- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- നാരദമഹര്‍ഷിയുടെ മണിവീണ (വീരഹനുമാന്റെ ജൈത്രയാത്ര 20)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
ബ്രഹ്‌മാവിന്റെ പുത്രനായിരുന്നു നാരദമഹര്‍ഷി. ബ്രഹ്‌മാവിന്റെ മടിത്തട്ടില്‍ നിന്നാണ് അദ്ദേഹം പിറവിയെടുത്തത്.
വലിയ വിഷ്ണുഭക്തനായ നാരദന്‍ ”നാരായണാ; നാരായണാ!” എന്നുരുവിട്ടുകൊണ്ട് സദാസമയവും ഊരുചുറ്റിക്കൊണ്ടിരിക്കും. എപ്പോഴും കൈയിലൊരു വീണയുണ്ടാകും. ഇടയ്ക്കിടെ ആ വീണമീട്ടി ചെല്ലുന്ന സ്ഥലങ്ങളിലിരുന്ന് മഹാവിഷ്ണുവിനെക്കുറിച്ചുള്ള പാട്ടുകള്‍ പാടും. തന്നില്‍ കവിഞ്ഞ മറ്റൊരു പാട്ടുകാരനും ഈ ലോകത്തില്‍ ഇല്ലെന്നായിരുന്നു മൂപ്പിലാന്റെ ഭാവം.
ഒരിക്കല്‍ നാരദമുനി മഹാവിഷ്ണുവിനെക്കുറിച്ചുള്ള പാട്ടുകള്‍ പാടിക്കൊണ്ട് ആകാശത്തുകൂടി സഞ്ചരിക്കുകയായിരുന്നു. പോകും വഴിയ്ക്ക് ഒരു വലിയമരത്തിന്റെ പൂമരക്കൊമ്പിലിരുന്ന് വീരഹനുമാന്‍ പാട്ടുപാടുന്നത് അദ്ദേഹം കേട്ടു.
ഉടനെ നാരദമഹര്‍ഷി താഴ്ന്നിറങ്ങി ഹനുമാന്റെ അരികിലേക്കു വന്നു. ഹനുമാന്‍ വളരെ ഭവ്യതയോടെ അദ്ദേഹത്തെ കൈവണങ്ങി. നാരദന്‍ പറഞ്ഞു: ”മാരുതീ, താങ്കളുടെ പാട്ടുകേട്ടിട്ടാണ് ഞാന്‍ താഴത്തിറങ്ങിയത്. എന്റെ അറിവില്‍ ഏറ്റവും നന്നായി പാടുന്ന ഒരാള്‍ ഞാന്‍ മാത്രമാണ്. താങ്കളുടെ പാട്ട് എങ്ങനെയുണ്ടെന്ന് ഒന്നു കേള്‍ക്കട്ടെ” -നാരദന്‍ ആവശ്യപ്പെട്ടു.
താമസിയാതെ ഇരുവരും താഴെയിറങ്ങി ഒരു പാറക്കൂട്ടത്തിനരികിലിരുന്നു. നാരദന്‍ തന്റെ കയ്യിലുള്ള മണിവീണ ഒരുപാറപ്പുറത്തു വച്ചിട്ട് ഹനുമാന്റെ മുന്നില്‍ വന്നിരുന്നു.
”ശരി; തുടങ്ങിക്കോളൂ. ഞാന്‍ താളം പിടിച്ചിരുന്നുകൊള്ളാം”.
നാരദമഹര്‍ഷിയെ കൈകൂപ്പി വണങ്ങിയിട്ട് ഹനുമാന്‍ പാടാന്‍ തുടങ്ങി. നല്ല ഇമ്പവും ഈണവും ശ്രുതി മധുരമായ ഒരു സ്തുതിഗീതമായിരുന്നു അത്. അതിമനോഹരമായ ആ പാട്ടുകേട്ട് നാരദമഹര്‍ഷി അന്തം വിട്ടിരുന്നു!
ഹനുമാന്റെ പാട്ടില്‍ ലയിച്ചുനിന്ന അവിടുത്തെ കരിമ്പാറപോലും ഇതിനിടയില്‍ അലിഞ്ഞുപോയി. നാണക്കേടും മാനക്കേടും തോന്നിയ നാരദമുനി ഇതിനിടയില്‍ പോകാനൊരുങ്ങി: ”എനിക്കിനിയും കുറേ ആശ്രമങ്ങള്‍കൂടി സന്ദര്‍ശിക്കാനുണ്ട്; പോകട്ടെ” -നാരദന്‍ എഴുന്നേറ്റ് തന്റെ വീണ വച്ചിരുന്ന സ്ഥലത്തേക്കു നടന്നു.
നാരദന്‍ കയ്യെത്തിച്ച് തന്റെ വീണയെടുക്കാന്‍ നോക്കി. അപ്പോഴല്ലേ രസം! തന്റെ മണിവീണ അതാ പാറയ്ക്കുള്ളില്‍ ഉറച്ചിരിക്കുന്നു. എത്ര ബലം പിടിച്ചുനോക്കിയിട്ടും വീണ അവിടെനിന്ന് അനങ്ങിയില്ല. ”ശ്ശെടാ! ഇതെന്തുകഥ! വീണ എങ്ങനെ കയ്യിലെടുക്കും?” – തനിയേ പിറുപിറുത്തുകൊണ്ട് നാരദന്‍ നാലുപാടും നോക്കി. അപ്പോള്‍ ഹനുമാന്‍ പറഞ്ഞു:
”മഹര്‍ഷേ, അങ്ങ് വലിയ പാട്ടുകാരനല്ലേ? ഒരു നല്ല പാട്ടുപാടി പാറ അലിയിച്ചോളൂ. അപ്പോള്‍പ്പിന്നെ വീണയെടുക്കുവാന്‍ ഒട്ടും പ്രയാസമുണ്ടാകില്ല”.
ഹനുമാന്‍ പറഞ്ഞതനുസരിച്ച് നാരദമഹര്‍ഷി നല്ലൊരു രാഗം പാടാന്‍ തുടങ്ങി.
പക്ഷേ, എന്തുപറയാന്‍! അഞ്ചാറുപാട്ടുകള്‍ പാടിയിട്ടും പാറയ്ക്ക് ഒരു കുലുക്കവും ഉണ്ടായില്ല. നാരദന്‍ മനോവിഷമത്തോടെ ഹനുമാനെ നോക്കി. യഥാര്‍ത്ഥത്തില്‍ ഈ സമയത്ത് ഹനുമാന്‍ ഉള്ളുകൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു!
നാരദന്‍ അപേക്ഷാ ഭാവത്തില്‍ പറഞ്ഞു: ”ആഞ്ജനേയാ, താങ്കള്‍ മനസ്സുവച്ചാലേ, ഇനി എന്റെ വീണ വീണ്ടെടുക്കാന്‍ കഴിയൂ”.
”അങ്ങേയ്ക്കുവേണ്ടി എന്തു സഹായം ചെയ്യാനും ഈ ആഞ്ജനേയന് ഒട്ടും മടിയില്ല” – ഹനുമാന്‍ പറഞ്ഞു.
”എങ്കില്‍ ഒരു നല്ല പാട്ടുപാടി ഈ കരിമ്പാറ അലിയിക്കണം. അപ്പോള്‍ എന്റെ വീണ വീണ്ടെടുക്കാനാവും”- നാരദമുനി ഹനുമാനെ വിനയപൂര്‍വ്വം നോക്കി.
”ശരി; അങ്ങനെയാണെങ്കില്‍ ഞാന്‍ അങ്ങേയ്ക്കുവേണ്ടി പാടാം” -ഹനുമാന്‍ പറഞ്ഞു.
ഒട്ടും താമസിച്ചില്ല; ഹനുമാന്‍ ധ്യാനലീനനായിരുന്ന് സ്വരശുദ്ധിയോടെ മധുരമധുരമായി പാടാന്‍ തുടങ്ങി. പാട്ട് പകുതിയായതേയുള്ളൂ. അപ്പോഴേയ്ക്കും കരിമ്പാറ മുഴുവനായും അലിഞ്ഞു. ഇതു മനസ്സിലാക്കിയ നാരദമുനി നടന്നുചെന്ന് മണിവീണ കയ്യിലെടുത്തു.
അതോടെ വീരഹനുമാന്‍ തന്റെ പാട്ട് അവസാനിപ്പിച്ചു. അപ്പോഴേക്കും കരിമ്പാറ വീണ്ടും പഴയ രൂപത്തിലായി കഴിഞ്ഞിരുന്നു. ഇതുകണ്ട നാരദമുനി ഹനുമാനെ കൈവണങ്ങിക്കൊണ്ട് പറഞ്ഞു:
”ആഞ്ജനേയാ, പാറപോലും അലിയിക്കുന്ന താങ്കളുടെ മധുരരാഗത്തിന്റെ മുന്നില്‍ എന്റെ പാട്ട് എത്രയോ നിസ്സാരം. വലിയ ഗായകനാണെന്ന് ഞാനിനി ഒരിക്കലും അഹങ്കരിക്കില്ല”.
നാരദമുനി തന്റെ വീണയും കൈയിലെടുത്ത് ”നാരായണ; നാരായണ!” എന്ന ദിവ്യ മന്ത്രവുമായി അവിടെനിന്നും യാത്രയായി. അതോടെ താന്‍ വലിയ പാട്ടുകാരനാണെന്നുള്ള നാരദന്റെ അഹങ്കാരം എന്നെന്നേയ്ക്കുമായി അവസാനിച്ചു.
(തുടരും)