- ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)
- ഹിമാലയതുല്യം മഹാനായ വ്യക്തി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 2)
- അധികാര ഹുങ്കിനെതിരെ ചാപേക്കര്‍ സഹോദരന്മാര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 3)
- ഭഗത്‌സിംഗ് ദേശീയതയുടെ പോരാളി (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 26)
- ബലിവേദിയില്‍ ഹോമിക്കപ്പെട്ട ജീവിതങ്ങള്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 4)
- ദേശീയതയുടെ അഗ്നി പടര്‍ത്തിയ തിലകന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 5)
- തൂലിക പടവാളാക്കിയ പോരാട്ടം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 6)
ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വിപ്ലവകാരികളില്‍ ഏറ്റവും പ്രശസ്തനാണ് ഭഗത്‌സിംഗ്. ഒരു തികഞ്ഞ ദേശീയവാദിയായിരുന്നെങ്കിലും അദ്ദേഹത്തെ ഒരു കമ്മ്യൂണിസ്റ്റായി ചിത്രീകരിക്കാനാണ് പല ചരിത്രകാരന്മാരും ശ്രമിച്ചത്. ഏതാനും കമ്മ്യൂണിസ്റ്റ് കൃതികള്‍ വായിക്കുകയും റഷ്യയിലെ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നാളുകളില്‍ കമ്മ്യൂണിസത്തില്‍ ആകൃഷ്ടനാവുകയും ചെയ്തതൊഴിച്ചാല്‍ ഭഗത്‌സിംഗിന്റെ ജീവിതം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരന്റേതായിരുന്നില്ല. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി എങ്ങനെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉപയോഗിക്കാം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. പില്‍ക്കാല ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ പോലെ ഭഗത്‌സിംഗ് ഒരിക്കലും രാഷ്ട്രവിരുദ്ധനോ ഹിന്ദുത്വവിരുദ്ധനോ ആയിരുന്നില്ല.
ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ബംഗാ ഗ്രാമത്തിലെ സര്‍ദാര്‍ കിഷന്‍ സിങ്ങിന്റെയും വിദ്യാപതിയുടെയും മകനായി 1907 സപ്തംബര്‍ 28നാണ് ഭഗത്‌സിംഗ് ജനിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നടത്തിയിരുന്ന ഒരു സിക്ക് കുടുംബമായിരുന്നു ഭഗത്തിന്റേത്. ഭഗത് ജനിച്ച അതേ ദിവസമാണ് അവന്റെ അച്ഛനും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരും ജയില്‍ മോചിതരായത്. മുഗള്‍ അധിനിവേശത്തിനെതിരെ നിരന്തരം യുദ്ധം ചെയ്ത പഞ്ചാബ് കേസരി മഹാരാജാ രഞ്ജിത് സിംഗിന്റെ സേനയില്‍ ജോലി ചെയ്തിരുന്നവരായിരുന്നു ഭഗത് സിംഗിന്റെ പൂര്‍വ്വികര്‍. അമ്മാവന്മാരിലൊരാളായ സ്വരണ്‍സിംഗ് ബ്രിട്ടീഷുകാരുടെ തടവറയില്‍ കിടന്ന് അസുഖം ബാധിച്ചു മരിച്ചു. മറ്റൊരു അമ്മാവനായ അജിത് സിങ്ങ് ജയിലില്‍ നിന്നു പുറത്തുവന്നശേഷം നാടുവിട്ട് ഒളിവില്‍ പ്രവര്‍ത്തിച്ചു. കുട്ടിക്കാലത്തുതന്നെ ദേശസ്‌നേഹത്തിന്റെ ബാലപാങ്ങള്‍ വീട്ടില്‍ നിന്നു ഭഗത്തിനു പകര്‍ന്നുകിട്ടി. വലുതായാല്‍ ആരായിത്തീരണമെന്നാണ് ആഗ്രഹം എന്നു ചോദിച്ച അദ്ധ്യാപകനോട് ‘ഞാന്‍ ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് തുരത്തും’ എന്ന ശക്തമായ മറുപടിയാണ് ഭഗത് നല്‍കിയത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവന്റെ സിരകളിലൂടെ ദേശസ്‌നേഹം പതഞ്ഞൊഴുകിയിരുന്നു എന്നാണ് ഇതു കാണിക്കുന്നത്.
ഭഗത്‌സിംഗിന് 12 വയസ്സുള്ളപ്പോഴാണ് സ്വാതന്ത്ര്യ സമരചരിത്രത്തിലെ അതിഭീകര സംഭവമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുന്നത്. 1919 ഏപ്രില്‍ 13നാണ് പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ ജനക്കൂട്ടത്തിനുനേരെ ജനറല്‍ ഡയര്‍ എന്ന ബ്രിട്ടീഷ്് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലെത്തിയ പട്ടാളം നിര്‍ദ്ദയം നിറയൊഴിച്ചത്. മൈതാനത്തിലേക്കുള്ള പ്രവേശനകവാടം അടച്ചശേഷമാണ് പതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളക്കാര്‍ തുരുതുരെ വെടിവെച്ചത്. രക്ഷപ്പെടാന്‍ മറ്റു വഴികളുണ്ടായിരുന്നില്ല. വെടിവെയ്പില്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും അനേകായിരങ്ങള്‍ക്ക് ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തു.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശവ്യാപകമായി രോഷം ആളിക്കത്തി. വിദ്യാര്‍ത്ഥിയായ ഭഗത്‌സിംഗിനെയും ഈ സംഭവം വല്ലാതെ ഉലച്ചു. അടുത്ത ദിവസം സ്‌കൂള്‍ വിട്ടശേഷം അവന്‍ വീട്ടിലേക്കു തിരിച്ചുചെന്നില്ല. പകരം നേരെ ആ ദുരന്തഭൂമിയിലേക്കാണ് പോയത്. അവന്‍ മൈതാനത്തു കടന്ന് നിരപരാധികളായ ഭാരതീയരുടെ രക്തംകൊണ്ട് കുതിര്‍ന്ന മണ്ണ് ഒരു കുപ്പിയില്‍ നിറച്ചു. ആ കുപ്പിയുമായി അവന്‍ വീട്ടില്‍ തിരിച്ചെത്തുകയും ബ്രിട്ടീഷുകാരോട് പകരം വീട്ടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഭഗത്‌സിംഗ് സെക്കന്ററി വിദ്യാഭ്യാസത്തിനുവേണ്ടി ലാഹോറിലേക്കു പോയി. സ്വാതന്ത്ര്യത്തിനുവേണ്ടി അമ്മാവനും പിതാവും നടത്തിയ ധീരകൃത്യങ്ങള്‍ കുട്ടിക്കാലം മുതലേ അവനെ ആവേശം കൊള്ളിച്ചിരുന്നു. ഗദര്‍ പ്രസ്ഥാനത്തിന്റെ വീരകഥകളും അവന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. രക്തസാക്ഷിയായിത്തീര്‍ന്ന കര്‍ത്താര്‍സിംഗ് അവന്റെ മാതൃകാപുരുഷനായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതാനുള്ള അഭിലാഷം അങ്ങനെ ഭഗത്‌സിംഗിന്റെ ഏക ജീവിതലക്ഷ്യമായി മാറി.
സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു ഭഗത് സിംഗ്. ആഴത്തിലും പരപ്പിലുമുള്ള വായന കുട്ടിക്കാലം മുതല്‍ അവന്റെ ശീലമായി. ഒപ്പം ആവേശത്തോടെ പ്രസംഗിക്കാനും ലേഖനങ്ങള്‍ എഴുതാനുമുള്ള കഴിവും വളര്‍ത്തിയെടുത്തു. 1923ല്‍ പഞ്ചാബ് ഹിന്ദി സമ്മേളനം സംഘടിപ്പിച്ച ലേഖന മത്സരത്തില്‍ വിജയിയായതോടെ പല പ്രമുഖ വ്യക്തികളുടെയും ശ്രദ്ധ പിടിച്ചുപറ്റാനും ഭഗത്‌സിംഗിനു കഴിഞ്ഞു. ചെറുപ്രായത്തില്‍ തന്നെ പഞ്ചാബി സാഹിത്യ രചനകള്‍ വായിക്കാനും ആവശ്യാനുസരണം പ്രസംഗങ്ങളില്‍ ഉദ്ധരിക്കാനും ഭഗത്തിനു കഴിഞ്ഞിരുന്നു.
സെക്കന്ററി വിദ്യാഭ്യാസത്തിനുശേഷം പഠനം ലാഹോര്‍ നാഷണല്‍ കോളേജിലായി. ഭഗത്‌സിംഗിന്റെ പഠനം പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല. വിപ്ലവ പ്രസ്ഥാനത്തെ കുറിച്ചും വിപ്ലവകാരികളെകുറിച്ചും ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിച്ചും ആഴത്തിലുള്ള അറിവു സമ്പാദിച്ചു. വിപ്ലവകാരിയായി മാറാനുള്ള ശ്രമത്തിന്റെ മുന്നൊരുക്കമായിരുന്നു ഈ പഠനം.
വിപ്ലവത്തിന്റെ സിരാകേന്ദ്രമായിരുന്ന ബംഗാളിലെ വിപ്ലവപാര്‍ട്ടിയുമായി ഭഗത്‌സിംഗ് ബന്ധം സ്ഥാപിച്ചു. സചീന്ദ്രനാഥ് സന്യാല്‍ ആയിരുന്നു അക്കാലത്ത് വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാവ്. നേതാവ് ആവശ്യപ്പെടുമ്പോള്‍ വീടുവിട്ട് വിപ്ലവപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നതായിരുന്നു സംഘടനയില്‍ അംഗമാകുന്നതിനുള്ള വ്യവസ്ഥ. അതനുസരിച്ച് ഭഗത്‌സിംഗും സംഘടനയില്‍ അംഗമായി.
ഏതാണ്ട് അതേ സമയത്തുതന്നെ ഭഗത്‌സിംഗിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരും ശ്രമിച്ചു. എന്നാല്‍ വിവാഹം സംബന്ധിച്ചു തീരുമാനം എടുക്കേണ്ട ദിവസം ബന്ധുക്കള്‍ക്കായി ഒരെഴുത്ത് എഴുതിവെച്ച് ഭഗത്‌സിംഗ് വീടുവിട്ടിറങ്ങി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ”എന്റെ ജീവിത ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയാണ്. ലൗകിക സുഖങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഉപനയനസമയത്ത് അമ്മാവന്‍ എന്നെക്കൊണ്ട്, പാവനമായ ഒരു പ്രതിജ്ഞ എടുപ്പിച്ചിരുന്നു. രാജ്യത്തിനുവേണ്ടി സ്വയം സമര്‍പ്പിതനാകാമെന്ന് ഞാന്‍ അദ്ദേഹത്തോട് വാഗ്ദാനം ചെയ്തു. അതനുസരിച്ച് ഞാന്‍ ഇപ്പോള്‍ രാജ്യത്തെ സേവിക്കാനായി പോവുകയാണ്”.
വീടുവിട്ട ഭഗത്‌സിംഗ് നേരെ കാണ്‍പൂരിലേക്കാണ് പോയത്. തുടക്കത്തില്‍ ദിനപത്രങ്ങള്‍ വിറ്റാണ് ജീവിതം കഴിച്ചത്. പ്രശസ്ത വിപ്ലവകാരിയായ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടതോടെ അദ്ദേഹത്തിന്റെ ‘പ്രതാപ്’ എന്ന പത്രത്തില്‍ ജോലി ലഭിച്ചു. ഒപ്പം ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ അംഗമായി. ബരുകേശ്വര്‍ ദത്ത്, ചന്ദ്രശേഖര്‍ ആസാദ്, രാംപ്രസാദ് ബിസ്മില്‍, അഷ്ഫാക്കുള്ളാ എന്നിവരുമായി ബന്ധം സ്ഥാപിച്ചു. ക്രമേണ സംഘടനയുടെ പേര് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്നാക്കി. ‘നൗ ജവാന്‍ ഭാരത് സഭ’ എന്നൊരു യുവജനസംഘടനയും അവര്‍ രൂപീകരിച്ചു.
1920 ല്‍ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ 13 വയസ്സുകാരനായ ഭഗത്‌സിംഗും അതില്‍ പങ്കാളിയായിരുന്നു. എന്നാല്‍ 1922ല്‍ ഉത്തര്‍പ്രദേശിലെ ചൗരിചരയില്‍ പോലീസ് നടപടികള്‍കൊണ്ട് പ്രകോപിതരായ ജനക്കൂട്ടം ഏതാനും പോലീസുകാരെ തീയിട്ട് കൊന്നതോടെ ഗാന്ധിജി സമരം പിന്‍വലിച്ചു. സ്വാതന്ത്ര്യസമരരംഗത്ത് ആവേശത്തോടെ പ്രവര്‍ത്തിച്ച ഭഗത്‌സിംഗിനെ പോലുള്ള യുവാക്കള്‍ക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല ഈ പിന്മാറ്റം.
അക്രമത്തിന്റെ പേരില്‍ സമരത്തില്‍ നിന്നു പിന്മാറിയവര്‍ പത്തൊമ്പതു വയസ്സുള്ള വിപ്ലവകാരിയായ കര്‍ത്താര്‍ സിംഗിനെ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്നപ്പോള്‍ അതില്‍ ഒരു തെറ്റും കണ്ടില്ല. അവരുടെ അക്രമരാഹിത്യത്തിന്റെ യുക്തി മനസ്സിലാക്കാന്‍ ഭഗത്‌സിംഗിനു കഴിഞ്ഞില്ല. സ്വാതന്ത്ര്യം നേടാനുള്ള ഏക പ്രായോഗിക മാര്‍ഗ്ഗം സായുധവിപ്ലവമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കാന്‍ തുടങ്ങി.
1917ലെ റഷ്യന്‍ വിപ്ലവത്തിന്റെ വിജയം ലോകമെങ്ങുമുള്ള യുവാക്കളില്‍ കമ്മ്യൂണിസത്തോട് ആകര്‍ഷണം ഉണ്ടാക്കി എന്നത് യാഥാര്‍ത്ഥ്യമാണ്. കമ്മ്യൂണിസത്തിന്റെ സിദ്ധാന്തതലത്തിലും പ്രായോഗികതലത്തിലുമുള്ള പരാജയങ്ങള്‍ ദശാബ്ദങ്ങള്‍ക്കുശേഷമാണല്ലോ വെളിവാക്കപ്പെട്ടത്. സ്വാഭാവികമായും ഭഗത്‌സിംഗിനെയും കമ്മ്യൂണിസം സ്വാധീനിച്ചു. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയ അദ്ദേഹം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചു.
ഒരിക്കല്‍ ലാഹോറിലേക്കുപോയ ഭഗത്‌സിംഗിനെ അവിടെവെച്ച് പോലീസ് പിടികൂടി. ഫോര്‍ട്ട് ജയിലിലടച്ചു. ഏതാനും ദിവസം മുമ്പ് ദസറ ആഘോഷവേളയില്‍ ഘോഷയാത്രയ്ക്കു നേരെ ആരോ ബോംബെറിയുകയും ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധമില്ലാതിരുന്ന ഭഗത്‌സിംഗിനെ ഈ കേസില്‍ പ്രതിയാക്കി. ജയിലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പക്ഷെ ഭഗത്‌സിംഗ് കുറ്റവാളിയാണെന്നതിന് യാതൊരു തെളിവും പോലീസിന് കണ്ടെത്താനായില്ല. ഒടുവില്‍ അവര്‍ക്ക് അദ്ദേഹത്തെ വെറുതെ വിടേണ്ടിവന്നു. ഇത്തരം പീഡനങ്ങള്‍ കൊണ്ടൊന്നും ഭഗത്‌സിംഗിന്റെ മനോവീര്യത്തെ തളര്‍ത്താനായില്ല.
ജയില്‍ മോചിതനായശേഷം ഭഗത്‌സിംഗ് ബോംബ് ഉണ്ടാക്കുന്നതു പഠിക്കുന്നതിനായി കല്‍ക്കത്തയിലേക്കുപോയി. അവിടെ വെച്ച് വിപ്ലവകാരിയായ ജിതേന്ദ്രനാഥ ദാസില്‍ നിന്നും ബോംബു നിര്‍മ്മാണവിദ്യ പഠിക്കുകയും ആവശ്യമുള്ളത്ര ബോംബുകള്‍ വാങ്ങുകയും ചെയ്തു.
1928ല്‍ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചു പഠിക്കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ ജോണ്‍സൈമണിന്റെ കീഴില്‍ ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷനില്‍ ഒരിന്ത്യക്കാരനെയും ഉള്‍പ്പെടുത്തിയിരുന്നില്ല. സൈമണ്‍ കമ്മീഷനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് അലയടിച്ചത്. 1928 ഒക്‌ടോബര്‍ 28ന് ലാഹോറില്‍ എത്തിയ കമ്മീഷനെ ജനങ്ങള്‍ കരിങ്കൊടിയേന്തിയാണ് സ്വീകരിച്ചത്. ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ വലിയ പ്രകടനവും നടന്നു. പോലീസ് സൂപ്രണ്ട് ജെ.എ. സ്‌കോട്ടിന്റെ ഉത്തരവു പ്രകാരം പ്രകടനത്തിനു നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാലാജി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലാലാജി നവംബര്‍ 17ന് മരണമടഞ്ഞു. ഈ സംഭവത്തിനു കാരണക്കാരനായ സൂപ്രണ്ടിനോട് പ്രതികാരം ചെയ്യാന്‍ ഭഗത്‌സിംഗ് തീരുമാനിക്കുകയും അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു. ഭഗത്‌സിംഗും സുഹൃത്തുക്കളും പോലീസ് സ്റ്റേഷന്‍ നിരീക്ഷിക്കുകയും പഴുതുകളില്ലാത്ത ക്രമീകരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
1928 ഡിസംബര്‍ 17ന് ഭഗത്‌സിംഗും രാജ്ഗുരുവും പോലീസ് സ്റ്റേഷന്റെ ഗേറ്റില്‍ നിന്ന് കുറച്ച് അകലെയായി നിലകൊണ്ടു. ജയ്‌ഗോപാല്‍ ഗേറ്റിനു തൊട്ടടുത്ത് തന്റെ സൈക്കിളിന്റെ ചെയിന്‍ നന്നാക്കുകയാണെന്ന വ്യാജേന നിലയുറപ്പിച്ചു. ജയ്‌ഗോപാലില്‍ നിന്നും സൂചന ലഭിക്കുമ്പോള്‍ ഭഗത്‌സിംഗും രാജ്ഗുരുവും രംഗത്തിറങ്ങണം. അകലെ ഡി.എ.വി. കോളേജിന്റെ മതിലിന്റെ അരികില്‍ കൈത്തോക്കുമായി ചന്ദ്രശേഖര്‍ ആസാദും നിലകൊണ്ടു. കൃത്യനിര്‍വ്വഹണത്തിനുശേഷം ഭഗത്‌സിംഗും രാജ്ഗുരുവും ഹോസ്റ്റലിന്റെ ഭാഗത്തേക്ക് നീങ്ങണമെന്നും ഇരുവരും രക്ഷപ്പെടുന്നതിന് ആരെങ്കിലും തടസ്സം നിന്നാല്‍ ആസാദ് അത് തടയണമെന്നും തീരുമാനിച്ചിരുന്നു.
പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജെ.പി. സാന്‍ഡേഴ്‌സന്‍ സ്റ്റേഷനില്‍ നിന്നു പുറത്തുവന്നു. അത് ജെ.എ. സ്‌കോട്ടാണെന്നു കരുതി ജയ്‌ഗോപാല്‍ സൂചന നല്‍കുകയും ഓടിയെത്തിയ രാജ്ഗുരു സാന്‍ഡേഴ്‌സന്റെ നെറ്റിയിലേക്ക് നിറയൊഴിക്കുകയും ചെയ്തു. തന്റെ മോട്ടോര്‍ സൈക്കിളിനൊപ്പം അയാള്‍ നിലത്തുവീണു. അയാള്‍ ഒരു തരത്തിലും രക്ഷപ്പെടരുതെന്നു കരുതി പിന്നാലെയെത്തിയ ഭഗത്‌സിംഗും മൂന്നുതവണ നിറയൊഴിച്ചു. അയാള്‍ തത്സമയം മരിച്ചു. തുടര്‍ന്ന് ഇരുവരും ഹോസ്റ്റല്‍ ലക്ഷ്യമാക്കി കുതിച്ചു. ഹെഡ്‌കോണ്‍സ്റ്റബിള്‍ ചനാന്‍സിംഗ് അവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ചന്ദ്രശേഖര്‍ ആസാദ് അയാളെ വെടിവെച്ചുകൊന്നു. സ്‌കോട്ടാണെന്നു തെറ്റിദ്ധരിച്ചാണ് സാന്‍ഡേഴ്‌സനെ അവര്‍ വധിച്ചതെങ്കിലും യഥാര്‍ത്ഥത്തില്‍ സാന്‍ഡേഴ്‌സനാണ് ലാലാ ലജ്പത്‌റായിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പിന്നീടു വെളിപ്പെട്ടത്. സാന്‍ഡേഴ്‌സന്‍ വധത്തോടെ ഞെട്ടിത്തരിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ ലാഹോറില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കി. ഭഗത്‌സിംഗ് താടിവെക്കുകയും സായിപ്പിന്റെ വേഷത്തില്‍ ലാഹോറില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സഹപ്രവര്‍ത്തകരും വേഷം മാറി രക്ഷപ്പെട്ടു.
1927-28ല്‍ തൊഴിലാളി സംഘടനകളെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു ‘ലേബര്‍ ബില്‍’ കൊണ്ടുവന്നു. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടായി. എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ലാഹോര്‍ സെന്‍ട്രല്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞ് സര്‍ക്കാരിനെ ഞെട്ടിക്കാന്‍ ഭഗത്‌സിംഗും സുഹൃത്തുക്കളും തീരുമാനിച്ചു.
1929 ഏപ്രില്‍ 29-ാം തീയതി സഭ നടന്നു കൊണ്ടിരിക്കേ ഭഗത്‌സിംഗും താരകേശ്വര്‍ ദത്തും അസംബ്ലിഹാളില്‍ ബോംബെറിഞ്ഞു. ഭയന്നുവിറച്ച അംഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി. സഭയിലുണ്ടായിരുന്ന മോത്തിലാല്‍ നെഹ്‌റു, മുഹമ്മദാലി ജിന്ന, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ മാത്രം അവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ ഇരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിരുന്നില്ല. ആളില്ലാത്തയിടത്തേക്കാണ് ശക്തി കുറഞ്ഞ ബോംബ് ഭഗത്തും ദത്തും എറിഞ്ഞത്. ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. തുടര്‍ന്ന് ലഘുലേഖകള്‍ വലിച്ചെറിയുകയും ഓടിപ്പോകാതിരിക്കുകയും സ്വയം അറസ്റ്റു വരിക്കുകയും ചെയ്തു. ബോംബ് എറിഞ്ഞ കേസില്‍ ജീവപര്യന്തം നാടുകടത്താന്‍ 1929 ജൂണ്‍ 12ന് ഭഗത്‌സിംഗും താരകേശ്വര്‍ ദത്തും ശിക്ഷിക്കപ്പെട്ടു.
ഈ കേസിന്റെ വിചാരണ നടക്കുന്ന സമയത്താണ് സാന്‍ഡേഴ്‌സന്‍ വധത്തില്‍ ഭഗത്‌സിംഗിനുള്ള പങ്ക് പുറത്തായത്. തുടര്‍ന്ന് ഭഗത്‌സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിനു പ്രചാരം നല്‍കാന്‍ കോടതിയെ ഉപയോഗിക്കാന്‍ ഭഗത്‌സിംഗ് തീരുമാനിച്ചു. സാന്‍ഡേഴ്‌സ് കൊലപാതകത്തിലെ തന്റെ പങ്ക് സമ്മതിക്കുകയും നിരവധി ബ്രിട്ടീഷ് വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. ജയിലില്‍ കഴിയുമ്പോള്‍ തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി 15 ദിവസം നിരാഹാരസമരം നടത്തി. ആവശ്യങ്ങള്‍ അധികൃതര്‍ അനുവദിച്ചതോടെയാണ് ഭഗത്‌സിംഗ് നിരാഹാരസമരം അവസാനിപ്പിച്ചത്.
വിചാരണയ്ക്കുശേഷം 1930 ഒക്‌ടോബര്‍ 7ന് ഭഗത്‌സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ വധശിക്ഷക്കു വിധിച്ചു. ഭഗത്‌സിംഗിന്റെ പിതാവ് മകനുവേണ്ടി ഒരു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 1930 മാര്‍ച്ച് 3ന് കുടുംബാംഗങ്ങള്‍ കാണാന്‍ ചെന്നപ്പോള്‍ ചിരിച്ചുകൊണ്ടാണ് ഭഗത്‌സിംഗ് അവരെ എതിരേറ്റത്. അവസാനമായി അമ്മയോട് ഭഗത് പറഞ്ഞത് ഇതാണ്. ”എന്റെ മൃതദേഹം എടുക്കാന്‍ വരരുത്. കാരണം കണ്ണീരടക്കാന്‍ അമ്മയ്ക്കു കഴിയില്ല. ഭഗത്‌സിംഗിന്റെ അമ്മ കരയുന്നു എന്ന് ആളുകള്‍ പറയും”. 1931 മാര്‍ച്ച് 23ന് ഭഗത്‌സിംഗിനെ തൂക്കിലേറ്റി. ഒരു ധീരവിപ്ലവകാരിയുടെ ഭൗതിക ജീവിതം ബ്രിട്ടീഷുകാര്‍ അവസാനിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ് ചെയ്തത്.
1942ല്‍ ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റുകള്‍ അവരുടെ കൈയിലെ പാപക്കറ കളയാന്‍ സ്വാതന്ത്ര്യാനന്തരം ഭഗത്‌സിംഗിന്റെ ത്യാഗോജ്വലമായ ജീവിതത്തെ ദുരുപയോഗപ്പെടുത്തുകയുണ്ടായി. കമ്മ്യൂണിസ്റ്റുകാരെ പോലെ ദേശവിരുദ്ധനായിരുന്നില്ല ഭഗത്‌സിംഗ് എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. ഭഗത്‌സിംഗ് ദേശീയവാദിയും ഹിന്ദുത്വവാദിയും ആയിരുന്നു. 1927ല്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷന്‍ പുനരുജ്ജീവിപ്പിച്ച ഭഗത്‌സിംഗ് അതിന്റെ മാനിഫെസ്റ്റോയില്‍ ഇങ്ങനെ എഴുതി: ”ഈ അസോസിയേഷന്‍ അതിന്റെ സിദ്ധാന്തങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് ഭാരതത്തിലെ പ്രാചീന ഋഷീമാരുടെ ദര്‍ശനങ്ങളില്‍ നിന്നാണ്. ഋഷീശ്വരന്മാരുടെ കാലടികളെ അസോസിയേഷന്‍ പിന്‍തുടരുന്നു”. ലോകമാന്യതിലകന്റെ ഗീതാരഹസ്യവും വീരസാവര്‍ക്കറുടെ കൃതികളുമായിരുന്നു ഭഗത്‌സിംഗിന്റെ ഏറ്റവും വലിയ പ്രചോദന സ്രോതസ്സുകള്‍.
1930ല്‍ ഭഗത്‌സിംഗ് എഴുതിയ ‘ദി ഫിലോസഫി ഓഫ് ബോംബ്’ എന്ന രാഷ്ട്രീയ വിശദീകരണക്കുറിപ്പില്‍ ഹിന്ദു സംസ്‌കൃതിയുടെ മഹത്വത്തെക്കുറിച്ചും അതിന്റെ അനിവാര്യമായ സംരക്ഷണത്തെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. അത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ”ഈ രാഷ്ട്രത്തെ സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും പൂര്‍ണ്ണമായും ചൂഷണവിമുക്തമാക്കുന്ന ഒരു ഭരണക്രമം സ്ഥാപിക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തില്‍ സ്വയം സമര്‍പ്പിതരാവാന്‍ എല്ലാവരും മുന്നോട്ടുവരിക. രാഷ്ട്രത്തിനു വേണ്ടി ജീവന്‍ ഹോമിച്ച വീരപുരുഷന്മാരെയും വീരവനിതകളെയും ഉള്‍ക്കൊണ്ട് സമരരംഗത്തിറങ്ങുക. അഹിംസയുടെ തെറ്റായ പരീക്ഷണങ്ങള്‍ നടത്തി രാഷ്ട്ര സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താന്‍ ആരേയും അനുവദിക്കാതിരിക്കുക. വിദേശശക്തിയുടെ മുന്നില്‍ മുട്ടുമടക്കി യാചിക്കേണ്ടിവരുമ്പോള്‍ നമ്മുടെ പ്രാചീന സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ തകരുകയാണെന്ന് ഓര്‍മ്മിക്കുക”.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും സംസ്‌കാരത്തിന്റെ സംരക്ഷണത്തിനുമാണ് ഭഗത്‌സിംഗ് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കിയതെന്ന് ഈ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. കമ്മ്യൂണിസ്റ്റുകള്‍ അദ്ദേഹത്തിന്റെ ആശയങ്ങളെ വളച്ചൊടിച്ച് എന്തൊക്കെ പ്രചരിപ്പിച്ചാലും ദേശസ്‌നേഹികളുടെ മനസ്സില്‍ ഒരു ധീരദേശാഭിമാനിയെന്ന നിലയില്‍ ഭഗത്‌സിംഗിനുള്ള സ്ഥാനം അനിഷേധ്യവും തിളക്കമാര്‍ന്നതുമായി നിലനില്‍ക്കുക തന്നെ ചെയ്യും.
(തുടരും)