- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ബാലിയുടെ സുഗ്രീവ വേട്ട (വീരഹനുമാന്റെ ജൈത്രയാത്ര 21)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
കുരങ്ങന്മാര്‍ മാത്രം ജീവിക്കുന്ന ഒരു നാടായിരുന്നു കിഷ്‌ക്കിന്ധ. അവിടത്തെ ശക്തിമാനായ രാജാവായിരുന്നു ബാലി. ബാലിയുടെ സഹോദരനായിരുന്നു സുഗ്രീവന്‍.
ജ്യേഷ്ഠന്റെ തണലില്‍ ഒരു യുവരാജാവിന്റെ പ്രൗഢിയോടും അന്തസ്സോടും കൂടിയാണ് സുഗ്രീവന്‍ അവിടെ കഴിഞ്ഞുവന്നത്.
എന്നാല്‍ ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. അസുരശില്പിയായ മയന്റെ മകന്‍ മായാവി ഒരുദിവസം പാതിരാത്രിയില്‍ ബാലിയുടെ കൊട്ടാരവാതില്‍ക്കലെത്തി. ഭീമാകാരനും തന്ത്രശാലിയുമായ മായാവിയ്ക്ക് ബാലിയെ തോല്‍പ്പിച്ച് രാജാവാകണമെന്ന മോഹമുണ്ടായിരുന്നു. അതിനായിട്ടാണ് അവന്‍ അവിടെ എത്തിയത്. കൊട്ടാരവാതില്‍ക്കല്‍ നിന്നുകൊണ്ട് അവന്‍ ബാലിയെ വെല്ലുവിളിച്ചു: ”ധൈര്യമുണ്ടെങ്കില്‍ ഇറങ്ങിവാടാ വാനരാ, നിന്നെ ഞാന്‍ കണ്ടം തുണ്ടമാക്കും”.
വെല്ലുവിളികേട്ട് ക്രുദ്ധനായ ബാലി കുതിച്ചുചാടി പുറത്തേക്കുചെന്നു. ജ്യേഷ്ഠന്റെ പിന്നാലെ സുഗ്രീവനും പുറപ്പെട്ടു. ബാലി-സുഗ്രീവന്മാരെ ഒരുമിച്ചുകണ്ടതോടെ മായാവി പിന്തിരിഞ്ഞോടി. എങ്കിലും ബാലിസുഗ്രീവന്മാര്‍ അവനെ പിന്‍തുടര്‍ന്നു. വളരെ ദൂരത്തോളം അവര്‍ ഓടി.
ഒടുവില്‍ മായാവി അവിടെ കണ്ട ഒരു ഗുഹയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി. അപ്പോള്‍ ബാലി പറഞ്ഞു: ”സുഗ്രീവാ, ഞാന്‍ മായാവിയെ കൊന്നിട്ടേ തിരിച്ചുവരൂ. ഞാന്‍ മടങ്ങിയെത്തുംവരെ നീ ഈ ഗുഹാകവാടത്തില്‍ കാവല്‍ നില്‍ക്കണം. മായാവി മരിച്ചാല്‍ ഗുഹാകവാടത്തില്‍ ക്ഷീരം കാണപ്പെടും. ഞാനാണു മരിക്കുന്നതെങ്കില്‍ ചോരത്തുള്ളികളാവും കാണുക. അങ്ങനെ ചോരത്തുള്ളികള്‍ കണ്ടാല്‍ ഞാന്‍ കൊല്ലപ്പെട്ടെന്നു കരുതി നീ ഗുഹയുടെ കവാടം പാറകൊണ്ട് അടച്ചുറപ്പിക്കണം. എന്നിട്ട് കിഷ്‌ക്കിന്ധയിലെ പുതിയ രാജാവായി സ്ഥാനമേല്‍ക്കണം”.
ഇത്രയും പറഞ്ഞശേഷം ബാലി ഗുഹയിലേക്ക് പാഞ്ഞുകയറി. സുഗ്രീവന്‍ പുറത്തുകാവല്‍നിന്നു. ഒരുകൊല്ലം കഴിഞ്ഞിട്ടും ബാലി തിരിച്ചെത്തിയില്ല. ഗുഹയ്ക്കകത്തു നടന്ന ഏറ്റുമുട്ടലില്‍ മായാവിയാണ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടത്. എങ്കിലും മായാവിയുടെ മായാവിദ്യകൊണ്ട് ക്ഷീരത്തിനുപകരം ചോരത്തുള്ളികളാണ് ഗുഹാകവാടത്തില്‍ കണ്ടത്. അതോടെ ബാലി കൊല്ലപ്പെട്ടു എന്നുവിചാരിച്ച് കൊട്ടാരത്തില്‍ തിരിച്ചെത്തിയ സുഗ്രീവന്‍ പുതിയ രാജാവായി സ്ഥാനമേറ്റു. ആശ്ചര്യമെന്നുപറയട്ടെ; ഈ സന്ദര്‍ഭത്തിലാണ് സാക്ഷാല്‍ ബാലി തിരിച്ചുകൊട്ടാരത്തിലെത്തിയത്.
”ചതിയാ, നീയെന്ന പറ്റിച്ച് രാജസ്ഥാനം തട്ടിയെടുത്തു അല്ലേ?”
ബാലി തന്നെ കൊല്ലുമെന്നുപേടിച്ച് സുഗ്രീവന്‍ കുറേ അകലെയുള്ള ‘ഋശ്യമൂകം’ എന്നുപേരുള്ള ഒരുവലിയ മലയിലേക്ക് ഒളിച്ചോടി. പിന്നെ അവിടെ താമസമാക്കി. അപ്പോള്‍ സുഗ്രീവന്റെ മന്ത്രിയായി വിവേകശാലിയും ശക്തിമാനുമായ വീരഹനുമാനും കൂടെയുണ്ടായിരുന്നു. തന്റെ ഗുരുവായിരുന്ന സൂര്യദേവന്റെ ആഗ്രഹപ്രകാരമാണ് ഹനുമാന്‍ സുഗ്രീവന്റെ മന്ത്രിയാകാന്‍ എത്തിച്ചേര്‍ന്നത്.
ബാലി വലിയ ബലശാലിയായിരുന്നെങ്കിലും ഋശ്യമൂക പര്‍വ്വതത്തിലേക്ക് കടന്നുചെല്ലാന്‍ ആ വാനരരാജാവിന് കഴിയുമായിരുന്നില്ല. ആ മലയില്‍ പ്രവേശിച്ചാല്‍ തല പൊട്ടിത്തെറിച്ചു മരിക്കുമെന്ന് ഒരു മുനീന്ദ്രന്‍ നേരത്തെ ബാലിയെ ശപിച്ചിരുന്നു. അതുകൊണ്ട് സുഗ്രീവന്റെ കൊട്ടാരത്തിലേക്ക് കടന്നുചെല്ലാന്‍ ബാലി ഒരിക്കലും ധൈര്യപ്പെട്ടില്ല.
സുഗ്രീവനെ ഏതൊക്കെ തരത്തില്‍ ഉപദ്രവിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചുമാത്രമായിരുന്നു ഓരോ നിമിഷവും ബാലിയുടെ ചിന്ത. ഒടുവില്‍ അതിന് ബാലി ഒരു വഴി കണ്ടെത്തുകയും ചെയ്തു.
ഓരോ ദിവസവും നാലു സമുദ്രങ്ങളില്‍ മുങ്ങിക്കുളിച്ചു മടങ്ങുന്ന പതിവ് ബാലിയ്ക്കുണ്ടായിരുന്നു. ആകാശത്തിലൂടെയായിരുന്നു യാത്ര. കുളികഴിഞ്ഞ് സുഗ്രീവന്‍ താമസിക്കുന്ന മലയുടെ മീതെയായിരുന്നു മടക്കയാത്ര. അവിടെയെത്തുമ്പോള്‍ ബാലി പരുന്തിനെപ്പോലെ വട്ടംചുറ്റി താഴോട്ടിറങ്ങും. എന്നിട്ട് സുഗ്രീവന്റെ തലയില്‍ ‘പ്ധും!’ എന്നൊരു ഉഗ്രന്‍ ചവിട്ടുകൊടുക്കും! ഇത് ബാലിയുടെ ഒരു നിത്യവിനോദമായിരുന്നു. ബാലിയുടെ ചവിട്ടേറ്റ് പാവം സുഗ്രീവന്റെ തലമണ്ട ചളുങ്ങിയ മട്ടായി.
ബാലിയുടെ ഈ പതിവുവിനോദം സുഗ്രീവന്റെ മന്ത്രിയായ വീരഹനുമാന്‍ കാണുന്നുണ്ടായിരുന്നു. ഹനുമാന് വല്ലാത്ത കോപം വന്നു.
”ഇനി സുഗ്രീവനെ ചവിട്ടിയാല്‍ ബാലിയെ വലിച്ച് ഇവിടെ ഇറക്കണം. ആ തെമ്മാടി തലപൊട്ടിത്തെറിച്ചുചാകട്ടെ!” -ഹനുമാന്‍ വിചാരിച്ചു.
ഒരുദിവസം ഹനുമാന്‍ എല്ലാ ഒരുക്കങ്ങളോടും കൂടി ബാലിയെ പിടികൂടാന്‍ കാത്തിരുന്നു. പതിവുപോലെ ബാലി താഴ്ന്നിറങ്ങി അനുജനെ ചവിട്ടാന്‍ കാലോങ്ങി. ഈ തക്കംനോക്കി ഹനുമാന്‍ ഓടിച്ചെന്ന് ബാലിയുടെ കാലില്‍ പിടിച്ച് താഴോട്ടുവലിച്ചു. ഭൂമിയില്‍ തൊട്ടുതൊട്ടില്ല എന്നായപ്പോള്‍ ബാലി സര്‍വ്വശക്തിയുമെടുത്ത് ഒരു കഴുകനെപ്പോലെ മുകളിലേക്ക് കുതിച്ചുയര്‍ന്നു.
ഇതുകണ്ട് രോഷംപൂണ്ട വീരഹനുമാന്‍ പിടിവിടാതെ ആ ശക്തിമാനെ താഴേയ്ക്ക് ആഞ്ഞുവലിച്ചു. അതോടെ പിടിവലി മുറുകി. നിലത്തു കാല്‍ തൊട്ടുപോയാല്‍ തന്റെ കഥ തീരുമെന്ന് ബാലി നന്നായി മനസ്സിലാക്കി. പിന്നെ ഒരു ജീവന്മരണപ്പോരാട്ടമാണ് ബാലി നടത്തിയത്. മേലോട്ട് ഉയര്‍ന്നുപൊങ്ങാന്‍ ബാലിയ്‌ക്കോ താഴേയ്ക്കു വലിച്ചിടാന്‍ ഹനുമാനോ സാധിച്ചില്ല. എങ്കിലും കാര്യങ്ങള്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നതെന്ന് ബാലി മുന്‍കൂട്ടി കണ്ടു.
”ആഞ്ജനേയാ, എന്നെ വിടൂ; ഈ മലയില്‍ കാലുകുത്തിപ്പോയാല്‍ ആ നിമിഷം ഞാന്‍ തലപൊട്ടിച്ചാകും” – ബാലി ആര്‍ത്തുകരഞ്ഞു.
”എങ്കില്‍ ഇനി ഒരിക്കലും സുഗ്രീവനെ ഉപദ്രവിക്കില്ലെന്ന് ബാലി ശപഥം ചെയ്യണം”
-ഹനുമാന്‍ നിര്‍ബ്ബന്ധിച്ചു.
ഗത്യന്തരമില്ലെന്നു കണ്ടതോടെ ബാലി ഹനുമാനോടു പറഞ്ഞു: ”ആഞ്ജനേയാ, താങ്കള്‍ എന്നെ വിട്ടേയ്ക്കൂ. ഞാന്‍ ഇനിമേലില്‍ ഒരിക്കലും സുഗ്രീവനെ ഉപദ്രവിക്കില്ല”.
-അതുകേട്ടതോടെ ഹനുമാന് സന്തോഷമായി. ഹനുമാന്‍ പറഞ്ഞു: ”എനിക്ക് ഇത്രയേ വേണ്ടൂ. സുഗ്രീവന്‍ ഒരു പാവമാണ്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ നല്ലവനായ ആ വാനരശ്രേഷ്ഠനെ ഇങ്ങനെ നിത്യവും വേട്ടയാടിക്കൊണ്ടിരിക്കുന്നത് മഹാപാപമാണ്”.
ഹനുമാന്‍ പറയുന്നത് സത്യമാണെന്ന് ബാലി തിരിച്ചറിഞ്ഞു. ബാലി ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചുപറഞ്ഞു: ”ദുഷ്ടലാക്കോടുകൂടി ഞാന്‍ മേലിലൊരിക്കലും ഋശ്യമൂക പര്‍വ്വതത്തിനു മുകളിലൂടെ പറക്കുകയില്ല; ഇതു സത്യം സത്യം സത്യം!”
”എങ്കില്‍ ഇനി സന്തോഷപൂര്‍വ്വം നാട്ടിലേക്കു പൊയ്‌ക്കോളൂ”. ഹനുമാന്‍ ബാലിയെ വിട്ടയച്ചു.
പിറ്റേന്നുമുതല്‍ സുഗ്രീവന് സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിനങ്ങളായിരുന്നു. പിന്നീടൊരിക്കലും ബാലി അതുവഴി വരികയോ സുഗ്രീവനെ ഉപദ്രവിക്കുകയോ ചെയ്തില്ല. ഹനുമാന്റെ ബുദ്ധിപൂര്‍വ്വമായ ഇടപെടലാണ് സുഗ്രീവന് തുണയായത്.
(തുടരും)