- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
അയോധ്യയിലെ പ്രശസ്തനായ രാജകുമാരനും വീരയോദ്ധാവുമായിരുന്നു ശ്രീരാമന്‍.
ശ്രീരാമന്റെ സഹധര്‍മ്മിണിയായിരുന്നു സുന്ദരിയും സുശീലയുമായ സീതാദേവി. ഒരിക്കല്‍ ആ സൗന്ദര്യധാമത്തെ രാക്ഷസരാജാവായ രാവണന്‍ തന്ത്രപൂര്‍വ്വം തട്ടിയെടുത്ത് അദ്ദേഹത്തിന്റെ രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോയി.
അലയടിക്കുന്ന ദക്ഷിണസമുദ്രത്തിന്റെ അക്കരെയായിരുന്നു ലങ്കാരാജ്യം സ്ഥിതിചെയ്തിരുന്നത്. സമുദ്രം കടക്കുക എന്നത് അക്കാലത്ത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും ശ്രീരാമനും ലക്ഷ്മണനും സീതയെത്തേടി ലങ്കയിലേക്കു പുറപ്പെടാന്‍
തന്നെ തീരുമാനിച്ചു.
”സീതാദേവി എവിടെയുണ്ടെന്ന് കൃത്യമായി കണ്ടുപിടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
അതിനുപറ്റിയ ഒരേഒരാള്‍ നമ്മുടെ ഹനുമാനാണ്. ഹനുമാന്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ സമുദ്രം ചാടിക്കടക്കാന്‍ സാധിക്കും”
– ലക്ഷ്മണന്‍ അഭിപ്രായപ്പെട്ടു.
”ങ്ഹാ, അതുശരിയാണ്. ഹനുമാന് എത്ര വലിയ ദൂരവും ചാടിക്കടക്കാനുള്ള ശക്തിയുണ്ട്. സീതയെ കണ്ടുപിടിക്കുന്ന കാര്യം നമുക്ക് ഹനുമാനെത്തന്നെ
ഏല്‍പ്പിക്കാം”. ശ്രീരാമന്‍ അനുജന്റെ അഭിപ്രായത്തെ പിന്‍താങ്ങി. അവര്‍ ഇരുവരും ചേര്‍ന്ന് ഇക്കാര്യം ഹനുമാനെ അറിയിച്ചു.
ശ്രീരാമഭക്തനായ ഹനുമാന്‍ സന്തോഷപൂര്‍വ്വം ഈ ചുമതല ഏറ്റെടുത്തു. ഹനുമാന്‍ പിറ്റേന്ന് പൂലര്‍ച്ചയ്ക്കുതന്നെ തികഞ്ഞ ഉത്സാഹത്തോടുകൂടി കടല്‍ത്തീരത്തേക്കു പുറപ്പെട്ടു. അവിടെ എത്തിയ ഹനുമാന് തന്റെ ശക്തിയെക്കുറിച്ച് ഒട്ടും ബോധമുണ്ടായിരുന്നില്ല. ഇത്ര വലിയ സമുദ്രം ചാടിക്കടക്കാന്‍ കുരങ്ങനായ തനിക്ക് കഴിയില്ലെന്നുതന്നെയായിരുന്നു ഹനുമാന്റെ ഉറച്ച വിശ്വാസം.
എന്തുചെയ്യണമെന്നറിയാതെ ഹനുമാന്‍ സമുദ്രത്തിലേക്കുറ്റുനോക്കിക്കൊണ്ട് കുറേനേരം അവിടെത്തന്നെ മരവിച്ചു നിന്നു. ഈ സമയത്താണ് വളരെ വിവേകശാലിയും ദീര്‍ഘദര്‍ശിയുമായ ജാംബവാന്‍ എന്ന അപ്പൂപ്പന്‍ കുരങ്ങ് അവിടേയ്ക്കു വന്നത്.
”ഹനുമാനേ, നീ എന്താണിങ്ങനെ ശങ്കിച്ചു നില്‍ക്കുന്നത്? എത്ര വലിയ സമുദ്രം ചാടിക്കടക്കാനും നിനക്കു കഴിയും. നീ നിന്റെ ശക്തിയെക്കുറിച്ചു മറന്നുപോയോ? രക്തത്തില്‍ ശിവാംശം കലര്‍ന്നിട്ടുള്ളവനാണ് നീ. ങും മടിച്ചുനില്‍ക്കേണ്ട; വേഗം ചാടിക്കോളൂ”.”
ജാംബവാന്‍ ഓര്‍മ്മപ്പെടുത്തിയതോടെ ഹനുമാന്‍ തന്റെ ശക്തി വീണ്ടും തിരിച്ചറിഞ്ഞു. ഹനുമാന്‍ തന്റെ സകല ശക്തിയും സംഭരിച്ചുകൊണ്ട് ഒറ്റച്ചാട്ടം! ”ടിഷ്യൂം!…..”
ഹനുമാന്‍ കടലിനുമുകളിലൂടെ ഒരു മായാവിമാനംപോലെ മുന്നോട്ടുനീങ്ങി. പക്ഷേ എന്തുചെയ്യാം? കുറച്ചുദൂരം ചെന്നപ്പോള്‍ പെട്ടെന്ന് സമുദ്രത്തിലെ തിരമാലകള്‍ ഇളകി മറിഞ്ഞു. കടലിന്നടിയില്‍ നിന്ന് ഒരു ഭീകരസര്‍പ്പം പാഞ്ഞുവന്ന് ഹനുമാന്റെ പോക്ക് തടയാന്‍ ശ്രമിച്ചു. അത് നിസ്സാര സര്‍പ്പമൊന്നുമായിരുന്നില്ല. നാഗമാതാവായ സുരസയായിരുന്നു അത്.
ഹനുമാന്റെ ദിവ്യശക്തി പരീക്ഷിച്ചറിയാന്‍ ദേവ-ഗന്ധര്‍വ്വാദികള്‍ നാഗമാതാവിനെ ഒരു ഭീകരരൂപിണിയുടെ വേഷത്തില്‍ അവിടേയ്ക്ക് പറഞ്ഞു വിടുകയായിരുന്നു.
ഹനുമാന്‍ സര്‍പ്പത്തോടു യാചിച്ചു: ”ഹേ! സര്‍പ്പറാണീ, നീയെന്നെ തടയരുത്. എനിക്ക് ഉടനെ ലങ്കയിലെത്തേണ്ടതുണ്ട്”.”
”ഇല്ല; നിന്നെ ഞാന്‍ ഒരു കാരണവശാലും കടത്തിവിടില്ല”. – സര്‍പ്പം വായ്പിളര്‍ന്ന് ഹനുമാനെ വിഴുങ്ങാനായി ഓടി അടുത്തു.
ആ നിമിഷം ഹനുമാന്‍ തന്റെ മായാശക്തികൊണ്ട് പത്തുയോജന വളര്‍ന്നുവലുതായി. ഇതുകണ്ട സുരസ ഇരുപതുയോജന വലുതായി.
”എന്ത്! നിന്റെ വമ്പത്തരം കൈയിലിരിക്കട്ടെ. അതെന്നോടുവേണ്ട!”” ഹനുമാന്‍ മുപ്പതുയോജന വളര്‍ന്നു. ഉടനെ സുരസ നാല്പതു യോജനയായി. ഇങ്ങനെ മല്‍സരിച്ചു മല്‍സരിച്ച് സുരസ നൂറുയോജന വളര്‍ന്ന് ഹനുമാനെ അമ്പരപ്പിച്ചു.
സുരസയുടെ മായാശക്തി മനസ്സിലാക്കിയ ഹനുമാന്‍ പിന്നെ വലുതായില്ല; ഒരു കുഞ്ഞുറുമ്പിന്റെ അത്ര ചെറുതായശേഷം വളരെ തന്ത്രപൂര്‍വ്വം സര്‍പ്പത്തിന്റെ വായിലേക്ക് കടന്ന് ചെവിയിലൂടെ പുറത്തുവന്നു!
ഹനുമാന്റെ ദിവ്യശക്തി പരീക്ഷിച്ചറിഞ്ഞ സുരസ നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ അനുഗ്രഹിച്ചു.
”മകനേ ആഞ്ജനേയാ, നിന്നിലുള്ള ദിവ്യശക്തി എത്രയുണ്ടെന്ന് അളക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. നീ മഹാശക്തനാണ്. നിന്നെ ഞാന്‍ അനുഗ്രഹിക്കുന്നു” -സുരസ സന്തോഷപൂര്‍വ്വം ഹനുമാനെ അനുഗ്രഹിച്ചു.
ഹനുമാന്‍ അതീവ സന്തുഷ്ടനായി ലങ്കയിലേക്കുള്ള തന്റെ പ്രയാണം തുടര്‍ന്നു.