പേര് മുഹമ്മദ്; സ്വദേശം കൊടുവളളി; പഠിച്ചത് അലിഗഡ് സര്‍വ്വകലാശാലയില്‍. എന്നിട്ടും ഹിന്ദുത്വഫാസിസ്റ്റുകളെപ്പോലെ ബാബരി കെട്ടിടത്തിനടിയില്‍ വിഷ്ണുക്ഷേത്രത്തിന്റെ അവശിഷ്ടമുണ്ടെന്നു പറയുന്നത് കടുത്ത ധിക്കാരമല്ലേ? ബാബരിയുടെ ചരിത്രമെന്തെന്നും അതു എങ്ങനെ പറയണമെന്നും ഇര്‍ഫാന്‍ഹബീബ് പറഞ്ഞു തന്നിട്ടുണ്ട്. അയോദ്ധ്യയില്‍ രാമക്ഷേത്രമില്ലെന്നും തുറസ്സായ സ്ഥലത്താണ് ബാബര്‍ പള്ളി പണിതതെന്നും അദ്ദേഹം ഇറക്കിയ ഫത്വക്കപ്പുറം ഒന്നുമില്ല. ഇര്‍ഫാന്റെ ഫത്വക്ക് ഇടതുചരിത്രകാരന്മാരുടെ കമ്മ്യൂണിസ്റ്റ് മേലൊപ്പും കൂടിയുണ്ട്. അതിനാല്‍ അതുമാത്രമാണ് ചരിത്രം. ഈ ഇടത്-ഇസ്ലാമിസ്റ്റ് ചരിത്ര ചീട്ടുകൊട്ടാരമാണ് കെ.കെ.മുഹമ്മദ് പെളിച്ചടുക്കുന്നത്. ബാബരി അവകാശ തര്‍ക്കം സുപ്രീം കോടതിയില്‍ മാരത്തോണ്‍ വാദം കേള്‍ക്കുമ്പോഴാണ് മുഹമ്മദ് ഒരു ഇംഗ്ലീഷ് പത്രത്തിനു അഭിമുഖം നല്‍കി മുസ്ലീങ്ങള്‍ ആ സ്ഥലം രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് അഭിപ്രായപ്പെട്ടത്. രാമായണ സംബന്ധിയായ സ്ഥലങ്ങളില്‍ പുരാവസ്തു ഗവേഷണം നടത്തിയ പ്രൊഫ. ബി.ബി.ലാലിന്റെ സംഘത്തില്‍ താന്‍ ഉണ്ടായിരുന്നെന്നും ബാബരി കെട്ടിടത്തിനടിയില്‍ വിഷ്ണുക്ഷേത്രാവശിഷ്ടം ഉദ്ഖനനത്തില്‍ കണ്ടെത്തി എന്നും ആ സംഘത്തിലെ ഏക മുസ്ലീം താനായിരുന്നു എന്നുമാണ് മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞത്. സുപ്രീംകോടതിയിലെ വാദങ്ങളില്‍ തങ്ങളുടെ പക്ഷം ഉത്തരം മുട്ടുന്നതുകണ്ട അലിഗഡ് സര്‍വ്വകലാശാല പുരാവസ്തു വിഭാഗം ചെയര്‍മാന്‍ സയ്യിദ് അലി റിസ്‌വിയ്ക്ക് കലികയറാന്‍ വേറെ കാരണം വേണോ? ഉദ്ഖനന സംഘത്തില്‍ മുഹമ്മദ് ഇല്ലെന്നു അദ്ദേഹം വിധിച്ചു. ഇതോടെ കേരളത്തില്‍ മുസ്ലീം ലീഗുകാര്‍ക്കും സമസ്ത സുന്നിക്കാര്‍ക്കും ഹാലിളകി. എം.എസ്.എഫും എസ്.എസ്.എഫും പടയ്‌ക്കൊരുങ്ങി. അലിഗഡ് മുസ്ലിം സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഫറൂഖ് കോളേജില്‍ വെച്ച്, പത്മശ്രീ കിട്ടിയ കെ.കെ. മുഹമ്മദിനെ ആദരിക്കുന്നത് തടയുമെന്ന് അവര്‍ പ്രഖ്യാപിച്ചു. അദ്ധ്യക്ഷത വഹിക്കേണ്ട ലീഗ് എം.എല്‍.എ അബ്ദുള്‍ റബ്ബ് പിന്മാറി. ഫറൂഖ് കോളേജധികൃതര്‍ പരിപാടിയേ ഉപേക്ഷിച്ചു. സത്യം പറയുന്നവനെ നിശബ്ദനാക്കാനുള്ള ഇസ്ലാമിക – ഇടത് ഭീഷണിയുടെ ”ജനാധിപത്യ” പ്രകടനമാണിത്. ഇനി അവര്‍ എന്തൊക്കെ തന്ത്രങ്ങള്‍ പ്രയോഗിക്കും എന്നു കണ്ടുതന്നെയറിയണം.