ഹിന്ദുക്കളെ സംഘടിപ്പിക്കാനും അവര്‍ക്കുവേണ്ടി വാദിക്കാനും സംഘപരിവാറുകാരേയുള്ളൂ എന്ന് ഇനിയാരും തെറ്റിദ്ധരിക്കേണ്ട. ആ പണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഹിന്ദു സമുദായസെല്‍ ഏറ്റെടുത്തിരിക്കയാണ്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ സാമൂഹ്യ മാധ്യമഗ്രൂപ്പില്‍ വന്ന ഒരു നിര്‍ദ്ദേശം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ ഒഴിവുകളെക്കുറിച്ച് പാര്‍ട്ടിയുടെ ഹിന്ദുസമുദായ സെല്ലില്‍ വിവരം നല്‍കാനാണ്. മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ദേവസ്വം ഭരണം ഏറ്റെടുത്തതോടെ ആര്‍.എസ്.എസ് ശാഖകളെ അമ്പലങ്ങളില്‍ നിന്ന് പുറത്താക്കാന്‍ നിയമം കൊണ്ടു വന്നിരുന്നു. അമ്പലമുറ്റത്തെ ശാഖയാണ് ഹിന്ദുക്കളുടെ മേലുള്ള ആര്‍.എസ്.എസ്സുകാരന്റെ സ്വാധീനം എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. വിശ്വാസികള്‍ നല്ല രീതിയില്‍ നടത്തുന്ന ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡിനെയും പോലീസിനെയും ഉപയോഗിച്ച് മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ്. പ്രാദേശികമായ അമ്പലക്കമ്മറ്റികളില്‍ നുഴഞ്ഞുകയറി വിശ്വാസികളുടെ ആളാവുന്ന പണി വേറെയും നടക്കുന്നുണ്ട്. ഇതുവഴി ക്ഷേത്രഭണ്ഡാരം വിഴുങ്ങാമെന്ന നേട്ടം കൂടിയുണ്ട്.
കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ റിക്രൂട്ടിങ്ങ് ഏജന്‍സി എല്‍.സി. സെക്രട്ടറിമാരായി മാറിയിരിക്കയാണ്. ദേവസ്വത്തിന് ജോലികിട്ടാന്‍ ആഗ്രഹിക്കുന്ന വ്യക്തി പാര്‍ട്ടി എല്‍.സി. സെക്രട്ടറിയുടെ ഗുഡ്ബുക്കില്‍ പേരുള്ളവനാകണം. പാര്‍ട്ടിയുടെ ഹിന്ദു സമുദായ സെല്‍കൊണ്ടു വേറെയും കാര്യങ്ങളുണ്ട്. തലശ്ശേരി കലാപമുണ്ടായപ്പോള്‍ പള്ളി ആക്രമിക്കുകയും മുസ്ലിം കടകള്‍ കൊള്ളയടിക്കുകയും ചെയ്ത സഖാക്കളാണ് പിന്നീട് സമാധാന പാലകരായി വിലസിയതും കുറ്റം ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെച്ചതും. സമുദായ സ്പര്‍ദ്ധ വളര്‍ത്തി കുറ്റം സംഘപരിവാറിന്റെ മേല്‍ചാര്‍ത്തി സമാധാനപ്രേമികളായാല്‍ ഒരേസമയം ഹിന്ദു സംഘടനാ പ്രവര്‍ത്തകരാവുകയും ചെയ്തു, മതേതരത്വത്തിന്റെ പേരില്‍ മുസ്ലിം വോട്ട് സ്വന്തം പെട്ടിയിലാക്കുകയും ചെയ്യാം.