- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- അന്തസ്സുള്ളയി അവെ ആഞ്ചു പണിയാ (ആത്മാഭിമാനം അതാണ് പണിയര്‍) കാടുന മൂപ്പെ കരിന്തണ്ടെ 8
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
ഇരുട്ട് ഇടതൂര്‍ന്ന് നിന്നിരുന്നുവെങ്കിലും രണ്ടു പേര്‍ക്കും കാട് നല്ല പരിചിതമായിരുന്നു. തലേ ദിവസം രാത്രി ചിലരെ കണ്ട സ്ഥലങ്ങള്‍ ലക്ഷ്യം വച്ച് വെളുക്കന്‍ നീങ്ങി. അവന്റെ കൂടെ കരിന്തണ്ടനും. ഇടയ്ക്ക് കരിന്തണ്ടന്‍ പറഞ്ഞു. ആരോ നമ്മെ പിന്‍തുടരുന്നുണ്ട് – ആരായാലും അത് ഊരിലുള്ളവര് തന്നെ. അതുകൊണ്ട് പേടിക്കേണ്ടതില്ല. തിരിഞ്ഞ് നോക്കരുത്. അഥവാ നിനക്കൊരു സംശയം തോന്നുകയാണെങ്കില്‍ എന്നെ അറിയിക്കണം. അതുകേട്ടപ്പോള്‍ വെളുക്കന് സംശയം ഊരില്‍നിന്ന് ആരെങ്കിലും നമ്മളെ ഒറ്റിക്കൊടുക്കുവാന്‍ പിന്‍തുടരുന്നതാവുമോ? കരിന്തണ്ടന്‍ പറഞ്ഞു. അങ്ങനെ ആവാതിരിയ്ക്കട്ടെ. അതല്ലേ നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയൂ.
കാട് കൃത്യമായി അറിയുന്നവരായിരുന്നു അവര്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് അല്പം പോലും ഭയം തോന്നിയില്ല. ദൂരെ നിന്ന് ഒരു ഒറ്റയാന്റെ ഗര്‍ജ്ജനം കേട്ടപ്പോള്‍ കരിന്തണ്ടന്‍ പറഞ്ഞു. ഒറ്റയാന്‍ വഴിമാറിപ്പോയി. പേടിക്കാതെ മുന്നില്‍ നടക്ക്. നീയാണവരെ കണ്ടത്. അവര്‍ ആരെന്നും എന്തിനിവിടെ എത്തിയെന്നുമറിയണം. ഇല്ലെങ്കില്‍ നമുക്കെല്ലാവര്‍ക്കും, നമ്മുടെ ഗോത്രത്തിനു തന്നെയും അവരെക്കൊണ്ട് വലിയ അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്. അത് കേട്ടതോടെ വെളുക്കന്‍ മുമ്പില്‍ നടന്നു. കുറച്ചു ദൂരം സഞ്ചരിച്ചശേഷം വെളുക്കന്‍ പറഞ്ഞു ‘മെല്ലെ മെല്ലെ വാ ഇതിനടുത്താണ് ഇന്നലെ അവരെ കണ്ടത്. ഇവിടെ അടുത്തു തന്നെ അവരുണ്ടാകും. മൂപ്പാ നിങ്ങളറിയുന്നില്ലേ? – ഏതോ ചില ശബ്ദങ്ങള്‍, ഇനി നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം അവരിവിടെയെവിടയോ ഉണ്ട്’. വെളുക്കന്‍ പറഞ്ഞതു ശരിയാണെന്ന് കരിന്തണ്ടനു തോന്നി. അവിടെ കാടിന്റെ താളം തെറ്റിയിരിക്കുന്നു. മനുഷ്യര്‍ കയറി നിരങ്ങുമ്പോഴാണ് കാടിന്റെ താളം തെറ്റാറുള്ളത്. കാടിന്റെ മക്കളാണെങ്കില്‍ അങ്ങനെ ഒരു താളം തെറ്റലുണ്ടാകില്ല. അവരാരായാലും അത് കാടിന്റെ മക്കളല്ലെന്ന് കരിന്തണ്ടന് മനസ്സിലായി. കരിയിലകളുടെ ശബ്ദം പോലും കേള്‍പ്പിക്കാത്ത രീതിയില്‍ പതുങ്ങി പതുങ്ങിയാണ് പിന്നെ അവര്‍ നടന്നത്. കുറച്ചു നടന്നപ്പോള്‍ കുറച്ചുപേര്‍ നിലത്തിരിക്കുന്നതും ഒരാള്‍ നിന്ന് കൊണ്ട് അവര്‍ക്കെന്തോ നിര്‍ദ്ദേശം കൊടുക്കുന്നതും അവര്‍ കണ്ടു. അതോടെ ഒരു മരത്തിന്റെ പിറകിലേക്കവര്‍ മാറി. പിന്നെ വളരെ ശ്രദ്ധിച്ച് തൊട്ടടുത്ത മരത്തിന്റെ പിറകിലെത്തി. അങ്ങനെ മരങ്ങള്‍ക്ക് മറവിലൂടെ രണ്ടു പേരും അവരിരിയ്ക്കുന്നതിന് തൊട്ടു പിറകിലെത്തി. ഇപ്പോള്‍ അവരുടെ സംസാരം രണ്ടു പേര്‍ക്കും കേള്‍ക്കാന്‍ കഴിയും. എന്നാലും അത് പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പിന്നില്‍ ചപ്പിലകള്‍ ഇളകുന്നുണ്ട്. ഊരിലുള്ളവര്‍ ആരോ നമ്മെ പിന്‍തുടരുന്നത് തന്നെ.
‘ആ കാണുന്നവരെല്ലാവരും പടയാളികളാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. അവരോട് നമ്മള്‍ രണ്ട് പേര്‍ ചെന്ന് ഏറ്റുമുട്ടുന്നത് വിഡ്ഢിത്തമാണ്. നീ ഊരില്‍ പോയി ആളുകളെ സംഘടിപ്പിച്ച് വേഗം വരണം ഞാന്‍ ഇവിടെ തന്നെയുണ്ടാവും’. കരിന്തണ്ടന്‍ വെളുക്കനോട് പറഞ്ഞു. കരിന്തണ്ടന്റെ ആജ്ഞ ഏറ്റെടുത്തു കൊണ്ട് വന്നപോലെ ശബ്ദം കേള്‍പ്പിക്കാതെ തന്നെ വെളുക്കന്‍ തിരിച്ചു പോവുകയായിരുന്നു. അപ്പോഴാണ് ഒരു വെട്ടുകത്തിയുമായി നില്ക്കുന്ന വെളുമ്പിയെ കാണുന്നത്. അവരുടെ കൈയും പിടിച്ച് വലിച്ച് കൊണ്ടാണ് വെളുക്കന്‍ പോയത്. അവരാണെങ്കിലോ തിരിച്ചു പോകാന്‍ തയ്യാറായിരുന്നില്ല. പക്ഷെ പുറത്തേക്ക് ശബ്ദം കേള്‍ക്കാത്ത രീതിയില്‍ വെളുക്കന്‍ അവരെ വലിച്ചു കൊണ്ടുപോയി.
അവിടെ കൂടിയിരുന്നവരുടെ സംസാരത്തില്‍ നിന്ന് കോട്ടയം കുറുമ്പ്രനാട് എന്നും മൈസൂര്‍ സുല്‍ത്താന്‍ ഹൈദരലി എന്നുമൊക്കെ കേട്ടതുകൊണ്ട് ഏതോ വലിയ ഗൂഢാലോചന തന്നെയാണതെന്ന് കരിന്തണ്ടന് മനസ്സിലായി. എന്താണ് കാര്യമെന്നറിയാന്‍ കരിന്തണ്ടന്‍ കുറച്ചു കൂടി മുന്നിലെത്തി പതുങ്ങിയിരുന്നു.
കുറച്ചുനേരം ഒരു ശബ്ദവും കേള്‍പ്പിക്കാതെ കരിന്തണ്ടന്‍ അതേ പോലെയിരിക്കുകയായിരുന്നു. ആകാശത്ത് ചന്ദ്രന്‍ പൂര്‍ണ തോതിലുദിച്ച് കഴിഞ്ഞപ്പോഴാണ് വെളുക്കനും കൂട്ടരും തിരിച്ച് വീണ്ടും കാട്ടിലെത്തിയത്. പൂര്‍ണ ചന്ദ്രന്‍ ആകാശത്തുണ്ടെങ്കിലും ഒരിത്തിരി പോലും വെളിച്ചം കാട്ടിനകത്തുണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ ഇരുന്ന് സംസാരിക്കുന്ന സ്ഥലത്തിനരികെ ചെറിയ ഒരു കോല്‍ വിളക്ക് കത്തിച്ചു വെച്ചിട്ടുണ്ട്. ആയുധങ്ങളെല്ലാം ഒരിടത്ത് മാറ്റിവച്ചത് കണ്ടപ്പോഴാണ് അവര്‍ ആയുധ പരിശീലനം കഴിഞ്ഞിരിക്കുക തന്നെയാണെന്ന് കരിന്തണ്ടന്‍ മനസ്സിലാക്കിയത്. വെളുക്കനെ ചേര്‍ത്തുപിടിച്ചു കൊണ്ട് കരിന്തണ്ടന്‍ മെല്ലെ ചെവിയില്‍ പറഞ്ഞു. ‘ആ ആയുധങ്ങള്‍ അവര്‍ക്ക് എടുക്കാന്‍ കഴിയരുത് രണ്ട് പേര്‍ അങ്ങോട്ട്. ബാക്കിയുള്ളവര്‍ ചുറ്റും വളഞ്ഞ് നില്‍ക്കട്ടെ. അത്യാവശ്യമുണ്ടായാല്‍ മാത്രമേ അമ്പ് അയയ്ക്കാവൂ. നമ്മള്‍ അപകടത്തിലാണെന്ന് തോന്നിയാല്‍ മാത്രം.’ വെളുക്കന്‍ അടുത്തയാളുടെ ചെവിയില്‍ അത് മന്ത്രിച്ചു. അടുത്തയാള്‍ അടുത്തയാളോട്. നിമിഷനേരം കൊണ്ട് സന്ദേശം എല്ലാവരും കൈമാറി. വെളുക്കന്‍ ഒരാളെയും വിളിച്ചുകൊണ്ട് ആയുധങ്ങളിരിക്കുന്ന ഭാഗത്തു ചെന്നു. എല്ലാവരുടെ കൈയിലും അമ്പും വില്ലുമുണ്ടായിരുന്നു. കരിന്തണ്ടന്‍ മുനീച്ചരന്റെ തറയിലിരിയ്ക്കുന്ന വാള്‍ കൈയിലെടുത്തിരുന്നു. ബാക്കിയുള്ളവര്‍ അവരെ വളഞ്ഞെന്നുറപ്പായപ്പോള്‍ വാളുമായി കരിന്തണ്ടന്‍ നേരെ അവരുടെ മുന്നിലേയ്ക്കു ചെന്നു. അവരില്‍ മൂപ്പനെന്ന് തോന്നിയ ഒരാള്‍ കരിന്തണ്ടനെ കണ്ടപ്പോള്‍ ചിരിക്കുകയാണ് ചെയ്തത്. അത് അല്പം അഹങ്കാരവും ഒരുപാട് പരിഹാസവും നിറഞ്ഞ ചിരിയായിരുന്നു. ഇത്രയും സുശക്തരായ അഭ്യാസികള്‍ക്കിടയില്‍ ഇവന്‍ എന്തു ചെയ്യാനാണെന്ന ഭാവമായിരുന്നു ആ ചിരിയില്‍ നിറഞ്ഞുനിന്നത്. പക്ഷെ കരിന്തണ്ടന്‍ യാതൊരു കൂസലും കൂടാതെ അയാളുടെ അടുത്തു ചെന്നു കൊണ്ടു പറഞ്ഞു. ‘ഈ കാടിന്നുടയവര്‍ ഞങ്ങളാണ്. ഞങ്ങളറിയാതെ ഇതിനകത്തൊന്നും നടന്നു കൂടാ. അത് മലദൈവങ്ങള്‍ അനുവദിക്കില്ല – ആരാണ് നിങ്ങള്‍?’ കരിന്തണ്ടന്റെ ഭാഷ അത്ര പെട്ടെന്ന് അവര്‍ക്ക് മനസ്സിലാവുന്നതായിരുന്നില്ല. എങ്കിലും ആ ഭാവത്തില്‍ നിന്ന് കാര്യം മനസ്സിലാക്കാന്‍ ആ നേതാവിന് കഴിഞ്ഞു. അല്ലെങ്കിലും ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ ഭാഷയെക്കാള്‍ കൂടുതല്‍ ഭാവങ്ങള്‍ക്കാണല്ലോ കഴിയാറുള്ളത്.
അയാള്‍ കരിന്തണ്ടനെ ഒന്നു ഉഴിഞ്ഞു നോക്കി. ‘ഈ നാടിന്റെ രാജാവ് അയച്ചതാണ് ഞങ്ങളെ – ഞങ്ങളെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ്?’ അയാളുടെ ഭാഷയില്‍ നിന്നല്ല ഭാവത്തില്‍ നിന്ന് കരിന്തണ്ടനും കാര്യം ഗ്രഹിച്ചു. അയാളുടെ ആ ധിക്കാരം കരിന്തണ്ടന് അല്പം പോലും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അയാള്‍ രണ്ടടി പിന്നിലേയ്ക്ക് മാറി മുന്നോട്ട് ആഞ്ഞു ചാടി ഒറ്റ തൊഴിയായിരുന്നു. നേതാവ് തെറിച്ചു വീണു. ഉടനെ വളരെ ലാഘവ ഭാവത്തില്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന യോദ്ധാക്കള്‍ ചാടിയെണീറ്റു. അവര്‍ കരിന്തണ്ടനെ പിടിക്കാനുള്ള ശ്രമമായിരുന്നു. അനങ്ങിപ്പോവരുത് എന്ന് കരിന്തണ്ടന്‍ ഗര്‍ജ്ജിച്ചു. അപ്പോഴാണവര്‍ ചുറ്റും നോക്കിയത്. ചുറ്റുഭാഗത്തും അമ്പും വില്ലുമായി പണിയയോദ്ധാക്കള്‍. തങ്ങളുടെ ആയുധങ്ങള്‍ മുഴുവന്‍ അവരുടെ കൈവശമാണെന്ന സത്യവും യോദ്ധാക്കള്‍ക്ക് മനസ്സിലായി. പിന്നെ അധികം ചെറുത്ത് നില്പുണ്ടായില്ല. പണിയ യോദ്ധാക്കള്‍ പറഞ്ഞതനുസരിച്ച് അവര്‍ നിരായുധരായി കരിന്തണ്ടന്റെ പിറകെ കാടിറങ്ങി.
ഇവരെ എന്തുചെയ്യണമെന്ന കാര്യം കരിന്തണ്ടനും ആലോചിക്കുകയായിരുന്നു. എന്തായാലും ഊരിലേക്കിവരെ കൊണ്ടുചെല്ലാന്‍ കഴിയില്ല. അത് ഗുണകരമല്ല. പിന്നെ എന്തു ചെയ്യും. എന്തായാലും അവരെ കാടിന് വെളിയിലെത്തിച്ച ശേഷം ജന്മിയെ വിവരമറിയിക്കാന്‍ ഒരാളെ പറഞ്ഞയക്കാം. ജന്മി പറയുന്നതുപോലെ ചെയ്യാമെന്നായിരുന്നു കരിന്തണ്ടന്റെ വിചാരം.
വയലിന് ഒരറ്റത്തു കൂടി ഒഴുകുന്ന പുഴയുടെ കരയിലേക്കാണ് കരിന്തണ്ടന്‍ അവരെ കൊണ്ടുപോയത്. പോകുന്ന വഴിക്കു തന്നെ ജന്മിയെ അങ്ങോട്ട് വിളിക്കാന്‍ ഒരാളെ പറഞ്ഞയച്ചു. ജന്മിയുടെ വീട്ടിലേക്ക് അവരെ കൊണ്ടുചെല്ലുന്നത് ശരിയല്ല എന്ന കാര്യം ജന്മിയെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട വിധത്തില്‍ എല്ലാം പറഞ്ഞു കൊടുത്തശേഷമാണ് ആളെ പറഞ്ഞയച്ചത്. കരിന്തണ്ടനും കൂട്ടരും പുഴവക്കിലെത്താറായപ്പോഴേക്കും ജന്മിയ്ക്കു വിവരം ലഭിച്ചു കഴിഞ്ഞിരുന്നു. സമയം അര്‍ദ്ധരാത്രി കഴിഞ്ഞെങ്കിലും കാര്യത്തിന്റെ ഗൗരവം ഉണ്ണിത്താന്‍ മുതലാളിക്ക് മനസ്സിലായി. അയാള്‍ ഉടന്‍ തന്നെ ഒരു രണ്ടാം മുണ്ടും വലിച്ചു തോളത്തിട്ടു കൊണ്ടു കാര്യം പറയാന്‍ വന്ന പണിയച്ചെക്കനൊപ്പം തന്നെ വീട്ടില്‍ നിന്നിറങ്ങിപ്പുറപ്പെട്ടു.
കരിന്തണ്ടനും കൂട്ടരും പുഴക്കരയിലെത്തി അധികം കഴിയുന്നതിനു മുമ്പേ ജന്മിയും തേടിപ്പോയപണിയനും അവിടെയെത്തി. ജന്മി അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോട്ടയം രാജാവിന്റെ ആളുകളാണവര്‍. മൈസൂര്‍ രാജാവ് ഹൈദരലി വയനാട്ടിലേക്ക് പടയോട്ടം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഏത് സമയത്തും അതുണ്ടാവാമെന്നും കോട്ടയം രാജാവിന് രഹസ്യമായി വിവരം കിട്ടിയിട്ടുണ്ട്. അവരെ തടയാന്‍ കാട്ടില്‍ പല ഭാഗത്തായി ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തോടെ കോട്ടയം രാജാവ് സൈന്യത്തെ ക്രമീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായവരാണ് തങ്ങള്‍ എന്ന് അവര്‍ തുറന്ന് പറഞ്ഞു. ആരുമറിയാതിരിക്കാന്‍ ചെറിയ ചെറിയ കൂട്ടങ്ങളായി പല ഭാഗത്താണ് അവരുള്ളത്. ഹൈദരലിയുടെ പടയോട്ടം തുടങ്ങിയാല്‍ അപ്പോള്‍ തന്നെ ചാരന്മാര്‍ വഴി അവര്‍ വിവരമറിയും. പേര്യ ചുരത്തിന്റെ സമീപങ്ങളിലധികവും കുറുമരാണുള്ളത്. അവര്‍ക്ക് കോട്ടയം രാജവംശത്തോട് അടങ്ങാത്ത പകയുണ്ട്. അതിനാല്‍ കുറുമര്‍ കുറഞ്ഞ ഭാഗങ്ങളിലാണ് കോട്ടയം ഭടന്മാര്‍ സ്ഥാനമുറപ്പിക്കുന്നത്. അതുകൊണ്ട് തങ്ങളെ വെറുതെ വിടണം എന്നായിരുന്നു അവരുടെ ആവശ്യം.
അന്ന് വയനാട് മുഴുവന്‍ ഒരു തരത്തില്‍ ഭരിച്ചിരുന്നത് കോട്ടയം രാജാവായിരുന്നു. വയനാടിന്റെ ഒരു ഭാഗം കുറുമ്പ്രനാടിന്റെ കീഴിലായിരുന്നുവെങ്കിലും അവിടുത്തെ കാര്യങ്ങളില്‍ കുറുമ്പ്രനാട് രാജാവിന് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഭൂമിയുടെ അവകാശം അദ്ദേഹത്തിനായിരുന്നു. എങ്കിലും അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് കോട്ടയം രാജാവു തന്നെ.
ഹൈദരലിയുടെ പടയോട്ടം ഏത് വിധേനയും തടയേണ്ടതാണെന്ന കാര്യത്തില്‍ ഉണ്ണിത്താനും സംശയമൊന്നുമുണ്ടായിരുന്നില്ല. അതിന് വേണ്ടി കോട്ടയം രാജാവ് ചെയ്യുന്ന കാര്യങ്ങള്‍ക്ക് സഹായം നല്‍കുകയാണ് വേണ്ടതെന്ന പക്ഷക്കാരനായിരുന്നു ഉണ്ണിത്താന്‍. ഉണ്ണിത്താന്‍ കാര്യങ്ങളുടെ കിടപ്പുവശം കരിന്തണ്ടനെ പറഞ്ഞു മനസ്സിലാക്കി. എന്നാല്‍ കരിന്തണ്ടന്‍ കാട് ഞങ്ങളുടേതാണെന്നും അവിടെ കയറി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാന്‍ കഴിയില്ലെന്നുമുള്ള ഉറച്ച നിലപാടിലായിരുന്നു. ഉണ്ണിത്താന്‍ അവരോടായി പറഞ്ഞു. ‘ഇവിടെ കുറച്ച് കുറുമരുണ്ടെങ്കിലും കുറിച്യന്മാര്‍ അധികമില്ല. കുറുമര്‍ നിങ്ങളുടെ ആജന്മ ശത്രുക്കളാണ്. ഇവിടെയുള്ള ഏറ്റവും വലിയ ഗോത്രവിഭാഗം പണിയരാണ്. പൊതുവേ പണിയര്‍ യുദ്ധത്തിനോടൊന്നും വലിയ താല്‍പര്യമില്ലാത്തവരാണ്. എന്നാല്‍ കരിന്തണ്ടന്റെ ഊരിലെ കാര്യം വ്യത്യസ്തമാണ്. അയാള്‍ ഊരില്‍ ആയോധനകലകള്‍ പഠിപ്പിക്കുന്നുണ്ട്. ഒരു കുറുമ യോദ്ധാവില്‍ നിന്നാണ് അയാള്‍ അതെല്ലാം പഠിച്ചെടുത്തത്. അതുകൊണ്ട് അവരെ ശത്രുപക്ഷത്ത് കാണാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കരിന്തണ്ടന്‍ സമ്മതിക്കാത്ത സ്ഥിതിക്ക് നിങ്ങള്‍ ഈ ഭാഗത്ത് നിന്ന് വിട്ടു പോകണം. കുറുമരെ പോലെയല്ല പണിയര്‍, അവര്‍ എണ്ണത്തില്‍ വളരെ കൂടുതലാണ്. മാത്രമല്ല അവര്‍ക്ക് ഒരു വിഷയമുണ്ടായാല്‍ പെട്ടെന്നുതന്നെ ഒന്നിച്ച് പ്രതികരിക്കാനും അവര്‍ക്ക് കഴിയും. രാജാവിനോട് പറഞ്ഞ് വേണ്ടത് ചെയ്യുന്നതായിരിക്കും നല്ലത്.’ ഉണ്ണിത്താന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട അവരുടെ നേതാവ് കാടൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചു. തങ്ങള്‍ ആ ഭാഗത്തുണ്ടാവില്ല എന്നും തങ്ങളെ കൊണ്ട് കാടിനോ പണിയര്‍ക്കോ ഒരു ഉപദ്രവവും ഉണ്ടാകില്ലെന്നും പറഞ്ഞപ്പോള്‍ കരിന്തണ്ടന്‍ അത് സമ്മതിച്ചു.
കാടിനെ നോവിക്കണമെന്നോ ഏതെങ്കിലും തരത്തില്‍ കാട്ടില്‍ ജീവിക്കുന്ന മനുഷ്യരേയോ മൃഗങ്ങളെയോ ഉപദ്രവിക്കണമെന്നോ കോട്ടയം രാജാവ് ആഗ്രഹിക്കുന്നില്ലെന്ന് അവരുടെ നേതാവ് പറഞ്ഞു. എന്നാല്‍ ഹൈദരലിക്ക് കാടും നാടും ഒന്നും വ്യത്യാസമുണ്ടാകില്ല. അയാള്‍ക്ക് വേണ്ടത് പെണ്ണും പൊന്നും പണവുമാണ്. അതിനു വേണ്ടിയാണ് അയാളുടെ പടയോട്ടം. അതിനെ തടയാനായില്ലെങ്കില്‍ ഈ നാടു കുട്ടിച്ചോറാകും. ഇംഗ്ലീഷുകാര്‍ ഹൈദരലിക്കെതിരെ പൊരുതാന്‍ വേണ്ട ആയുധങ്ങളും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോട്ടയം പോലെ ഒരു ചെറിയ രാജ്യം ഒറ്റയ്ക്ക് പൊരുതിയാല്‍ ഹൈദരലിയെ തടയാനാവില്ല. അതുകൊണ്ട് നാടിന്റെ നന്മക്ക് വേണ്ടി പണിയര്‍ കൂടെ നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആലോചിച്ച് മറുപടി പറയാമെന്നായിരുന്നു കരിന്തണ്ടന്റെ ഉത്തരം. കുറുമര്‍ തെറ്റിദ്ധരിച്ചതാണ്. അതേ പോലെ പണിയരും തെറ്റിദ്ധരിക്കരുത് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കണം അതായിരുന്നു ഉണ്ണിത്താന്റെ അഭിപ്രായം. അതിന് കരിന്തണ്ടന്‍ ഒന്നേ മറുപടി പറഞ്ഞുള്ളൂ. ആത്മാഭിമാനം അതാണ് – പണിയര്‍ – അന്തസ്സുള്ളയി അവെ ആഞ്ചു പണിയെ. അത് മാറ്റിവച്ച് അവര്‍ ഒന്നിനും കൂടെ നില്ക്കില്ല. എന്നാല്‍ അതിനെ മാനിക്കുന്നവരുടെ കൂടെ ജീവന്‍ മറന്നും അവരുണ്ടായിരിക്കും. സ്വന്തം രാജ്യത്തോടും അവിടുത്തെ രാജാവിനോടും എന്നും പണിയര്‍ കൂറ് പുലര്‍ത്തും. ഇതൊരു വാക്കാണ്. ആ വാക്ക് യഥാര്‍ത്ഥത്തില്‍ രാജാവിന്റെ പടയാളികള്‍ക്കും ഉണ്ണിത്താനും വിശ്വാസത്തിലെടുത്തു എന്ന് അവരുടെ മുഖഭാവം കൊണ്ടു തന്നെ എല്ലാവര്‍ക്കും വ്യക്തമായി.
(തുടരും)