- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സംഘപ്രവര്‍ത്തനം പുനരാരംഭിക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 52)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഡിസംബര്‍ 11-ാം തീയതി ആരംഭിച്ച സത്യഗ്രഹം ജനുവരി 21-ാം തീയതി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. സംഘം സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ കരുതിയത് ചുരുക്കം ചില യുവാക്കള്‍ മാത്രമായിരിക്കും എന്നും ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ക്കകം ആവേശമെല്ലാം കെട്ടടങ്ങുമെന്നുമായിരുന്നു. എന്നാല്‍ ഭാരതത്തിലെ എല്ലാ പ്രധാനകേന്ദ്രങ്ങളിലും നടന്ന നിരന്തരമായ സത്യഗ്രഹം ഭാരതമാസകലം വലിയ ചലനം സൃഷ്ടിച്ചു. സാമാന്യജനങ്ങളും പ്രമുഖവ്യക്തികളും പ്രധാന പത്രങ്ങളും എല്ലാം സര്‍ക്കാരിന്റെ അന്യായമായ നിരോധനത്തിനെതിരെയും അടിച്ചമര്‍ത്തല്‍ സമീപനത്തിനെതിരെയും ശക്തമായി പ്രതികരിച്ചു തുടങ്ങി. സത്യഗ്രഹം നിര്‍ത്തിവച്ച് നിരോധനം പിന്‍വലിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ദൂതന്മാര്‍ ജയിലില്‍ ചെന്ന് ദീര്‍ഘസമയം ഗുരുജിയുമായി ചര്‍ച്ച നടത്തിയതിന്റെ ഫലമായി ജനുവരി 21ന് സത്യഗ്രഹം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനമായി.
കാസര്‍കോട് ഭാഗത്തുനിന്നും കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി കണ്ണൂര്‍ ജയിലിലുണ്ടായിരുന്നത് 257 പേരായിരുന്നു എന്നാണ് അന്ന് ജയിലിലുണ്ടായിരുന്ന ആര്‍. ഹരിയേട്ടനില്‍നിന്നും അറിയാന്‍ കഴിഞ്ഞത്. അന്ന് ജയിലിലുണ്ടായിരുന്നവരുടെ പേരുവിവരം കിട്ടിയതത്രയും ജില്ല തിരിച്ച് താഴെ ചേര്‍ക്കുന്നു. ഒട്ടനവധി പേരുകള്‍ ലഭ്യമായിട്ടില്ല.
സത്യഗ്രഹികള്‍ ജില്ല തിരിച്ച്
കോഴിക്കോട്: പി. കുമാരന്‍, മാര്‍ത്താണ്ഡന്‍, വി.സി. അച്ചുതന്‍, ആര്‍. വേണുഗോപാല്‍, ത്രിപി, എം. രാമചന്ദ്രന്‍, ദാമോദരന്‍ വൈദ്യര്‍, കുഞ്ഞിരാമന്‍, കുഞ്ഞിപെരച്ചന്‍, കക്കോടി കരുണന്‍, വി. സി.അച്ചുതന്‍ നായര്‍ (മാങ്കൊമ്പ് ഉണ്ണികൃഷ്ണന്‍), പി.സി. ശ്രീധരന്‍ നായര്‍.
പാലക്കാട്: യു.സി.ദാമോദരന്‍, എന്‍. രാമന്‍കുട്ടി, എം.അപ്പുക്കുട്ടി, കുഞ്ഞുമണി, ചാമി, എസ്സ്. മാധവന്‍, നടരാജകൗണ്ടര്‍, മുരുകന്‍, രാജഗോപാല്‍, വി.പി. ജനാര്‍ദ്ദനന്‍, തരവത്ത് ശെല്‍വന്‍.
തൃശ്ശൂര്‍: പ്രഭാകര്‍ തത്വവാദി, ബാലകൃഷ്ണന്‍ (ഗുരുവായൂര്‍), രാഘവന്‍.
എറണാകുളം: വെങ്കിടേശ് ശേണായി, റായി ശേണായി, ആര്‍. ഹരി, ശ്രീപതി, എം. മോഹന്‍കുക്കിലിയ, കാശിനാഥ് ആപ്‌തേ, രവി (ചന്ദ്രൂസ് കഫേ), സി. കെ. ദിവാകരറാവു, വാസുദേവ ശേണായി, വെങ്കിടേശ് പ്രഭു, എ. വി. ഭാസ്‌കര്‍.
തിരുവനന്തപുരം: എച്ച്. ഗോപാലകൃഷ്ണന്‍, ഗംഗാധരന്‍, രാജരാജവര്‍മ്മ, കുമാരസ്വാമി.
അവസാനനാളുകളില്‍ പാലക്കാട്‌നിന്ന് സത്യഗ്രഹത്തിനു പോയ സംഘത്തില്‍പ്പെട്ട മാധവദാസിനെയും മങ്കട രവിയെയും അറസ്റ്റ് ചെയ്ത് വയനാട്ടില്‍ കൊണ്ടുപോയി വിട്ടു. മാധവദാസ് പിന്നീട് പോലീസില്‍ ചേര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടുവരെയായി. ജോലിയില്‍നിന്നും വിരമിച്ച് കുറച്ചുകാലം പാലക്കാട് ജില്ലാസംഘചാലകനുമായിരുന്നു. മങ്കട രവി കേരളത്തിലെ പേരുകേട്ട സിനിമാ ഡയറക്ടറും ഫോട്ടോഗ്രാഫറുമായി.
തിരുവനന്തപുരത്തുനിന്ന് സത്യഗ്രഹത്തില്‍ പങ്കെടുത്ത രാജരാജവര്‍മ്മയും കുമാരസ്വാമിയും സര്‍ക്കാര്‍ സര്‍വ്വീസില്‍ എന്‍ജിനീയര്‍മാരായിരുന്നു. രണ്ടുപേരുടെയും ജോലി നഷ്ടപ്പെട്ടു. പിന്നീട് രാജരാജവര്‍മ്മ ഡല്‍ഹിയില്‍ ഉന്നതനിലവാരത്തിലുള്ള ഒരു സ്വകാര്യസ്ഥാപനത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. ജോലിയില്‍നിന്നു വിരമിച്ച ശേഷം കേരളത്തിലെ പ്രസിദ്ധ പ്രകൃതിചികിത്സകനായിത്തീര്‍ന്നു. കുറച്ചുകാലം അദ്ദേഹം സംഘത്തിന്റെ കൊച്ചി ജില്ലാ സംഘചാലകനുമായിരുന്നു. കുമാരസ്വാമി ചെന്നൈയില്‍ ഉന്നതനിലവാരത്തില്‍ എഞ്ചിനീയറായി ജോലിചെയ്തു. അവസാനംവരെയും നിഷ്ഠാവാനായ സ്വയംസേവകനായിരുന്നു.
എറണാകുളത്ത് സത്യഗ്രഹമനുഷ്ഠിച്ച് ജയിലില്‍ കഴിയുന്ന ഭാസ്‌കര്‍ജിയെ മോചിപ്പിക്കാന്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികള്‍ ജയിലിലെത്തി. സമൂഹത്തിലെ കുലീനവും സമ്പന്നവുമായ കുടുംബത്തിലെ അംഗങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ജയില്‍ജീവിതമെന്നു പറഞ്ഞു മാപ്പെഴുതി കൊടുക്കാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ താന്‍ കരിഞ്ചന്ത നടത്തിപിടിക്കപ്പെട്ടു ജയിലില്‍ വന്നതല്ലെന്നും നാടിനുവേണ്ടി സമരം ചെയ്ത് വന്നതാണെന്നും കുടുംബത്തിന് അഭിമാനമേ ഉണ്ടാകാവൂ എന്നും പറഞ്ഞ് ഒട്ടും കൂസാതെ ഉറച്ചുനിന്നു.
പാലക്കാട്ടുനിന്നു ജയിലിലുണ്ടായിരുന്ന എം. അപ്പുക്കുട്ടിയുടെ സഹധര്‍മ്മിണി പ്രസവത്തോടനുബന്ധിച്ച് മരണമടഞ്ഞവിവരം ജയിലിലെത്തി. മാപ്പെഴുതിക്കൊടുക്കുകയാണെങ്കില്‍ വിട്ടയയ്ക്കാമെന്നായിരുന്നു ജയിലധികൃതരുടെ നിലപാട്. എന്നാല്‍ മരിച്ചുപോയ ഭാര്യയ്ക്കുവേണ്ടി തനിക്കൊന്നും പ്രത്യേകമായി ചെയ്യാനില്ലെന്നും മരണാനന്തരക്രിയകളെല്ലാം ബന്ധുക്കള്‍ വളരെ കൃത്യമായി നിര്‍വ്വഹിച്ചു കൊള്ളുമെന്നും പറഞ്ഞ് അദ്ദേഹം മാപ്പെഴുതികൊടുക്കാന്‍ തയ്യാറായില്ല. തീവ്രമായ ദുഃഖം കടിച്ചമര്‍ത്തി സംഘത്തിന് തെല്ലുപോലും അപമാനമുണ്ടാകാതിരിക്കാന്‍ ആ നിഷ്ഠാവാനായ സ്വയംസേവകന്‍ സന്നദ്ധനായി.
ജയിലിനുള്ളില്‍ ഒരു പ്രശിക്ഷണവര്‍ഗ്ഗ് നടത്തുന്ന രീതിയിലായിരുന്നു സ്വയംസേവകരുടെ ജീവിതം. ജയില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് നിത്യശാഖയും ചര്‍ച്ചയും ബൗദ്ധിക്കും ഗണഗീതങ്ങളുമെല്ലാം വ്യവസ്ഥയോടെ നടത്തിയിരുന്നു.
ആര്‍.എസ്.എസുകാരുടെ സമരസംരംഭം
ലക്‌നൗ, ഡിസംബര്‍ 8: ഐക്യസംസ്ഥാന ഗവണ്‍മെന്റിനെതിരായ ഒരു പ്രക്ഷോഭം തുടങ്ങാന്‍ ആര്‍. എസ്. എസുകാര്‍ ഒരുക്കം കൂട്ടിവരുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് ഐക്യസംസ്ഥാന പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് സെക്രട്ടറിയായ ഗോവിന്ദസഹായ് അറിയിച്ചിരിക്കുന്നു. പോസ്റ്ററുകള്‍ കൊണ്ടുള്ള സമരം അവര്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഏതാനും പണം അവര്‍ പിരിച്ചുവെച്ചിട്ടുണ്ട്. ഓരോ ഗ്രാമത്തില്‍നിന്നും ഇത്രയിത്രപേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കണമെന്നും നിശ്ചയിച്ചിട്ടുണ്ടത്രേ. ഇപ്പോള്‍ നിലവിലുള്ളത് രാവണരാജ്യമാണ്. അതിനെ ഉടച്ച് രാമരാജ്യം സ്ഥാപിക്കേണ്ടിയിരിക്കുന്നു എന്ന് കാണിക്കുന്ന അഭ്യര്‍ത്ഥനകള്‍ അവര്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ഗുരുജിയുടെ കല്‍പന കിട്ടിയാല്‍ സമരം ആരംഭിക്കുമെന്നാണ് പറയുന്നത്.
(മാതൃഭൂമി – 1948 ഡിസംബര്‍ 9)
വാര്‍ത്തകള്‍ക്ക് വിലക്ക്
നാഗ്പൂര്‍, ഡിസംബര്‍ 9: ആര്‍എസ്എസുകാരുടെ ഗുരുവായ ഗോള്‍വല്‍ക്കറുടെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചുകൊണ്ട് നാഗപ്പൂരില്‍ ഒരു നിരോധന കല്പന പത്രങ്ങളുടെ മേല്‍ നടത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ 50ഓളം ആര്‍എസ്എസുകാര്‍ സത്യഗ്രഹത്തിന് പുറപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസുകാര്‍ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍ഡോറില്‍ ഒട്ടാകെ 238 പേര്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്. സിംല, പട്യാല എന്നിവിടങ്ങളില്‍ നിന്നും കുറേപേര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. മൈസൂരില്‍ ഇന്ന് നാടുനീളെ ആര്‍എസ്എസുകാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ”പ്രജായത്തഭരണം അപകടത്തില്‍”, ”ഗുരുജിയെ വിട്ടയക്കുക”, ”ആര്‍എസ്എസ് നിരോധനം എടുത്തുകളയുക” എന്നീ പരസ്യങ്ങള്‍ ഇന്നു ബാംഗ്ലൂരിലെ മിക്ക കെട്ടിടങ്ങളുടെ ചുവരുകളിലും പതിച്ചതായി കണ്ടു.
(മാതൃഭൂമി 1948 ഡിസംബര്‍ 19)
അനുബന്ധം – 5
സംഘനിരോധനം മലയാളമാധ്യമങ്ങളില്‍
മാതൃഭൂമി മുഖപ്രസംഗം
കേരളത്തില്‍ സത്യഗ്രഹികളുടെ നേരെ നടന്ന പോലീസ്
അതിക്രമത്തെ വിമര്‍ശിച്ചുകൊണ്ട് 1948 ആഗസ്റ്റ് 17 ന് വെള്ളിയാഴ്ച
മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗം
ബ്രിട്ടീഷ്‌കാരുടെ ഭരണകാലത്ത് അവര്‍ നമ്മുടെ നേര്‍ക്ക് ലോഭം കൂടാതെ ഉപയോഗിച്ചുവന്ന അറസ്റ്റും ലാത്തിച്ചാര്‍ജ്ജും മറ്റു ദണ്ഡനരീതികളും നമുക്ക് തമ്മില്‍ ചിലരുടെ നേര്‍ക്ക് തന്നെ എടുത്തുപയോഗിക്കേണ്ടിവരിക എന്നത് ഒട്ടും ഹൃദ്യമായൊരു കാര്യമല്ല……….. ഇത്രയും പറഞ്ഞതുകൊണ്ട് ആര്‍എസ്എസുകാരുടെ നിയമവിരുദ്ധപ്രവൃത്തികളെ തടയുന്നതിന് പോലീസിന് എന്തതിക്രമവും ചെയ്യാമെന്നര്‍ത്ഥമില്ല. അവരോട് പെരുമാറുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ ആവശ്യമായതില്‍ കവിഞ്ഞ ബലം ഒരിക്കലും ഉപയോഗിച്ചു കൂടാ. ഇക്കഴിഞ്ഞ 15-ാം തീയതി വൈകുന്നേരം മുതലക്കുളത്ത് നിയമവിരുദ്ധമായ പ്രകടനങ്ങള്‍ നടത്താന്‍ പുറപ്പെട്ട ആര്‍എസ്എസ് വാളണ്ടിയര്‍മാരുടെ നേര്‍ക്ക് പോലീസ് നടത്തിയതായി പറയുന്ന ലാത്തിച്ചാര്‍ജ് ഞങ്ങളുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ ഒരു വിധത്തിലും ന്യായീകരിക്കാവുന്നതല്ല. നിയമത്തിന് എതിരായി യോഗം ചേരുകയോ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നതില്‍ ഞങ്ങള്‍ക്കാക്ഷേപമില്ല. എന്നാല്‍ അതില്‍ക്കവിഞ്ഞ് അവരെ മനുഷ്യോചിതമല്ലാത്ത നിലയില്‍ മര്‍ദ്ദിക്കുകയെന്നത് ഒരു ജനകീയ ഗവണ്‍മെന്റിന് ഒരിക്കലും ഭൂഷണമല്ല. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതന്മാര്‍ പോലീസിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.സഹനസമരവും അടിച്ചമര്‍ത്തലും കോഴിക്കോട് അറസ്റ്റ്
കോഴിക്കോട്, ഡിസംബര്‍ 11: കോഴിക്കോട്ടെ ഒരു സംഘം ആര്‍എസ്എസുകാര്‍ ഇന്ന് നിരോധനം ലംഘിച്ചിരിക്കുന്നു. വൈകുന്നേരം അവര്‍ ഒരു ഘോഷയാത്രയായി മുതലക്കുളം മൈതാനിയില്‍ എത്തിച്ചേര്‍ന്നു. ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി.ചൂഢാമണി ഒരു സംഘം പോലീസുകാരുമായി സ്ഥലത്തെത്തി 144-ാം വകുപ്പ് പ്രകാരം പൊതുയോഗങ്ങളും ഘോഷയാത്രയും ചേരുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതിനാല്‍ പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. അത് അവര്‍ കൂട്ടാക്കിയില്ല. എല്ലാവരും അവിടെ ഇരുന്നു. അവര്‍ 24 പേരെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയി.കാഞ്ഞങ്ങാട്, ഡിസംബര്‍ 14: കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത 17 ആര്‍എസ്എസുകാരെ ഡിസംബര്‍ 19 വരെ റിമാണ്ട് ചെയ്യാന്‍ ഹോസ്ദുര്‍ഗ്ഗ് മജിസ്‌ട്രേറ്റ് കല്പിച്ചിരിക്കുന്നു. ഇന്നലെ മജിസ്‌ട്രേറ്റ് കോര്‍ട്ട് മുമ്പാകെ പ്രകടനം നടത്തിയ 10 ആര്‍എസ്എസുകാരെ അറസ്റ്റുചെയ്തു. ഹോസ്ദുര്‍ഗ്ഗ്, കാഞ്ഞങ്ങാട്, അജാനൂര്‍, ചിറ്റാരി ഈ വില്ലേജുകളില്‍ പൊതുയോഗവും, ഘോഷയാത്രയും നടത്തുന്നത് 144-ാം വകുപ്പുപ്രകാരം നിരോധിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് ഒരു കല്പന പുറപ്പെടുവിച്ചിരിക്കുന്നു.
കോഴിക്കോട്, ഡിസംബര്‍ 15: ആര്‍എസ്എസുകാര്‍ ഇന്നും ഒരു പ്രകടനം നടത്തി, കുറേ വളണ്ടിയര്‍മാര്‍ നിരോധനത്തെ ലംഘിച്ച് ഘോഷയാത്രയായി മുതലക്കുളത്തെത്തി. പോലീസ് പ്രകടനക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തി. പ്രകടനക്കാരില്‍ 5 പേര്‍ ഓടിപ്പോയെങ്കിലും ബാക്കിയുള്ളവര്‍ നിലത്തുകിടന്നു. പോലീസ് അവസാനം 13 പേരെ അറസ്റ്റു ചെയ്തു. 8 പേര്‍ കൊച്ചിക്കാരും അഞ്ചാറുപേര്‍ തിരുവിതാംകൂറുകാരുമാണ്. മലബാറുകാര്‍ ആരുമില്ല.
കോഴിക്കോട് ഡിസംബര്‍ 19: ആര്‍എസ്എസ് വളണ്ടിയര്‍മാര്‍ ഇന്നും പ്രകടനം നടത്തി. ജാഥ മുതലക്കുളം മൈതാനത്തിനടുത്തെത്തിയപ്പോള്‍ പോലീസ് അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. അവര്‍ കൂട്ടാക്കിയില്ല. ഒരു ലാത്തിച്ചാര്‍ജിനുശേഷം പോലീസ് എല്ലാവരേയും പിടിച്ചു വണ്ടിയിലിട്ടു സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ജാഥ നയിച്ചവരെ ഒഴിച്ച് 10 പേരെ വിട്ടയച്ചു.
മദിരാശിയിലെ അറസ്റ്റ്
മദിരാശി, ഡിസംബര്‍ 11 : ഇന്നലെ നിരോധന കല്പന ലംഘിച്ച് പൊതുയോഗം കൂടാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട പ്രധാന ആര്‍എസ്എസ് സംഘപ്രധാനി കെ.നരസിംഹന്‍ ഉള്‍പ്പെടെയുള്ള ആറുപേരെ പോലീസ് കമ്മീഷണര്‍ ഡിസംബര്‍ 24 വരെ ബന്തോബസ്സില്‍ വെയ്ക്കാന്‍ കല്പിച്ചു. സെയ്ദാപേട്ടിലെ ഡോക്ടര്‍ സാംബശിവറാവുവിനേയും ആറു കോളേജ് വിദ്യാര്‍ത്ഥികളേയും ഇന്നലെ അറസ്റ്റ് ചെയ്തു. ആര്‍എസ്എസിന്റെ പ്രധാന സംഘാടകന്റെ വീടും നഗരത്തിലെ മറ്റു ചില സ്ഥലങ്ങളും പോലീസ് ഇന്നലെ കയ്യേറി പരിശോധിച്ചു. നിരോധിക്കപ്പെട്ട സാഹിത്യം പലതും പിടിച്ചെടുത്തിടുത്തിട്ടുണ്ട്.
ആര്‍ എസ് എസ്സുകാരുടെ നിയമലംഘനശ്രമം
ബാംഗ്ലൂര്‍, ഡിസംബര്‍ 12 : നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഘോഷയാത്രകള്‍ പോലീസ് പിരിച്ചു വിട്ടു. 32 പേരെ അറസ്റ്റ് ചെയ്തു. പലരേയും ശിക്ഷിച്ചിരിക്കുന്നു.
ഉദയപൂര്‍, ഡിസംബര്‍ 14 : ആര്‍.എസ്.എസ് പ്രകടനത്തില്‍ പങ്കെടുത്ത 50 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഡോക്ടര്‍മാരും വ്യവസായികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. രാജസ്ഥാന്‍ ഗവണ്‍മെന്റ് ആര്‍എസ്എസ് സംഘടനയെ നിയമവിരുദ്ധമാക്കിയിരിക്കുന്നു.
ആര്‍എസ്എസ് പ്രകടനങ്ങള്‍
ന്യൂഡല്‍ഹി, ഡിസംബര്‍ 14: ആര്‍എസ്എസുകാരുടെ പ്രകടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഫലമായി നാനാഭാഗങ്ങളിലും അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ട്. അങ്ങിങ്ങ് ചിലയിടങ്ങളില്‍ ലാത്തിച്ചാര്‍ജ്ജും നടത്തേണ്ടി വരുന്നുണ്ട്.
നിരോധനകല്പനയെ ലംഘിച്ച് പ്രക്ഷോഭം നടത്തിയ 78 ഓളം ആര്‍എസ് എസ്സുകാരെ ഡല്‍ഹിയില്‍ നിന്നുതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐക്യസംസ്ഥാനത്തിലെ സിത്താര്‍പൂര്‍ ജില്ലയില്‍ ഒട്ടാകെ 180 ആര്‍എസ്എസുകാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ആര്‍എസ്എസ്സുകാരുടെ പ്രകടനം
ഡല്‍ഹി, ഡിസംബര്‍ 16: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആര്‍എസ്എസുകാരുടെ പ്രകടനങ്ങള്‍ തുടര്‍ന്ന് വരുന്നു എന്നാണ് നാനാ സ്ഥലങ്ങളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കൊണ്ട് കാണുന്നത്. പല സ്ഥലങ്ങളിലും അറസ്റ്റും ഭവനപരിശോധനയും നടത്തിയിട്ടുണ്ട്.
സേലം, ഡിസംബര്‍ 17: നിരോധനം ലംഘിച്ച് യോഗം കൂടാന്‍ ശ്രമിച്ചതിന് 30 ആര്‍എസ്എസ് വളണ്ടിയര്‍മാരെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. കമ്മീഷണര്‍ മൂന്നുപേരെ ബന്തവസില്‍ വെയ്ക്കുകയും ബാക്കിയുള്ളവരെ വിട്ടയക്കാന്‍ കല്പിക്കുകയും ചെയ്തു.
ആര്‍എസ്എസിനെക്കുറിച്ച് ചില ലേഖനങ്ങള്‍ എഴുതിയതിനെ തുടര്‍ന്ന് ”വിക്രമ” എന്നൊരു കര്‍ണ്ണാടക വാരികയുടെ പ്രസിദ്ധീകരണം നിരോധിച്ചിരിക്കുന്നു.
ആര്‍എസ്എസ് നിരോധനം നീക്കി ഇന്ത്യാഗവണ്‍മെന്റിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി, ജൂലൈ 12: ആര്‍എസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്)ത്തിന്റെ മേലുള്ള നിരോധനകല്പന നീക്കം ചെയ്തിരിക്കുന്നുവെന്ന് ഇന്ത്യാഗവണ്‍മെന്റ് ഒരു കമ്യൂണിക്കെയില്‍ അറിയിക്കുന്നു. 1948 ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍എസ്എസിനെ ഗവണ്‍മെന്റ് ഒരു നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നായകനായ എം.എസ്.ഗോള്‍വല്‍ക്കറെ മദ്ധ്യസംസ്ഥാനത്തിലെ ബേത്തൂള്‍ ജയിലില്‍നിന്ന് നാളെ വിട്ടയയ്ക്കുന്നതായിരിക്കും. ഇന്ത്യാഗവണ്‍മെന്റിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ തടവിലാക്കപ്പെട്ടിട്ടുള്ള എല്ലാ ആര്‍എസ്എസുകാരെയും കഴിയുന്നത്ര വേഗത്തില്‍ വിട്ടയയ്ക്കുന്നതായിരിക്കും. സംസ്ഥാനങ്ങളില്‍ തടവിലാക്കപ്പെട്ടിട്ടുള്ള ആര്‍എസ്എസുകാരെ വിട്ടയയ്ക്കാന്‍ സംസ്ഥാനഗവണ്‍മെന്റുകളോട് അപേക്ഷിച്ചിട്ടുണ്ട്.
ഗോള്‍വല്‍ക്കറെ വിട്ടയക്കുന്നു
നിരോധനം പോയതിനെത്തുടര്‍ന്ന് നാഗ്പൂര്‍, ജൂലൈ 13: ആര്‍എസ്എസ് സംഘടനയുടെ മേലുള്ള നിരോധനം കേന്ദ്ര ഗവണ്‍മേന്റ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ആ സംഘടനയുടെ തലവനായ മി. എം.എസ്. ഗോള്‍വല്‍ക്കറെ ഇന്ന് രാവിലെ ബേത്തൂള്‍ ജയിലില്‍നിന്ന് വിട്ടയക്കപ്പെട്ടിരിക്കുന്നു.
(മാതൃഭൂമി ജൂലായ് 14)
1949 ഫെബ്രുവരി 4-ാം തീയതി സംഘത്തിന്റെ നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ഗുരുജിയേയും തടവിലാക്കപ്പെട്ട എല്ലാ സ്വയംസേവകരേയും വിട്ടയയ്ക്കുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചശേഷം ഗുരുജി പങ്കെടുത്ത കേരള കാര്യകര്‍ത്തൃശിബിരം 1950 ല്‍ പാലക്കാട്ട് ആയിരുന്നു നടന്നത്. ഗുരുജിയുടെ താമസം അവിടെത്തന്നെയായിരുന്നു.
1951 ല്‍ ഗുരുജിയുടെ കേരളയാത്രാവേളയില്‍ ആലപ്പുഴ എസ്.ഡി. വി. മൈതാനത്ത് നടന്ന പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ കമ്യൂണിസ്റ്റ് തൊഴിലാളി യൂണിയനില്‍പ്പെട്ടവര്‍ മുദ്രാവാക്യം മുഴക്കി വലിയ സംഖ്യയില്‍ എത്തിയെങ്കിലും രക്ഷകരായി നിന്നിരുന്ന സ്വയംസേവകരുടെ പ്രതിരോധത്തിന് മുന്നില്‍ തിരിഞ്ഞോടിപ്പോകേണ്ടിവന്നു. പരിപാടി നിര്‍ബ്ബാധം തുടര്‍ന്നു.
(അവസാനിച്ചു)
Comments