- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ത്യാഗോജ്ജ്വലമായ ബലിദാനങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 37)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
സംഘത്തിന്റെ വിദ്യാര്‍ത്ഥികളായ സ്വയംസേവകര്‍ സത്യഗ്രഹത്തില്‍ വളരെ ഉത്സാഹത്തോടെ പങ്കാളികളായി. വീട്ടുകാരുടെ സമ്മര്‍ദ്ദമോ ജയിലിലെ കഷ്ടപ്പാടുകളോ അവരെ വ്യതിചലിപ്പിച്ചില്ല. അവര്‍ ധ്യേയനിഷ്ഠരും സാഹസികരും മാത്രമായിരുന്നില്ല. മറിച്ച് പ്രതിഭാസമ്പന്നരുമായിരുന്നു. ജയിലിലെ അദ്ധ്യാപക സ്വയംസേവകര്‍ അവരുടെ പഠിത്തത്തിനാവശ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു. പരീക്ഷയ്ക്കു മുമ്പായി വിദ്യാര്‍ത്ഥികളായ സത്യഗ്രഹികളെ വിട്ടയച്ചപ്പോള്‍ അധികാരികളുടെ ഉപദേശമനുസരിച്ച് എല്ലാവരും മുഴുവന്‍ മനസ്സുംകൊടുത്ത് പരീക്ഷയ്ക്ക് സജ്ജരായി.
കേവലം ഒരുമാസത്തെ ഒരുക്കങ്ങള്‍കൊണ്ട് അവര്‍ കഷ്ടിച്ച് ജയിച്ചേക്കാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു അദ്ധ്യാപകരുടെയും, വീട്ടുകാരുടെയും എല്ലാം ധാരണ. എന്നാല്‍ ഈ ധാരണകളെല്ലാം തിരുത്തികൊണ്ട് മിക്കവാറും എല്ലാ സ്വയംസേവകരും ഉന്നതനിലവാരത്തില്‍ മാര്‍ക്ക് വാങ്ങി പാസ്സായി. പലരും ഒന്നാം ക്ലാസ്സോടെ വിജയിച്ചു. ഗോണ്ടാ ജില്ലയിലെ സത്യഗ്രഹികളായ മിക്കവാറും എല്ലാ വിദ്യാര്‍ത്ഥികളും ഒന്നാം ക്ലാസ്സ് കിട്ടി വിജയിച്ചു. അപവാദരൂപത്തില്‍ ചിലരൊഴിച്ച് മിക്കവാറും എല്ലാ ജയിലുകളിലുമുണ്ടായിരുന്നവരുടേയും അനുഭവം ഇതുതന്നെയായിരുന്നു. അങ്ങനെ തങ്ങളുടെ ഒരു വര്‍ഷം നഷ്ടപ്പെടുത്താതിരുന്നതിനൊപ്പം സംഘത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിലും ആ വിദ്യാര്‍ത്ഥി സ്വയംസേവകര്‍ വിജയിച്ചു.
ബലിദാനങ്ങള്‍
പോലീസിന്റെ അത്യന്തം ക്രൂരമായ ലാത്തിച്ചാര്‍ജ്ജിന്റെയും പീഡനങ്ങളുടെയും പരിണതഫലമായി അനവധി സത്യഗ്രഹി സ്വയംസേവകര്‍ക്ക് ആജീവനാന്തം അംഗവൈകല്യമുള്ളവരായി കഴിയേണ്ടിവന്നു. കൂടാതെ ചിലര്‍ക്ക് അവരുടെ ജീവന്‍തന്നെ ബലിനല്‍കേണ്ടതായും വന്നു. ജയിലുകളില്‍ നടത്തപ്പെട്ട ക്രൂരമര്‍ദ്ദനങ്ങളുടെയും അതിക്രമങ്ങളുടെയും മറ്റ് അവഗണനകളുടെയും ഫലമായി നിത്യ രോഗികളായിട്ടായിരുന്നു അനവധി സ്വയംസേവകര്‍ തടവറയില്‍നിന്നു പുറത്തുവന്നത്. ജയിലില്‍ സഹിക്കേണ്ടിവന്ന അതിഭീകരമായ അതിക്രമം കാരണമായി വളരെപേര്‍ ഈ ലോകത്തുനിന്നു തന്നെ യാത്രയായി. അങ്ങനെ ബലിദാനികളായവരില്‍ അധികംപേര്‍ യുവാക്കളായിരുന്നു. മാതാപിതാക്കളുടെ ആശാകേന്ദ്രമായിരുന്നു അവര്‍. അവരുടെ വേര്‍പാടിലൂടെ സംഘത്തിന് ഉത്തമരായ കാര്യകര്‍ത്താക്കളെ നഷ്ടപ്പെട്ടുവെന്നതിനുപരി അവരുടെ കുടുംബാംഗങ്ങളുടെ ഭാവി പൂര്‍ണ്ണമായും അന്ധകാരമയമായി മാറി. ഇത്തരം ബലിദാനികളുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ സഹായം ചെയ്യുക എന്നത് പോയിട്ട് സഹാനുഭൂതി പ്രകടിപ്പിക്കാനുള്ള സന്നദ്ധതപോലും ഭരണാധികാരികളില്‍ നിന്നുണ്ടായില്ല. അത്തരം ചില ബലിദാനികളുടെ ചരിത്രം അനുസ്മരിക്കുകയാണ്.
കൃഷ്ണഭട്ട്
ഗോണ്ടുപുരം താലൂക്കിലെ കാരഗിലില്‍ താമസക്കാരനായ, ദുര്‍ഗ്ഗാശാഖയിലെ സ്വയംസേവകനായ കൃഷ്ണഭട്ട് സ്വന്തം ജോലിയുടെ ഭാഗമായി ശൃംഗേരിയിലായിരുന്നു താമസിച്ചിരുന്നത്. സത്യഗ്രഹത്തെ സംബന്ധിച്ച് വിവരംകിട്ടിയ ഉടനെ അയാള്‍ സ്വന്തം നഗരത്തിലേയ്ക്ക് തിരിച്ചെത്തി. നഗരത്തില്‍ എത്തി വീട്ടില്‍ പോകുന്നതിനുപകരം സത്യഗ്രഹത്തിന് നേതൃത്വം കൊടുക്കേണ്ട വ്യക്തിയെന്ന നിലയ്ക്ക് നേരിട്ട് സത്യഗ്രഹസ്ഥലത്തേയ്ക്കാണ് പോയത്. സത്യഗ്രഹത്തില്‍ പങ്കെടുത്ത കൃഷ്ണഭട്ടിനെ പോലീസ് കഠിനമായി മര്‍ദ്ദിച്ച് വിട്ടയച്ചു. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നതുവരെ സത്യഗ്രഹം നടത്താന്‍ കൃഷ്ണഭട്ട് നിശ്ചയിച്ചു. അയാള്‍ വീണ്ടും സത്യഗ്രഹം നടത്താന്‍ മുന്നോട്ടുവന്നു. അതില്‍ പോലീസിന്റെ അടിയേറ്റ് തലയ്ക്ക് മാരകമായ പരിക്കുപറ്റി അബോധാവസ്ഥയിലായ അയാളെ പോലീസ് വഴിയില്‍ വലിച്ചെറിഞ്ഞു. കുറേനേരത്തിനുശേഷം ബോധംവന്ന അയാള്‍ ഒരുവിധം വീട്ടിലെത്തിയെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങി.
വ്യഹി കൃഷ്ണറാവു
കാസര്‍കോഡ് സ്വദേശിയായ ഇദ്ദേഹം ഡിഗ്രി പാസ്സായി നില്‍ക്കുന്ന യുവ സംഘകാര്യകര്‍ത്താവായിരുന്നു. പന്ത്രണ്ട് സത്യഗ്രഹികളുടെ നേതൃത്വം വഹിച്ചുകൊണ്ട് വലിയൊരു ജാഥയായി അവര്‍ സത്യഗ്രഹ സ്ഥലത്തെത്തി. ഇത്രയും വലിയ ജാഥ കാസര്‍കോഡിന്റെ ചരിത്രത്തില്‍ അത്യപൂര്‍വ്വമായിരുന്നു. പോലീസ് ഉടനെ സത്യഗ്രഹികളെ തടഞ്ഞ് ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചു. എല്ലാവരും അടികൊണ്ട് അവശരായി തളര്‍ന്നുവീണു. അതേ അവസ്ഥയില്‍ അവരെ പോലീസ് ജീപ്പില്‍ വലിച്ചിട്ട് കൊണ്ടുപോയി. കൃഷ്ണറാവുവിനെ രണ്ടുദിവസം കസ്റ്റഡിയില്‍വെച്ചു, ഒരു ഉപാധിയും ഇല്ലാതെ അയാളെ വിട്ടയച്ചു. അംഗപ്രത്യംഗം കഠിനമായ വേദനയുണ്ടായിരുന്നെങ്കിലും അയാള്‍ വീട്ടില്‍പോകാതെ അടുത്ത സത്യഗ്രഹത്തില്‍ പങ്കെടുത്തു. അതിലും അടികൊണ്ടു പരിക്കേറ്റുവെങ്കിലും തടവിലാക്കിയില്ല. മൂന്നാമതും സത്യഗ്രഹത്തിനെത്തിയ അയാളെ പ്രത്യേകം പക വീട്ടുന്ന രീതിയില്‍ പോലീസ് മര്‍ദ്ദനത്തിനിരയാക്കി. അയാളുടെ ശരീരം ഇഞ്ചിഞ്ചായി ചതഞ്ഞിരുന്നു. പോലീസ് കസ്റ്റഡിയില്‍വച്ച് അയാള്‍ക്ക് കഠിനമായ പനി വന്നതിനാല്‍ അപകടം മനസ്സിലാക്കിയ പോലീസ് തങ്ങളുടെമേല്‍ കുറ്റംവരാതിരിക്കാന്‍ അയാളെ വിട്ടയച്ചു. വീട്ടിലെത്തി കുറച്ചു നാളുകള്‍ക്കകം നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ആ ധീരന്‍ ബലിദാനിയായിത്തീര്‍ന്നു.
ഗോവര്‍ദ്ധന്‍
പഞ്ചാബിലെ ഫിറോസ്പൂരിലെ ചഹാര്‍ദ്ദി ജയിലില്‍ സത്യഗ്രഹികളായ തടവുകാര്‍ക്ക് നല്‍കിയ പുഴുക്കളും കീടങ്ങളുമടങ്ങുന്ന വിഷതുല്യമായ ഭക്ഷണം കഴിച്ചതിന്റെ ഫലമായി മുന്നൂറോളം സ്വയംസേവകര്‍ രോഗബാധിതരായി. അതുകൊണ്ട് ജില്ലയിലെ എല്ലാവരും ഭക്ഷണം നിരാകരിച്ചു. നിരാഹാരം ആരംഭിച്ച് അനവധി ദിവസം കഴിഞ്ഞിട്ടും അധികാരികളുടെ സമീപനത്തില്‍ ദയയുടെ ലാ ഞ്ചനപോലുമുണ്ടായില്ല. മാത്രമല്ല അഹിംസയുടെ പൂജാരികള്‍ എന്നവകാശപ്പെടുന്ന ഭരണാധികാരി വര്‍ഗ്ഗം നിരാഹാരക്കാരുടെ നേരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള മൗനസമ്മതമാണ് ജയിലധികാരികള്‍ക്ക് നല്‍കിയത്. ലാത്തിച്ചാര്‍ജ്ജ് നടത്താനുള്ള ആജ്ഞയുണ്ടായി. ലാത്തിയും ബാറ്റണും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണം ഏകദേശം 20 മിനിട്ടുനേരത്തേയ്ക്ക് നടന്നു. അനവധിപേര്‍ക്ക് ഗുരുതരമായ പരിക്കുപറ്റി. ജയില്‍മുറ്റം രക്തക്കളമായി മാറി. 90 പേര്‍ക്കു പരിക്കുപറ്റി. 25 പേരുടെ നില ഗുരുതരമായി. സി ക്കന്തര്‍ബാദിലെ ഗോവര്‍ദ്ധന്റെ ശരീരമാകമാനം ചതഞ്ഞ് കഴിഞ്ഞിരുന്നു. അയാള്‍ അബോധാവസ്ഥയിലും വന്ദേമാതരം മുഴക്കിക്കൊണ്ടേയിരുന്നു. വന്ദേമാതരം മുഴക്കിക്കൊണ്ടുതന്നെ ആ യുവാവ് അന്ത്യശ്വാസം വലിച്ചു. ഗോവര്‍ദ്ധനന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ അച്ഛന്‍ സത്യഗ്രഹമനുഷ്ഠിച്ച് ബുലന്ദ്ശഹര്‍ ജയിലില്‍ തടവിലായിരുന്നു.
രാധാകൃഷ്ണ
പല ജയിലുകളിലും സത്യഗ്രഹികളോട് അവരുടെ വസ്ത്രങ്ങള്‍ അഴിച്ചുവെച്ച് കുറ്റവാളികളായ തടവുകാരുടെ വസ്ത്രം ധരിക്കണമെന്ന് ജയിലധികൃതര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജയിലില്‍ സത്യഗ്രഹികളായെത്തിയവരോട് അവരുടെ വസ്ത്രംമാറ്റി ജയില്‍വസ്ത്രം ധരിക്കാന്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍ രാധാകൃഷ്ണ എന്ന സ്വയംസേവകന്‍ ജീവന്‍പോയാലും ഈ അന്യായം സ്വീകരിക്കാന്‍ ഒരുക്കമല്ലെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ജയില്‍വാര്‍ഡന്മാര്‍ നിര്‍ബന്ധമായി അയാളുടെ വസ്ത്രങ്ങളെല്ലാം വലിച്ചുകീറിക്കളഞ്ഞു. എങ്കിലും അയാള്‍ ജയില്‍ വസ്ത്ര ങ്ങള്‍ ധരിക്കാന്‍ സമ്മതിച്ചില്ല. കൊടുംതണുപ്പില്‍ രാത്രിമുഴുവന്‍ അയാള്‍ നഗ്നനായിത്തന്നെ ജയില്‍ മുറിയില്‍ കഴിഞ്ഞു. അതിന്റെ ഫലമായി അയാള്‍ക്ക് ന്യുമോണിയ പിടിപെട്ടു. എന്നിട്ടും അയാള്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. അയാള്‍ മരണാസന്നനായിരിക്കുകയാണെന്നറിഞ്ഞു ജയിലധികാരികള്‍ തങ്ങളുടെ പാപം മറച്ചുവെയ്ക്കാനായി രാധാകൃഷ്ണനെ ജയിലിന്റെ കവാടത്തിന് പുറത്ത് കൊണ്ടുപോയിട്ടു. കുറച്ചുസമയത്തിനുള്ളില്‍ ‘ഭാരതമാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തോടെ അയാള്‍ പ്രാണന്‍ വെടിഞ്ഞു.
രാധാകൃഷ്ണന്റെ ചിത കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അയാളുടെ അച്ഛന്‍ ആ ചിതയില്‍ ചാടി ആത്മാഹുതി ചെയ്യാന്‍ മുതിര്‍ന്നു. എന്നാല്‍ അവിടെ കൂടിയ ജനങ്ങള്‍ വളരെ വിഷമിച്ച് അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിച്ചു. ബറേലിയിലെ വലിയൊരു വിഭാഗം ജനസമൂഹം കണ്ണീരണിഞ്ഞു. ആ ബലിദാനിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ആ സന്ദര്‍ഭത്തിലും മഹാത്മാഗാന്ധിയുടെ പേരില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ പോലീസ് ശ്മശാനത്തില്‍നിന്ന് രാധാകൃഷ്ണന്റെ രണ്ടു സ്‌നേഹിതന്മാരെ അറസ്റ്റുചെയ്തു കൊണ്ടുപോകാനുള്ള ധിക്കാരം കാണിച്ചു. ജനങ്ങള്‍ അക്രമം, അന്യായം എന്നെല്ലാം നിലവിളിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു.
ബാല്‍ചൗധരി
വിദര്‍ഭ പ്രാന്തത്തിലെ ആപൂട്ട എന്ന സ്ഥലത്തെ 18 വയസ്സായ ബാലചൗധരി എന്ന സ്വയംസേവകന്‍ 1949 ഡിസംബര്‍ 3 ന് സത്യഗ്രഹത്തില്‍ പങ്കാളിയായി തടവിലാക്കപ്പെട്ടു. അകോല ജയിലില്‍ കഴിഞ്ഞിരുന്ന അയാള്‍ അസുഖം പിടിപെട്ട് വളരെ മോശമായ ശാരീരികാവസ്ഥയിലായി. എന്നാല്‍ യാതൊരുവിധ ചികിത്സയും ലഭിക്കാതിരുന്നതിനാല്‍ രോഗം മൂര്‍ച്ഛിക്കുകയും ജനുവരി 28 ആകുമ്പോഴേയ്ക്കും ഏതുനിമിഷവും അയാളുടെ അന്ത്യം സംഭവിക്കാം എന്ന സ്ഥിതിയിലാവുകയുമുണ്ടായി. അത്തരം അവസ്ഥയിലും അയാളെ മോചിപ്പിക്കാനോ ആവശ്യമായ ചികിത്സ നല്‍കാനോ അധികൃതര്‍ സന്നദ്ധരായില്ല. ബാല്‍ചൗധരിയുടെ വീട്ടുകാര്‍ പിഴയടച്ച് അയാളെ മോചിപ്പിച്ചു. എങ്കിലും ജനുവരി 30-ാം തീയതി ആ ദേശഭക്തന്‍ എന്നന്നേയ്ക്കുമായി ഈ ലോകത്തുനിന്ന് യാത്രയായി. ന്യുമോണിയയ്ക്കുള്ള മരുന്നിനുപകരം സാധാരണ പനിക്ക് ജയിലില്‍ കൊടുക്കുന്ന ഒരു പൊതുമരുന്നാണ് ജയില്‍ ഡോക്ടര്‍മാര്‍ അവസാനംവരെ അയാള്‍ക്ക് കൊടുത്തിരുന്നത്.
റാം ദൂലാരെ പാണ്ഡേ
ഉത്തര്‍പ്രദേശിലെ കാശിനിവാസിയായ റാംദുലാരെ പാണ്ഡെ മറ്റു സത്യഗ്രഹികളോടൊപ്പം ഫത്തേഹ്ഗഢ് ജയിലില്‍പോയിരുന്നു. സത്യഗ്രഹസമരം അവസാനിച്ചു കഴിഞ്ഞതിനു ശേഷവും ജയിലധികാരികളുടെ സമീപനത്തില്‍ ഒരു മാറ്റവും ഉണ്ടായില്ല. ജയിലിലെ നരകയാതന തുടര്‍ന്നുകൊണ്ടേയിരുന്നു. ഉത്തരഭാരതത്തിലെ കഠിനമായ തണുപ്പുകാലത്ത് സത്യഗ്രഹികളുടെ വസ്ത്രമെല്ലാമുരിഞ്ഞു നഗ്നരാക്കി തുറന്ന മൈതാനത്ത് ഇറക്കിനിര്‍ത്തി. അതോടൊപ്പം അവരെ അതിഭീകരമായ ചൂരല്‍ പ്രയോഗത്തിനും വിധേയരാക്കി. രാത്രി മുഴുവന്‍ തണുത്ത് മരവിച്ച്, തുറന്ന സ്ഥലത്ത് ആകാശത്തിനു കീഴേ അവര്‍ക്ക് കഴിയേണ്ടിവന്നു. അതിന്റെ ഫലമായി റാംദുലാരെ ജയിലില്‍വെച്ചുതന്നെ മരിച്ചു. എവിടെയാണ് വീഴ്ച സംഭവിച്ചതെന്നോ, അവരെ നഗ്നരാക്കി തുറന്ന സ്ഥലത്തില്‍ നിര്‍ത്തേണ്ട ആവശ്യമെന്തായിരുന്നെന്നോ, ഇത്രയും ക്രൂരമായ ചൂരല്‍പ്രയോഗം നടത്താനുള്ള കാരണമെന്താണെന്നോ എന്നതിനെക്കുറിച്ചൊന്നും അന്വേഷണമോ, ചോദ്യമോ എങ്ങുനിന്നുമുണ്ടായില്ല. ‘ഇതിനുവേണ്ടിയായിരുന്നോ നാം സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നത്?’ എന്ന ചോദ്യം റാം ദുലാരെയുടെ ഭൗതികശരീരത്തിന്റെ ചിതയില്‍നിന്നുയര്‍ന്ന ഓരോ അഗ്നിശിഖയും ഉന്നയിക്കുന്നതായി തോന്നിച്ചിരുന്നു!
സതീശ് ചക്രവര്‍ത്തി
ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ സത്യഗ്രഹമനുഷ്ഠിച്ച് ജയിലിലായിരുന്ന സതീശ് ചക്രവര്‍ത്തി ഉത്സാഹവാനായ സംഘകാര്യകര്‍ത്താവായിരുന്നു. ജയിലില്‍ പോകുന്ന സമയത്ത് അയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. എന്നാല്‍ ജയിലിലെ മനുഷ്യത്വരഹിതമായ പെരുമാറ്റവും ഭക്ഷണവുമെല്ലാം അയാളെ പാടെ തകര്‍ത്തു കളഞ്ഞു. രോഗിയായ അയാള്‍ക്ക് ഒരുവിധ ചികിത്സയും മരുന്നും ലഭ്യമായില്ല. കൂടെയുണ്ടായിരുന്ന സത്യഗ്രഹികള്‍ ജയിലധികൃതര്‍ക്ക് നിവേദനങ്ങളെല്ലാം നല്‍കിയെങ്കിലും ഒന്നും ചെവിക്കൊള്ളാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ആരോഗ്യസ്ഥിതി പൂര്‍ണ്ണമായും തകര്‍ന്ന് അദ്ദേഹത്തിന്റെ അന്ത്യം ജയിലില്‍വച്ചുതന്നെ സംഭവിക്കുകയും ചെയ്തു.
(തുടരും)