ഭാരതപാര്‍ലമെന്റ് എന്ന സ്‌കൂളിലെ ‘ഏറ്റവും മിടുക്കനായ’ വിദ്യാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ ചോദ്യം ചോദിച്ചതിന് ക്ലാസ് ടീച്ചര്‍ നരേന്ദ്രമോദി പുറത്താക്കി. രാഹുലിന്റേത് യമണ്ടന്‍ ചോദ്യങ്ങളായിരുന്നു. മോദിയും അദാനിയും തമ്മില്‍ എന്താ ബന്ധം, അദാനിക്ക് രണ്ടായിരം കോടി എവിടെ നിന്നു കിട്ടി എന്നു തുടങ്ങിയുള്ള ചോദ്യ ശരവര്‍ഷം തന്നെ. ഇതെല്ലാം കണ്ട് കോള്‍മയിരണിഞ്ഞ മാധ്യമ സിങ്കങ്ങള്‍ ഒരു പൊതു സിദ്ധാന്തം പ്രഖ്യാപിച്ചു. കുട്ടിയെ പുറത്താക്കിയാലും ചോദ്യം പുറത്തു പോകുന്നില്ല. എന്നാല്‍ ഈ സിദ്ധാന്തത്തിനും ചില നിബന്ധനകള്‍ ഉണ്ട്. അത് മോദിക്ക് ബാധകമാണ്, രാഹുലിന് ബാധകമല്ല എന്നതാണത്. ഈ നിബന്ധനയൊന്നും തിരിച്ചറിയാനുള്ള ബുദ്ധി കുറവായ ചില പത്രക്കാര്‍ രാഹുലിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. കോണ്‍ഗ്രസ് പക്ഷത്തു നിന്ന് മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ന്യൂസ് 18 സീനിയര്‍ എഡിറ്റര്‍ പല്ലവി ഘോഷും അവരുടെ ഹിന്ദി ചാനലിലെ രവി സിസോദിയയുമാണവര്‍. എ.ഐ.സി.സി. ആസ്ഥാനത്ത് രാഹുല്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ഉന്നയിച്ച ചോദ്യം ഒബിസി വിഭാഗക്കാരെ അപമാനിച്ചു എന്ന ആരോപണത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്നാണ്. ബി.ജെ.പിക്കുവേണ്ടി പണിയെടുക്കുന്ന നിങ്ങള്‍ എന്തിന് മാധ്യമ പ്രവര്‍ത്തകര്‍ എന്നു പറഞ്ഞ് നടക്കുന്നു, ബി.ജെ.പി ചിഹ്നം നെഞ്ചില്‍ കുത്തി നടന്നൂടേ എന്തായിരുന്നു രാഹുലിന്റെ മറുപടി. കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവശേഷിക്കും എന്ന തത്വത്തിന്റെ പൊരുളറിയാതെ പകച്ചു നിന്ന അവരെ നോക്കി മറ്റുള്ളവരോട് രാഹുല്‍ പറഞ്ഞു: ‘കണ്ടില്ലേ അവരുടെ കാറ്റു പോയി’. ഈ അധിക്ഷേപം മോദിയുടെ മന്ത്രിമാരില്‍ നിന്നോ ബി.ജെ.പിക്കാരില്‍ നിന്നോ ആയിരുന്നെങ്കില്‍ പ്രതികരണത്തിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.