- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സഫലമായ സത്യഗ്രഹം (ആദ്യത്തെ അഗ്നിപരീക്ഷ 39)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘം സത്യഗ്രഹം ആരംഭിച്ചത് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാ ത്തതുകൊണ്ടായിരുന്നു. സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം സര്‍ക്കാരിന്റെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുക യോ, സര്‍ക്കാറിനെക്കൊണ്ട് പരാ ജയം സമ്മതിപ്പിക്കുകയോ ആയിരുന്നില്ല. മറിച്ച് സംഘത്തിന്റെ ധാര്‍മിക നിലപാടിനോട് ആഭിമുഖ്യം ഉണ്ടാക്കാനും സംഘത്തിന് നിഷേധിക്കപ്പെട്ട നീതി കിട്ടാനുംവേണ്ടി ജനങ്ങളുടെയും ജനനേതാക്കന്മാരുടെയും മനസ്സില്‍ സംഘത്തോട് സഹാനുഭൂതിയുണ്ടാക്കണം എന്നതിനായിരുന്നു പ്രാമുഖ്യം. ജനുവരി 19 ന് തന്നെ വന്നുകണ്ട പൂണെയിലെ കേസരിയുടെ പത്രാധിപര്‍ കേത്ക്കറുടെ അഭ്യര്‍ത്ഥന മാനിച്ച്, ‘സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം സഫലമായി എന്നതിനാല്‍ സത്യഗ്രഹം നിറുത്തിവെയ്ക്കാനായി’ ബന്ധപ്പെട്ടവര്‍ക്ക് ഗുരുജി നിര്‍ദ്ദേശം നല്‍കി.
ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലുമായി സംസാരിച്ച് അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സത്യഗ്രഹം നിര്‍ത്തിവെയ്ക്കാനുള്ള ആഗ്രഹം കേത്ക്കര്‍ പ്രകടിപ്പിച്ചതെന്നത് വളരെ വ്യക്തമായിരുന്നു.
സത്യഗ്രഹം പിന്‍വലിക്കാനായി ഗുരുജിയെ സമ്മതിപ്പിക്കാന്‍ തന്നെ സിവാനി ജയിലിലേയ്ക്കു പറഞ്ഞയച്ചത് സര്‍ദാര്‍ പട്ടേല്‍ തന്നെയാണ് എന്നാണ് കേത്ക്കര്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുള്ളത്. ”സംഘത്തെ നിരോധിച്ചതില്‍ സര്‍ദാര്‍ പട്ടേല്‍ അസന്തുഷ്ടനായിരുന്നു…. ”ദല്‍ഹിയിലെ’ അധികാരകേന്ദ്രത്തില്‍ ഞാനൊറ്റയ്ക്കാണ്.(I am in the Minority of one) ഗുരുജി സത്യഗ്രഹം നിറുത്തിവെയ്ക്കുകയാണെങ്കില്‍ നിരോധനം പിന്‍വലിക്കാനുള്ള പ്രയത്‌നങ്ങള്‍ ആരംഭിക്കാന്‍ കഴിയും” എന്നാണ് അദ്ദേഹമെന്നോടു പറഞ്ഞതെന്ന് കേത്ക്കര്‍ തുടര്‍ന്നെഴുതുന്നു.
”ഞാന്‍ സിവാനി ജയിലില്‍ ചെന്നു. ഡല്‍ഹിയില്‍നിന്ന് ആഭ്യന്തരമന്ത്രിയുടെ ആജ്ഞയുണ്ടായിരുന്നതിനാല്‍ ഗുരുജിയെ കാണാന്‍ ഒരു തടസ്സവുമുണ്ടായില്ല. മാത്രമല്ല സംസാരിക്കാനുള്ള സമയത്തിനും പരിമിതിയൊന്നുമുണ്ടായില്ല.”
”അത്തരമൊരു വിഷമകരമായ പരിതഃസ്ഥിതിയിലും ശ്രീഗുരുജി അക്ഷോഭ്യനും ആത്മവിശ്വാസമുള്ളവനും ശാന്തചിത്തനുമായിരുന്നു. എന്നെപ്പോലെയുള്ള സംഘ അനുഭാവികള്‍ ആഗ്രഹിച്ചിരുന്നത് എങ്ങനെയെങ്കിലും സംഘനിരോധനം നീക്കിക്കിട്ടണമെന്നായിരുന്നു. എന്നാല്‍ ശ്രീഗുരുജി ആ രീതിയിലുള്ള ഭീരുത്വ മനോഭാവക്കാരനായിരുന്നില്ല. സംഘത്തിന്റെ തത്ത്വനിഷ്ഠയ്ക്ക് ഒട്ടും കോട്ടം തട്ടാതെയും സംഘത്തിന്റെ അത്യന്തം നിര്‍മ്മലമായ പ്രതിച്ഛായയ്ക്ക് ലേശവും മങ്ങലേല്‍ക്കാതെയും എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതുമാത്രം ചെയ്താല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ സുദൃഢമായ അഭിപ്രായം. സര്‍ദാര്‍ പട്ടേല്‍ പറഞ്ഞതുകൊണ്ടുമാത്രം സത്യഗ്രഹം നിറുത്തിവെയ്ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.”
”ഞാന്‍ വീണ്ടും ഡല്‍ഹിയില്‍ചെന്ന് രഹസ്യമായി സര്‍ദാര്‍ പട്ടേലിനെ കണ്ടു. അദ്ദേഹത്തിന്റെ കാര്യദര്‍ശിയായിരുന്നു സന്ദര്‍ശനത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. വരാന്തയില്‍ വിളക്കുകളെല്ലാം അണച്ച് അദ്ദേഹം കുറേനേരം എന്നെ ഇരുട്ടത്ത് നിറുത്തി. പട്ടേല്‍ കിടന്നുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുറിയിലെ ജനാലകളെല്ലാം അടച്ചിരിക്കുകയായിരുന്നു. ബന്ധപ്പെട്ടവര്‍ എന്നെ പിന്‍വാതിലിലൂടെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. സംഘ വിഷയം സംബന്ധിച്ച് സര്‍ദാര്‍ പട്ടേലിനെ കാണാന്‍ ഏതോ ചില മദ്ധ്യസ്ഥന്‍ വരുന്നുണ്ടെന്ന വിവരം പത്രക്കാര്‍ മണത്തറിഞ്ഞിരിക്കുന്നുവെന്നും എല്ലാവരും പോകാന്‍ കാത്തിരുന്നതിനാലാണ് താങ്കളെ പ്രവേശിപ്പിക്കാന്‍ ഇത്രയും താമസിച്ചത് എന്നും കാര്യദര്‍ശി പറഞ്ഞു.”
”പിന്നീട് സര്‍ദാര്‍പട്ടേലിനോട് താഴെപറയുന്ന രീതിയിലുള്ള സംഭാഷണം നടന്നു. ഗുരുജിയുമായുള്ള സംഭാഷണങ്ങള്‍ വിവരിച്ചപ്പോള്‍ ”സര്‍ദാര്‍ പട്ടേലിന്റെയോ ബന്ധപ്പെട്ട മറ്റ് അധികാരികളുടെ യോ ഭാഗത്തുനിന്ന് എന്തെങ്കിലും ഉറപ്പുകള്‍ കിട്ടിയിട്ടുണ്ടെന്ന നിലയ്ക്കായിരിക്കരുത് മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഭാവനയുടെ അടിസ്ഥാനത്തിലുള്ള കാരണങ്ങള്‍ നിരത്തിവേണം സത്യഗ്രഹം നിറുത്തിവെയ്ക്കാനുള്ള ആഹ്വാനം ശ്രീഗുരുജി നല്‍കേണ്ടത്” എന്നാണ് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത്.”
”ഞാന്‍ വീണ്ടും സിവാനി ജയിലില്‍പോയി. ഗുരുജിയുമായ കൂടിക്കാഴ്ച നാലുമണിക്കൂര്‍ നീണ്ടുനിന്നു. കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയം രണ്ടുമണിക്കൂറായിരുന്നു. രണ്ടുമണിക്കൂര്‍ കഴിഞ്ഞശേഷം ജയിലധികാരിയോട് ‘സംസാരിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. കൂടിക്കാഴ്ച തുടരാമോ?’ എന്നു ചോദിച്ചപ്പോള്‍ ”എത്രനേരം വേണമെങ്കിലും എടുത്തുകൊള്ളുക. ഞങ്ങള്‍ ഒരു തടസ്സവും ചെയ്യുകയില്ല. ഇത് ഞങ്ങളുംകൂടി ആഗ്രഹിക്കുന്നതാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്.
”സംഭാഷണത്തിനൊടുവില്‍ ശ്രീഗുരുജി സത്യഗ്രഹം നിറുത്തി വെയ്ക്കാന്‍ സമ്മതിച്ചു. സത്യഗ്രഹം നിര്‍ത്തിവെയ്ക്കാനുള്ള കത്ത് പുറത്തുള്ള കാര്യകര്‍ത്താക്കള്‍ക്ക് എഴുതാനുള്ള കാര്യത്തില്‍ അദ്ദേഹം വ്യാപൃതനായി. സത്യഗ്രഹം നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദ്ദേശ പത്രികയിലെ ഓരോ വാക്കിനെക്കുറിച്ചും ഗാഢമായി ചിന്തിച്ചു ഗുരുജി തിരുത്ത ലുകള്‍ വരുത്തിക്കൊണ്ടിരുന്നു. ഒന്നിനുപുറകെയൊന്നായി നാല് കരടു രൂപങ്ങള്‍ എഴുതിയുണ്ടാക്കി. ഓരോ വാക്കും അദ്ദേഹം ഗവേഷണം നടത്തുന്ന രീതിയില്‍ ചിന്തിച്ചുപയോഗിച്ചു. അതിലും ചില പദങ്ങള്‍ അദ്ദേഹത്തിന് പഥ്യമല്ലാതെ വന്നതിനാല്‍ നാലെണ്ണവും റദ്ദാക്കി അഞ്ചാമതൊന്ന് എഴുതിയുണ്ടാക്കി. അത് അദ്ദേഹത്തിന് സ്വയം തൃപ്തിയായി. ഓരോ വാക്കും ഉപയോഗിക്കുമ്പോള്‍ അതുമൂലം സംഘത്തിന്റെ പ്രതിച്ഛായയ്ക്ക് ലോപം സംഭവിക്കരുതെന്ന ചിന്തയായിരുന്നു. അവസാനമായി എഴുതിയുണ്ടാക്കിയ നിര്‍ദ്ദേശപത്രികയുടെ പകര്‍പ്പുമായി ഞാന്‍ ജയിലില്‍നിന്നും പുറത്തുവന്നു.”
ശ്രീഗുരുജിയുടെ അനുവാദം കിട്ടിയ ഉടനെ അഖിലഭാരതീയ തലത്തില്‍ സത്യഗ്രഹത്തിന്റെ നടത്തിപ്പ് വഹിച്ചിരുന്ന ഭായി മഹാവീര്‍ ലഭ്യമായ പ്രമുഖ കാര്യകര്‍ത്താക്കളുമായി ചര്‍ച്ച ചെയ്ത് സത്യഗ്രഹം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമെടുത്തു. അതനുസരിച്ച് സത്യഗ്രഹം അവസാനിപ്പിച്ച് ജനുവരി 21 ന് പുറപ്പെടുവിച്ച പ്രസ്താവന ഇപ്രകാരമായിരുന്നു:- ”സര്‍ക്കാരിന് എന്തെങ്കിലും വിഷമതകള്‍ സൃഷ്ടിക്കാനായിട്ടല്ല സംഘം സത്യഗ്രഹം ആരംഭിച്ചത്. സംഘത്തിന്റെ നേരേ നടന്നുകൊണ്ടിരിക്കുന്ന അനീതിക്കെതിരെ ശക്തമായ ശബ്ദമുയര്‍ത്തി ഇന്നാട്ടിലെ പ്രബുദ്ധജനങ്ങളുടെയും സര്‍ക്കാറിന്റെയും ശ്രദ്ധ ആകര്‍ഷിക്കാനായിട്ടായിരുന്നു അത്. നാമാഗ്രഹിച്ച ഉദ്ദേശ്യം സഫലമായിരിക്കുന്നു. തുടര്‍ന്നുള്ള കാര്യങ്ങളുടെ വിജയത്തിനായി ശാന്തിയുടെയും ആത്മീയതയുടെയും അന്തരീക്ഷം സംജാതമാക്കാനായി സത്യഗ്രഹം നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിക്കുന്നു.”
ഡോ. മഹാവീറിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് 1949 ജനുവരി 22 ന് സത്യഗ്രഹത്തിന്റെ കൊട്ടിക്കലാശം നടന്നു. അങ്ങനെ കഴിഞ്ഞ ആറ് ആഴ്ചയായി നടന്നുവന്ന സത്യഗ്രഹം സഫലമായ പര്യവസാനത്തിലെത്തി. സത്യഗ്രഹം നിര്‍ത്തിവെയ്ക്കപ്പെട്ട പ്രഖ്യാപനം വന്നതോടെ ഭാരതത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് സംഘാനുകൂലികള്‍ക്ക് വലിയൊരു ആശ്വാസം അനുഭവപ്പെട്ടു. അവര്‍ ശ്രീഗുരുജിക്കും മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന കേത്കര്‍ക്കും ഹൃദയംഗമമായ കൃതജ്ഞത പ്രകടിപ്പിക്കുകയും സംഘത്തിന്റെ നിരോധനം നീക്കി സകല സ്വയംസേവകരെയും വിട്ടയയ്ക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടുകയും ചെയ്തു. എങ്കിലും സത്യഗ്രഹം യാതൊരു ഉപാധിയുമില്ലാതെ പിന്‍വലിച്ചതിലൂടെ സംഘം അടിയറവ് പറഞ്ഞിരിക്കയാണെന്ന് പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുള്ള വിഫലശ്രമം ആ സമയത്തും കുറച്ച് നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ സാമാന്യജനങ്ങളും പ്രമുഖ വര്‍ത്തമാനപത്രങ്ങളും ഈ തീരുമാനത്തെ പ്രശംസിക്കുകയും സംഘനേതൃത്വത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്.
സത്യഗ്രഹം അവസാനിച്ചതോടെ എല്ലാ കോണുകളില്‍നിന്നും ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. തങ്ങളുടെ ഭാഗത്തുനിന്നുള്ള കാര്യം സംഘം നിര്‍വഹിച്ചുകഴിഞ്ഞിരുന്നു. ഇനി പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. സര്‍ക്കാര്‍ സ്വന്തം കര്‍ത്തവ്യം പാലിച്ച്, ഇന്നത്തെ അസുഖകരമായ അന്തരീക്ഷം അവസാനിപ്പിച്ച് നാട്ടിലെ രണ്ട് ദേശഭക്തശക്തികളും തമ്മില്‍ സഹകരണത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും പുതിയ അദ്ധ്യായം ആരംഭിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
1949 ജനുവരി 22 ലെ ‘സ്റ്റേറ്റ്‌സ്മാന്‍’ പത്രം എഴുതി:- ”ഇക്കാര്യത്തില്‍ സര്‍ക്കാരിനോടൊപ്പം സംഘത്തിന്റെ നേതൃത്വവും അഭിനന്ദനവും കൃതജ്ഞതയും അര്‍ഹിക്കുന്നു. അവര്‍ നടത്തിയ സത്യഗ്രഹ രീതി നിശ്ചയമായും പ്രശംസനീയമാണ്. തുടക്കത്തില്‍ ജനങ്ങളുടെ മനസ്സില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും സത്യഗ്രഹം തുടക്കംമുതല്‍ അവസാനംവരെ പൂര്‍ണ്ണമായും നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം തന്നെ നടന്നു. സത്യഗ്രഹം തികച്ചും അഹിംസാത്മകമായിരുന്നു. സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നവരില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ വളരെ യോഗ്യരായ വ്യക്തികളും സമാജസേവനകാര്യത്തില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിവുറ്റവരുമാണ്. അവര്‍ അനുശാസനാബദ്ധരാണ്, ആദര്‍ശനിഷ്ഠരാണ്, ശാരീരികക്ഷമതയുള്ളവരാണ്, ആത്മസമര്‍പ്പണത്തിന് സന്നദ്ധരായവരാണ്. ഇത്തരം ശ്രേഷ്ഠഗുണങ്ങളെല്ലാം അവരുടെ ജീവിതത്തില്‍ ജ്വലിച്ചുനില്‍ക്കുന്നു. അവരില്‍ ചിലരെ ഇന്നത്തെ ഹിന്ദുയുവാക്കള്‍ക്കിടയിലെ സുഗന്ധവാഹികളാം കുസുമങ്ങള്‍ എന്നുതന്നെ ഗണിക്കാവുന്നതാണ്.”
ഇതുപോലെ സര്‍ക്കാരിന്റെ സമീപനം പുനഃപരിശോധിക്കേണ്ടതാണ് എന്നാവശ്യപ്പെട്ടുകൊണ്ട് ദല്‍ഹിയില്‍നിന്നും ‘ന്യൂസ് ക്രോണിക്കല്‍’ അംബാലയില്‍ നിന്നുള്ള ‘ട്രൈബ്യൂണ്‍’ നാഗപ്പൂരില്‍നിന്നുള്ള ‘ഹിതവാദ’, ‘തരുണ്‍ഭാരത്’ തുടങ്ങിയ പത്രങ്ങളെല്ലാം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഒരു ഉപാധിയുമില്ലാതെ സത്യഗ്രഹം പിന്‍വലിച്ചതിനെ വിമര്‍ശിച്ചവര്‍ക്ക് വ്യക്തമായ മറുപടി കൊടുത്തുകൊണ്ട് പൂണെയിലെ ‘ഭാരത്’ ദിനപത്രം 1949 ഫെബ്രുവരി 7ന് മുഖപ്രസംഗമെഴുതി:- ”ഇക്കാലംവരെ നടന്ന സത്യഗ്രഹങ്ങളെയെല്ലാം വിലയിരുത്തുമ്പോള്‍ ആ പ്രക്ഷോഭങ്ങളെല്ലാം ഏത് ഉദ്ദേശ്യത്തോടെ ആരംഭിച്ചുവോ അത് ഉടന്‍തന്നെ സഫലമായ ഒരു ചരിത്രവുമില്ല. 1920 ലെ പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രിട്ടീഷ്ഭരണം അവസാനിച്ചില്ല. 1930ലെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈ നാട്ടില്‍ ഉപ്പുനിയമത്തിനോ വനസംബന്ധമായ നിയമത്തിനോ ഒരു മാറ്റവുമുണ്ടായില്ല. 1942 ലെ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ ഫലമായി ഉടന്‍തന്നെ ഇംഗ്ലീഷുകാര്‍ ഇന്ത്യവിട്ട് പോയതുമില്ല. ഓരോ പ്രക്ഷോഭത്തിന്റെയും ഉദ്ദേശ്യം ജനങ്ങളില്‍ ഉണര്‍വ്വ് സൃഷ്ടിച്ച്, അവരില്‍ സ്വാതന്ത്ര്യദാഹത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ച്, തല്‍ഫലമായി സ്വാതന്ത്ര്യലബ്ധിക്കായുള്ള പരിശ്രമങ്ങളില്‍ നിരന്തരം പങ്കാളികളാകാനുള്ള പ്രേരണ സൃഷ്ടിക്കലായിരുന്നു.”
”…….ഈ ദൃഷ്ടിയില്‍ ചിന്തിക്കുമ്പോള്‍ ഇതുവരെ നടന്ന പ്രക്ഷോഭണങ്ങളില്‍ സംഘം നടത്തിയ ഈ സത്യഗ്രഹമാണ് അഭൂതപൂര്‍വ്വവും വ്യക്തമായി സഫലമായതും എന്ന് സംശയലേശമെന്യേ ഞങ്ങള്‍ക്ക് പറയേണ്ടിവന്നിരിക്കുന്നു. ഈ സത്യഗ്രഹത്തിന്റെ ഫലമായി സംഘത്തിന്റെ പ്രഭാവപൂര്‍ണ്ണമായ സംഘടനാശക്തിയുടെ കരുത്ത് ജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നു. അതിന്റെ ഫലമായി വെറുപ്പും വിദ്വേഷവും നിറഞ്ഞ കുപ്രചരണങ്ങളും അടിച്ചമര്‍ത്തലുകളും ഉണ്ടായിട്ടും സംഘത്തോട് ആനുകൂല്യം വെച്ചുപുലര്‍ത്തുന്ന ജനങ്ങളുടെ എണ്ണം എത്രയോ ഇരട്ടി വര്‍ദ്ധിച്ചിരിക്കുന്നു. സംഘത്തിനുമേല്‍ ആരോപിച്ചിരുന്ന ഹിംസ, രഹസ്യസ്വഭാവം, ദേശദ്രോഹം തുടങ്ങിയവയ്‌ക്കൊന്നും ഒരു വിലയും ജനങ്ങള്‍ കല്‍പിക്കുന്നില്ല. ഇത്തരം ആരോപണങ്ങള്‍ ഇനിയും പിന്‍വലിക്കാതിരിക്കുന്ന സര്‍ക്കാരിന്റെ മനോഭാവം പക്ഷപാതപരവും ധിക്കാരപൂര്‍ണ്ണവുമാണെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. വാസ്തവത്തില്‍ തങ്ങളുടെ ന്യായപൂര്‍ണ്ണമായ നിലപാട് ജനങ്ങളെ ബോദ്ധ്യപ്പെടുത്തി അവരുടെ വിശ്വാസാദരവുകള്‍ നേടിയെടുക്കുക എന്നതായിരുന്നു ഈ സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം. അതില്‍ അവര്‍ പൂര്‍ണ്ണമായും വിജയം നേടിക്കഴിഞ്ഞിരിക്കുന്നു.”
അതുപോലെ 1949 ഫെബ്രുവരി 8 ന് പൂണെയിലെ ‘കേസരി’ എഴുതി:- ”എങ്ങനെ നോക്കിയാലും ഉചിതമായ സമയത്താണ് സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍സംഘചാലക് ആഹ്വാനം നല്‍കിയതെന്ന് പറയേണ്ടിയിരിക്കുന്നു. സത്യഗ്രഹത്തിന്റെ അച്ചടക്കത്തേയും യാതനകള്‍ സഹിക്കാനുള്ള സത്യഗ്രഹികളുടെ ക്ഷമതയേയും ആശ്രയിച്ചിരിക്കുന്നു അതിന്റെ വിജയം. മഹാത്മജിയുടെ തത്ത്വമനുസരിച്ച് സത്യഗ്രഹത്തിന്റെ പ്രാഥമികവിജയം ധാര്‍മ്മികമാണ്. അതിനുശേഷം ധാര്‍മ്മികവിജയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറുമായി സംവാദം ആരംഭിക്കാനും അതില്‍കൂടി പ്രായോഗികതലത്തില്‍ നേട്ടം ഉണ്ടാക്കാനും കഴിയുമെന്നതാണ്. സംഘം ഈയൊരു ധാര്‍മ്മികവിജയം നേടിയിരിക്കുന്നു എന്ന് ഇന്ന് പറയാന്‍ കഴിയും.”
സത്യഗ്രഹം അവസാനിപ്പിച്ചാല്‍ നിരോധനം നീക്കാനുള്ള ചര്‍ച്ച ആരംഭിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ദാര്‍ പട്ടേലില്‍നിന്ന് ലഭ്യമായ സൂചന. ദേശഭക്തരായ പ്രമുഖ വ്യക്തികളുടെയും സംഘത്തിന്റെ മറ്റനേകം അഭ്യുദയകാംക്ഷികളുടെയും ആഗ്രഹമനുസരിച്ചും സംഘസത്യഗ്രഹത്തിന്റെ ഫലമായി ജനങ്ങളില്‍ പ്രകടമായ ഉണര്‍വിന്റെയും കാരണങ്ങളാല്‍ സത്യഗ്രഹം നിര്‍ത്തിവെയ്ക്കപ്പെട്ടു. തുടര്‍ന്ന്, നിരോധനം നീക്കാനുള്ള നടപടികളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടും എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ സംഘത്തിന് എഴുതപ്പെട്ട ഭരണഘടനയില്ലെന്നും അത് എഴുതി കിട്ടിയ ശേഷം മാത്രമേ ചര്‍ച്ച ആരംഭിക്കാന്‍ സാധിക്കൂ എന്നുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. എന്തെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് സംഘത്തിന്റെ മേലുള്ള നിരോധനം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇതില്‍നിന്നും മനസ്സിലായി. സംഘനിരോധനത്തിന് മറ്റൊരു കാരണവും പറയാനില്ലാത്തതിനാല്‍ സംഘത്തിന് ഭരണഘടനയില്ലെന്ന മുടന്തന്‍ന്യായം അവര്‍ ഉന്നയിക്കുകയായിരുന്നു.
(തുടരും)