- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- നിരോധനം നീക്കാനുള്ള ശ്രമങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 40)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘത്തിന്റെ എഴുതപ്പെട്ട ഭരണഘടനയെ സംബന്ധിച്ച വിവാദം സത്യഗ്രഹം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉയര്‍ന്നുവന്നിരുന്നു. ശ്രീഗുരുജി ഒക്‌ടോബര്‍ 17നും 23നും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ മറ്റുവിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത കൂട്ടത്തില്‍ ഈ വിഷയവും പരാമര്‍ശിച്ചിരുന്നു. തനിക്ക് സംഘത്തിന്റെ നിരോധനം നീക്കണമെന്നുണ്ടെന്നും എന്നാല്‍ പണ്ഡിറ്റ് നെഹ്രുവും മറ്റ് കോണ്‍ഗ്രസ് നേതാക്കന്മാരും അതിന് വിസമ്മതിക്കുന്നുണ്ടെന്നുമായിരുന്നു പട്ടേല്‍ പറഞ്ഞത്. ”സംഘത്തിന് ഭരണഘടനയില്ലെന്നും രഹസ്യസ്വഭാവമുള്ള അര്‍ദ്ധ സൈനിക സംഘടനയാണ് അതെന്നുമാണ് അവരുടെ അഭിപ്രായം. അതിനാല്‍ സംഘത്തിന്റെ ലിഖിത ഭരണഘടന കിട്ടിയാല്‍ കോണ്‍ഗ്രസ്സിലെ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് സംഘനിരോധനം നീക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സഹായകമാകും”.
അതുകേട്ട് ശ്രീഗുരുജി പറഞ്ഞു:- ”സംഘത്തിന്റെ പ്രവര്‍ത്തനം ഭാരതത്തിലെങ്ങും കഴിഞ്ഞ 23 വര്‍ഷമായി വ്യവസ്ഥാപിതമായി നടന്നുവരുന്നു. സംഘത്തിന് അതിന്റേതായ വ്യക്തമായ വ്യവസ്ഥയും പദ്ധതിയുമുണ്ട്. അതനുസരിച്ചുതന്നെ എല്ലായിടത്തും പ്രവര്‍ത്തിച്ചുവരുന്നു. ഇതേവരെ എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടനയുടെ ആവശ്യം അനുഭവപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സിന്റെ തന്നെ ഭരണഘടന അത് ആരംഭിച്ച് 14 വര്‍ഷത്തിനുശേഷം 1899 ലാണ് തയ്യാറാക്കപ്പെട്ടത്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ്ഭരണകൂടം കോണ്‍ഗ്രസ്സിനെതിരെ രഹസ്യസ്വഭാവമുള്ള ഒരു സംഘടനയാണെന്ന ആരോപണം ഉന്നയിച്ചിട്ടില്ല. എന്നാലും സംഘത്തിന്റെ ഭരണഘടന എഴുതിത്തയ്യാറാക്കാന്‍ ഒരു പ്രയാസവുമില്ല. ആവശ്യമാണെങ്കില്‍ കാര്യകര്‍ത്താക്കളോട് പറഞ്ഞ് അത് തയ്യാറാക്കാവുന്നതാണ്.” ഉടന്‍ സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു: ”ഭരണഘടന തയ്യാറാക്കുകതന്നെ വേണം അത് അത്യാവശ്യമാണ്.”
അതിനുത്തരമായി ശ്രീഗുരുജി ഇങ്ങനെ പറഞ്ഞു:- ”ഇപ്പോള്‍ സംഘത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം അടിസ്ഥാനരഹിതവും അവാസ്തവവുമാണെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുന്നു. അതിനാല്‍ സംഘത്തെ കുറ്റവിമുക്തമാക്കി പ്രഖ്യാപിച്ച് നിരോധനം പിന്‍വലിച്ച് തടവില്‍ കഴിയുന്നവരെയെല്ലാം മോചിപ്പിച്ചശേഷം ശാന്തമായ അന്തരീക്ഷത്തില്‍ സ്വയംസേവകരുടെ കോണ്‍ഗ്രസ് പ്രവേശനം, സംഘത്തിന്റെ ലിഖിതമായ ഭരണഘടന എന്നിവയെക്കുറിച്ചെല്ലാം ചിന്തിക്കാവുന്നതാണ്.” ”ശരി ചിന്തിക്കൂ” എന്ന് പറഞ്ഞ് പട്ടേല്‍ ചര്‍ച്ച അവസാനിപ്പിച്ചു. സര്‍ദാര്‍ പട്ടേലുമായുണ്ടായ ചര്‍ച്ചയെക്കുറിച്ച് ശ്രീഗുരുജി ഏകനാഥ് റാനഡെ, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ, ലാല ഹംസരാജ് ഗുപ്ത തുടങ്ങിയവരുമായി ചര്‍ച്ച ചെയ്തു. സംഘത്തിന്റെ ഇന്നത്തെ സംവിധാനം ലിപിബദ്ധമാക്കാന്‍ തീരെ പ്രയാസമില്ലെന്നും അത് നല്‍കുന്നത് സംഘനിരോധം നീക്കുന്നതിന് സഹായകമാകുമെങ്കില്‍ ഉടനെത്തന്നെ അത് തയ്യാറാക്കാന്‍ സാധിക്കുമെന്നുമായിരുന്നു അവരുടെയെല്ലാം അഭിപ്രായം. എന്നാല്‍ അതിനെക്കുറിച്ച് ചര്‍ച്ചയൊന്നും പിന്നീടുണ്ടായില്ല.
സത്യഗ്രഹം നിറുത്തിവെച്ചശേഷം സംഘഭരണഘടനയെ സംബന്ധിച്ച ചര്‍ച്ച വീണ്ടും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഏകനാഥ്ജിയും ദീന്‍ദയാല്‍ ഉപാദ്ധ്യായയും ചേര്‍ന്ന് സംഘത്തിന്റെ നിലവിലെ കാര്യപദ്ധതി, സംഘലക്ഷ്യം, നടത്തിപ്പ് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ച് ഭരണഘടന എഴുതി. ജയിലിനുപുറത്തുള്ള പ്രമുഖ കാര്യകര്‍ത്താക്കളെയെല്ലാം വിളിച്ചുവരുത്തി വിശദമായ ചര്‍ച്ചകള്‍ക്കുശേഷം സംഘത്തിന്റെ ഭരണഘടനയുടെ കരടുരൂപം സജ്ജമായി.
ഭരണഘടനയുടെ സാമാന്യമായ ഒരു കരട് സജ്ജമായെങ്കിലും അത് നിയമാനുസൃതഭാഷയില്‍ എഴുതിയുണ്ടാക്കാന്‍ ഭരണഘടനാ വിദഗ്ധന്മാരുടെ മാര്‍ഗ്ഗദര്‍ശനവുംകൂടി ആവശ്യമായിരുന്നു. അതിനായി സംഘത്തോട് നല്ല താത്പര്യമുള്ളതും ശ്രീഗുരുജിയുമായി അടുത്ത സ്‌നേഹബന്ധം പുലര്‍ത്തുന്നതുമായ മദ്രാസിലെ മിതവാദി നേതാവായ ടി.ആര്‍.വി. ശാസ്ത്രിയുടെ സഹായം സ്വീകരിക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് ചില പ്രമുഖ കാര്യകര്‍ത്താക്കള്‍ ടി.ആര്‍.വി. ശാസ്ത്രിയെ കണ്ട് വിഷയം അവതരിപ്പിക്കുകയും അദ്ദേഹം സസന്തോഷം ആ ചുമതല ഏറ്റെടുക്കുകയും ചെയ്തു. സര്‍ക്കാറിനു സമര്‍പ്പിക്കാനായി ഭരണഘടന തയ്യാറാക്കുന്നതിനു മുമ്പായി ചില പ്രധാന ബിന്ദുക്കളെക്കുറിച്ചുള്ള വിശദീകരണം ശ്രീഗുരുജിയില്‍നിന്ന് ആവശ്യമാണെന്ന് ശാസ്ത്രിജിക്ക് തോന്നി. അതിനായി നേരത്തെതന്നെ ഗുരുജിയെ ജയിലില്‍ ചെന്ന് കാണാന്‍ പൂണെയിലെ കേസരി പത്രാധിപര്‍ കേത്ക്കര്‍ക്ക് കത്തയച്ചു. താഴെ സൂചിപ്പിച്ച ബിന്ദുക്കളെ സംബന്ധിച്ച ശ്രീഗുരുജിയുടെ അഭിപ്രായം ചര്‍ച്ച ചെയ്ത് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
1. സംഘം ഒരു സാംസ്‌കാരികസംഘടനയാണ്.
2. ദൈനംദിന രാഷ്ട്രീയവുമായി സംഘത്തിന് ബന്ധമില്ല.
3. സംഘം ഒരു സേനയല്ല, സ്‌കൗട്ട് സംഘടനപോലെ ചില വ്യായാമം, സമ്മേളനങ്ങള്‍ എന്നിവയില്‍ ഒതുങ്ങിനില്‍ക്കുന്നു.
4. ദേശീയപതാകയെ അനാദരിക്കുന്ന പ്രശ്‌നമേയില്ല.
5. ദേശവ്യാപകമായ ശാഖകളിലൂടെ സംഘം ഹിന്ദുക്കളെ സംഘടിപ്പിക്കുക എന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നു.
6. മുസ്ലീങ്ങള്‍ക്കുകൂടെ സംഘത്തില്‍ പ്രവേശനം നല്‍കാന്‍ സാധിക്കുമോ?
ശാസ്ത്രിജിയുടെ നിര്‍ദ്ദേശമനുസരിച്ച് കേത്കര്‍ ശ്രീഗുരുജിയെ കാണാനുള്ള അനുമതി ആവശ്യപ്പെട്ടെങ്കിലും അതിനുള്ള അനുവാദം കിട്ടിയില്ല. സംഘത്തിനും സര്‍ക്കാരിനും മദ്ധ്യേ കേത്കര്‍ മദ്ധ്യസ്ഥത വഹിക്കുന്നു എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകരുത് എന്ന ആഭ്യന്തരവകുപ്പിന്റെ ചിന്തയായിരുന്നു അതിനു കാരണം. അതിനാല്‍ ശാസ്ത്രിജിതന്നെ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് അനുവാദംവാങ്ങിച്ച് ഫെബ്രുവരി 13 ന് സിവാനി ജയിലില്‍പോയി ശ്രീഗുരുജിയെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനാവസരത്തില്‍ അമാരാവതിയിലെ ബി.ജി. ഖാപര്‍ഡേയും കൂടെ ഉണ്ടായിരുന്നു.
മേലുദ്ധരിച്ച ബിന്ദുക്കളുടെ കാര്യങ്ങളെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ ശ്രീഗുരുജിയില്‍നിന്ന് മനസ്സിലാക്കിയശേഷം ശാസ്ത്രി തിരിച്ചുപോയി. സംഘത്തിന്റെ ഭരണഘടനയുടെ കരട് നേരത്തേതന്നെ ഏകനാഥ്ജി ശാസ്ത്രിയെ ഏല്‍പിച്ചിരുന്നു. അതിന്റെ തന്നെ അടിസ്ഥാനത്തില്‍ നിയമഭാഷയില്‍ അത് ലിപിബദ്ധമാക്കി എങ്കിലും ആയത് കുറ്റമറ്റതാക്കിതീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ പൂണെയിലെ സുപ്രസിദ്ധ ഭരണഘടനാവിദഗ്ദ്ധനായ ബാരിസ്റ്റര്‍ എം.ആര്‍. ജയ്കറെ പരിശോധിച്ച് തിരുത്തുകള്‍ക്കായി ഏല്‍പിച്ചു. ജയ്കര്‍ സശ്രദ്ധം വായിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി ശാസ്ത്രിക്ക് എത്തിച്ചുകൊടുത്തു.
ബ്രിട്ടീഷ് ഭരണകാലത്ത് കോണ്‍ഗ്രസിന്റെ പ്രക്ഷോഭണസമയങ്ങളില്‍ സര്‍ക്കാരിനും കോണ്‍ഗ്രസ്സിന്നുമിടയില്‍ ബാരിസ്റ്റര്‍ ജയ്കറായിരുന്നു സമര്‍ത്ഥമായി മദ്ധ്യസ്ഥത വഹിച്ചിരുന്നത്. അതുകൊണ്ട് ബാരിസ്റ്റര്‍ ജയ്കര്‍ സര്‍ക്കാരുമായി സംഭാഷണത്തില്‍ മദ്ധ്യസ്ഥം വഹിക്കണമെന്നായിരുന്നു ശാസ്ത്രിജിയും സംഘത്തെ സ്‌നേഹിക്കുന്ന മറ്റ് പ്രമുഖവ്യക്തികളുമെല്ലാം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചത്. മനുഷ്യാവകാശ സമിതിയുടെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്ന ദല്‍ഹി നിവാസിയും സാഹിത്യകാരനുമായ വൈദ്യഗുരുദേവ് ഒരു കത്തിലൂടെ ഇക്കാര്യം ബാരിസ്റ്റര്‍ ജയ്കറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ സമീപനങ്ങളും നടപടികളും നല്ലപോലെ അറിയാവുന്നതിനാല്‍ മദ്ധ്യസ്ഥത വഹിക്കാന്‍ അദ്ദേഹം സന്നദ്ധനായില്ല. തന്റെ വിഷമത വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഗുരുദേവിന് ഇങ്ങനെ എഴുതി: ”എന്റെ ദൃഷ്ടിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി സഫലമായ രീതിയില്‍ മദ്ധ്യസ്ഥതവഹിക്കാന്‍ കഴിയുന്ന നല്ല വ്യക്തികള്‍ കുറവാണ്. എന്നാലും കൂട്ടത്തില്‍ വളരെ യോഗ്യരാണെന്ന് എനിക്ക് തോന്നുന്ന ഒന്നുരണ്ടു സ്‌നേഹിതരോട് ഇക്കാര്യം ഏറ്റെടുക്കണമെന്ന് എഴുതിയിട്ടുണ്ട്.”
ബാരിസ്റ്റര്‍ ജയ്കര്‍ തയ്യാറാവാത്ത സ്ഥിതിയില്‍ ടി.ആര്‍.വി. ശാസ്ത്രി തന്നെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നിശ്ചയിച്ചു. അദ്ദേഹം 1949 മാര്‍ച്ച് 10 ന് വീണ്ടും സര്‍ക്കാരിന്റെ അനുവാദം വാങ്ങി ശ്രീഗുരുജിയെ സന്ദര്‍ശിക്കാനായി സിവാനി ജയിലില്‍പോയി. സംഘത്തിന്റെ ഭരണഘടനയുടെ പകര്‍പ്പ് അദ്ദേഹം ഗുരുജിയെ കാണിച്ചു. ശ്രീഗുരുജി അത് വിശദമായി വായിക്കുകയും അതിനെ അനുമോദിക്കുകയും ചെയ്തു. ശാസ്ത്രിജിയുടെ നിര്‍ദ്ദേശമനുസരിച്ച് ശ്രീഗുരുജി ഭരണഘടനയ്ക്ക് മുഖവുര തയ്യാറാക്കി ഗൃഹമന്ത്രാലയത്തിന് നല്‍കാനായി ശാസ്ത്രിജിയെ ഏല്‍പ്പിച്ചു. മുഖവുരയില്‍ ശ്രീഗുരുജി എഴുതി: ”ടി.ആര്‍.വെങ്കിട്ടറാം ശാസ്ത്രി തയ്യാറാക്കിയ ഭരണഘടന വായിച്ചു. ഞാനത് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. സൗകര്യവും വേഗവും കണക്കിലെടുത്ത് അദ്ദേഹത്തോട് എനിക്കുവേണ്ടി ഭാരതസര്‍ക്കാരിന് എത്തിച്ചുനല്‍കാനായി അഭ്യര്‍ത്ഥിച്ചിരിക്കുന്നു.”
ഗുരുജിയുടെ ആമുഖക്കത്തും ഭരണഘടനയുടെ പകര്‍പ്പുമായി ശാസ്ത്രി നാഗപ്പൂരിലെത്തി. മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി പണ്ഡിറ്റ് ദ്വാരികാപ്രസാദ് മിശ്രയെ ഏല്‍പിച്ചു. എത്രയും വേഗം ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അത് അദ്ദേഹം വളരെപെട്ടെന്നുതന്നെ സര്‍ദാര്‍ പട്ടേലിന് എത്തിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ സര്‍ദാര്‍ പട്ടേല്‍ ഒരു പുതിയ തടസ്സവാദം ഉന്നയിച്ചു ഭരണഘടന സര്‍ക്കാരിന് സ്വീകാര്യമല്ലെന്നറിയിച്ച് രേഖകള്‍ തിരിച്ചയയ്ക്കുകയാണുണ്ടായത്. ”ഈ ഭരണഘടന ശാസ്ത്രിജി തയ്യാറാക്കിയതാകാം. എന്നാല്‍ ഇത് സംഘത്തിന്റെ ഭരണഘടനയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഗുരുജിതന്നെ സര്‍ക്കാര്‍ നിയമമനുസരിച്ച് ജയിലില്‍നിന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രാലയം മുഖേന കേന്ദ്ര ആഭ്യന്തര വിഭാഗിന് അയച്ചുകൊടുക്കേണ്ടതാണ്” എന്നാണ് അദ്ദേഹം ഉന്നയിച്ച പ്രശ്‌നം. ‘ശാസ്ത്രിജിയെയോ അതിനുമുമ്പ് കേത്ക്കറെയോ സംഘവും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥനെന്ന നിലയില്‍ ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചിട്ടില്ല’ എന്നകാര്യം കൂടി ആ കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും കേത്ക്കറെ സിവാനി ജയിലില്‍പോയി ഗുരുജിയെക്കണ്ട് സത്യഗ്രഹം നിറുത്തിവെയ്ക്കാന്‍ യഥാര്‍ത്ഥത്തില്‍ ആസൂത്രണം ചെയ്തത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ തന്നെയായിരുന്നു. മൗലിചന്ദ്രശര്‍മ്മ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മൗലിചന്ദ്രശര്‍മ്മയ്ക്ക് പട്ടേലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തോട് സര്‍ദാര്‍ പറഞ്ഞത് സംഘവും സര്‍ക്കാറുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെങ്കില്‍ സത്യഗ്രഹം അവസാനിപ്പിക്കണമെന്നായിരുന്നു. മൗലിചന്ദ്രശര്‍മ്മ തന്റെ ‘കഥിത് മൗഖിക് ഇതിഹാസ്’ (വാക്കാല്‍ പറയപ്പെടുന്ന ചരിത്രം) എന്നതില്‍ എഴുതിയിരിക്കുന്നു:- ”നിങ്ങള്‍ ആരെയെങ്കിലും അയയ്ക്കൂ. ചര്‍ച്ച ചെയ്ത് ഇതിനൊരു പരിഹാരം കാണണം” എന്ന് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞതനുസരിച്ച്, ശ്രീഗുരുജി മഹാരാഷ്ട്രയിലാണ്, മഹാരാഷ്ട്രയിലെ പ്രമുഖ വ്യക്തിയാണ് പൂണെയിലെ കേസരിയിലെ പത്രാധിപര്‍ എന്ന് കണ്ടെത്തി. അദ്ദേഹത്തെ പൂണെയില്‍ ചെന്നുകണ്ടു. ഡല്‍ഹിയില്‍പോയി സര്‍ദാര്‍ പട്ടേലിനെ കാണണമെന്ന് അഭ്യര്‍ത്ഥിച്ചു. സര്‍ദാര്‍ പട്ടേല്‍ വിളിക്കുന്നു എന്നറിഞ്ഞ ഉടനെ കേത്ക്കര്‍ സന്നദ്ധനായി ഡല്‍ഹിയിലെത്തി. ഒരു ദിവസം എന്റെ വീട്ടിലാണ് താമസിച്ചത്.
സര്‍ദാറുമായി കാര്യങ്ങളെല്ലാം സംസാരിച്ച ശേഷം അദ്ദേഹത്തെ ശ്രീഗുരുജിയുമായി സംസാരിക്കുന്നതിനായി നാഗപ്പൂരിലേയ്ക്കയച്ചു. അദ്ദേഹം ആദ്യം നാഗപ്പൂരില്‍പോയി അവിടുത്തെ പ്രമുഖ സംഘകാര്യകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്ത ശേഷം സിവാനി ജയിലിലേയ്ക്കുപോയി. ശ്രീഗുരുജിയുമായി വിശദമായ ചര്‍ച്ചകള്‍ക്കുശേഷം സത്യഗ്രഹം നിര്‍ത്തിവെയ്ക്കപ്പെട്ടു. എന്നാല്‍ പത്രക്കാരനെന്ന തന്റെ സഹജമായ സ്വഭാവമനുസരിച്ച് ഒരു പത്രസമ്മേളനത്തില്‍ കേത്കര്‍ പല കാര്യങ്ങളും തുറന്നുപറഞ്ഞു. സംഘവുമായി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു എന്ന ഖ്യാതിക്കുവേണ്ടിയായിരുന്നു അദ്ദേഹം ഇതിനു മുതിര്‍ന്നത്. എന്നാല്‍ നടക്കേണ്ട കാര്യങ്ങള്‍ക്ക് തടസ്സം നേരിട്ടു എന്നതായിരുന്നു അതിന്റെ പരിണതഫലം. സര്‍ക്കാരിന് തങ്ങളുടെ ദൗര്‍ബല്യം പ്രകടമാക്കാന്‍ സാദ്ധ്യമായിരുന്നില്ല. അതേസമയം സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ഒന്നുംചെയ്യാതെ കൈയും കെട്ടി ഇരിക്കാവുന്ന സ്ഥിതിയിലും ആയിരുന്നില്ല.”
സര്‍ദാര്‍ പട്ടേലിന്റെ കത്തും അതില്‍ ഉന്നയിച്ച സാങ്കേതിക പ്രശ്‌നങ്ങളും വെറും ഒഴിവുകഴിവാണെന്ന് ശാസ്ത്രിക്ക് മനസ്സിലായി. എങ്കിലും ഉന്നയിച്ച പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവേണ്ടത് ആവശ്യമായിരുന്നു. അതിനായി വീണ്ടും സിവാനി ജയിലില്‍ പോയി ഗുരുജിയെക്കണ്ടു കാര്യങ്ങള്‍ ചെയ്യിക്കേണ്ടിയിരുന്നു. എന്നാല്‍ ഇത്രയും യാത്രചെയ്യാനും മറ്റുമുള്ള ആരോഗ്യസ്ഥിതിയിലായിരുന്നില്ല ശാസ്ത്രിജി. അതിനാല്‍ അദ്ദേഹം ശ്രീഗുരുജിയുടെ പേരില്‍ ഒരു കത്തു തയ്യാറാക്കി അതോടൊപ്പം സംഘ ഭരണഘടനയുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രതികള്‍ സഹിതം സംഘപ്രചാരകനായ അഡ്വ. ശിവറാം ശങ്കര്‍ ആപ്‌തേയുടെ (ദാദാസാഹേബ് ആപ്‌തേ) കൈവശം നാഗപ്പൂരിലേയ്ക്ക് അയച്ചു. അദ്ദേഹത്തോട് നാഗപ്പൂരില്‍ ആഭ്യന്തരമന്ത്രി മിശ്രയെ കണ്ട് അനുവാദം വാങ്ങി സിവാനി ജയിലില്‍ ശ്രീഗുരുജിക്ക് എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
ആപ്‌തേ, ശാസ്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് നാഗപ്പൂരിലെത്തി മിശ്രയെകണ്ട് അനുവാദംവാങ്ങി ജയിലധികാരികള്‍വശം ഉടന്‍തന്നെ ഗുരുജിയുടെ കൈവശം നല്‍കണമെന്ന് പറഞ്ഞ് കത്തും മറ്റു സാമഗ്രികളും ഏല്‍പിച്ചു.
ശാസ്ത്രിജി ഗുരുജിക്കെഴുതിയ കത്തിന്റെ സാരാംശം ഇതായിരുന്നു. ”……..സംഘത്തിന്റെ ഭരണഘടന ഞാന്‍ എത്തിച്ചുകൊടുത്ത രീതി ആഭ്യന്തരവകുപ്പിന് ഉചിതമായി തോന്നിയില്ല. ഇതിന്റെ ഫലമായി സംഘത്തിനും സര്‍ക്കാരിനുമിടയില്‍ ഞാന്‍ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നുവെന്ന ധാരണ സര്‍വ്വസാധാരണ ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. അതിനു പരിഹാരമെന്ന നിലയ്ക്ക് താങ്കള്‍തന്നെ ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രതികളും താങ്കളുടെ ഒരു വിശദീകരണകത്തും സര്‍ക്കാരിനയയ്ക്കുക. കത്തില്‍ എന്തെഴുതണമെന്ന എന്റെ ചില നിര്‍ദ്ദേശങ്ങള്‍ താഴെക്കുറിക്കുന്നു. അതില്‍ പഴയ വിവാദങ്ങള്‍ പരാമര്‍ശിക്കാതെ ഇങ്ങനെ എഴുതണം: സംഘത്തിന്റെ ലിഖിതഭരണഘടന അയയ്ക്കുന്നു. ഭാവിയില്‍ സംഘം ഈ ഭരണഘടനയനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ഇതിനുമുമ്പും സംഘം സാമാന്യമായി ഇതേ സംവിധാനം അനുസരിച്ചുതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഭരണഘടനയില്‍ പ്രശ്‌നഹേതുവായ ഒന്നുംതന്നെ ഉണ്ടാവുകയില്ലെന്ന് വിശ്വസിക്കുന്നു. സര്‍ക്കാര്‍ ഭരണഘടന അവലോകനം ചെയ്തശേഷം അതില്‍ കുറ്റകരമായ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ടാല്‍ സര്‍ക്കാര്‍ വളരെ വേഗംതന്നെ സംഘത്തിന്റെ മേലുള്ള നിരോധനം നീക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ ഈ ഭരണഘടനയനുസരിച്ച് സംഘപ്രവര്‍ത്തനം നടത്താന്‍ സാദ്ധ്യമാകണം എന്നാഗ്രഹിക്കുന്നു”.
ശാസ്ത്രിജി തന്റെ കത്തില്‍ ഇത്രയുംകൂടി എഴുതിയിരുന്നു. ”താങ്കളുമായി ആദ്യംകണ്ട ദിവസം താങ്കള്‍ എന്നോട് വ്യക്തമാക്കിയ ആശയംകൂടി വേണമെന്ന് തോന്നുന്നുവെങ്കില്‍ സര്‍ക്കാരിനുള്ള കത്തില്‍ സൂചിപ്പിക്കുക. ”എന്റെ വാക്കും പ്രവൃത്തിയും സംശയദൃഷ്ടിയോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ അസംഘടിത ഹിന്ദു സമാജത്തെ സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് അവരെ പൊതുവായ ലക്ഷ്യത്തിനായി അനുശാസനാബദ്ധരാക്കി തീര്‍ക്കുക എന്നതാണ് നമ്മുടെ ദേശത്തിന് നിശ്ചയമായും ഗുണകരമായിരിക്കുക. എല്ലാവരോടും സഹകരിച്ച് സമഭാവനയോടെയുള്ളതാണ് എന്റെ സമീപനം, ആരോടും ഏറ്റുമുട്ടുന്ന സമീപനമല്ല എന്ന് കാലം തെളിയിക്കുന്നതാണ്.”
ശാസ്ത്രിജിയുടെ കത്തും ഭരണഘടനയുടെ പ്രതികളും ജയിലധികാരികള്‍ മുഖേന ഗുരുജിയുടെ കൈവശം കിട്ടിയ ഉടന്‍തന്നെ ഗുരുജി സര്‍ദാര്‍ പട്ടേല്‍ജിയുടെ പേരില്‍ തന്റെ കത്തടക്കം ആവശ്യമായ സാമഗ്രികളെല്ലാം തയ്യാറാക്കി മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്ക് എത്തിച്ചുകൊടുക്കാനായി ജയിലധികാരികളെ ഏല്‍പിച്ചു. ഏപ്രില്‍ 11 ന് അവ പണ്ഡിറ്റ് മിശ്രയുടെ കയ്യില്‍കിട്ടുകയും അദ്ദേഹം അത് സര്‍ദാര്‍ പട്ടേലിന് അയച്ചുകൊടുക്കുകയും ചെയ്തു. (ലിവിങ് & ഇറ പേജ് 61 പ. മിശ്ര)
ഇതിനിടയ്ക്ക് ഏകനാഥ് റാനഡെ ഏപ്രില്‍ 4ന് സര്‍ദാര്‍ പട്ടേലിന് ഈ ഉദ്ദേശ്യത്തോടെ ഇങ്ങനെ എഴുതി. ”സംഘത്തിന്റെ ഭരണഘടന ഇതിനകം താങ്കളുടെ കൈവശം എത്തിച്ചേര്‍ന്നിരിക്കും. സര്‍ക്കാരാവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി പ്രശ്‌നം വലിച്ചുനീട്ടി താമസം വരുത്തേണ്ട കാര്യമില്ലെന്ന് കരുതുന്നു. ‘പക്ഷേ’, ‘എങ്കില്‍’ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളൊന്നും കൂടാതെ താങ്കള്‍ സംഘനിരോധനം നീക്കുവാനുള്ള നടപടികള്‍ എടുക്കുമെന്ന് വിശ്വസിക്കുന്നു. എന്തെങ്കിലും കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെങ്കില്‍ അങ്ങ് അറിയിച്ചാല്‍ ഉടന്‍ ആയത് നിര്‍വ്വഹിക്കാന്‍ ഞാന്‍ സന്നദ്ധനാണ്”.
ഇതിനിടയില്‍ 1949 ഏപ്രില്‍ മദ്ധ്യത്തോടെ സംഘത്തിന്റെ ഭരണഘടനയും ശ്രീഗുരുജി എഴുതിയ കത്തും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. മിക്കവാറും വര്‍ത്തമാന പത്രങ്ങളിലും ഭരണഘടന പ്രകാശനം ചെയ്തിരുന്നു. സംഘത്തിന്റെ ഈ ഭരണഘടനയെക്കുറിച്ച് സര്‍ക്കാരിന് വിരോധം ഒന്നും ഉണ്ടാകാന്‍ സാദ്ധ്യതയില്ല; അതിനാല്‍ കാലവിളംബം കൂടാതെ സംഘത്തിന്റെ നിരോധനം സര്‍ക്കാര്‍ നീക്കുമെന്നായിരുന്നു സംഘത്തിന്റെ ഭരണഘടന വായിച്ച സാമാന്യം എല്ലാവരുടെയും പ്രതീക്ഷ. ഡല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നവഭാരത്’ സംവത് 2006 ജ്യേഷ്ഠ കൃഷ്ണ ദ്വാദശി, തിങ്കളാഴ്ചത്തെ മുഖപ്രസംഗത്തില്‍ എഴുതി:- ”സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉപാധി പാലിക്കാനായി സംഘം അതിന്റെ ഭരണഘടന ലിപിബദ്ധമാക്കി സര്‍ക്കാരിന്റെ കൈവശം എത്തിച്ചുകഴിഞ്ഞിരിക്കുന്നു. ഇനിയും എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നത്. സംഘത്തിന്റെ ഭരണഘടന വായിച്ചു കഴിഞ്ഞശേഷം കോണ്‍ഗ്രസ് ഭരണകൂടത്തിന് ഇതില്‍ ഒരു തെറ്റുകുറ്റങ്ങളും കണ്ടെത്താന്‍ ഉണ്ടാകില്ലെന്നാണ് പൊതുവെ എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.” വെങ്കിട്ടരാമ ശാസ്ത്രിതന്നെ 16-04-49ന് ശ്രീഗുരുജിക്കും 19-04-49ന് സര്‍ദാര്‍ പട്ടേലിനും എഴുതിയ കത്തുകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പദ്ധതി അനുസരിച്ചുതന്നെ സംഘത്തിന്റെ ഭരണഘടന സര്‍ക്കാരിന്റെ കൈവശം എത്തിച്ചേര്‍ന്ന നിലയ്ക്ക് ഉടന്‍തന്നെ തുടര്‍നടപടികളിലേയ്ക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരിളക്കവുമുണ്ടായില്ല. ഭരണകൂടം തികച്ചും മൗനം പാലിച്ചു. ഒരുപക്ഷെ ഏപ്രില്‍ 8, 9 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന ഭാരതത്തിലെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍വച്ച് സംഘനിരോധനം നീക്കേണ്ടതില്ലെന്നും തടവുകാരെ ക്രമേണ വിട്ടയച്ചാല്‍ മതിയെന്നും നിശ്ചയിച്ചതായിരിക്കാം ഈ മൗനത്തിന്റെ കാരണം. ഇതേകാരണംകൊണ്ടുതന്നെയായിരിക്കാം ഏപ്രില്‍ 11 ന് ഗുരുജി അയച്ച കത്തും ഭരണഘടനയും ഭരണകൂടത്തിന്റെ കൈയില്‍ എത്തിയിട്ടും അന്തിമമായ ഒരു തീരുമാനം സര്‍ക്കാര്‍ എടുക്കാതിരുന്നത്.
(തുടരും)