- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ഭാഗ്യവാനായ ഗന്ധര്‍വ്വന്‍ (വീരഹനുമാന്റെ ജൈത്രയാത്ര 22)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ഒരിക്കല്‍ വീരഹനുമാന്‍ ഒരു വനാന്തരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ചുള്ളിക്കമ്പുകള്‍ ഒടിച്ചെറിഞ്ഞും വള്ളിത്തലപ്പുകള്‍ വകഞ്ഞുമാറ്റിയും ഹനുമാന്‍ മുന്നോട്ടുനീങ്ങി.
ശക്തമായ ചൂടേറ്റ് ഹനുമാന്റെ ശരീരമാകെ വിയര്‍പ്പില്‍ മുങ്ങി. കത്തിക്കാളുന്ന വിശപ്പും ദാഹവും കൊണ്ട് ഹനുമാന്‍ വല്ലാതെ വലഞ്ഞു. അപ്പോഴാണ് ഒരു കാട്ടുപൊന്തയ്ക്കുള്ളില്‍ പലതരം കാട്ടുപഴങ്ങള്‍ തൂങ്ങിയാടുന്നതുകണ്ടത്. ഹനുമാന്‍ വേഗം കാട്ടുപൊന്തയിലേക്ക് പാഞ്ഞുകയറി ഒരു പഴക്കുലയിലേക്ക് കൈനീട്ടി. പെട്ടെന്നാണ് പിന്നില്‍നിന്ന് വലിയൊരു മൂളക്കം കേട്ടത്. ആഞ്ജനേയന്‍ ഞെട്ടിത്തിരിഞ്ഞ് പിന്നോട്ടുനോക്കി. അപ്പോഴെന്താ? ഒരു കൂട്ടം കാട്ടുകടന്നലുകള്‍ മൂളിപ്പാഞ്ഞുവരികയാണ്!
പിന്നെ കാട്ടുപഴം തിന്നാനൊന്നും ഹനുമാന്‍ അവിടെ നിന്നില്ല. ഉള്‍ക്കാട്ടിലൂടെ ഒരു പാച്ചിലായിരുന്നു. ഏതായാലും കാട്ടുകടന്നലുകളുടെ കുത്തേല്‍ക്കാതെ അവിടെനിന്നും രക്ഷപ്പെട്ടു. എങ്കിലും ദാഹം കത്തിക്കാളുകയായിരുന്നു.
”ഹൊ! ഒരിത്തിരി ദാഹജലമെങ്കിലും കിട്ടിയിരുന്നെങ്കില്‍?”-ഹനുമാന്‍ പിന്നെയും നാലുപാടും കണ്ണോടിച്ചു.
അപ്പോഴാണ് കാടിന്റെ ഉള്ളിലായി വിശാലമായ ഒരു കുളം കണ്ടത്: ”ഹായ്! നല്ല തെളിനീരുകുടിക്കാം” -ഹനുമാന്‍ സന്തോഷത്തോടെ കുളത്തിലേക്ക് ചാടിയിറങ്ങി കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് ചൂണ്ടോടടുപ്പിച്ചു. അപ്പോള്‍ കേള്‍ക്കാം ഇടിമുഴക്കം പോലൊരു ഗര്‍ജ്ജനം! ”ആരെടാ എന്റെ കുളത്തിലിറങ്ങി വെള്ളം കുടിക്കുന്നത്? കാട്ടാനയും കാട്ടുപോത്തും ഇറങ്ങാന്‍ ധൈര്യപ്പെടാത്ത ഈ കുളത്തിലിറങ്ങാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു?”
ഹനുമാന്‍ പെട്ടെന്നു ഞെട്ടിത്തിരിഞ്ഞ് നാലുഭാഗത്തേക്കും കണ്ണോടിച്ചു: ആരാണാവോ ഈ വലിയ ശബ്ദത്തിന്റെ ഉടമ?
പക്ഷേ ഹനുമാന്‍ അവിടെയെങ്ങും ആരെയും കണ്ടില്ല. ആരായാലും നേരിടുകതന്നെ! ഹനുമാന്‍ മനസ്സിലുറപ്പിച്ചു. ആഞ്ജനേയന്‍ ഉറക്കെ വിളിച്ചുപറഞ്ഞു: ”കാടിന്റെ മറവില്‍ ഒളിഞ്ഞിരിക്കുന്ന ഭീരൂ നീയാരാണ്? ധൈര്യമണ്ടെങ്കില്‍ മുന്നോട്ടുവരൂ.”
പെട്ടെന്ന് കാട്ടിന്നുള്ളില്‍നിന്നും ഒരു വലിയ അട്ടഹാസം മുഴങ്ങിക്കേട്ടു: ”ഹഹ് ഹഹ് ഹഹ്ഹ! എനിക്കുമാത്രം അവകാശപ്പെട്ട ഈ കാട്ടില്‍വന്ന് എന്നെ ഭയപ്പെടുത്താന്‍ ധൈര്യമുള്ള നീയാര്? നിന്നെ ഞാന്‍ ഈ നിമിഷം വിഴുങ്ങും!”
പെട്ടെന്ന് കാടിനെ ഇളക്കിമറിച്ചുകൊണ്ട് കൊടുങ്കാറ്റുപോലെ ഒരു രാക്ഷസന്‍ ഹനുമാന്റെ മുന്നിലേക്കു ചാടിവീണു! എങ്കിലും ഹനുമാന്‍ തല്‍ക്കാലം അവന്റെ മുന്നില്‍നിന്ന് ഒഴിഞ്ഞുമാറി. അതുകണ്ടപ്പോള്‍ രാക്ഷസന്റെ കോപം ഇരട്ടിച്ചു. അവന്‍ വലിയൊരു മരം പിഴുതെടുത്ത് ഹനുമാനെ
ആക്രമിച്ചു.
രാക്ഷസന്റെ അടികൊള്ളാതിരിക്കാന്‍ മേലോട്ടു ചാടിയ ആഞ്ജനേയന്‍ രാക്ഷസന്റെ കുന്നുപോലുള്ള പെരുവയറിനു നോക്കി ആഞ്ഞൊരു ചവിട്ടുകൊടുത്തു: ‘പ്ധും!’
ചവിട്ടുകൊണ്ട രാക്ഷസന്‍ പെട്ടെന്ന് വായ്‌പൊളിച്ചു. അപ്പോള്‍ അവന്റെ വയറ്റില്‍ ദഹിക്കാതെ കിടന്നിരുന്ന ഒരു വലിയ കാട്ടുപോത്ത് പുറത്തേക്കു ചാടി! കുറേക്കൂടി ദേഷ്യംവന്ന രാക്ഷസന്‍ തൊട്ടടുത്തുള്ള ഒരു കുന്ന് പൊക്കിയെടുത്ത് ഹനുമാന്റെ നേര്‍ക്ക് വലിച്ചെറിഞ്ഞു. പക്ഷേ ഹനുമാന്‍ പെട്ടെന്ന് അവിടെനിന്ന് ചാടി മാറിക്കളഞ്ഞു. അങ്ങനെ ഏറുകൊള്ളാതെ ഹനുമാന്‍ രക്ഷപ്പെട്ടു. എങ്കിലും അതോടെ അവരുടെ പോരാട്ടം മുറുകി. ഒരാളും പിന്നോക്കം പോകാന്‍ തയ്യാറായില്ല. അടിയും ഇടിയും കൂത്തും വെട്ടും ‘ഗ്വാഗ്വാ’ വിളികളും കൊണ്ട് അന്തരീക്ഷം മുഖരിതമായി.
തന്റെ മുന്നിലുള്ള രാക്ഷസന്‍ തീരെ നിസ്സാരനല്ലെന്നും അവന്‍ ശക്തനായ ഒരു മായാവി കൂടിയാണെന്നും ആഞ്ജനേയന്‍ തിരിച്ചറിഞ്ഞു.
‘പരമശിവന്റെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ ഈ ഭയങ്കരനെ നേരിടാന്‍ കഴിയൂ.’ എന്ന് ഹനുമാന്‍ മനസ്സില്‍ കണക്കുകൂട്ടി.
ഹനുമാന്‍ താമസിയാതെ പരമശിവനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു: ”ഓം…. നമശ്ശിവായ!….. ഓം! നമശ്ശിവായ!”
പരമശിവന്‍ പുഞ്ചിരിച്ചുകൊണ്ട് തന്റെ കണ്‍മുന്നില്‍ നില്‍ക്കുന്നതായി ഹനുമാനുതോന്നി. ഒരിക്കല്‍ കൂടി ശിവനെ ധ്യാനിച്ചുകൊണ്ട് ഹനുമാന്‍ തൊട്ടടുത്തു നിന്ന ഒരു നീളന്‍ പുല്‍ക്കൊടി പറിച്ചെടുത്തു.
രാക്ഷസന്റെ നെഞ്ചിനുനേരെ ഉന്നം വെച്ചുകൊണ്ട് വീരഹനുമാന്‍ ആ പുല്‍ക്കൊടി തൊടുത്തുവിട്ടു. പെട്ടെന്ന് പുല്‍ക്കൊടി ഒരു ഉഗ്രന്‍ കുന്തമായി മാറുന്നത് ഹനുമാന്‍ കണ്ടു.
മൂളിപ്പാഞ്ഞുപോയ ആ കുന്തം കുതിച്ചുപാഞ്ഞുചെന്ന് രാക്ഷസന്റെ നെഞ്ചില്‍ തറച്ചു: ”പിധിം!” അടുത്തനിമിഷം തന്നെ അതിഭീകരനായ ആ രാക്ഷസന്‍ ഉഗ്രമായി അലറിക്കൊണ്ട് ഒരാനചരിയുംപോലെ അവിടെ മറിഞ്ഞുവീണൂ!
ആ നിമിഷം അവിടെ ഒരത്ഭുതം സംഭവിച്ചു. എന്തെന്നോ?
രാക്ഷസന്റെ ശരീരത്തില്‍നിന്ന് ഒരു ഗന്ധര്‍വ്വന്‍ ഹൃദ്യമായ ഒരു ചിരിയോടെ അവിടെ പ്രത്യക്ഷപ്പെട്ടു. ഗന്ധര്‍വ്വന്‍ പറഞ്ഞു: ”പ്രിയ ആഞ്ജനേയാ, ഒരു മുനിയുടെ ശാപത്താല്‍ ഭീകര രാക്ഷസനായി മാറിയ ഒരു ഗന്ധര്‍വ്വനാണ് ഞാന്‍. ഇപ്പോള്‍ അങ്ങയുടെ ഇടപെടല്‍ ഉണ്ടായതോടെ എനിക്ക് ശാപമോക്ഷം ലഭിച്ചിരിക്കുന്നു. അങ്ങ് അനശ്വരനാണ്. അങ്ങയെ മൂന്നുലോകങ്ങളും ഒപ്പം പ്രശംസിക്കട്ടെ!” – ഗന്ധര്‍വ്വന്‍ ഹനുമാന്റെ കാലുകള്‍ തൊട്ടുവണങ്ങി. അതിനുശേഷം ഗന്ധര്‍വ്വലോകത്തിലേക്ക് യാത്രയായി
(തുടരും)