ദല്‍ഹിയിലെ എ.ഐ.സി.സി. ആ സ്ഥാനത്ത് ഒരാള്‍ ഈച്ചയെയും ആട്ടി ഇരിപ്പുണ്ട് – മപ്പണ്ണ മല്ലികാര്‍ജുന ഖാര്‍ഗെ! സോണിയയും മകനും കൂടി 24 വര്‍ഷം ഇരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ കസേരയില്‍ പ്രതിഷ്ഠിക്കപ്പെട്ട കര്‍ണ്ണാടകയില്‍ നിന്നുള്ള പിന്നാക്ക സമുദായക്കാരന്‍. കൊട്ടിഘോഷിച്ചായിരുന്നു തിരഞ്ഞെടുപ്പ്. എ.ഐ.സിസി.ആസ്ഥാനത്തെത്തിയപ്പോള്‍ തിരിഞ്ഞു നോക്കാന്‍ ആളില്ല. എല്ലാ പരാതിയും കേള്‍ക്കേണ്ട കസേരയിലാണ് ഇരിപ്പെങ്കിലും പരാതിക്കാര്‍ ആ വഴിക്കില്ല. കോഴിക്കോട്ട് ശശി തരൂരിനെ കോണ്‍ഗ്രസ്സുകാര്‍ ബഹിഷ്‌കരിച്ചപ്പോള്‍ എം.കെ.രാഘവന്‍ എം.പി പരാതിപ്പെട്ടത് സോണിയയോട്. ഒരു കോപ്പി ഖാര്‍ഗെക്കും നല്‍കി. കെ.സുധാകരന്‍ സതീശനെക്കുറിച്ച് പരാതി നല്‍കിയത് രാഹുലിന്; ഖാര്‍ഗേക്കല്ല. സുധാകരന്റെ ‘നാക്കുപിഴ’യെക്കുറിച്ച് ലീഗുകാര്‍ പരാതി ബോധിപ്പിച്ചതും രാഹുലിനോട് തന്നെ! കോണ്‍ഗ്രസ് എം.പിമാര്‍ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതും രാഹുലിനോട്. സുധാകരന്‍ മെയില്‍ വഴി മറുപടി നല്‍കിയതും രാഹുലിന്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്നൊരാള്‍ ഉണ്ടെന്ന ഭാവമേ അവര്‍ക്കില്ല. ഇത് ഖാര്‍ഗെക്കും അറിയാം. സോണിയ പൊന്നുരുക്കുന്നിടത്ത് തനിക്കെന്ത് കാര്യം എന്ന ഭാവത്തിലാണദ്ദേഹം.
എ.ഐ.സി.സി.അദ്ധ്യക്ഷ കസേരയുടെ ഉറപ്പ് എത്ര കാലം എന്ന് ഖാര്‍ഗെക്കറിയാം. 2010-ല്‍ സോണിയ അദ്ധ്യക്ഷയായത് അവിടെയിരുന്ന സീതാറാം കേസരിയെ വലിച്ച് താഴെയിട്ടാണ്. ബീഹാറിലെ കോണ്‍ഗ്രസ് പാരമ്പര്യമുള്ള പിന്നാക്കക്കാരനായിരുന്നു സീതാറാം കേസരി. മന്ത്രിയും എം.പിയുമായ ആള്‍. കേസരി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തിരുന്നപ്പോള്‍ ഒരു പണിയേ ചെയ്തിട്ടുള്ളു. സോണിയ പറഞ്ഞത് അനുസരിക്കുക. ദേവഗൗഡയേയും ഗുജ്‌റാളിനേയും പ്രധാനമന്ത്രിക്കസേരയില്‍ നിന്നു വലിച്ചു താഴെയിടാന്‍ സോണിയ പറഞ്ഞു. കേസരി അനുസരിച്ചു. എന്നാല്‍ 2010-ല്‍ പ്രണബ്മുഖര്‍ജി അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയാണെന്നു എ.ഐ.സി.സിയില്‍ വെച്ച് പറഞ്ഞപ്പോള്‍ കേസരിക്ക് മൂത്രശങ്ക വന്നു. അതു തീര്‍ക്കാന്‍ അദ്ദേഹം സ്വന്തം മുറിയിലെ ശൗചാലയത്തില്‍ പോയപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ അതിനകത്തിട്ടു പൂട്ടി. തുറന്നു കിട്ടിയ ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ തന്റെ കസേരയില്‍ സോണിയ ഇരിക്കുന്നു. ഒന്നും മിണ്ടാതെ പെട്ടിയുമെടുത്ത് ഇറങ്ങിയ അദ്ദേഹത്തിന്റെ ദോത്തി യൂത്തന്മാര്‍ വലിച്ചഴിച്ചു. അന്നു പത്രങ്ങളില്‍ അത് വാര്‍ത്തയായിരുന്നു. ഇത്തരമൊരു ഗതികേട് തനിക്കുണ്ടാവാതിരിക്കാന്‍ ഖാര്‍ഗെ സോണിയയുടെ കനിവ് കാത്തിരുന്നേ പറ്റൂ.