- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ഗോവിന്ദ സഹായി ഇളിഭ്യനായി (ആദ്യത്തെ അഗ്നിപരീക്ഷ 36)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഉത്തരപ്രദേശിലെ നിയമസഭാ കാര്യദര്‍ശി ഗോവിന്ദ സഹായി എന്നും ഒരു വിവാദപുരുഷനായിരുന്നു. അദ്ദേഹം ഒരു നല്ല പ്രാസംഗികനുമായിരുന്നു. അതോടൊപ്പം, ‘ഒരു കള്ളം നൂറുതവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അത് സത്യമാണെന്ന് വിശ്വസിക്കും’ എന്ന സിദ്ധാന്തക്കാരനായതിനാല്‍ ഒരടിസ്ഥാനവുമില്ലാത്ത കള്ളങ്ങള്‍ വിളിച്ചുപറയുന്നതില്‍ അല്‍പ്പംപോലും സങ്കോചവുമില്ലാത്ത വ്യക്തിയുമായിരുന്നു. സംഘത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പ്രസംഗിക്കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച വ്യക്തിയെന്ന നിലയ്ക്ക് സംഘത്തിനെതിരായ പ്രചരണത്തിന്റെ ചുമതല ഇദ്ദേഹത്തെയാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഏല്‍പ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഇങ്ങനെ പറഞ്ഞിരുന്നു ”കൊലയാളികളുടെ കൈയിലെ തള്ളവിരല്‍ പരന്നിരിക്കും. നിങ്ങള്‍ സംഘത്തിലുള്ളവരുടെ തള്ളവിരല്‍ പരിശോധിക്കൂ. എല്ലാം പരന്നതായിരിക്കും. സംഘസ്ഥാപകന്‍ ജര്‍മ്മനിയില്‍ പോയി ഹിറ്റ്‌ലറെ കണ്ടിരുന്നു.” അദ്ദേഹത്തില്‍ നിന്ന് പരിശീലനം നേടിയിട്ടാണ് നാഗപ്പൂരില്‍ സംഘം ആരംഭിച്ചതെന്നും തന്റെ ‘സംഘവും നാസി ടെക്‌നികും’ എന്ന പുസ്തകത്തില്‍ എഴുതിയിരുന്നു. അതുപോലെ ഒട്ടനവധി കെട്ടുകഥകളുടെ ഭാണ്ഡമായിരുന്നു ആ പുസ്തകം. ഒരിക്കല്‍ ഗോവിന്ദ സഹായി ഉന്നാവ് ജയിലിലെത്തി. അവിടെ സ്വയംസേവകര്‍ താമസിക്കുന്ന സെല്ലിലെത്തി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ സംഘവിരുദ്ധ കഥകള്‍ പറഞ്ഞു തുടങ്ങി. അവസാനം സ്വയംസേവകരെ അദ്ദേഹം ഉപദേശിച്ചു. ”നിങ്ങള്‍ എന്തിനാണ് ഇത്തരത്തില്‍പ്പെട്ടവരുടെ വലയില്‍പ്പെട്ട് സ്വയം നശിക്കുന്നത്. മാപ്പെഴുതി കൊടുത്ത് വീട്ടില്‍ പോകുവിന്‍.” ഇതുകേട്ട സ്വയംസേവകര്‍ അദ്ദേഹത്തോട് ചോദിച്ചു:- ”താങ്കള്‍ ഞങ്ങളുടെ മുന്നില്‍ വിശദീകരിച്ച കാര്യങ്ങള്‍ക്കും നാടുമുഴുക്കെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്കും എന്താണ് അടിസ്ഥാനം? വ്യക്തമായ വല്ല തെളിവുകളുമുണ്ടോ?”
”അതിന്റെ അടിസ്ഥാനവും തെളിവുകളും എല്ലാം നിങ്ങള്‍തന്നെ കണ്ടെത്തിയാല്‍ മതി. എനിക്കും അറിയാം ഇതിന് ഒരു അടിസ്ഥാനവുമില്ലെന്ന്. നിങ്ങള്‍ക്കെതിരെ തെറ്റിദ്ധാരണയുണ്ടാക്കണം. അതിനുവേണ്ടി പ്രചാരം നടത്തുന്നു. ഇനി നടത്തുകയും ചെയ്യും. ജനങ്ങള്‍ ഞങ്ങളെ വിശ്വസിക്കുന്നു” എന്നായിരുന്നു സഹായിയുടെ മറുപടി.
സത്യഗ്രഹികള്‍ അദ്ദേഹത്തെ ശരിക്കൊന്ന് കളിപ്പിക്കാന്‍ നേരത്തെ ഒരുങ്ങിയിരുന്നു. അനൗപചാരികമായി ഇരുന്ന് സംസാരിക്കുന്നതിനിടയില്‍ ഒരാള്‍ നേരത്തേ ബക്കറ്റില്‍ കരുതിവെച്ചിരുന്ന പയറുപൊടി ഗോവിന്ദ സഹായിയുടെ തലയിലേയ്ക്ക് കമഴ്ത്തി. അപ്രതീക്ഷിതമായി ശരീരമാസകലം പയറുപൊടിയില്‍ കുളിച്ച് അദ്ദേഹം പരിഭ്രമിച്ച് അവിടെനിന്നോടിപ്പോയി. അദ്ദേഹത്തിന്റെ വേഷവും ഓട്ടവും എല്ലാം മറ്റു ജയില്‍പ്പുള്ളികള്‍ക്കും ജയിലധികൃതര്‍ക്കും കാര്യമായ ചിരിക്ക് വകനല്‍കി. അതിനുശേഷം ഒരു ജയിലും സന്ദര്‍ശിക്കാന്‍ അദ്ദേഹം പോയില്ല. ഈ സംഭവത്തെ രസകരമായി ചിത്രീകരിച്ച് അന്നത്തെ ലഘുലേഖകളിലും പ്രസിദ്ധീകരിച്ചിരുന്നു.
സംഘത്തിന്റെ അന്നത്തെ പ്രയാഗ വിഭാഗ് പ്രചാരകനായ രാജേ ന്ദ്രസിംഗ്ജി 1 (രജുഭയ്യ) 1943 മുതല്‍ പ്രയാഗ സര്‍വ്വകലാശാലയില്‍ ഭൗതികശാസ്ത്രത്തില്‍ പ്രൊഫസറും കൂടിയായിരുന്നു. ഗാന്ധിജിയുടെ വധത്തിനുശേഷം അദ്ദേഹത്തെയും അറസ്റ്റ് ചെയ്ത് നൈനിത്താള്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കി.
രജുഭയ്യായുടെ കുടുംബത്തിലെ മിക്കവാറും എല്ലാവരും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ കുംവര്‍ ബല്‍വീര്‍സിംഗ് ഉത്തര്‍പ്രദേശിലെ ചീഫ് എഞ്ചീനീയറായിരുന്നു. രജുഭയ്യായെ ജയിലില്‍ സന്ദര്‍ശിക്കാനായി സാധാരണയായി അദ്ദേഹത്തിന്റെ അമ്മയായിരുന്നു പോയിരുന്നത്. നിയമമനുസരിച്ച് 25 ദിവസത്തിലൊരിക്കല്‍ മാത്രമേ ബന്ധുവായ ഒരാള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇടയ്ക്ക് ഒരിക്കല്‍ അച്ഛനും പോകുമായിരുന്നു.
ഒരിക്കല്‍ രജുഭയ്യാജിയുടെ അച്ഛന്‍ നൈനിത്താളിലേയ്ക്ക് പോ കുന്ന തീവണ്ടിയില്‍ അതേ ശ്രേണിയില്‍ ഉത്തര്‍പ്രദേശിലെ അന്നത്തെ ആഭ്യന്തരമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിയുമുണ്ടായിരുന്നു. അന്ന് ഇന്നത്തെപ്പോലെ മന്ത്രിമാരുടെ കൂടെ സുരക്ഷാഭടന്മാരും മറ്റുമുണ്ടായിരുന്നില്ല. ലാല്‍ബഹാദൂര്‍ ശാസ്ത്രിക്ക് കുംവര്‍ ബല്‍വീര്‍ സിംഗുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നു. അതിനാല്‍ കും വര്‍സിംഗിനെ കണ്ട ഉടനെ ലാല്‍ബഹാദൂര്‍ ശാസ്ത്രി അദ്ദേഹത്തി ന്റെ അടുത്തുപോയിരുന്നു കുശലപ്രശ്‌നങ്ങള്‍ ആരംഭിച്ചു.
”എന്താണ് വിശേഷം, എവിടെപോകുന്നു?” എന്ന ശാസ്ത്രിജിയു ടെ ചോദ്യത്തിനുത്തരമായി കുംവര്‍ജി പറഞ്ഞു. ”മകന്‍ രജു ഇപ്പോള്‍ നൈനിത്താള്‍ ജയിലിലാണ്. പലപ്പോഴും അമ്മയാണ് അയാളെ കാണാന്‍ പോകാറുള്ളത്. ഇപ്രാവശ്യം ഞാന്‍ പോവുകയാണ്.”
ശാസ്ത്രിജി കുംവര്‍ജിയോട് ഇങ്ങനെ പറഞ്ഞു. ”കുംവര്‍ജി താങ്കളുടെ പുത്രന്‍ നല്ല ബുദ്ധിമാനാണ്. ഈ ചെറുപ്രായത്തില്‍ തന്നെ പ്രൊഫസറായിരിക്കുന്നു. അയാള്‍ക്ക് ഉന്നതമായ ഭാവിയുണ്ട്. പി ന്നെയെന്തിനാണ് സംഘത്തില്‍ അയാളുടെ ജീവിതം നശിപ്പിക്കുന്ന ത്. സംഘം വളരെ മോശമായ സംഘടനയാണ്. അവര്‍ ഗാന്ധിഘാതകരാണ്, ഇത്തരം ചീത്ത വ്യക്തികളുടെ കൂട്ടത്തില്‍ എങ്ങനെയാണ് താങ്കളുടെ മകന്‍ ചെന്നു പെട്ടത്?”
ശാസ്ത്രിജി പറഞ്ഞതുകേട്ട് കുംവര്‍ജി കുറച്ചുനേരം നിശ്ശബ്ദനായിരുന്നു. പെട്ടെന്ന് താന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നതു മറന്ന് ഇങ്ങനെ ഉത്തരം പറഞ്ഞു. ”സര്‍, എനിക്ക് രാഷ്ട്രീയ സ്വയം സേവകസംഘത്തെക്കുറിച്ച് ഒന്നുംതന്നെ അറിഞ്ഞുകൂടാ. എന്നാല്‍ രജുവിനെക്കുറിച്ച് അങ്ങയേക്കാള്‍ കൂടുതല്‍ എനിക്കറിയാം. രജു സംഘത്തില്‍ പോവുകയും അതുകാരണം ജയില്‍ജീവിതം നയിക്കേണ്ടി വരികയും ചെയ്യുന്നുവെങ്കില്‍ നിശ്ചയമായും സംഘം നല്ല സംഘടന തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ജയില്‍ മോചനത്തിനായി മാപ്പെഴുതി കൊടുക്കാനോ വിടുവിക്കാനോ ഉള്ള പരിശ്രമം ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ലതന്നെ. അഥവാ ഇന്ന് അയാള്‍ ഭയം കൊണ്ട് മാപ്പെഴുതി കൊടുത്ത്, പുറത്തുവന്നാല്‍ നാളെ ഭയം കാരണം ദേശഹിതത്തിനെതിരായി എന്തെല്ലാം ചെയ്യേണ്ടിവരുമെന്നറിഞ്ഞുകൂടാ.”
രജുഭയ്യയുടെ അമ്മയ്ക്ക് അധികമായ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും നല്ല തന്റേടമുള്ള വനിതയായിരുന്നു. രജുഭയ്യാ അമ്മയെ ജിയാജി എന്നാണ് വിളിച്ചിരുന്നത്. സത്യഗ്രഹികളായ മറ്റ് തടവുകാരും അങ്ങനെതന്നെ വിളിച്ചിരുന്നു. ജയിലില്‍ രജുഭയ്യായോടൊപ്പം എല്ലാവരേയും സന്ദര്‍ശിച്ച് ജിയാജി അവര്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ടിരുന്നു.
ജൂണ്‍ മാസത്തിലെ അത്യുഷ്ണത്തിന്റെ കാലാവസ്ഥയിലും തടവുകാരെ ബാരക്കിനുപുറത്ത് ഉറങ്ങാന്‍ സമ്മതിക്കാതെ ഉള്ളിലാക്കി പൂട്ടലായിരുന്നു പതിവ്. ജിയാജി ജയിലിലെ സുഖസൗകര്യങ്ങളെക്കുറിച്ചന്വേഷിക്കുമ്പോള്‍ വിശേഷമായ ബുദ്ധിമുട്ടൊന്നും ഇല്ലെന്ന് സത്യഗ്രഹികള്‍ പറയുമായിരുന്നു. ഒരുദിവസം രജുഭയ്യാ അമ്മയോടു പറഞ്ഞു: ”ഞങ്ങള്‍ക്ക് ഈ ചൂടുകാലത്ത് ബാരക്കിനുള്ളില്‍ ഫാനൊന്നുമില്ലാതെ ഭയങ്കരചൂടില്‍ കഴിയേണ്ടിവരുന്നു.” ഇതുകേട്ട ഉടന്‍തന്നെ അവര്‍ ആകെ വിവശയായി. അവിടെനിന്ന് അവര്‍ നേരെ ആഭ്യന്തരമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിജിയുടെ വീട്ടിലേയ്ക്ക് പോയി. നേരത്തെ പരിചയമുണ്ടായിരുന്നത് കാരണം അദ്ദേഹത്തോട് ജയിലിലെ കാര്യങ്ങള്‍ പൂര്‍ണ്ണമായി വിവരിച്ചശേഷം ”നിങ്ങളല്ലാം ജയിലില്‍ കഴിഞ്ഞിട്ടുള്ളവരാണല്ലോ, ഈ കുട്ടികള്‍ സ്വയം ജയില്‍വാസം വരിക്കാന്‍ ഒരുങ്ങിവന്നവരാണ്. അവര്‍ ജയിലില്‍നിന്ന് ഓടിപോകും എന്ന് ഭയപ്പെട്ടിട്ടാണോ നിങ്ങള്‍ അവരെ ഈ കൊടുംചൂടില്‍ ബാരക്കുകളില്‍ അടച്ചുപൂട്ടുന്നത്” എന്ന് ചോദിച്ചു. ശാസ്ത്രിജിക്ക് ഉത്തരമൊന്നും പറയാനുണ്ടായിരുന്നില്ല. ”ഉടന്‍ തന്നെ നിര്‍ദ്ദേശം അയയ്ക്കാം” എന്ന് ശാസ്ത്രിജി പറഞ്ഞപ്പോള്‍ ജിയാജി ”നിങ്ങള്‍ നിര്‍ദ്ദേശമെല്ലാം അയച്ച് നടപ്പിലാക്കുമ്പോഴേയ്ക്കും വര്‍ഷങ്ങള്‍ കഴിയും, നിങ്ങളുടെ കടലാസില്‍ കൂടിയുള്ള നിര്‍ദ്ദേശങ്ങള്‍ പലസ്ഥലത്തും ഫയലുകളില്‍ മുങ്ങിപ്പോകും. കുട്ടികള്‍ ചൂടുകൊണ്ട് നരകിച്ച് കഴിയേണ്ടിവരും” എന്നുപറഞ്ഞു. അതുകൊണ്ട് ഫോണ്‍വഴി തന്നെ നിര്‍ദ്ദേശം നല്‍കാന്‍ ശാസ്ത്രിജി നിര്‍ബ്ബന്ധിതനായിത്തീര്‍ന്നു.
ക്ഷത്രിയമാതാക്കളുടെ പാരമ്പര്യം
രജുഭയ്യായുടെ രക്ഷിതാക്കളെപ്പോലെ ഉത്തര്‍പ്രദേശ് പ്രാന്തസം ഘചാലക് നരേന്ദ്രജിത്ത് സിംഗ്ജിയുടെ കുടുംബാംഗങ്ങളുടെ പെരുമാറ്റവും പ്രേരണാദായകമായിരുന്നു.
ഗാന്ധിജിയുടെ വധം നടന്ന ഉടന്‍ തന്നെ ദേശവ്യാപകമായി പ്ര മുഖ വ്യക്തികളെ തടവിലാക്കിയ കൂട്ടത്തില്‍ ബാരിസ്റ്റര്‍ നരേന്ദ്രജിത്ത് സിംഗ്ജിയെയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. എന്നാല്‍ ഹേബിയസ് കോര്‍പ്പസ് നടപടിയിലൂടെ അദ്ദേഹം വിമുക്തനായി. തുടര്‍ന്ന് അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ദല്‍ഹൗസി എന്ന പ്രദേശത്ത് തന്റെ പൈതൃകസ്വത്തായി ലഭിച്ച സ്ഥലത്ത് താമസമാക്കി. സത്യഗ്രഹത്തിനുള്ള തീയതി നിശ്ചയിച്ചശേഷം സത്യഗ്രഹബാച്ചുകളെ നിശ്ചയിച്ച കൂട്ടത്തില്‍ കാശിയിലെ ആദ്യത്തെ സത്യഗ്രഹ സംഘത്തെ പ്രാന്തപ്രചാരക് ഭാവുറാവുജി നയിക്കണമെന്നും കാണ്‍പൂരിലെ ആദ്യത്തെ സംഘത്തെ നയിക്കേണ്ടത് ബാരിസ്റ്ററാണെന്നും തീരുമാനിച്ചു. നൂറുകണക്കിനു നാഴിക ദൂരെ 11000 അടി ഉയരത്തിലുള്ള ദല്‍ഹൗസിയില്‍ താമസിക്കുന്ന ബാരിസ്റ്ററെ ഈ വിവരം അറിയിക്കാനായി അനന്തറാവു ഗോഖലേ എന്ന പ്രചാരകനെ ഭാവുറാവുജി പറഞ്ഞയച്ചു. ഭാവുറാവുജിയുടെ സന്ദേശത്തില്‍ ദീനദയാല്‍ജി ഒളിവിലുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെ ന്നും ബാരിസ്റ്റര്‍ കാണ്‍പൂരില്‍ സത്യഗ്രഹം നടത്തി അറസ്റ്റ് വരിക്ക ണമെന്നും വ്യക്തമാക്കിയിരുന്നു. ബാരിസ്റ്റര്‍ ഉടനെ പുറപ്പെട്ട് സത്യ ഗ്രഹത്തിന് രണ്ടുദിവസംമുമ്പ് കാണ്‍പൂരിലെത്തി. യാദൃച്ഛികമായി അതേസമയത്ത് ബാരിസ്റ്ററുടെ ഭാര്യയുടെ അമ്മയും വീട്ടിലെത്തിയിരുന്നു. കാശ്മീര്‍ നാട്ടുരാജ്യത്തിലെ ദിവാന്റെ ഭാര്യയായിരുന്നു അവര്‍. അവര്‍ ഒന്നുരണ്ടു ദിവസത്തേയ്ക്ക് കാണ്‍പൂരില്‍ വന്നതായിരുന്നു. ഔപചാരികതയുടെ പേരില്‍ ബാരിസ്റ്റര്‍ സത്യഗ്രഹത്തിനുപോകാനുള്ള അനുമതിക്കായി അവരെ സമീപിച്ചു പറഞ്ഞു:- ”ഞാന്‍ വിഷമസന്ധിയിലാണ്. എന്നോട് ആദ്യത്തെ സംഘത്തെയും നയിച്ചുകൊണ്ട് സത്യഗ്രഹത്തിന് പോകാന്‍ നിര്‍ദ്ദേശം കിട്ടിയിരിക്കുന്നു. ഞാന്‍ പോകണോ വേണ്ടായോ?” ബാരിസ്റ്ററുടെ വാക്കുകള്‍ കേട്ട് അദ്ദേഹത്തിന്റെ മനസ്സിന്റെ വിഷമം മനസ്സിലാക്കിയ അമ്മ പറഞ്ഞു. ”ഞാന്‍ ആണ്‍കുട്ടിയായിരുന്നെങ്കില്‍ ഇത്തരത്തില്‍ ഉളള ഒരു ചോദ്യം തന്നെ ചോദിക്കുകയില്ല. പോവുകതന്നെ ചെയ്യുമായിരുന്നു.” ദിവാന്റെ ഭാര്യയുടെ ഈ മറുപടി രാജസ്ഥാനിലെ രജപുത്രസ്ത്രീകളുടെ ക്ഷാത്രവീര്യത്തിന്റെ സ്മരണയുണര്‍ത്തുന്നതായിരുന്നു. തങ്ങളുടെ പുത്രന്മാരെയും, മറ്റു പ്രിയപ്പെട്ടവരെയും തിലകമണിയിച്ച് യുദ്ധക്കളത്തിലേയ്ക്ക് യാത്രയാക്കുന്ന ഭാവം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
മുളക് ചെറുത് കുത്തല്‍ വലുത്
അക്കാലത്ത് ബാല സ്വയംസേവകര്‍ പോലും എത്രമാത്രം നിര്‍ഭയരായി, തന്റേടത്തോടെ ഉരുളയ്ക്കുപ്പേരി എന്ന തരത്തില്‍ മറുപടി കൊടുത്തിരുന്നു എന്നതിന്റെ ഹൃദയസ്പര്‍ശിയായ ഒരു സംഭവം കുറിക്കുന്നു. സത്യഗ്രഹം തുടങ്ങിയതിന്റെ ഫലമായി നൈനി സെന്‍ട്രല്‍ ജയിലില്‍ ആയിരക്കണക്കിന് സത്യഗ്രഹികള്‍ എത്തിയിരുന്നു. ആരംഭത്തില്‍ ഈ തടവുകാരെല്ലാം പരേഡിന് വിധേയരാകേണ്ടിയിരുന്നു. ഒരു ദിവസം ഒരു പ്രമുഖ വ്യക്തി ജയില്‍ നിരീക്ഷണത്തിനായി എത്തി. എല്ലാ തടവുകാരും ഒരു വരിയായി നിരന്നുനിന്നു. അക്കൂട്ടത്തില്‍ രജുഭയ്യയെപോലെ വരിഷ്ഠകാര്യകര്‍ത്താക്കന്മാരും 12-13 വയസുള്ള ഒരു ബാല സ്വയംസേവകനുമുണ്ടായിരുന്നു. ജയില്‍ നിരീക്ഷകന്‍ ഓരോരുത്തരുമായി സംസാരിച്ച് ആ ബാല സ്വയംസേവകന്റെ മുന്നിലെത്തി. അയാളെ കണ്ട് അത്ഭുതപ്പെട്ടുകൊണ്ട് കളിയാക്കുന്ന ഭാവത്തില്‍ ”ഓ…. നീയും ഈ ചെറുപ്രായത്തില്‍ നേതാവാകാന്‍ വന്നിരിക്കയാണോ?” എന്ന് ചോദിച്ചു. ആ ചോദ്യത്തിന്റെ മര്‍മ്മം മനസ്സിലാക്കിയ ബാലന്‍ ”സര്‍, താങ്കള്‍ കാന്താരിമുളക് കണ്ടിട്ടുണ്ടോ?” എന്ന് ചോദിച്ചു. ആ ഉദ്യോഗസ്ഥന്‍ ആ ചോദ്യം ബാല സഹജമായ ജിജ്ഞാസയാണെന്ന് ധരിച്ച് ”ഉവ്വ്, ഞാന്‍ കണ്ടിട്ടുണ്ടല്ലോ” എന്നുത്തരം കൊടുത്തു. ”എങ്കില്‍ താങ്കള്‍ അത് രുചിച്ച് നോക്കിയിട്ടുമുണ്ടാകുമല്ലോ. മുളക് ചെറുതാണെങ്കിലും എരിവ് കഠിനമായിരിക്കും. അങ്ങയെപ്പോലെയുള്ള മുതിര്‍ന്നവരുടെ മുഖംപോലും ചുളിഞ്ഞുപോകുന്ന എരിവുണ്ടാകുകയില്ലേ? ഞാനും അതുപോലെയുള്ള ബാല സ്വയംസേവകനാണ്. വയസില്‍ കുറവാണെങ്കിലും വെല്ലുവിളിയുമായി ഞങ്ങളും ജയിലില്‍ വന്നിരിക്കുകയാണ്.” ഇത്രയും എരിവുള്ള വാക്കുകള്‍ കേട്ടതോടെ അദ്ദേഹം മുഖംതിരിച്ച് പരേഡ് മതിയാക്കി തിരിച്ചുപോയി.
വിഷമഘട്ടത്തിലാണ് മനുഷ്യന്റെ യഥാര്‍ത്ഥ കഴിവുകള്‍ പ്രകടമാവുക എന്നു പറയാറുണ്ട്. അക്കാലത്ത് ബാല സ്വയംസേവകര്‍ എത്രമാത്രം സാഹസികമായും നിര്‍ഭയമായും തന്ത്രപരമായുമാണ് പെരുമാറിയതെന്ന് കാണുമ്പോള്‍ ആശ്ചര്യവും ആനന്ദവും ഉണ്ടാവുന്നതാണ്. പൂര്‍വ്വ ഉത്തര്‍പ്രദേശിലെ പ്രാന്ത പ്രചാരകനായിരുന്ന പ്രതാപ് നാരായണ്‍ മിശ്ര ഇത്തരം ഒരനുഭവത്തെക്കുറിച്ച് പറയുന്നു. മിശ്രാജി അക്കാലത്ത് ബഹറൈച്ച് ജില്ലാ കലക്‌ട്രേറ്റില്‍ പകര്‍പ്പെടുക്കുന്ന ജോലിയിലായിരുന്നു. പുറത്തെ ശബ്ദം കേട്ട് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് ചിലര്‍ ഓടിപ്പോയി. ഒരാള്‍ തിരികെ വന്ന് മിശ്രാജിയോട് പറഞ്ഞു:- ”പുറത്ത് ഒരു തമാശ നടക്കുന്നു. പോയി നോക്കാം.” എല്ലാവരും ഓഫീസിന് പുറത്തെത്തിയപ്പോള്‍ കണ്ട കാഴ്ച – ഒരു പോലീസുകാരന്‍ ഒരു ബാലന്റെ കൈപിടിച്ച് നില്‍ക്കുന്നു. ആ ബാലന്‍ ഉറക്കെ വിളിച്ചു പറയുന്നു. ”സാറേ, സംഘം വളരെ നല്ലതായിരിക്കാം എന്നാല്‍ ആ ലഘുലേഖ എന്റെ കയ്യില്‍ കെട്ടിവെച്ച് എ ന്നെ ആര്‍.എസ്.എസ്സുകാരനാക്കാനുള്ള കാര്യം നടപ്പില്ല” എന്ന്. ആ ബാലന്‍ സംഘത്തിന്റെ ലഘുലേഖ വിതരണം നടത്തുകയായിരുന്നു. പോലീസ് പിടിച്ചയുടനെ ‘ലഘുലേഖ തന്നെക്കൊണ്ട് പിടിപ്പിക്കുവാന്‍ പോലീസ് ശ്രമിക്കുകയാണെ’ന്ന് അയാള്‍ നിലവിളിച്ചുതുടങ്ങി. വിതരണം ചെയ്യപ്പെട്ട ലഘുലേഖകള്‍ ജനങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്നു. എങ്കിലും ഈ ബാലന്റെ തന്‍മയത്വത്തോടെയുള്ള പറച്ചില്‍ കാരണം പോലീസുകാരനേക്കാള്‍ ആ ബാലന്‍ പറയുന്നതാണ് ജനങ്ങള്‍ വിശ്വസിച്ചത്. നാട്ടുകാരെല്ലാം പോലീസുകാരനെതിരെയായി. അവനില്‍നിന്നും പൈസ തട്ടാനായി പോലീസ് പരിശ്രമിക്കുകയാണെന്ന് ജനങ്ങള്‍ കുറ്റപ്പെടുത്തി.”ഇവന്റെ കയ്യില്‍ തന്നെയായിരുന്നു ലഘുലേഖകള്‍. ഇവന്‍ അഭിനയിക്കുകയാണ്” എന്ന പോലീസുകാരന്റെ വാദങ്ങളൊന്നും ജനങ്ങള്‍ ചെവിക്കൊണ്ടില്ല. പാവം പോലീസുകാരന്‍ വിഷമത്തിലായി!
(തുടരും)
1 പിന്നീടദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലകനായി.