടഞ്ഞുനിര്‍ത്തി. പോലീസിന്റെയും പ്രതിയുടെയും ജീവന് തന്നെ ഭീഷണിയുണ്ടായി. ചേവായൂര്‍ പോലീസ് ഇക്കാര്യം പറയുന്നുണ്ട്. ചേവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഭീകരര്‍ ആരെന്ന് അറിയണ്ടേ? ഇടതുമുന്നണിയിലെ ഒരു കക്ഷിയുടെ പ്രസിഡന്റ് നേതൃത്വം നല്കുന്ന ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറമാനും അവരുടെ വാഹനത്തിന്റെ ഡ്രൈവറും. ഇടതുസര്‍ക്കാര്‍ പിടികിട്ടാപ്പുള്ളി ഷാറൂഖിനെ അറസ്റ്റു ചെയ്തു കൊണ്ടുവരുന്ന കാര്യം മലയാളികളെ മുമ്പേ അറിയിക്കാന്‍ ഓടിയെത്തിയതായിരുന്നു ഈ മാധ്യമപ്രവര്‍ത്തകര്‍.
തീവണ്ടി തീവെപ്പുകേസിലെ തെളിവ് നശിപ്പിച്ചു, പ്രതി ഷാറൂഖ് സെയ്ഫിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവന് ഭീഷണി ഉയര്‍ത്തി എന്നീ കുറ്റം ആരോപിച്ചുള്ള കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവം നടന്ന് ഒരു മാസം ആകാറായപ്പോള്‍. ഈ പോലീസ് ഏമാന്മാരുടെ ജാഗ്രതക്ക് വിശിഷ്ട സേവാ മെഡല്‍ തന്നെ നല്‍കണ്ടേ? യു.പിയിലെ ഹത്രാസില്‍ കുഴപ്പമുണ്ടാക്കാന്‍ പോയ സിദ്ദിഖ് കാപ്പന്റെ മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി കേസ് ഏറ്റെടുത്തവരാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. എന്നാല്‍ കേരളത്തിലെ ഒരു ചാനല്‍ ലേഖകന്മാരുടെ പേരില്‍ ഇടത് സര്‍ക്കാര്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയപ്പാള്‍ പത്രപ്രവര്‍ത്തക യൂണിയന്റെ ആവേശം വിജയന്‍ സര്‍ക്കാറിന്റെ അമ്മിക്കല്ലിനടിയില്‍ പണയം വെച്ചിരുന്നു. സ്വന്തം ചാനലിലെ ജീവനക്കാരായ പത്രക്കാര്‍ ജാമ്യമില്ലാ കേസ്സില്‍ കുടുക്കപ്പെട്ടിട്ടും ചാനല്‍ മേധാവിയായ ഇടതു നേതാവ് അവര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ല. കാപ്പനു വേണ്ടി ഘോര ഘോരം വാദിച്ചവരേയും മെഴുകുതിരികത്തിച്ചവരെയും മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. കേരളത്തിലെ സാംസ്‌കാരിക നായകര്‍ കുറച്ചു കാലമായി നാക്കു കോണകമാക്കി മാറ്റിയിരിക്കുന്നു. ഇവരെല്ലാം ചേര്‍ന്ന് പത്രക്കാരന്‍ ആരാണെന്ന് അംഗീകരിക്കാനും അക്രമി ആരെന്നു ചാപ്പ കുത്താനുമുളള അവകാശം വിജയന്‍ സഖാവിന്റെ സര്‍ക്കാറിനും പോലീസിനും വിട്ടു കൊടുത്തിരിക്കുന്നു. ഇത്തരം ചാപ്പകുത്തല്‍ വിദഗ്ദ്ധരായ പോലീസ് ഏമാന്മാര്‍ക്ക് കെ-വിശിഷ്ട സേവാ മെഡല്‍ നല്‍കിയില്ലെങ്കില്‍ പിന്നെ ആര്‍ക്കു നല്‍കും?