- കാടുന മൂപ്പെ കരിന്തണ്ടെ
- നാന്‍ കാടുന മകെ (കാടുന മൂപ്പെ കരിന്തണ്ടെ 2)
- നാങ്കെ ഇപ്പിമലെ നമക്ക( കാടുന മൂപ്പെ കരിന്തണ്ടെ 3)
- കാട്ടിലിക്കൂടി ഒരു തെണ്ടലു (കാട്ടിലൂടെ ഒരു യാത്ര) (കാടുന മൂപ്പെ കരിന്തണ്ടെ 7)
- കാലം മറന്തെയി (കാടുന മൂപ്പെ കരിന്തണ്ടെ 4)
- ചതി പണിയരു ചയിക്ക (ചതി പണിയര്‍ സഹിക്കില്ല)( കാടുന മൂപ്പെ കരിന്തണ്ടെ 6)
- മൂപ്പെ കദെ പറയ്ഞ്ചു (കാടുന മൂപ്പെ കരിന്തണ്ടെ 5)
പാറ്റ ഹൃദയത്തിന്റെ ഒരു ഭാഗമാണ് കരിന്തണ്ടന്. പക്ഷെ ചാമനെ കുറിച്ച് അവള്‍ പറഞ്ഞത് വിശ്വസിക്കാമോ? ചാമനെ കുറിച്ച് അത്ര നല്ല അഭിപ്രായം കരിന്തണ്ടന് ഒരിക്കലുമുണ്ടായിരുന്നില്ല. എങ്കിലും ഒരു മരണ വീട്ടില്‍ ചെന്ന് ഒരു പെണ്ണിനെ കയറി പിടിയ്ക്കുക എന്നൊക്കെ പറഞ്ഞാല്‍. അവന്‍ ഇടയ്ക്കിടയ്ക്ക് വാറ്റ് മോന്തുന്നതു കൊണ്ട് എന്ത് ചെയ്യുമെന്ന് പറയാന്‍ കഴിയില്ല. പക്ഷെ പാറ്റ ഒരിക്കലും തന്നോട് നുണ പറയില്ല. അത് കരിന്തണ്ടന് ഉറപ്പാണ്. ചിലപ്പോള്‍ അവന്റെ പെരുമാറ്റം അവള്‍ തെറ്റിദ്ധരിച്ചതാണെങ്കിലോ?
വെളുമ്പി ചെറിയമ്മ പറയാറുണ്ടായിരുന്നു ‘മോനേ ആണായാലും പെണ്ണായാലും വാക്കുകളെ വിശ്വസിച്ച് കൂടെ പോവരുത്. സത്യം കണ്ടെത്തി മാത്രമേ തീരുമാനത്തിലെത്താവൂ. തേനേ പാലേ എന്ന് പറഞ്ഞ് കൂടെ നടക്കുന്നവരാണെന്ന് കരുതി തല കക്ഷത്തില്‍ വച്ച് കൊടുത്താല്‍ ഒരു രസത്തിനാണെങ്കിലും അവരൊന്ന് ഞെരിച്ചെന്നിരിയ്ക്കും. എന്നും അവനാന്റെ കൈയേ തലയ്ക്ക് വയ്ക്കാന്‍ ണ്ടാവൂ എന്നത് മറക്കണ്ട’. അങ്ങനെ ഒരു ഉപദേശത്തിലവര്‍ എത്തിയതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാവും – അതില്‍ ഒന്ന് ഇളയച്ഛന്‍ തന്നെ ആയിരുന്നു. അച്ഛന്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ ഇളയച്ഛന്‍ രണ്ടാമതൊരു വിവാഹം കൂടി കഴിച്ചു. പണിയര്‍ക്കിടയില്‍ കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. രണ്ടും മൂന്നും കല്യാണം കഴിക്കുന്നവരുണ്ടെങ്കിലും ഗോത്രം അത്ര കാര്യമായി അവരെ പരിഗണിക്കാറില്ല. മറ്റു വഴികളില്ലെങ്കില്‍ മാത്രം ചെമ്മി അത് അനുവദിച്ച് കൊടുക്കാറുണ്ട്. പക്ഷെ വെളുമ്പി ചെറിയമ്മയ്ക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ഒരാളെയാണ് ചെറിയച്ഛന്‍ രണ്ടാമത് കൂട്ടിക്കൊണ്ടുവന്നത്. അന്ന് അച്ഛന്‍ ജീവിച്ചിരിക്കുന്നുണ്ട്. കുടിയില്‍ കേറ്റില്ല എന്ന ചെറിയമ്മയുടെ ശാഠ്യം കാരണം മറ്റൊരു കുടില്‍ ഒറ്റരാത്രി കൊണ്ടുണ്ടാക്കി അതിലാണ് അവരെ താമസിപ്പിച്ചതത്രെ. കാടുമുഴുവന്‍ പണിയരുടേതാണ്. അവിടെ ഒരു കുടില്‍ കെട്ടാന്‍ മൂപ്പനോടല്ലാതെ ആരോടും സമ്മതം ചോദിക്കേണ്ടതില്ല. ഗതികേട് കൊണ്ട് മൂപ്പന്‍ സമ്മതിച്ചു. കാരമയും കോയ്മയും അയാളുടെ ഭാഗത്തായിരുന്നു. അവര്‍ പറഞ്ഞാല്‍ പിന്നെ ചെമ്മിസമ്മതിച്ചേ പറ്റൂ. അധികാരം വെച്ചു നോക്കിയാല്‍ അത് കൂടുതല്‍ ചെമ്മിയ്ക്കാണ്. എന്നാല്‍ സ്ഥാനികളുടെ അഭിപ്രായം ചെമ്മി കേട്ടേ പറ്റൂ. അല്ലെങ്കില്‍ അത് സ്ഥാനികള്‍ തമ്മിലുള്ള വഴക്കിനു വരെ കാരണമാകും. പണിയ ഗോത്രവര്‍ഗത്തിന്റെ ചരിത്രത്തില്‍ അങ്ങനെ ഒന്നുണ്ടായിട്ടില്ല. അതുണ്ടാവാന്‍ മൂപ്പന്‍ ആഗ്രഹിച്ചതുമില്ല. അതുകൊണ്ടു തന്നെ അനിയന്റെ രണ്ടാം വിവാഹം മൂപ്പനും അംഗീകരിച്ചു. അങ്ങനെ കരിന്തണ്ടന് ഒരു ചെറിയമ്മ കൂടിയുണ്ടായി. കെമ്പി. പക്ഷെ അപ്പോളും കരിന്തണ്ടന്റെ വീട്ടിലും കുടുംബത്തിലും വെളുമ്പിയ്ക്ക് തന്നെയായിരുന്നു സ്ഥാനം. കെമ്പിയ്ക്ക് ആ സ്ഥാനം ഒരിയ്ക്കലും പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ പിന്നെ വെളുമ്പി ചെറിയമ്മ സ്വന്തമായി അധ്വാനിച്ച് തന്നെയായിരുന്നു ജീവിച്ചത്. അവര്‍ക്ക് മക്കളില്ലാത്തത് കൊണ്ട് കരിന്തണ്ടന്‍ അവര്‍ക്ക് സ്വന്തം മകന്‍ തന്നെ ആയിരുന്നു. സ്വന്തം മകനോടെന്നപോലെ സ്‌നേഹത്തോടെ അവര്‍ പറയുന്നതെന്തിനും കരിന്തണ്ടന്‍ നല്ല പ്രാധാന്യം കൊടുക്കാറുണ്ട്.
പാറ്റ നുണ പറയില്ല എന്ന കാര്യത്തില്‍ കരിന്തണ്ടന് ഒരു സംശയവുമില്ല. പിന്നെ ചാമനെ പറ്റി ഇന്നു വരെ അവള്‍ ഒരു പരാതിയും പറഞ്ഞിട്ടുമില്ല. അവര്‍ തമ്മില്‍ പലപ്പോഴും സംസാരിക്കാറുണ്ട്. നല്ല സുഹൃത്തുക്കളാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ ചാമന്റെ ചില സ്വഭാവങ്ങള്‍ കരിന്തണ്ടനിഷ്ടമല്ലാത്തതുകൊണ്ട് അയാളെ കുറച്ച് അകലത്തില്‍ തന്നെയാണ് കരിന്തണ്ടന്‍ കണ്ടിരുന്നത്. വെളുക്കനെ പോലെ ചിലര്‍ക്കു മാത്രമേ അതെല്ലാമറിയൂ. എങ്കിലും ചാമനുമായുള്ള ഇടപെടലുകളെ അവള്‍ ഒരിക്കല്‍ പോലും തടഞ്ഞിട്ടില്ല. ഇന്നുവരെ ചാമനെ കുറ്റപ്പെടുത്തിയിട്ടുമില്ല. അപ്പോള്‍ ചാമന് എന്തോ അബദ്ധം സംഭവിച്ചിട്ടുണ്ട്. അതാണ് അവള്‍ പറഞ്ഞത്. ഇത് ചാമനോട് ചോദിക്കാന്‍ പോയാല്‍ അത് വലിയ ഒരു പ്രശ്‌നമായി മാറും. അതുകൊണ്ട് ആ വിഷയം തല്‍ക്കാലം അറിഞ്ഞ പോലെ ഭാവിയ്ക്കണ്ട എന്നാണ് കരിന്തണ്ടന്‍ വിചാരിച്ചത്. മനുഷ്യനല്ലേ, ചില നിമിഷങ്ങളില്‍ അവരുടെ മനസ്സിനെ അവര്‍ക്കു തന്നെ നിയന്ത്രിയ്ക്കാനാവില്ല. അത്തരം ഒരു നിമിഷത്തില്‍ അവന് വല്ല അബദ്ധവും സംഭവിച്ചതായിരിക്കും. ഇനി ആവര്‍ത്തിക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കാം എന്ന് കരിന്തണ്ടന്‍ പാറ്റയെ സമാധാനിപ്പിയ്ക്കുകയും ചെയ്തു.
അച്ഛന്‍ കൂടി പോയതോടെ കരിന്തണ്ടന്‍ തന്റെ കുടിലില്‍ ഒറ്റയ്ക്കായി. അടുപ്പില്‍ തീ പൂട്ടാനൊരാളില്ലാത്തതിന്റെ ബുദ്ധിമുട്ട് അയാള്‍ ശരിക്കും അനുഭവിച്ചു. വെളുമ്പി ചെറിയമ്മയും കൂരവി ചെറിയമ്മയും അയാള്‍ക്ക് വേണ്ട ഭക്ഷണം യഥേഷ്ടം വെച്ചു വിളമ്പി.
വെളുമ്പി ചെറിയമ്മ പണി കഴിഞ്ഞു വരുമ്പോള്‍ അല്പം വാറ്റുചാരായവും മോന്തിയാണ് കൂരയിലെത്തുക. അങ്ങനെ വരുന്ന ദിവസങ്ങളില്‍ ഒറ്റയ്ക്കിരുന്ന് പ്രാരബ്ധങ്ങള്‍ എണ്ണിപ്പറയുകയും കരയുകയും ചെയ്യുക പതിവാണ്. അതവസാനം കെമ്പിയ്‌ക്കെതിരെയുള്ള ശാപ വചസ്സുകളില്‍ ചെന്നെത്തും. തൊട്ടടുത്ത കൂരയിലിരുന്ന് കെമ്പി എല്ലാം കേള്‍ക്കും. സഹിക്കാന്‍ കഴിയാതാവുമ്പോള്‍ അവരും മറുപടി പറയും. അത് മിക്കപ്പോഴും ഒരു വഴക്കില്‍ ചെന്നെത്തും. എന്നാല്‍ അത് കണ്ടതായോ കേട്ടതായോ ചെറിയച്ഛന്‍ നടിക്കില്ല. അതുകൊണ്ടു തന്നെ കെമ്പി ചെറിയമ്മ ചെറിയച്ഛനേയും നല്ല മുഴുമുഴുത്ത തെറി പറയും. കേള്‍ക്കാന്‍ വയ്യാതാകുമ്പോള്‍ ചെറിയച്ഛന്‍ ഒരു പഴയ തോര്‍ത്തു മുണ്ടും തോളിലിട്ട് പുറത്തേക്ക് ഒരു പോക്കാണ്. പിന്നെ അര്‍ദ്ധരാത്രി കഴിഞ്ഞേ വരൂ. അപ്പോഴേക്കും അന്നത്തെ പൂരം കഴിഞ്ഞിരിയ്ക്കും. നേരം പുലര്‍ന്നാല്‍ കൊയ്‌ത്തോ നടീലോ ഉണ്ടെങ്കില്‍ വെളുമ്പിയും കൂരവിയും പാടത്തേയ്ക്കിറങ്ങുമ്പോള്‍ കെമ്പിയും കൂടെയുണ്ടാവും. അപ്പോളവര്‍ക്ക് തലേദിവസം നടന്ന വഴക്കിനെ കുറിച്ചൊന്നും ഓര്‍മ്മ കൂടിയില്ലെന്ന് കാണുന്നവര്‍ക്ക് തോന്നും.
രാത്രികാലങ്ങളില്‍ പണിയരില്‍ കുറച്ചുപേര്‍ നായാട്ടിനും വേറെ കുറച്ചുപേര്‍ മീന്‍ പിടിക്കാനും പോകും. കാട്ടുപോത്ത്, പന്നി പോലുള്ള വലിയ മൃഗങ്ങളെ കിട്ടിയാല്‍ അത് മാംസമാക്കി ഊരിലെ എല്ലാ വീടുകളിലും എത്തിയ്ക്കാറുണ്ട്. സ്ഥിരം മാംസം കഴിയ്ക്കണമെന്ന വിചാരം അവര്‍ക്കില്ല. അതുകൊണ്ടു തന്നെ വല്ലപ്പോഴും മാത്രമേ നായാട്ടിന് പോകാറുള്ളൂ. ഒരിക്കല്‍ വെളുക്കനും കൂട്ടരും കൂടി നായാട്ടിനു പോയപ്പോള്‍ കാട്ടിനകത്ത് നിന്ന് അവര്‍ക്കറിയാത്ത ഭാഷയില്‍ ആരൊക്കെയൊ എന്തൊക്കെയോ പറഞ്ഞത് കേട്ടു. ഇരുട്ടത്ത് മുഖങ്ങള്‍ വ്യക്തമായില്ലെന്നു മാത്രം. എങ്കിലും ആ കാഴ്ച അവര്‍ക്കത്ര രസകരമായി തോന്നിയില്ല. തങ്ങള്‍ക്കവകാശപ്പെട്ട കാട്ടില്‍ രാത്രി ഒളിഞ്ഞു വന്നിരിയ്ക്കുന്നവരുടെ ലക്ഷ്യം നല്ലതാവാന്‍ വഴിയില്ലല്ലോ. വെളുക്കന്‍ ഈ വിവരം കരിന്തണ്ടനെ അറിയിച്ചു. മൈസൂരില്‍ നിന്ന് ഹൈദരലി എന്നൊരാള്‍ പടയോട്ടം നടത്തുന്നുണ്ടെന്നും നാടു മുഴുവന്‍ കൊള്ളയടിക്കാനിറങ്ങിയിരിയ്ക്കുന്ന അവരുടെ ആളുകള്‍ കാട്ടിനകത്ത് പല ഭാഗങ്ങളിലും ഒളിച്ച് കഴിയുന്നുണ്ടെന്നും ജന്മി മുമ്പ് പറഞ്ഞത് കരിന്തണ്ടന് ഓര്‍മ്മയുണ്ടായിരുന്നു. എന്തായാലും അത്തരക്കാരാണെങ്കില്‍ അവരെ വെറുതെ വിടരുതെന്ന് കരിന്തണ്ടന്‍ മനസ്സിലുറച്ചു. കരിന്തണ്ടന്‍ പറഞ്ഞതനുസരിച്ചു ചാമനും വെളുക്കനും വേറെ ഏഴെട്ടു പണിയ യുവാക്കളും കൂടി ആ രാത്രി തന്നെ കാട് തിരയുവാന്‍ ഇറങ്ങി. ഒരാളെയും ഉപദ്രവിയ്ക്കരുതെന്നും എല്ലാവരേയും ജീവനോടെ പിടിക്കണമെന്നും കരിന്തണ്ടന്‍ ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തിയിരുന്നു. കാട് നമ്മുടേതാണ് അവിടെ മറ്റാരും കയ്യേറാന്‍ അവസരമുണ്ടാക്കരുതെന്ന് അച്ഛന്‍ പറഞ്ഞതായിരുന്നു അപ്പോള്‍ കരിന്തണ്ടന്റെ മനസ്സില്‍. അര്‍ദ്ധരാത്രിയിലാണ് അവര്‍ ഉള്‍വനത്തിലെത്തിയത്. പുലിയിറങ്ങുന്ന സമയമാണെന്നവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. രാത്രി കാട് ഒരിക്കലും നിശബ്ദമാകാറില്ല. പലതരം ശബ്ദങ്ങള്‍കൊണ്ട് ആകെ മുഖരിതമാവും. ആനയോ പുലിയോ കടുവയോ കാട്ടുപോത്തോ വരുന്നുണ്ടെങ്കില്‍ അതിന്റെ മണം കൊണ്ട് കുറച്ചു ദൂരെ നിന്ന് തന്നെ തിരിച്ചറിയാന്‍ കഴിയും. അത് പണിയര്‍ക്ക് കിട്ടിയ ഒരു വരദാനമാണ്. ഇപ്പി മല മുത്തന്‍ നല്കിയ വരദാനം. പക്ഷെ കുറിച്യരുടെ പോലെ ആയോധനകലയിലും അമ്പെയ്ത്തിലും അത്രമാത്രം കേമന്മാരല്ല പണിയര്‍. അമ്പെയ്ത്ത് കൊണ്ട് തന്നെയാണ് അവര്‍ മൃഗങ്ങളെ പിടിയ്ക്കുന്നതെങ്കിലും കുറിച്യര്‍ ചെയ്യുന്നത് അവര്‍ക്കെന്നും ഒരത്ഭുതം തന്നെ. സ്ഥാനം കുറിച്ചാല്‍ അത് ഒരിയ്ക്കലും തെറ്റാത്തതു കൊണ്ടാണത്രേ അവര്‍ കുറിച്യര്‍ എന്നറിയപ്പെട്ടതു തന്നെ. ആദിവാസികള്‍ക്കിടയില്‍ ഏറെ ഉയര്‍ന്നവരാണെന്ന് സ്വയം വിശ്വസിക്കുന്ന കുറിച്യര്‍ പണിയരോടൊക്കെ ഒരു നിശ്ചിത അകലത്തില്‍ മാത്രമേ ഇടപെടാറുള്ളൂ. നേരം പുലരുന്നതു വരെ തിരഞ്ഞെങ്കിലും കരിന്തണ്ടനും കൂട്ടര്‍ക്കും വനത്തിനുള്ളില്‍ ആരേയും കണ്ടെത്താനായില്ല. കൂടെയുള്ളവര്‍ വെളുക്കനെ ചീത്ത പറഞ്ഞു തുടങ്ങി. വാറ്റുചാരായം മോന്തി നായാട്ടിനിറങ്ങിയാല്‍ ഇതുപോലെ പലതും കാണും. ഇതൊക്കെ നിന്റെ തോന്നല്‍ മാത്രമാണെന്ന് പറഞ്ഞപ്പോള്‍ വെളുക്കന്‍ തറപ്പിച്ചു പറഞ്ഞു. അല്ല ഞങ്ങള്‍ കണ്ടതാണ് അവരുണ്ടായിരുന്നു. നമ്മള്‍ തെരഞ്ഞു വരുന്ന വിവരം മണത്തറിഞ്ഞ് അവര്‍ മാറിയതാണ്. വെളുക്കന്റെ കൂടെയുള്ളവരും അക്കാര്യം ഉറപ്പിച്ചു പറഞ്ഞെങ്കിലും ചാമന്‍ അത് വിശ്വസിച്ചിതേയില്ല. അയാള്‍ കുടിയിലെത്തുന്നതു വരെ വെളുക്കനെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു. കരിന്തണ്ടന്‍ മാത്രം ഒന്നും മിണ്ടിയില്ല. കരിന്തണ്ടന് വെളുക്കനെ വിശ്വാസമായിരുന്നു.
എല്ലാവരും അവരവരുടെ കുടിയിലേയ്ക്ക് പോകുമ്പോള്‍ വെളുക്കനെ കരിന്തണ്ടന്‍ അവിടെ പിടിച്ചു നിര്‍ത്തി. എല്ലാവരും പോയതിനു ശേഷം അയാള്‍ വെളുക്കനോട് അതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചു. പിന്നെ നാളെ രാത്രി ഊരിലെ ആരുമറിയാതെ തന്റെ കുടിലിലെത്താന്‍ കരിന്തണ്ടന്‍ അയാള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എല്ലാവരും പിരിഞ്ഞു പോയതിന് ശേഷം കരിന്തണ്ടന്‍ ഏറെ നേരം ആലോചിച്ചു. ആരോ വനത്തിലുള്ളിലുണ്ടെന്ന് അയാള്‍ക്കുറപ്പുണ്ടായിരുന്നു. സ്ഥിരം സഞ്ചരിക്കുന്ന വഴിയുടെ ഗന്ധവും സ്പന്ദവും മാറിയിട്ടുണ്ട്. ജന്മിയ്ക്ക് പണിയില്ലാത്ത ദിവസങ്ങളില്‍ ആടുകളുമായി അയാള്‍ വനത്തില്‍ പോവാറുള്ളതാണ്. ചെറുപ്പം മുതലേ കണ്ടു പരിചയിച്ചതല്ലേ, അവിടെ വരുന്ന ചെറിയ മാറ്റങ്ങള്‍ അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ലേ – കാടിന് അന്യമായ പലതരം ഗന്ധങ്ങളിലൂടെ പുറന്നാട്ടുകാരായ ചിലരുടെ സൂചനകള്‍ കരിന്തണ്ടന്‍ മണത്തറിഞ്ഞിരുന്നു.
വെളുക്കന്‍ പാത്തും പതുങ്ങിയും കരിന്തണ്ടന്റെ കുടിലിലേക്ക് കയറുന്നത് വെളുമ്പി കണ്ടു. അവരും പതുങ്ങി നിന്ന് നോക്കി. എന്തോ കാര്യമുണ്ട്. വെളുക്കനീ അസമയത്തു വരണമെങ്കില്‍ എന്തോ വിഷയമുണ്ട.് വെളുമ്പി പുറത്തിറങ്ങി മെല്ലെ വെളുക്കന്റെ പിറകില്‍ തന്നെ കൂടി. കുടിലിന്റെ ഓല വാതിലടച്ചിട്ടുണ്ടായിരുന്നില്ല. വെളുക്കന്‍ ശബ്ദം കേള്‍ക്കാത്ത രീതിയില്‍ വാതില്‍ തുറന്നു. ചുറ്റുഭാഗത്തുള്ളവരെല്ലാം ഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ട് ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ലെന്ന് വെളുക്കന് ബോധ്യമുണ്ടായിരുന്നു. അകത്ത് ചെന്നപ്പോഴാണറിഞ്ഞത് കരിന്തണ്ടന്‍ എന്തോ പൂജയിലായിരുന്നു. സാധാരണ അങ്ങനെ പൂജകളുണ്ടാവുമ്പോള്‍ ആ കരുമത്തിലെ എല്ലാവരും കൂടാറുണ്ട്. ഇതെന്താ ഇത്ര രഹസ്യമായ പൂജ എന്ന് വെളുക്കന്‍ അമ്പരന്നു. അതിനേക്കാള്‍ കൂടുതല്‍ അമ്പരന്നത് വെളുമ്പിയായിരുന്നു. കരണം അവിടെ എന്തു നടക്കുകയാണെങ്കിലും അത് കരിന്തണ്ടന്‍ തന്നോട് പറയും എന്ന ഒരു വിശ്വാസമുണ്ടായിരുന്നു വെളുമ്പിയ്ക്ക്.
വെളുക്കന്‍ അകത്തു കയറി ഓല വാതില്‍ വീണ്ടും ചാരിവെച്ചെങ്കിലും വെളുമ്പി അവിടെ തന്നെ നിന്നു. പനമ്പട്ട കൊണ്ട് മറച്ച ആ കൂരയ്ക്ക് അകത്ത് നടക്കുന്നത് അവള്‍ക്ക് കാണണമെന്ന് തോന്നി. ഒരു വിരലുകൊണ്ട് ഓട്ടയുണ്ടാക്കി അതിലൂടെ അവര്‍ എല്ലാം കണ്ടു. ‘വെളുക്കാ നീ കണ്ടത് ശരിയാണ് – അതെനിയ്ക്ക് അപ്പോള്‍ തന്നെ അറിയാം – നമ്മളില്‍ നിന്നാരോ നമ്മെ ഒറ്റി കൊടുത്തിരിയ്ക്കുന്നു. നമ്മള്‍ അന്വേഷിച്ച സമയത്തെല്ലാം അവര്‍ നമുക്ക് കുറച്ച് മുമ്പില്‍ തന്നെയുണ്ട്. പക്ഷെ നമുക്കിടയിലെ ആരോ ഒരുത്തര്‍ നമ്മെ തെറ്റായ വഴിയിലേക്കു നയിച്ചു. അതായത് അവരെ കണ്ടെത്താതിരിക്കാനാണ് അവന്‍ നമ്മുടെ കൂട്ടര്‍ക്ക് വഴികാട്ടിയത്. നമ്മള്‍ അവരുടെ അടുത്തെത്താതെ തിരിച്ചു പോരേണ്ടിയും വന്നു. കാട് നമ്മുടേതാണ് – നിനക്ക് ധൈര്യമുണ്ടോ എന്റെ കൂടെ വരാന്‍ അവരെ ഞാന്‍ കണ്ടെത്തും. വേറെ ആരും അറിയരുത്. ഒറ്റയ്ക്ക് പോകണം ഒറ്റിക്കൊടുക്കാനാരും ഉണ്ടാവരുത്. നീ അത് ചെയ്യില്ലെന്ന് നല്ല വിശ്വാസമുണ്ട്. നിനക്ക് എന്റെ കൂടെ വരാന്‍ കഴിയുമോ? – വെളുക്കന്‍ ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. മൂപ്പന്‍ പോകുന്നതിന് പിറകെ വരാന്‍ എന്തിന് സമ്മതം ചോദിക്കണം – ആജ്ഞാപിച്ചാല്‍ പോരേ – ഞാന്‍ വരാം – എല്ലാം വെളുമ്പി കേള്‍ക്കുന്നുണ്ടായിരുന്നു. അര്‍ദ്ധരാത്രി സമയത്ത് അങ്ങനെ പോയാല്‍ തന്റെ കരിന്തണ്ടനെ തനിയ്ക്കു നഷ്ടപ്പെടുമെന്നവര്‍ ഭയന്നു. എങ്കിലും അവര്‍ കഴിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങിയതു കൊണ്ട് അവര്‍ മറ്റൊരു വഴിയ്ക്കാണ് ചിന്തിച്ചത്. അവരറിയാതെ അവരെ പിന്തുടര്‍ന്നാലോ. അമ്പും വില്ലും കഠാരയുമൊക്കെ അവര്‍ എടുത്ത് വെയ്ക്കുന്നത് കണ്ടപ്പോള്‍ വെളുമ്പിയ്ക്കും തോന്നി. തനിയ്ക്കും ഒരായുധം വേണമെന്ന് വെട്ടുകത്തി അവര്‍ കുടിയില്‍ ചെന്ന് പെട്ടെന്ന് എടുത്ത് പിറകില്‍ തിരുകി. അരിവാക്കത്തി ഒന്ന് കൈയിലും വെച്ചു. പിന്നെയും കുറച്ചുനേരം കാത്തിരുന്ന ശേഷമാണ് കരിന്തണ്ടന്‍ വെളുക്കനേയും കൂട്ടി പുറത്തിറങ്ങിയത്. വെളുമ്പി അവര്‍ക്ക് പിറകിലായി അവരറിയാത്ത രീതിയില്‍ അവരെ പിന്‍തുടര്‍ന്നു. കാട് അവര്‍ക്കും നല്ല പരിചിതമാണല്ലോ. കാട്ടിലി കൂടി ഒരു തെണ്ടലു – കാട്ടിലൂടെ ഒരു യാത്ര അത് അവര്‍ക്കത്ര പുതുമയുള്ളതായിരുന്നില്ല.
(തുടരും)