- അഞ്ജനയുടെ ആരോമലുണ്ണി (വീരഹനുമാന്റെ ജൈത്രയാത്ര 1)
- ബാലഹനുമാന്‍ പാതാളത്തില്‍ (വീരഹനുമാന്റെ ജൈത്രയാത്ര 2)
- സൂര്യദേവന്റെ അനുഗ്രഹം (വീരഹനുമാന്റെ ജൈത്രയാത്ര 3)
- മൈനാക പര്‍വ്വതത്തിന്റെ സ്‌നേഹസല്‍ക്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 6)
- തൃണബിന്ദു മുനിയുടെ മഹാശാപം (വീരഹനുമാന്റെ ജൈത്രയാത്ര 4)
- ഭീകരസര്‍പ്പത്തിന്റെ പരാക്രമങ്ങള്‍ (വീരഹനുമാന്റെ ജൈത്രയാത്ര 5)
- സിംഹികയുടെ പതനം (വീരഹനുമാന്റെ ജൈത്രയാത്ര 7)
നാഗമാതാവായ സുരസയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഹനുമാന്‍ കൂടുതല്‍ ഉത്സാഹത്തോടും ഉണര്‍വ്വോടും കൂടിയാണ് മുന്നോട്ടു നീങ്ങിയത്. മുകളില്‍ വിശാലമായ നീലാകാശം! താഴെ അലയടിക്കുന്ന മഹാസമുദ്രം! അതിനിടയിലൂടെയുള്ള യാത്ര വളരെ രസകരമായിട്ടാണ് ഹനുമാന് അനുഭവപ്പെട്ടത്. എങ്കിലും ഇടയ്ക്കുവച്ച് ദാഹവും വിശപ്പും ആ വാനരശ്രേഷ്ഠനെ വല്ലാതെ കുഴക്കി. പക്ഷേ കടലിനും ആകാശത്തിനുമിടയില്‍ നിന്ന് എന്തുതിന്നാന്‍ കിട്ടാനാണ്?
വിശപ്പും ദാഹവുമൊന്നും വലിയ പ്രശ്‌നമല്ല. എത്രയും വേഗം ലങ്കയിലുള്ള സീതാദേവിയെ കണ്ടെത്തുക എന്നതാണ് പ്രധാന ലക്ഷ്യം. എങ്കിലും മുന്നോട്ടു പോകുന്തോറും ക്ഷീണം കൂടിക്കൂടി വരുന്നതായി ഹനുമാന് തോന്നി. ‘ലങ്കയിലെത്തുംമുമ്പ് താന്‍ സമുദ്രത്തിനുനടുവില്‍ വീണുപോകുമോ’ എന്നായിരുന്നു ഹനുമാന്റെ സംശയം.
പെട്ടെന്നാണ് ഹനുമാന്‍ ഒരത്ഭുതം കണ്ടത്! അലകടലിന്റെ നടുവില്‍ നിന്ന് അതിമനോഹരമായ ഒരു പര്‍വ്വതം പയ്യെപ്പയ്യെ മേലോട്ട് ഉയര്‍ന്നുവരുന്നു! ഉയര്‍ന്നുവന്ന പര്‍വ്വതം മെല്ലെ ഹനുമാന്റെ അരികിലെത്തി.
”പ്രിയ ഹനുമാന്‍, വിഷമിക്കേണ്ട. അങ്ങയെ സഹായിക്കാനാണ് ഞാനിപ്പോള്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് ഉയര്‍ന്നു വന്നിരിക്കുന്നത്” -പര്‍വ്വതം പറഞ്ഞു.
“”അങ്ങ് ആരാണ്? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല” -ഹനുമാന്‍ കൂപ്പുകൈയോടെ ആരാഞ്ഞു.
”ഞാന്‍ മൈനാകം എന്നുപേരുള്ള പര്‍വ്വതമാണ്. നമ്മള്‍ തമ്മില്‍ ഏറ്റവും അടുത്ത ബന്ധുക്കളാണ്” – പര്‍വ്വതം അറിയിച്ചു.
”നമ്മള്‍ തമ്മില്‍ ബന്ധുക്കളാകുന്നതെങ്ങനെ? ഞാന്‍ വാനരനും അങ്ങ് പര്‍വ്വതവുമല്ലേ? പിന്നെ നാം തമ്മില്‍ എന്തുബന്ധം? അതെനിക്കൊട്ടും മനസ്സിലാകുന്നില്ലല്ലൊ” -ഹനുമാന്‍ ചോദിച്ചു.
”അതുപറയാം: ആദ്യം അങ്ങ് എന്റെ മേല്‍ പറന്നിറങ്ങൂ” – പര്‍വ്വതം അഭ്യര്‍ത്ഥിച്ചു.
താമസിയാതെ ഹനുമാന്‍ മൈനാകപര്‍വ്വതത്തിന്റെ തിരുമുടിയില്‍ പറന്നിറങ്ങി.
”ഹാവൂ! ആശ്വാസമായി! എത്രനേരമായി ഇങ്ങനെ ശ്വാസംപോലും വിടാതെ പറക്കുന്നു!””-ഹനുമാന്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
“”ഇനി അങ്ങ് വയറുനിറയെ കായ്കനികള്‍ പറിച്ചു ഭക്ഷിച്ചോളൂ. എന്റെ സാനുക്കളിലും ശിഖരങ്ങളിലുമെല്ലാം ധാരാളം നല്ലനല്ല ഫലങ്ങളുണ്ട്. മുന്തിരിയും മാതളനാരങ്ങയും മധുരനാരങ്ങയും വേണ്ടുവോളമുണ്ട്; ഇഷ്ടംപോലെ ഭുജിച്ചോളൂ. നല്ല ശുദ്ധമായ തെളിനീരും ദാഹംതീരെ കുടിച്ചോളൂ”. – പര്‍വ്വതം
നിര്‍ബ്ബന്ധിച്ചു.
ഹനുമാന്‍ സന്തോഷപൂര്‍വ്വം പലതരം കനികള്‍ പറിച്ച് വയറുനിറയെ ഭക്ഷിച്ചു. അതുകഴിഞ്ഞപ്പോള്‍ ഹനുമാന്‍ ചോദിച്ചു: ”ഏതായാലും വിശപ്പും ദാഹവും നന്നായി ശമിച്ചു. ഇനി നമ്മള്‍ തമ്മിലുള്ള ബന്ധം എന്താണെന്നു പറയൂ? അതെനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല” -ഹനുമാന്‍ ആവശ്യപ്പെട്ടു.
”ഓഹോ, അക്കാര്യം ഇതുവരെ മനസ്സിലാക്കിയിട്ടില്ലേ? – പര്‍വ്വതം ആരാഞ്ഞു.
”ഇല്ല; അതു കേള്‍ക്കാന്‍ എനിക്ക് വലിയ താല്പര്യമുണ്ട്; പറഞ്ഞോളൂ” – ഹനുമാന്‍ കാതോര്‍ത്തുനിന്നു. പര്‍വ്വതം പറയാന്‍ തുടങ്ങി.
“ഇക്ഷ്വാകുവംശത്തിലെ രാജാവായിരുന്ന സാഗരന്റെ അറുപതിനായിരം പുത്രന്മാര്‍ ചേര്‍ന്നാണ് സാഗരം നിര്‍മ്മിച്ചത്. ഈ സാഗരം ഒരിക്കല്‍ മൈനാകപര്‍വ്വതത്തെ അഭയംനല്‍കി വളര്‍ത്തിയെടുത്തു.”
”അതെന്താ, ആ പര്‍വ്വതത്തെ മാത്രം അങ്ങനെ വളര്‍ത്താന്‍ കാരണം?” ഹനുമാന്‍ ചോദിച്ചു.
”അതുപറയാം” – പാര്‍വ്വതം പറയാന്‍ തുടങ്ങി.
”അക്കാലത്ത് പര്‍വ്വതങ്ങള്‍ ക്കെല്ലാം ചിറകുകള്‍ ഉണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ ചിറകുവിരുത്തിപ്പറന്ന് ഭൂമിയില്‍ വന്നു വീഴുക പതിവായിരുന്നു. അതുവഴി അനേകം വീടുകള്‍ തകരുകയും ആളുകള്‍ മരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടെ എല്ലാവരും പേടിച്ചുവിറച്ചു. അവര്‍ ദേവേന്ദ്രനോട് പരാതി പറഞ്ഞു. അതുകേട്ട ഉടനെ ദേവേന്ദ്രന്‍ പര്‍വ്വതങ്ങളെയെല്ലാം നിരയായി നിര്‍ത്തി അവയുടെ ചിറകുകള്‍ വെട്ടിക്കളഞ്ഞു. ഇതറിഞ്ഞ വായുഭഗവാന്‍ പെട്ടെന്നു പാഞ്ഞെത്തി. തന്റെ ഉത്തമ സുഹൃത്തായ മൈനാകപര്‍വ്വത ത്തെ പൊക്കിയെടുത്ത് ഭഗവാന്‍ സമുദ്രത്തിനടിയില്‍ ഒളിപ്പിച്ചു. അന്നുമുതല്‍ മൈനാകപര്‍വ്വതവും സമുദ്രവും ഉറ്റ ചങ്ങാതിമാരായി മാറി. തനിക്ക് രക്ഷനല്‍കിയ വായുഭഗവാന്റെ പുത്രനാണ് ഹനുമാന്‍. അങ്ങനെയുള്ള ഹനുമാനോടുള്ള നന്ദിയും കടപ്പാടും അറിയിക്കേണ്ടത് സ്വന്തം കടമയാണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഹനുമാനെ രക്ഷിക്കാനായി കടലില്‍ നിന്ന് മേലോട്ടുയര്‍ന്നു വന്നത്”.”
മൈനാകപര്‍വ്വതം വളരെ വിശദമായും വ്യക്തമായും ആ സ്‌നേഹബന്ധത്തിന്റെ കഥ ഹനുമാന് വിവരിച്ചുകൊടുത്തു.
”ഇതൊരു മറക്കാനാവാത്ത സ്‌നേഹബന്ധത്തിന്റെ കഥ തന്നെ യാണ്. പര്‍വ്വതശ്രേഷ്ഠാ, അങ്ങേ യ്ക്ക് നൂറുനന്ദി””- ഹനുമാന്‍ മൈനാക പര്‍വ്വതത്തെ കൈകൂപ്പിവണങ്ങി.
”ശരി; വായുപുത്രാ, ശരി. ഇനി നീ വേഗം ലങ്കയിലേക്കു കുതിച്ചോളൂ” -മൈനാക പര്‍വ്വതം വളരെ സന്തോഷപൂര്‍വ്വം ഹനുമാനെ അവിടെനിന്നും യാത്രയാക്കി.
(തുടരും)