- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സംഘനിരോധനവും സഹനസമരവും കേരളത്തില്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 51)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
1942-ലാണ് കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിനുമുമ്പുതന്നെ ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനമെന്ന നിലയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പജിയുടെ നേതൃത്വത്തില്‍ ഇവിടെ ശക്തിപ്രാപിച്ചു കഴിഞ്ഞിരുന്നു. 1921ല്‍ മലബാറില്‍ നടന്ന മാപ്പിളലഹളയുടെ ഫലമായി തങ്ങള്‍ക്കനുഭവിക്കേണ്ടിവന്ന സര്‍വ്വ ദുരിതങ്ങള്‍ക്കും അപമാനങ്ങള്‍ക്കും കാരണം കോണ്‍ഗ്രസ് ഖിലാഫത്തിനെ പിന്തുണച്ചതാണ് എന്ന ചിന്ത ഹിന്ദുക്കളില്‍ ശക്തമായ കോണ്‍ഗ്രസ് വിരോധമുളവാക്കി. അത്തരം പ്രതിക്രിയാത്മകമായ ഹിന്ദുവികാരത്തെ ഉപയോഗപ്പെടുത്തിയാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി മലബാറില്‍ നിലയുറപ്പിച്ചതും വളര്‍ന്നതും. അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വഭാവവും വിവിധ സമുദായങ്ങള്‍ക്കുള്ളില്‍ നിലനിന്നിരുന്ന സാമൂഹ്യജീര്‍ണ്ണതയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണായിത്തീര്‍ന്നു. സമൂഹത്തിന് ഭാവാത്മകമായ ദിശ നല്‍കുവാനുള്ള നേതൃത്വമോ പ്രസ്ഥാനമോ അന്ന് കേരളത്തിലുണ്ടായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിയെ തുടര്‍ന്ന് തിരുവിതാംകൂര്‍, കൊച്ചി സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിനുള്ളില്‍ ക്രൈസ്തവസമൂഹത്തിന്റെ പിടിമുറുക്കം വര്‍ദ്ധിച്ചതും വലിയൊരളവില്‍ ഹിന്ദുസമുദായത്തെ കമ്യൂണിസത്തിലേയ്ക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു ദേശീയതയിലൂന്നിയ ഭാവാത്മകസിദ്ധാന്തവുമായി രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊട്ടിഘോഷങ്ങളില്ലാതെ ശാന്തമായി സംഘം നടത്തിക്കൊണ്ടിരുന്ന ഹിന്ദുസംഘടനാപ്രവര്‍ത്തനം ഭാവിയില്‍ തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കണ്ടറിഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കം മുതല്‍തന്നെ സംഘത്തിനെതിരായ പ്രചാരണങ്ങളും ആക്രമണങ്ങളും ആരംഭിച്ചു. ആദ്യമാദ്യം സംഘത്തിനെതിരെ പരിഹാസ്യമായ മുദ്രാവാക്യങ്ങള്‍ മുഴക്കുക, സംഘശാഖകള്‍ നടത്താന്‍ സ്ഥലം ലഭ്യമാക്കാതിരിക്കുക, സംഘസ്ഥാനുകള്‍ മലിനമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തതെങ്കിലും സംഘം വളരുന്നതിനനുസരിച്ച് ശാരീരികാക്രമണങ്ങളിലേയ്ക്ക് തിരിഞ്ഞു.
ഗാന്ധിവധം നടക്കുന്ന സമയത്ത്; തലശ്ശേരി, കോഴിക്കോട്, പാലക്കാട്, തൃശ്ശിവപേരൂര്‍, ഗുരുവായൂര്‍, ആലുവ, എറണാകുളം, ചങ്ങനാശ്ശേരി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് കേരളത്തില്‍ സംഘപ്രവര്‍ത്തനം ഉണ്ടായിരുന്നത്. ഇന്ന് കേരള സംസ്ഥാനത്തിന്റെ ഭാഗമായ കാസര്‍കോട് ജില്ലയിലെ പ്രദേശങ്ങള്‍ അന്ന് കര്‍ണാടക പ്രാന്തത്തില്‍ മംഗലാപുരത്തിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1960 കളുടെ അവസാനം ചന്ദ്രഗിരിപ്പുഴയ്ക്ക് തെക്കുള്ള കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കേരള പ്രാന്തത്തിന്റെ ഭാഗമായിത്തീര്‍ന്നു.
ഹിന്ദുക്കളെ സംഘടിപ്പിക്കാനുള്ള സംഘപ്രവര്‍ത്തനം, ഹിന്ദുസമൂഹത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ പ്രവര്‍ത്തനത്തിന് വലിയ ഭീഷണിയാകുമെന്നുകണ്ട കമ്യൂണിസ്റ്റുകാര്‍ സംഘത്തെ ബാല്യാവസ്ഥയില്‍ തന്നെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു.
1948 ജനുവരി 25, 26, 27 തീയതികളില്‍ സംഘത്തിന്റെ സര്‍സംഘചാലക് ശ്രീഗുരുജിയുടെ കേരള സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള പരിപാടികള്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്നു. കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ പരിപാടി നടക്കുമ്പോള്‍ പ്രകടനമായി വന്ന് ‘ഗുരുജി ഗോള്‍വല്‍ക്കര്‍ ഗോബാക്ക്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി യോഗം അലങ്കോലപ്പെടുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആസൂത്രണം ചെയ്തിരുന്നു. അവരുടെ പദ്ധതി മുന്‍കൂട്ടി മനസ്സിലാക്കിയ സ്വയംസേവകരുടെ സമര്‍ത്ഥമായ നീക്കങ്ങള്‍ കാരണം കുഴപ്പക്കാര്‍ക്ക് പരിപാടിയുടെ അടുത്തൊന്നും എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തിരുവനന്തപുരത്ത് തൈക്കാട് മൈതാനത്ത് നടന്ന പരിപാടിയില്‍ മുദ്രാവാക്യം മുഴക്കി അതിക്രമിച്ചു കടന്നു കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് സ്വയംസേവകരുടെ ദണ്ഡപ്രയോഗത്തിന്റെ സ്വാദ് ആസ്വദിച്ച് തിരിച്ചോടേണ്ടി വന്നു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഇതുസംബന്ധിച്ച് മലയാറ്റൂര്‍ രാമകൃഷ്ണന്‍ പറഞ്ഞത് അന്നത്തെ സംഭവത്തിന്റെ അടയാളം തന്റെ പുറത്ത് ഇന്നും ഉണ്ടെന്നാണ്.
സംഘം ശൈശവാവസ്ഥയില്‍ ആയിരുന്നെങ്കിലും കേരളത്തിലെ പ്രബുദ്ധ ജനവിഭാഗം സംഘത്തെ എത്രമാത്രം നെഞ്ചേറ്റി സ്വീകരിക്കുവാന്‍ തയ്യാറായിരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു എറണാകുളത്ത് നടന്ന ശ്രീഗുരുജിയുടെ പരിപാടി. 1948 ജനുവരി 26-ാം തീയതി എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ പൂജ്യ ആഗമാനന്ദസ്വാമിജി, ധര്‍മാനന്ദ സ്വാമിജി, ജസ്റ്റിസ് നന്ദനമേനോന്‍, മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍.നാരായണയ്യര്‍, മഹാരാജാസ് കോളേജ് ചരിത്രവിഭാഗം തലവന്‍ എ.കെ.രാമയ്യര്‍, മഹാരാജാസ് കോളേജ് സംസ്‌കൃതവിഭാഗം തലവന്‍ ഇ. രാഘവ വാരിയര്‍, പുത്തേഴത്ത് രാമന്‍ മേനോന്‍, സാഹിത്യകുശലന്‍ കെ. കൃഷ്ണമേനോന്‍ തുടങ്ങിയ മഹാരഥന്മാരെല്ലാം ഉപസ്ഥിതരായിരുന്നു.
ഗാന്ധിവധത്തെത്തുടര്‍ന്ന് സംഘം നിരോധിക്കപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉടന്‍തന്നെ സംഘം പിരിച്ചുവിട്ടതായി പൂജനീയ ഗുരുജി പ്രഖ്യാപിച്ചു. എന്നാല്‍ സംഘത്തിന്റെ സ്വയംസേവകര്‍ ഒരുമിച്ചുചേരുന്ന പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്നു. ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റന്‍ തുടങ്ങിയ കളികളിലൂടെയും, കാലടി ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയ ആദ്ധ്യാത്മികകേന്ദ്രങ്ങളിലെ സത്സംഗങ്ങളിലൂടെയും സംഘത്തിന്റെ കാര്യപരിപാടികള്‍ കൃത്യമായിത്തന്നെ നടന്നിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യകര്‍ത്താക്കളുടെ രക്ഷാകര്‍ത്താവായിരുന്നു ആഗമാനന്ദസ്വാമികള്‍. കാലടി രാമകൃഷ്ണാശ്രമം അവരുടെ അഭയകേന്ദ്രവുമായിരുന്നു. സത്യഗ്രഹമനുഷ്ഠിച്ചും സര്‍ക്കാര്‍ സുരക്ഷാവകുപ്പനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടും ജയിലില്‍ കഴിയുന്ന സ്വയംസേവകരുടെ വീടുകള്‍ സമ്പര്‍ക്കം ചെയ്യുവാനും അത്യാവശ്യമായ കാര്യങ്ങള്‍ അന്വേഷിക്കാനുമുള്ള വ്യവസ്ഥയും ഉണ്ടായിരുന്നു.
മഹാത്മാഗാന്ധി വധത്തിന്റെ ഉത്തരവാദിത്തം സംഘത്തിന്റെ തലയില്‍ കെട്ടിവെച്ചു മുതലെടുപ്പു നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തയ്യാറായപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ ആര്‍.എസ്. എസ്സിനെ നശിപ്പിക്കാന്‍ അവര്‍ക്കു കിട്ടിയ സുവര്‍ണ്ണാവസരമായി കണക്കാക്കി കേരളത്തിലെമ്പാടും സംഘത്തിനെതിരായ പ്രചരണങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
അമിതാവേശം പ്രകടിപ്പിച്ച തലശ്ശേരി സഖാക്കളുടെ അനുഭവം രസകരമാണ്. തലശ്ശേരിയില്‍ അന്ന് കേരളത്തിലെ ആദ്യകാല പ്രചാരകനായ മാധവ്ജിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അന്ന് കാര്യാലയം ഇല്ലാതിരുന്നതിനാല്‍ തമ്പുരാന്‍ വക്കീല്‍ എന്നറിയപ്പെട്ടിരുന്ന എ.കെ.മാനവിക്രമന്‍ രാജയുടെ വീട്ടിലായിരുന്നു മാധവ്ജിയുടെ താമസം. തമ്പുരാന്‍ വക്കീലിന്റെ മകന്‍ അപ്പു എന്നു വിളിച്ചിരുന്ന കുഞ്ഞിരാമന്‍ സംഘസ്വയംസേവകനായിരുന്നു. ഫെബ്രുവരി ഒന്നാം തീയതി രാവിലെ കമ്യൂണിസ്റ്റ് നേതാവായ എന്‍.ഇ.ബലറാമി ന്റെ (പിന്നീട് ഇജക ങജയായി) നേതൃത്വത്തില്‍ ഒരുകൂട്ടം സഖാക്കള്‍ തമ്പുരാന്‍ വക്കീലിന്റെ വീട്ടില്‍വന്നു ‘ഗാന്ധിഘാതകരായ ആര്‍.എസ്.എസുകാര്‍ ഇവിടെ താമസിക്കുന്നുണ്ടെ’ന്നും ‘ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ടെ’ന്നും ‘വീട് പരിശോധിക്കണ’മെന്നും ആവശ്യപ്പെട്ടു. തമ്പുരാന്‍ ഒരു വിസമ്മതവും കൂടാതെ വീട് പരിശോധിക്കാനനുവാദം കൊടുത്തു. പരിശോധനയില്‍ അവര്‍ക്ക് ഒന്നുംതന്നെ കണ്ടുകിട്ടിയില്ല. പരിശോധന കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഭാവിയില്‍ കേസ് വരാതിരിക്കാന്‍ ‘വീട്ടില്‍നിന്ന് പണമോ വിലപ്പെട്ട മറ്റെന്തെങ്കിലും സാധനമോ കൊണ്ടുപോയിട്ടില്ലെ’ന്നു എഴുതി തരണമെന്ന് ബലറാം ആവശ്യപ്പെട്ടപ്പോള്‍ ഇതെല്ലാം കണ്ട് അവിടെയുണ്ടായിരുന്ന അയല്‍വീട്ടിലെ രാമനാഥന്‍ എന്ന സ്വയംസേവകന്റെ അച്ഛന്‍ അഡ്വ.രാമസ്വാമി അയ്യരുടെ ഉപദേശമനുസരിച്ച് ‘ഈ വീട് പരിശോധിച്ച് ഒന്നും കണ്ടുകിട്ടിയില്ലെന്ന് ഇങ്ങോട്ടും എഴുതിത്തരണമെന്നും ഇനിയും മറ്റാരെങ്കിലും പരിശോധനയ്ക്ക് വന്നാല്‍ ഇത് കാണിച്ചുകൊടുക്കാമല്ലോ’ എന്നും പറഞ്ഞ് ഒരു രേഖ എഴുതിവാങ്ങിച്ചു.
അടുത്ത ദിവസംതന്നെ തന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് അനധികൃതമായി പരിശോധന നടത്തിയതിന്റെ വ്യക്തമായ തെളിവുമായി വക്കീല്‍ കോടതിയില്‍ കേസ്സ് കൊടുക്കുകയും ആ കേസ്സില്‍ എന്‍.ഇ.ബലറാം, സി.വി. കരുണാകരന്‍ തുടങ്ങി ഒന്‍പതുപേര്‍ ആറുമാസം തടവിന് ശിക്ഷിക്കപ്പെട്ട് സേലം ജയിലില്‍ കിടക്കുകയും ചെയ്തു.
ഗാന്ധിവധം നടന്നശേഷം ഫെബ്രുവരി ഒന്നാം തീയതിതന്നെ കോഴിക്കോട്‌നിന്ന് ശങ്കര്‍ശാസ്ത്രി, വിസ്താരകനായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍, പി. കെ.എം.രാജ, സി.എന്‍.സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍ എന്നിവരെ സുരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് സേലം ജയിലിലേയ്ക്കു കൊണ്ടുപോയി. മറ്റ് പ്രചാരകന്മാരായ ആര്‍.വേണുഗോപാല്‍, പി.മാധവന്‍, ടി.എന്‍. ഭരതന്‍ എന്നിവരെല്ലാം ഒളിവില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയും തിരുവനന്തപുരവും അന്ന് നാട്ടുരാജ്യങ്ങളായിരുന്നതിനാല്‍, എറണാകുളത്ത് പ്രവര്‍ത്തിച്ചിരുന്ന കെ.ഭാസ്‌കര്‍റാവു, തൃശ്ശൂരിലെ പ്രഭാകര്‍ തത്വവാദി, തിരുവനന്തപുരത്തെ ലക്ഷ്മീനാരായണന്‍ എന്നിവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
എന്നാല്‍ നാഗപ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി തിരിച്ചുവരുന്ന വഴി ഭാസ്‌കര്‍റാവുവിനേയും ഒളിപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട മനോഹര്‍ദേവിനേയും ചെന്നൈയില്‍വെച്ച് അറസ്റ്റ് ചെയ്ത് സേലം ജയിലില്‍ തടവിലാക്കി. സേലം ജയിലില്‍ നേരത്തേതന്നെ തടവുകാരനാക്കപ്പെട്ട ദാദാ ആപ്‌തേ (പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ അഖിലഭാരതീയ ചുമതല വഹിച്ചു) ഒരു അഭിഭാഷകനും കൂടിയായിരുന്നതിനാല്‍ അദ്ദേഹം ജയിലില്‍ നിന്നുതന്നെ ഹേബിയസ് കോര്‍പസ് പെറ്റീഷന്‍ നല്‍കി കോടതി മുഖാന്തിരം ജയില്‍ വിമുക്തനായി. അതിനെ തുടര്‍ന്ന് സംഘതടവുകാരായവരെല്ലാം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയും തല്‍ഫലമായി എല്ലാവരും ജയില്‍ മോചിതരാവുകയും ചെയ്തു. എങ്കിലും മദിരാശി പ്രസിഡന്‍സിക്ക് പുറത്തുനിന്നു വന്ന പ്രചാരകന്മാര്‍ക്കെല്ലാം അവരവരുടെ സ്ഥലങ്ങളിലേയ്ക്ക് തിരിച്ചുപോകേണ്ടി വന്നു. എന്നാല്‍ ഭാസ്‌കര്‍റാവു സ്വന്തം മേല്‍വിലാസം കൊടുത്തത് തന്റെ അച്ഛന്റെ പൂര്‍വ്വികസ്ഥലമായ സൗത്ത് കാനറയിലേതായിരുന്നു. സൗത്ത് കാനറ എന്നറിയപ്പെടുന്ന മംഗലാപുരം ജില്ലയടക്കമുള്ള പ്രദേശം മദിരാശി പ്രസിഡന്‍സിയിലായതിനാല്‍ ഭാസ്‌കര്‍ റാവുവിന് യാതൊരു നിയമതടസ്സവുമില്ലാതെ കേരളത്തിലെങ്ങും സ്വതന്ത്രമായി സഞ്ചരിക്കാനും പ്രവര്‍ത്തിക്കാനും സാധിച്ചു. അതിനാല്‍ കേന്ദ്ര കാര്യകര്‍ത്താക്കള്‍ക്ക് കേരളവുമായി ബന്ധപ്പെടാന്‍ ഭാസ്‌കര്‍റാവുവിലൂടെ അനായാസേന സാധിച്ചു.
ഗാന്ധിവധവുമായി സംഘത്തെ ബന്ധപ്പെടുത്തുകയും ഗുരുജിയടക്കം ആയിരക്കണക്കിനു സ്വയംസേവകരെ അടിസ്ഥാനരഹിതമായ കുറ്റങ്ങള്‍ ചുമത്തി തടവിലാക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളില്‍ നീതിക്കായുള്ള പോരാട്ടം നടന്നു. എല്ലാ ഉന്നതനീതിപീഠങ്ങളില്‍ നിന്ന് സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വിധികളുണ്ടാവുകയും തടവുകാരെ ജയില്‍ വിമുക്തരാക്കുകയും ചെയ്തു. അതേപോലെ ഹിന്ദു(മദിരാശി), കേസരി (മഹാരാഷ്ട്ര), ഹിതവാദ (നാഗപ്പൂര്‍), തരുണ്‍ഭാരത് തുടങ്ങിയ പ്രമുഖപത്രങ്ങളും സര്‍ക്കാരിന്റെ സംഘവിരുദ്ധസമീപനത്തെ ശക്തമായി അപലപിച്ചുകൊണ്ടുള്ള ലേഖനങ്ങളും മുഖപ്രസംഗങ്ങളും പ്രസിദ്ധീകരിച്ചു. ആചാര്യ വിനോബാഭാവേ, ഡല്‍ഹിയിലെ പ്രമുഖ പ്രവര്‍ത്തകനായ മൗലീചന്ദ്രറാവു, ചെന്നൈയിലെ പ്രമുഖ നിയമജ്ഞനായ ടി.ആര്‍.വെങ്കടരമണ ശാസ്ത്രി തുടങ്ങിയ മഹദ്‌വ്യക്തികളും സര്‍ക്കാരുമായി സംഘനിരോധനം നീക്കാന്‍ സംവദിക്കാന്‍ തയ്യാറായി. ഗുരുജിയും സംഘത്തെ സംബന്ധിച്ച സര്‍ക്കാരിന്റെ തെറ്റിദ്ധാരണ നീക്കാനും സംഘത്തിന്റെ നിലപാട് വിശദീകരിക്കാനും ഉദ്ദേശിച്ചുകൊണ്ട് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ പട്ടേലുമായി ഒട്ടനവധി കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇത്തരം പരിശ്രമങ്ങളെല്ലാം നിഷ്ഫലമായി. സര്‍ക്കാര്‍ പിടിവാശിയില്‍നിന്ന് തെല്ലുപോലും മാറാന്‍ തയ്യാറായില്ല.
ഈ പശ്ചാത്തലത്തില്‍ നിരോധനത്തെ തുടര്‍ന്ന് സംഘപ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാനുള്ള ഗുരുജിയുടെ ആഹ്വാനം പിന്‍വലിക്കുന്നതായും സംഘശാഖകള്‍ പുനരാരംഭിച്ചു സത്യഗ്രഹം നടത്താന്‍ തീരുമാനിക്കുന്നതായും ഭയ്യാജി ദാണി സര്‍ക്കാരിനെ നേരില്‍ കണ്ട് അറിയിക്കുകയും ആയത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
കേരളത്തില്‍ സത്യഗ്രഹം ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനുമായി ഭാസ്‌കര്‍റാവു, മാധവ്ജി, ആര്‍. വേണുഗോപാല്‍, ടി.എന്‍. ഭരതന്‍, ശങ്കര്‍ശാസ്ത്രി തുടങ്ങിയവരടങ്ങുന്ന സംയുക്ത നേതൃത്വം രൂപീകൃതമായി. കോഴിക്കോട് കേന്ദ്രീകരിച്ച് സത്യഗ്രഹസംരംഭത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മാധവ്ജിക്കായിരുന്നു. വിവിധ ജില്ലകളില്‍നിന്നു വരുന്ന സത്യഗ്രഹികളെ രഹസ്യമായി സ്വീകരിക്കാനും താമസസ്ഥലമൊരുക്കാനും, കൃത്യമായി സമരസ്ഥലത്തെത്തിക്കാനുമായി ആഴ്ചവട്ടത്തെ വരായി ബാലന്‍, എം.സി.ശ്രീധരന്‍ തുടങ്ങി ഒരുകൂട്ടം യുവാക്കള്‍ മാധവ്ജിയെ സഹായിക്കാന്‍ ഒളിപ്രവര്‍ത്തന ത്തിനുണ്ടായിരുന്നു. ജീവിതസായാഹ്നത്തിലെത്തി നില്‍ക്കുന്ന ഈ പ്രായത്തിലും അന്നത്തെ സ്മരണകള്‍ അവരില്‍ അത്യധികമായ ആവേശവും അഭിമാനവുമുളവാക്കുന്നതായി അനുഭവപ്പെട്ടു.
ഭാരതത്തിലെമ്പാടും സത്യഗ്രഹം 1948 ഡിസംബര്‍ 9 ന് ആരംഭിച്ചെങ്കിലും കേരളത്തില്‍ ആദ്യത്തെ സത്യഗ്രഹം നടന്നത് ഡിസംബര്‍ 11 ന് ആയിരുന്നു. മാങ്കാവ് ഉണ്ണിയേട്ടന്‍ എന്നറിയപ്പെട്ടിരുന്ന വി.സി.ശ്രീധരന്‍ നായരാണ് കേരളത്തില്‍ സത്യഗ്രഹം ആരംഭിക്കാന്‍ പോകുന്ന വിവരം ഡിസംബര്‍ 9-ാം തീയതി കോഴിക്കോട് ജില്ലാകളക്ടറെ നേരിട്ട് കണ്ട് അറിയിച്ചത്.
സത്യഗ്രഹികളെ തയ്യാറാക്കാനായി ഓരോ സ്ഥലത്തും രഹസ്യമായി യോഗംകൂടി സത്യഗ്രഹം കാരണം അവര്‍ക്ക് നേരിടേണ്ടി വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ ലാത്തിച്ചാര്‍ജ്ജും മറ്റു മര്‍ദ്ദനങ്ങളുമുണ്ടാകാം, ലാത്തിച്ചാര്‍ജ്ജിന്റെ സമയത്ത് ചിതറി ഓടിപ്പോകാതെ കൈകള്‍ കൂട്ടിപ്പിടിച്ച് ഒന്നിച്ച് നിലത്ത് കിടക്കണം, ജയിലിനുള്ളി ലും അനവധി വിഷമങ്ങള്‍ സഹിക്കേണ്ടതായിവരും, വൃത്തിയില്ലാത്ത ആഹാരമായിരിക്കും കിട്ടുക, മാപ്പെഴുതി കൊടുക്കാനുള്ള ശക്തമായ സമ്മര്‍ദ്ദം ഉണ്ടായേക്കാം, ഭാവി വിദ്യാഭ്യാസവും തൊഴിലും എല്ലാം നഷ്ടപ്പെട്ടേക്കാം, സ്വന്തം വീട്ടിലും ചിന്താതീതമായ വിഷമതകളുമുണ്ടാകാന്‍ സാദ്ധ്യതയുണ്ട് തുടങ്ങി എല്ലാ കാര്യങ്ങളും വിശദീകരിച്ച ശേഷം ഇതിനെല്ലാം സന്നദ്ധരായവര്‍ മാത്രം സത്യഗ്രഹത്തിന് പുറപ്പെ ട്ടാല്‍ മതിയെന്നായിരുന്നു കൊടുത്ത നിര്‍ദ്ദേശം.
പോലീസ് ലാത്തിച്ചാര്‍ജ്ജിനെ നേരിടാന്‍ തക്കവണ്ണം കരുത്തുള്ളവരായിരിക്കണം ആദ്യത്തെ ബാച്ചില്‍ പോകേണ്ടത് എന്ന നിലയ്ക്ക് പാലക്കാട് നിന്നുള്ള 24 പേരായിരുന്നു ഡിസംബര്‍ 11 ന് സത്യഗ്രഹം നടത്തിയത്. എന്നാല്‍ സത്യഗ്രഹികളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. 12,13,14 തീയതികളില്‍ സത്യഗ്രഹം അനുഷ്ഠിച്ചവരെയും നിയമലംഘനത്തിന് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്തത്. എന്നാല്‍ സത്യഗ്രഹികളുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നതു കണ്ട്, 15-ാം തീയതി സത്യഗ്രഹം നടത്തിയവര്‍ക്കെതിരെ അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജ് നടന്നു. ആരും പിരിഞ്ഞു പോകാത്തതിനാല്‍ എല്ലാവരേയും തടവിലാക്കി.
അന്ന് മംഗലാപുരം ജില്ലയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗത്തും സാമാന്യം നല്ല സംഖ്യയില്‍ സത്യഗ്രഹികള്‍ ഉണ്ടായിരുന്നു. അവരും ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു തടവുകാരാക്കപ്പെട്ടത്. സത്യഗ്രഹം തുടങ്ങി 7-8 ദിവസം കഴിയുമ്പോഴേയ്ക്കും സബ്ബ് ജയിലുകളും സെന്‍ട്രല്‍ ജയിലും എല്ലാം തടവുകാരെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ സത്യഗ്രഹികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് പിരിച്ചുവിടാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സത്യഗ്രഹികളെ പിടിച്ചുകൊണ്ട് പോയി വൈകുന്നേരം വിട്ടയച്ചുതുടങ്ങി. അവരില്‍ പലരും പിറ്റേദിവസവും സത്യഗ്രഹികളായി വന്നതിനെ തുടര്‍ന്ന് പോലീസ് നയം മാറ്റി. സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് വയനാട്ടില്‍ കൊണ്ടുപോയി ദൂരെ ഒറ്റയ്ക്ക് ഇറക്കിവിട്ടു. വയനാട്ടിന്റെ കൊടുംതണുപ്പില്‍ പട്ടിണി കിടന്ന് നരകിക്കട്ടെ എന്നായിരുന്നു പോലീസിന്റെ ഉദ്ദേശ്യം. സത്യഗ്രഹത്തിന്റെ അവസാനദിവസങ്ങളില്‍ കോഴിക്കോട്ട് ചെന്ന് അറസ്റ്റ് ചെയ്യപ്പെടാതെ വിട്ടയ്ക്കപ്പെട്ട എറണാകുളത്തു നിന്നുള്ള എ.വി.ഭാസ്‌കര്‍ജിയും 6 പേരും എറണാകുളത്ത് സത്യഗ്രഹം നടത്തി ജയിലില്‍ പോയി. അതേപോലെ തിരുവനന്തപുരത്തുനിന്നും പോയി അറസ്റ്റ് ചെയ്യപ്പെടാതിരുന്ന ഒരു സംഘം തിരിച്ചുവന്ന് തിരുവനന്തപുത്ത് തന്നെ സത്യഗ്രഹം നടത്തിയതായറിയുന്നു. (പേരുവിവരം കിട്ടിയിട്ടില്ല).
Comments