- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
അമ്മ പോയതോടെ വാനരപ്പൈതല്‍ കൂടുതല്‍ സ്വതന്ത്രനായി. ഒരുദിവസം നന്നായി വിശപ്പുതോന്നിയപ്പോള്‍ അവന്‍ മേലോട്ടും താഴോട്ടുമെല്ലാം ഒന്നു കണ്ണോടിച്ചുനോക്കി: ‘അമ്മ പറഞ്ഞതുപോലുള്ള ചുവന്നുതുടുത്ത പഴങ്ങള്‍ എവിടെയെങ്കിലുമുണ്ടോ?’ എന്നായിരുന്നു ആ നോട്ടത്തിന്റെ സാരം.
പെട്ടെന്നാണ് കുറേമുകളിലായി ഒരു ചുവന്നുതുടുത്ത പഴം അവന്‍ കണ്ടത്: ”ഹായ്! എന്തൊരു രസികന്‍ പഴം! ഒറ്റക്കുതിപ്പിനു തന്നെ അതു വായിലാക്കണം” -വാനരപ്പൈതല്‍ മോഹിച്ചു.
ഒട്ടും വൈകാതെ ആ കുസൃതിക്കുരുന്ന് ആകാശത്തേക്ക് കുതിച്ചുചാടി. പക്ഷേ എന്തുഫലം? പഴത്തിലേക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. പഴം പിന്നെയും ഉയരത്തിലായിരുന്നു. കൂടുതല്‍ കൂടുതല്‍ വാശിയോടെ അവന്‍ പിന്നെയും
മേലോട്ടേയ്ക്ക് കുതിച്ചുപൊങ്ങി. താമസിയാതെ അവന്‍ ദേവലോകത്തിന്റെ അടുത്തെത്തി. അപ്പോഴാണ് കൊമ്പും തുമ്പിക്കൈയുമിളക്കിക്കൊണ്ട് ഐരാവതം അവിടെ ഒരിടത്ത് നില്‍ക്കുന്നതു കണ്ടത്. വെള്ളനിറമുള്ള ആ ഭീമന്‍ജന്തുവിനെ കണ്ടപ്പോള്‍ കുഞ്ഞിന് വലിയ കൗതുകം തോന്നി.
‘പഴം പിന്നെ പറിക്കാം.
ഇപ്പോള്‍ ഐരാവതത്തെ പിടികൂടാം’. വാനരക്കുഞ്ഞിന്റെ അടുത്ത കുതിപ്പ് ഐരാവതത്തിന്റെ നേര്‍ക്കായിരുന്നു.
തന്റെ വാഹനമായ ഐരാവതത്തെ പിടികൂടാന്‍ ഒരു കുട്ടിക്കുരങ്ങന്‍ കുതിച്ചുചാടുന്നത് കൊട്ടാരമുറ്റത്തു നിന്ന ദേവേന്ദ്രന്‍ കണ്ടു. ദേവേന്ദ്രന് എന്തെന്നില്ലാത്ത കോപം തോന്നി. അദ്ദേഹം തന്റെ സ്വന്തം ആയുധമായ വജ്രായുധം കയ്യിലെടുത്ത് കുട്ടിക്കുരങ്ങന്റെ നേരെ പ്രയോഗിച്ചു.
കഷ്ടമേ കഷ്ടം! ബാലവാനരന്റെ താടിയെല്ലിലാണ് വജ്രായുധം കൊണ്ടത്. താടിക്കു മുറിവേറ്റ ബാലവാനരന്‍ ബോധംകെട്ട് താഴേയ്ക്കുവീണു.
തന്റെ പ്രിയപുത്രന്‍ ബോധംകെട്ടു വീഴുന്നതു കണ്ട വായുദേവന്‍ വല്ലാതെ കോപിഷ്ഠനായി. അദ്ദേഹം അതുവഴി ചീറിപ്പാഞ്ഞുവന്നു.
”എന്റെ മകനെ കൈയേറ്റം ചെയ്യാന്‍ നാം ആരെയും അനുവദിക്കില്ല” -ചോരവാര്‍ന്നൊലിക്കുന്ന തന്റെ പുത്രനെ താങ്ങിയെടുത്തുകൊണ്ട് വായുദേവന്‍ പാതാളദേശത്തേക്കു പറന്നു. അദ്ദേഹവും മകനും പാതാളത്തില്‍ ഒളിച്ചു. അവര്‍ പിന്നെ പുറത്തേക്കു വന്നതേയില്ല.
വായുഭഗവാന്‍ പാതാളത്തിലേക്കു പോയതോടെ ഭൂമിയില്‍ വായുവില്ലാതായി. അതോടെ മനുഷ്യരും പക്ഷിമൃഗാദികളും സകല ജീവജാലങ്ങളും ശ്വാസംകിട്ടാതെ ആര്‍ത്തു കരയാന്‍ തുടങ്ങി: ”അയ്യോ! ഞങ്ങളെ രക്ഷിക്കണേ.. ഞങ്ങള്‍ക്കു ശ്വാസം മുട്ടുന്നേ! വായുഭഗവാനെ ഇവിടേയ്ക്ക് വേഗം വിളിച്ചു വരുത്തണേ!”
ജീവജാലങ്ങളുടെ ഈ ആര്‍ത്തനാദം സ്വര്‍ഗ്ഗത്തില്‍ നിദ്രയിലായിരുന്ന ബ്രഹ്‌മദേവന്റെ ചെവിയിലെത്തി. അദ്ദേഹം പെട്ടെന്ന് ദേവന്മാരുടെ ഒരു അടിയന്തരയോഗം വിളിച്ചുകൂട്ടി.
”എന്താ! ഇങ്ങനെ അടങ്ങിയിരുന്നാല്‍ മതിയോ? ഭൂമിയിലെ ജീവജാലങ്ങളുടെ ആര്‍ത്തനാദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ഇന്ദ്രന്‍ ബാലവാനരനെ ആക്രമിച്ചതും അതിന്റെ പേരില്‍ വായുഭഗവാന്‍ പിണങ്ങിപ്പോകാനിടയായതും വളരെ കഷ്ടമായിപ്പോയി. നമുക്കുടനെ പാതാളത്തിലേക്കു പോകണം” -ബ്രഹ്‌മദേവന്‍ എല്ലാവരോടുമായി പറഞ്ഞു.
”നമ്മള്‍ ചെന്നാല്‍ വായുഭഗവാന്‍ തിരിച്ചുവരുമോ?” -ദേവന്മാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു.
”അദ്ദേഹം വന്നില്ലെങ്കില്‍ ഭൂലോകത്തിന്റെ സ്ഥിതി എന്താകും? വായു കിട്ടാതെ മനുഷ്യരും മൃഗങ്ങളുമെല്ലാം ചത്തൊടുങ്ങും. ആദ്യം നമുക്ക് മുറിവേറ്റ വാനരപ്പൈതലിനെ ശുശ്രൂഷിച്ച് സുഖപ്പെടുത്തണം. പിന്നെ വായുഭഗവാനെ അനുനയിപ്പിച്ച് ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരണം” – ബ്രഹ്‌മദേവന്‍ വിശദമാക്കി.
”എങ്കില്‍ നമുക്ക് നാളെ പുലര്‍ച്ചയ്ക്കുതന്നെ പാതാളത്തിലേക്ക് പുറപ്പെടാം” -എല്ലാവരും ഒന്നടങ്കം തീരുമാനിച്ചു.
അതനുസരിച്ച് ദേവന്മാരെല്ലാം പിറ്റേന്ന് ഏഴരവെളുപ്പിനു തന്നെ കുളിച്ചൊരുങ്ങി പാതാളത്തിലേക്ക് യാത്രയായി. പോകുംവഴിയ്ക്ക് അവര്‍ മുറിവുണക്കുന്നതിനു പറ്റിയ പല ദിവ്യൗഷധങ്ങളും പച്ചമരുന്നുകളും ശേഖരിച്ചിരുന്നു. അല്പം ക്ലേശങ്ങളൊക്കെ സഹിക്കേണ്ടിവന്നെങ്കിലും നീണ്ടയാത്രയ്ക്കുശേഷം അവര്‍ പാതാളലോകത്തെത്തി വായുഭഗവാനേയും ബാലവാനരനേയും കണ്ടെത്തി.
ബ്രഹ്‌മദേവനും കൂട്ടരും സാന്ത്വനവാക്കുകള്‍ പറഞ്ഞ് കുറേനേരംകൊണ്ട് വായുഭഗവാനേയും ബാലവാനരനേയും ഒരുവിധം ആശ്വസിപ്പിച്ചു: ”വായുദേവാ, പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഇന്ദ്രന്‍ കുഞ്ഞിനെ ഉപദ്രവിച്ചുപോയതാണ്; ക്ഷമിക്കണം”.”
താമസിയാതെ ദേവന്മാര്‍ തങ്ങള്‍കൊണ്ടുവന്ന പച്ചമരുന്നുകളെല്ലാം ഉപയോഗിച്ച് ബാലവാനരനെ ശുശ്രൂഷിച്ചു. കുട്ടിയ്ക്ക് വലിയ സന്തോഷമായി. അവന്റെ താടിയ്‌ക്കേറ്റ മുറിവ് നിമിഷങ്ങള്‍കൊണ്ട് കരിഞ്ഞുണങ്ങി. താടിയ്ക്ക് ‘ഹനു’ എന്നും പേരുണ്ട്. ആയതിനാല്‍ ഹനുവിനു മുറിവേറ്റ ആ കുഞ്ഞിന് ദേവന്മാരെല്ലാം ചേര്‍ന്ന് ‘ഹനുമാന്‍’ എന്നു പേരിട്ടു.
”കൊള്ളാം; നല്ല സുന്ദരമായ പേര്!” -എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു.
അങ്ങനെ ബ്രഹ്‌മദേവന്റേയും മറ്റുദേവന്മാരുടേയും ഭാഗത്തുനിന്ന് നല്ലപെരുമാറ്റവും സ്‌നേഹവചസ്സുകളും ഉണ്ടായതോടെ വായുഭഗവാന്റെ വാശിയും വൈരാഗ്യവുമെല്ലാം ആറിത്തണുത്തു. അദ്ദേഹം കുഞ്ഞിനേയും തോളിലേറ്റി ഭൂമിയിലേക്കു തിരിച്ചുപറന്നു. അതോടെ മനുഷ്യര്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഭൂമിയിലെ മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം വലിയ സന്തോഷമായി.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ പേരില്‍ ദേവന്മാര്‍ ബാലഹനുമാന് ചില പ്രത്യേക അനുഗ്രഹങ്ങള്‍ നല്‍കി. ”നീ ഒരു നല്ല ഭക്തനായിത്തീരട്ടെ” യെന്ന് മഹാവിഷ്ണു അനുഗ്രഹിച്ചു. ”ഹനുമാന്‍ എല്ലാക്കാലത്തും അറിയപ്പെടട്ടെ” എന്നാണ് ബ്രഹ്‌മദേവന്‍ അനുഗ്രഹിച്ചത്. വീരവിക്രമനായിത്തീരുമെന്ന് ” മഹേശ്വരന്‍ വരം നല്‍കി. ”ഒരുകാലത്തും നിന്നെ അഗ്നി ബാധിക്കാതിരിക്കട്ടെ” എന്നാണ് അഗ്നിദേവന്‍ അനുഗ്രഹിച്ചത്. ”ഒരിക്കലും മൃത്യു നിന്നെ പിടികൂടാതിരിക്കട്ടെ” യെന്ന് യമധര്‍മ്മനും വരം നല്‍കി. അങ്ങനെ ബാലഹനുമാന്‍ ബാല്യത്തില്‍ത്തന്നെ മഹാപ്രതാപിയായിത്തീര്‍ന്നു.
‘ഹനുമാന്‍’ എന്ന് ദേവന്മാര്‍ പേരു നല്‍കിയെങ്കിലും അഞ്ജനയുടെ പുത്രനായതുകൊണ്ടാണ് പലരും ആ വാനരബാലനെ ആഞ്ജനേയന്‍ എന്ന് വിളിക്കാന്‍ താല്‍പ്പര്യം കാണിച്ചത്.
ബുദ്ധിയിലും ശക്തിയിലും പെരുമാറ്റരീതികളിലുമെല്ലാം ബാലഹനുമാന്‍ മറ്റാരെക്കാളും മുന്നില്‍ത്തന്നെയായിരുന്നു.
(തുടരും)